2009, ജൂലൈ 23, വ്യാഴാഴ്‌ച

ഇതാണ് ഗ്രന്ഥം!

ഖുര്‍ആന്‍ - വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും വഴങ്ങാത്ത വിസ്മയം. ‘ഖുര്‍ആന്‍ ഒരു അത്ഭുതമാണ്; അത്ഭുതങ്ങളുടെ അത്ഭുതം’ റോയ്സ്റന്‍പൈകിന്റെ വാക്കുകളില്‍ ഈ നിസ്സഹായത പ്രകടമാണ്. ത്വാഹാ ഹുസൈനും അതുതന്നെയാണ് പറഞ്ഞത്- ‘ഖുര്‍ആന് തുല്യം ഖുര്‍ആന്‍ മാത്രം’ മനുഷ്യനെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ ദൈവം അന്ത്യപ്രവാചകന്‍ വഴി ലോകത്തിന് നല്‍കിയ സന്ദേശമാണത്. ആശയസമ്പന്നതയിലും ഭാഷാസൌന്ദര്യത്തിലും എല്ലാ ഗ്രന്ഥങ്ങളെയും അത് അതിശയിക്കുന്നു. ദൈവം വെളിപ്പെടുത്തിയ വെള്ളിവെളിച്ചമാണത്. ഇരുട്ടിനെ കീറിമുറിച്ച് നാഗരികതകളെ തേജോമയമാക്കുന്ന പ്രകാശഗോപുരം. ദര്‍ശനവും ശാസ്ത്രവും കലയും സാഹി ത്യവും ചിന്തയും ഭാവനയും പൂത്തുലഞ്ഞ് പരിമളം പരത്തുന്ന പൂങ്കാവനം. ഖുര്‍ആന്‍ ചരിത്രമല്ല; ശാസ്ത്രമല്ല; നിയമാവലിയല്ല; കഥയല്ല; കവിതയല്ല; ഗദ്യമോ പദ്യമോ അല്ല. എന്നാല്‍ എല്ലാം ആണ് താനും! ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ നിര്‍വചനങ്ങള്‍ക്കും വര്‍ഗീകരണത്തി നും അതീതമാണത്. ജീവിതം നിറഞ്ഞ് കിടക്കുകയും ജീവിതത്തിലേക്ക് പരന്നൊഴുകുകയും ചെയ്യുന്ന മഹാസാഗരം. ഉള്ളം സ്നേ ഹം കൊണ്ട് തുടിക്കുകയും വാക്കുകള്‍ കാരുണ്യം കൊണ്ട് പ്രകാശിക്കുകയും ചെയ്യുന്ന ദൈവ വചനങ്ങള്‍. ശാസനങ്ങളും ശുഭവാര്‍ത്തകളുമുണ്ടതില്‍; സാന്ത്വനങ്ങളും താക്കീതുകളുമുണ്ട്. കാര്‍ലൈല്‍ പറഞ്ഞതുപോലെ എല്ലാം ആത്മാര്‍ഥത മുറ്റിയത്. ചിലപ്പോള്‍ ശാന്തം; ചിലപ്പോള്‍ രുദ്രം. എന്നാല്‍ എപ്പോഴും പ്രൌഢോജ്ജ്വലം. ഹൃദയത്തിന്റെ ആഴിയിലേക്ക് കുത്തിയൊഴുകുന്ന ദിവ്യ സംഗീതമാണത്; തലച്ചോറിന്റെ കൊടുമുടിയിലേക്ക് കുതിച്ചുയരുന്ന ദിവ്യചിന്ത. വായിക്കുമ്പോള്‍ മനസ്സ് കാരുണ്യത്തിന്റെ പേമാരിയില്‍ കുതിരുകയും മസ്തിഷ്കം സൂര്യതേജസ്സ് പോലെ ജ്വലിക്കുകയും ചെയ്യുന്ന അനുഭൂതി. ‘ചിന്തിക്കുന്നില്ലേ നിങ്ങള്‍’? ഖുര്‍ആന്റെ ഒരു ചോദ്യം മതി ആയിരം വര്‍ഷത്തെ പഠന ഗവേഷണങ്ങള്‍ക്ക്. ഇങ്ങനെ എത്രയെത്ര ചോദ്യങ്ങള്‍; ഉപമകള്‍; ദൃഷ്ടാന്തങ്ങള്‍; സംഭവവിവരണങ്ങള്‍. സപ്തസാഗരങ്ങള്‍ മഷിയായുപയോഗിച്ചാലും തീരില്ല ദൈവവചനങ്ങളുടെ അപഗ്രഥനം. ഭാവനയില്‍ നിന്ന് ഭാവനയിലേക്കും ചിന്തയില്‍ നിന്ന് ചിന്തയിലേക്കും അത് കത്തിപ്പടര്‍ന്ന് കൊണ്ടിരിക്കും. അറിവിന്റെ മഹാ പ്രപഞ്ചമാണ് ഖുര്‍ആനില്‍ ഇതള്‍ വിരിയുന്നത്. ജീവിതത്തിലെ നിഗൂഢതകളെല്ലാം ഖുര്‍ആന്റെ ദിവ്യവെളിച്ചത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. ജീവിതം, മരണം; സുഖം, ദുഃഖം; - എല്ലാറ്റിന്റെയും അകപ്പൊരുള്‍ ഖുര്‍ആനിലുണ്ട്. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന അതിഭൌതിക ജ്ഞാനമുണ്ടതില്‍. രോഗിക്ക് സാന്ത്വനവും അശാന്തന് സമാധാനവും അക്രമിക്ക് താക്കീതും സുകൃ തവാന് സുവിശേഷവുമാണത്. വിശ്വ സാഹോദര്യത്തിന്റെ ന്യായപ്രമാണവും വിമോചനത്തിന്റെ നേര്‍വഴിയുമാണത്. സംശയങ്ങളേതുമില്ലാത്ത മാര്‍ഗദര്‍ശന മാണത്; മുസ്ലിംകള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ജീവിതത്തിന്റെ സര്‍വ വേദികളിലും അത് വെളിച്ചം വിതറുന്നു. കച്ചവടം, കൃഷി, രാഷ്ട്രീയം, നീതിന്യായം, കല, ശാസ്ത്രം, വിനോദം - ഖുര്‍ആന്റെ വെളിച്ചം വീഴാത്ത ഒരിടവുമില്ല. വ്യക്തി, കുടുംബം, രാഷ്ട്രം, ലോകം- ഒന്നും ഒഴിവാക്കപ്പെടുന്നില്ല. മഞ്ഞുതുള്ളിയുടെ വിശുദ്ധിയും റോസാപൂവിന്റെ സൌന്ദര്യവുമുള്ള ലളിതമായ ഭാഷയില്‍ ഖുര്‍ആന്‍ കൈകാര്യംചെയ്യുന്ന വിഷയങ്ങള്‍ നിരവധി- ദൈവം, പ്രപഞ്ചം, മനുഷ്യന്‍, സമത്വം, സാഹോദര്യം, നീതി, യുദ്ധം, സമാധാനം, സ്നേഹം, കാരുണ്യം - മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, അയല്‍ക്കാര്‍, അഗതികള്‍, അനാഥര്‍, ജന്തുക്കള്‍, സസ്യങ്ങള്‍ മുതല്‍ ജീവിതം, മരണം, മരണാനന്തരജീവിതം, സ്വര്‍ഗം, നരകം വരെ നീളുന്നു അതിന്റെ ഉള്ളടക്കം. ഇതാണ് ഗ്രന്ഥം! കൃത്യമായ ശരിയിലേക്ക് നയിക്കുന്ന വിശുദ്ധഖുര്‍ആന്‍. സംസ്കാരങ്ങളെയും നാഗരികതകളെയും പുഷ്ക്കലമാക്കി, കാലാതിവര്‍ത്തിയായി വിരാജിക്കുന്ന ദിവ്യഗ്രന്ഥം. വായിക്കുക, നിന്റെ നാഥന്റെ നാമത്തില്‍ - ഖുര്‍ആന്റെ തന്നെ ആഹ്വാനമാണിത്. വായിച്ചുനോക്കൂ ഒരു പ്രാവശ്യമെങ്കിലും. ഗെഥെ അഭിപ്രായപ്പെട്ടതുപോലെ, അത് നിങ്ങളെ ആകര്‍ഷിക്കും; അതിശയിപ്പിക്കും; അവസാനം നിങ്ങളുടെ ആദരവ് പിടിച്ചുപറ്റും. ആദ്യന്തം ഉദാത്തവും മനോഹരവുമാണത്.

ലോകനേതാവ്




നാം മുഹമ്മദ്നബിയെ ലോകനേതാവെന്ന് വാഴ്ത്തുന്നു. വാസ്തവത്തില്‍ ഇതൊരു വലിയ വിശേഷണമാണ്. ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ലോകത്തിനു മഹത്തായ സംഭാവനകള്‍ നല്‍കിയ ആളായിരിക്കണം. പ്രസ്തുതവിശേഷണം അതിശയോ ക്തിയാവാതിരിക്കണമെങ്കില്‍ വസ്തുതകളുടെ പിന്‍ബലം അതിനുണ്ടായിരിക്കണം. ലോകനേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയില്‍ ഉണ്ടായിരിക്കേണ്ട ഒന്നാമത്തെ ഗുണം അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒരു പ്രത്യേക സമുദായത്തിനോ വംശത്തിനോ വര്‍ഗത്തിനോ വേണ്ടിയായിരിക്കരുത് എന്നതാണ്. മറിച്ച് ലോകം മുഴുക്കെയുള്ള മനുഷ്യസമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച ആളായിരിക്കണം അദ്ദേഹം. ഒരു ദേശത്തിന്റെയോ ജനതയുടെയോ നേതാവിന് നിങ്ങള്‍ക്ക് ഏതു വിശേഷണവും നല്‍കാവുന്നതാണ്. പക്ഷേ, അയാള്‍ നിങ്ങളുടെ രാജ്യക്കാരനോ സമുദായക്കാരനോ അല്ലെങ്കില്‍ നിങ്ങള്‍ക്കയാള്‍ നേതാവായിരിക്കുകയില്ല. ചൈനയുടെയോ സ്പെയിനിന്റെയോ ക്ഷേമത്തിനു വേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാളോട് ഇന്ത്യക്കാരനായ എനിക്കു എന്തു താല്പര്യമുണ്ടാകാനാണ്? അയാളെ ഞാനെന്തിനു എന്റെ നേതാവാക്കണം? അയാള്‍ തന്റെ സമുദായമാണ് മറ്റെല്ലാ സമുദായത്തേക്കാളും ഉത്തമമെന്ന് വാദിക്കുകയും മറ്റുള്ള സമുദായങ്ങളെയെല്ലാം ഇടിച്ചു താഴ്ത്തുകയും ചെയ്താ ലോ, അയാളെ എനിക്കു വെറുക്കേണ്ടി വരും.എല്ലാ മനുഷ്യരെയും എല്ലാ രാഷ്ട്രങ്ങളെയും ഒന്നായി കാണുകയും എല്ലാവരോടും ഒരുപോലെ ഗുണകാംക്ഷയു ള്ളവനായിരിക്കുകയും ചെയ്യുമ്പോഴേ, ഒരാള്‍ എല്ലാ രാജ്യങ്ങളിലെയും മുഴുവന്‍ ജനങ്ങള്‍ക്കും സ്വീകാര്യനാ യിത്തീരൂ. ലോകനേതാവിനു ഉണ്ടായിരിക്കേണ്ട രണ്ടാമത്തെ ഗുണം അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ലോകജനതക്കാ കമാനം മാര്‍ഗദര്‍ശകമായിരിക്കണമെന്നതാണ്.മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനം പരിഹാരമായിരിക്കുകയും വേണം. നേതാവ് എന്ന വാക്കിന്റെ വിവക്ഷ തന്നെ മാര്‍ഗദര്‍ശകന്‍ എന്നാണ്. നന്മയിലേക്കും പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും വഴി കാട്ടുവാനാണ് നേതാവിനെ ആവശ്യമായി വരുന്ന തുതന്നെ. അപ്പോള്‍ ലോകത്തെ സകല ജനങ്ങളുടെയും നന്മക്കും ഗുണത്തിനുമുള്ള മാര്‍ഗം കാണിക്കുന്ന ആളാ യിരിക്കണം ലോകനേതാവ്. ലോകനേതാവിനു ഉണ്ടായിരിക്കേണ്ട മൂന്നാമത്തെ ഗുണം അദ്ദേഹത്തിന്റെ നേതൃത്വവും മാര്‍ഗദര്‍ശനവും ഒരു നിശ്ചിത കാലത്തേക്കു മാത്രമുള്ളതായിരിക്കരുതെന്ന താണ്. മറിച്ച്, എല്ലാ കാലത്തിനും എല്ലാ സാഹചര്യത്തി നും ഗുണകരമായിരിക്കണം അത്. എക്കാലത്തും അത് ശരിയും സുബദ്ധവുമായിരിക്കണം; എന്നേക്കും സ്വീകാര്യവും. ഒരു കാലത്ത് പ്രയോജനപ്രദവും മറ്റൊരു കാലത്ത് പ്രയോജന രഹിതവുമായ മാര്‍ഗദര്‍ശനം നല്‍കുന്ന ഒരാള്‍ ലോകനേതാവായിരിക്കാന്‍ കൊള്ളു കയില്ല. തന്റെ നേതൃത്വവും മാര്‍ഗദര്‍ശനവും ലോകാന്ത്യം വരെ ഉപകാരപ്രദമാണെങ്കിലേ ഒരാള്‍ ലോകനേതാവാകു കയുള്ളൂ. ലോകനേതാവിനു ഉണ്ടായിരിക്കേണ്ട നാലാമത്തെ ഗു ണം തത്ത്വങ്ങളും സിദ്ധാന്തങ്ങളും മാത്രം നല്‍കി തന്റെ ദൌത്യം പൂര്‍ത്തീകരിച്ച ഒരാളായിരിക്കരുത് അദ്ദേഹം എന്നതാണ്. മറിച്ച്, സ്വജീവിതത്തിലൂടെ ആ തത്ത്വങ്ങളു ടെ പ്രായോഗികത അദ്ദേഹം തെളിയിക്കേണ്ടതുണ്ട്. ആ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും വേണം. സിദ്ധാന്തങ്ങള്‍ മാത്രം സ മര്‍പ്പിക്കുന്ന ഒരാള്‍ക്ക് ഏറിയാല്‍ ഒരു ചിന്തകനാവാം. നേതാവാകണമെങ്കില്‍ സിദ്ധാന്തങ്ങളെ ജീവിതത്തില്‍ പ്രായോഗികമായി നടപ്പിലാക്കുകകൂടി വേണം. ഇനി ലോകനേതാവെന്ന് വാഴ്ത്തുന്ന നബിയില്‍ ഈ ഗുണങ്ങള്‍ എത്രകണ്ട് ഉണ്ടെന്ന് പരിശോധിക്കാം. ആദ്യമായി ഒന്നാമത്തെ ഉപാധി തന്നെയെടുക്കുക: നബിയുടെ ജീവിതത്തെ കുറിച്ച് പഠിക്കുകയാണെങ്കില്‍, ആ ജീവിതം ഒരു ദേശീയവാദിയുടെയോ ഒരു ദേശസ്നേ ഹിയുടേതു പോലുമോ ആയിരുന്നില്ലെന്നു എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. മറിച്ച്, ഒരു മനുഷ്യസ്നേഹിയു ടേതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജീവിതത്തെ കുറിച്ച് സാര്‍വലൌകികമായ ഒരു കാഴ്ചപ്പാടാണ് അദ്ദേഹത്തിന്നുണ്ടായിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ചി ടത്തോളം എല്ലാ മനുഷ്യരും ഒരുപോലെയായിരുന്നു. എതെങ്കിലും പ്രത്യേക വര്‍ഗത്തോടോ വിഭാഗത്തോടോ സമുദായത്തോടോ ദേശത്തോടോ വംശത്തോടോ ആയിരുന്നില്ല അദ്ദേഹത്തിന്റെ താല്പര്യവും പ്രതിബദ്ധ തയും. പണക്കാരെയും പാവപ്പെട്ടവരെയും ഉന്നതരെയും താഴ്ന്നവരെയും കറുത്തവരെയും വെളുത്തവരെയും അറബികളെയും അനറബികളെയും പാശ്ചാത്യരെയും പൌരസ്ത്യരെയും ആര്യന്മാരെയും ദ്രാവിഡന്മാരെയുമെ ല്ലാം മനുഷ്യവംശത്തിലെ അംഗങ്ങളായി അദ്ദേഹം പരിഗ ണിച്ചു. ഏതെങ്കിലുമൊരു വിഭാഗത്തോട് മറ്റുള്ളവരോടി ല്ലാത്ത താല്പര്യവും ബന്ധവും അദ്ദേഹത്തിന്നുണ്ടായി രുന്നു എന്നു സംശയം തോന്നിപ്പിക്കുന്ന വാക്കോ പ്രവൃത്തിയോ ജീവിതാന്ത്യം വരെ അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. ഇക്കാരണത്താലാവണം അദ്ദേഹത്തിന്റെ ജീവിതകാല ത്തുതന്നെ എത്യോപ്യക്കാരും പേര്‍ഷ്യക്കാരും റോമക്കാരും ഈജിപ്തുകാരും ഇസ്രായീല്യരുമെല്ലാം അറബികളെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ സഖാക്കളും അനുയായികളുമായിത്തീര്‍ന്നത്. പില്‍ക്കാലത്ത് ഭൂമിയുടെ എല്ലാ കോണിലുമുള്ള എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരി ക്കുകയുണ്ടായി. നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിദൂര സ്ഥലമായ അറേബ്യയില്‍ ജനിച്ച ഒരു വ്യക്തിയെ ഇന്നും ഇന്ത്യക്കാര നായ ഒരാള്‍ ആദരിക്കുകയും വാഴ്ത്തുകയും ചെയ്യുന്നതില്‍ അത്ഭുതമില്ലേ? ഇനി, രണ്ടാമത്തെയും മൂന്നാമത്തെയും ഉപാധിയെ ക്കുറിച്ച് ചിന്തിക്കാം: ഒരു പ്രത്യേക ദേശത്തിന്റെയോ വര്‍ഗത്തിന്റെയോ പ്രാദേശികവും താല്ക്കാലികവുമായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തെക്കുറിച്ചു ചര്‍ച്ചചെയ്ത് മുഹമ്മദ്നബി സമയം ചെലവഴിച്ചിട്ടില്ല. മനുഷ്യരാശിയു ടെ മൌലികവും സാര്‍വലൌകികവുമായ പ്രശ്നം (അതു പരിഹരിക്കപ്പെട്ടാല്‍ നിസ്സാരവും ശാഖാപരവുമായ മറ്റു പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കപ്പെടും) പരിഹരിക്കാനാ ണ് തന്റെ ശക്തിയും സ്വാധീനവും അദ്ദേഹം വിനിയോ ഗിച്ചത്. എന്തായിരുന്നു ആ പ്രശ്നം? മനുഷ്യജീവിതം പ്രപ ഞ്ച ഘടനക്കനുരൂപമായിരിക്കണം. കാരണം പ്രപഞ്ചത്തി ന്റെ ഒരു ഘടകമാണ് മനുഷ്യന്‍. ഒരു ഘടകം മൊത്തം ഘടനക്കു വിപരീതമായി നീങ്ങുന്നതാണ് എല്ലാ നാശത്തി നും കാരണം. ഇതു മനസ്സിലാവണമെങ്കില്‍, കാലത്തിന്റെയും സ്ഥലത്തിന്റെയും സങ്കുചിതത്വത്തില്‍ നിന്ന് അല്‍പമൊ ന്നു ഒഴിഞ്ഞുനില്‍ക്കുക. ഭൂഗോളത്തെയാകമാനം അതിന്റെ തുടക്കം മുതല്‍ ഇന്നോളവും അനന്തകാലം വ രെയുമുള്ള ജനസഞ്ചയത്തോടൊപ്പം മനസ്സില്‍ കാണുക. ഏതെങ്കിലുമൊരു കാലഘട്ടമോ ജനവിഭാഗമോ വീക്ഷണവട്ടത്തില്‍ നിന്നു ഒഴിഞ്ഞു പോകാതിരിക്കുക യും വേണം. അനന്തരം ലോകത്തുണ്ടായതും ഉണ്ടാവാനി ടയുള്ളതുമായ തിന്മകളുടെ അടിവേരു കണ്ടെത്താന്‍ ശ്രമിക്കുക. ആഴത്തിലേക്കു ഇറങ്ങി ആലോചിക്കുകയും ചര്‍ച്ച നടത്തുകയും വീണ്ടും ചിന്തിക്കുകയും ഇറങ്ങി പരിശോധിക്കുകയും ചെയ്യുക. അവസാനം എത്തിച്ചേരുന്ന തീര്‍പ്പ് ഇതായിരിക്കും: ദൈവത്തിനെതിരെയുള്ള മനുഷ്യന്റെ കലാപമാണ് എല്ലാ തിന്മകള്‍ക്കും മൂലഹേതു കാരണം,ദൈവത്തെ ധിക്കരിക്കുന്ന ഒരുത്തന് രണ്ടാലൊ രു ജീവിതരീതിയേ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഒന്നുകില്‍, താന്തോന്നിയും തന്റെ ഏതു പ്രവര്‍ത്തനത്തി നും തന്നോടല്ലാതെ മറ്റാരോടും ഉത്തരം ബോധിപ്പിക്കാനി ല്ലാത്തവനുമായി നടക്കുക. ഇതവനെ സ്വേഛാപ്രമത്തനും അക്രമിയുമാക്കും. മറ്റൊരു മാര്‍ഗം, ദൈവമല്ലാത്ത മറ്റുവല്ല വര്‍ക്കും ആത്മസമര്‍പ്പണം നടത്തുകയാണ്. ലോകത്തി ലെ നാനാതരം സംഘര്‍ഷങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും ഇ താണ് കാരണം. ദൈവത്തെ വിലവെക്കാത്തതുകൊണ്ട് ഇത്തരം തിന്മ കള്‍ എങ്ങനെയാണ് ഉണ്ടാവുന്നത്? ഈ ചോദ്യത്തിന് സരളവും ലളിതവുമായ മറുപടി ഇതാണ്: ദൈവത്തെ വി ലവെക്കാതിരിക്കുകയും ധിക്കരിക്കുകയും ചെയ്യുകയെന്ന തു വസ്തുതക്കും യാഥാര്‍ഥ്യത്തിനും വിരുദ്ധമായ സമീ പനം സ്വീകരിക്കലാണ്. ഈ സമീപനത്തിന്റെ സ്വാഭാവിക ഫലമത്രെ തിന്മ. ഈ പ്രപഞ്ചം ദൈവത്തിന്റെ ഒരു രാഷ്ട്രമാകുന്നു. ഭൂമി, സൂര്യന്‍, ചന്ദ്രന്‍,വായു, പ്രകാശം തുടങ്ങിയുള്ള എ ല്ലാം ദൈവത്തിന്റെ സ്വത്താകുന്നു. ഈ രാഷ്ട്രത്തിലെ ഒരു പൌരനാണ് മനുഷ്യന്‍. പ്രപഞ്ചമാകുന്ന ഈ രാഷ് ട്രത്തിന്റെ നിലനില്‍പ്പിനും ചലനത്തിനും ആധാരമായ വ്യവസ്ഥക്കു വിരുദ്ധമായി അതിലെ ഒരു ഘടകമായ മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നത് വിനാശകരമായ ഫലങ്ങളു ളവാക്കുക സ്വാഭാവികം മാത്രം. തനിക്കു മുകളില്‍, ഉത്തരം ബോധിപ്പിക്കേണ്ട ഒരധി കാരിയുമില്ലെന്ന മനുഷ്യന്റെ വിചാരം യാഥാര്‍ഥ്യത്തോ ടുള്ള ഏറ്റുമുട്ടലാണ്. അതിനാല്‍, അവന്‍ താന്തോന്നിയാ യും ഉത്തരവാദിത്വബോധമില്ലാത്തവനായും പ്രവര്‍ത്തി ക്കുകയും സ്വജീവിതത്തിനു വേണ്ട നിയമങ്ങള്‍ സ്വയം തന്നെ നിര്‍മിക്കുകയും ചെയ്യുമ്പോള്‍ അത് ദുഷ്ഫലങ്ങള്‍ ഉളവാക്കുന്നു. അതുപോലെതന്നെ, ദൈവേതരന്മാരെ അധികാരത്തിന്റെയും ശക്തിയുടെയും ഉടമയായി മനസ്സിലാക്കുകയും അത്തരം ശക്തികളെ ഭയന്നും മോഹിച്ചും അവര്‍ക്കു ആത്മസമര്‍പ്പണം നടത്തുകയും ചെയ്യുന്നതും യാഥാര്‍ഥ്യത്തോടുള്ള ഏറ്റുമുട്ടലാണ്. കാരണം, പ്രപഞ്ചത്തില്‍ ദൈവത്തിനല്ലാതെ, മറ്റാര്‍ക്കും തന്നെ ഈ ശക്തിയും അധികാരവും ഇല്ലെന്നതാണ് വസ്തുത. അതിനാല്‍, ഇത്തരം ജീവിതരീതിയും ദുഷിച്ച ഫലമാണ് ഉളവാക്കുക. ഉത്തമവും സുബദ്ധവുമായ ഫലമുളവാക്കുന്ന ചിന്തയും ജീവിതരീതിയും ഇതൊന്നു മാത്രമാണ്: മനുഷ്യന്‍ ആകാശഭൂമികളുടെ യഥാര്‍ഥ ഭരണാധികാരിക്കു ശിരസ്സു നമിക്കുക. തന്റെ അഹന്തയും ധിക്കാരമനസ്ഥിതിയും അവന്റെ മുമ്പില്‍ അടിയറവെക്കു ക. തന്റെ ഹൃദയപൂര്‍വമായ അനുസരണവും വിധേയത്വ വും കീഴ്വണക്കവും ആ അധികാരിക്കു സമര്‍പ്പിക്കുക. ജീവിതനിയമങ്ങള്‍ സ്വയം പടച്ചുണ്ടാക്കുന്നതിന്, അല്ലെങ്കില്‍, മറ്റുള്ളവരില്‍ നിന്നു കടം കൊള്ളുന്നതിനു പകരം ആ ഒരധികാരിയില്‍ നിന്നു മാത്രം സ്വീകരിക്കുക. ഇതാണ് മനുഷ്യജീവിതത്തിന്റെ ഗുണത്തിനും ക്ഷേമത്തിനും വേണ്ടി മുഹമ്മദ്നബി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍. കിഴക്കിന്റെയോ പടിഞ്ഞാറിന്റെയോ അതിര്‍ത്തികളില്‍ ഒതുങ്ങാത്ത നിര്‍ദേശങ്ങളാണിത്. ഭൂമിയില്‍ എവിടെയെല്ലാം മനുഷ്യവാസമുണ്ടോ, അവിടെയെല്ലാം ജീവിതത്തിന്റെ ഇളകിയ ചക്രങ്ങള്‍ നേരെയാക്കാനുള്ള നിര്‍ദേശം ഇതുമാത്രമാണ്. ഭാവിയിലോ ഭൂതത്തിലോ ഒതുങ്ങി നില്‍ക്കാത്തതുമാണ് ഈ നിര്‍ദേശങ്ങള്‍. 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് അത് എത്രമാത്രം ശരിയും പ്രായോഗികവുമായിരുന്നുവോ അത്രതന്നെ ഇന്നും അതു ശരിയും പ്രായോഗികവുമാണ്. ലോകനേതാവിനുണ്ടായിരിക്കേണ്ട നാലാമത്തെ ഗുണമാണ് ഇനി അവശേഷിക്കുന്നത്. മുഹമ്മദ്നബി ഒരു സിദ്ധാന്തം സമര്‍പ്പിക്കുക മാത്രമല്ല ചെയ്തത്. ആ സിദ്ധാന്തമനുസരിച്ച് ചൈതന്യപൂര്‍ണവും ഊര്‍ജസ്വല വുമായ ഒരു സമൂഹത്തെ അദ്ദേഹം കെട്ടിപ്പടുക്കുകയും ചെയ്തു. വെറും 23 വര്‍ഷങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം അതു സാധിച്ചത്. ലക്ഷക്കണക്കായ ജനങ്ങളെ ദൈവ ത്തിന്റെ അധികാരത്തിനു കീഴ്വണങ്ങുന്നവരാക്കി അദ്ദേഹം പരിവര്‍ത്തിപ്പിച്ചു. താന്തോന്നിത്തത്തില്‍ നിന്നും സ്വാര്‍ഥത്തില്‍ നിന്നും ആത്മപൂജയില്‍ നിന്നും ദൈവേതരന്മാര്‍ക്കുള്ള വിധേയത്വത്തില്‍ നിന്നും അവരെ മോചിതരാക്കി. അനന്തരം അവരെ ദൈവാനുസരണത്തി ല്‍ ഒരുമിച്ച് ചേര്‍ത്ത് പുതിയ ധാര്‍മിക വ്യവസ്ഥക്കും സാംസ്കാരിക പദ്ധതിക്കും സാമ്പത്തിക ഘടനക്കും ഭരണ സംവിധാനത്തിനും അദ്ദേഹം ജന്മം നല്‍കി. താന്‍ മുന്നോട്ടുവെച്ച സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന ജീവിതരീതി എങ്ങനെയായിരിക്കുമെ ന്നും മറ്റു സിദ്ധാന്തങ്ങളെയപേക്ഷിച്ചു അതെത്രമാത്രം ശുദ്ധവും സ്വഛവും ഉത്തമവുമാണെന്നും അദ്ദേഹം ലോകത്തിനു കാട്ടിക്കൊടുത്തു. ഈ നേട്ടങ്ങള്‍ കാരണമായാണ് മുഹമ്മദ്നബിയെ ലോകനേതാവ് എന്ന് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തി ന്റെ ഈ പ്രവര്‍ത്തനങ്ങള്‍ ഒരു പ്രത്യേക ദേശത്തിനു വേണ്ടിയായിരുന്നില്ല; മനുഷ്യരാശിക്കാകമാനമായിരുന്നു. അദ്ദേഹം മനുഷ്യവംശത്തിന്റെ പൊതു സ്വത്താണ്. എല്ലാ വര്‍ക്കുമതില്‍ തുല്യാവകാശമാണുള്ളത്. ഈ പൊതു സ്വ ത്ത് ആര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. പക്ഷേ, എന്തുകൊണ്ടാണ് ആളുകള്‍ അതിനെ മുന്‍വിധിയോടെ സമീപിക്കുന്നതെന്ന് നമുക്കറിയില്ല.

ഇദ്ദേഹത്തെ അടുത്തറിയുക

“ലോകം ദര്‍ശിച്ചമതാചാര്യന്മാരില്‍ ഏറ്റവും വിജയി” യെന്ന് ‘എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക’ വിലയിരുത്തിയ മനുഷ്യന്‍! “അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആധുനിക കാലഘട്ടത്തില്‍ മനുഷ്യനാഗരികതയെ നശിപ്പിക്കാന്‍ പോന്ന ഭീഷണമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കുമായിരുന്നു” എന്ന് ബര്‍ണാഡ്ഷാ അദ്ദേഹത്തെക്കുറിച്ച് എഴുതി.ഈ ഭൂമിയില്‍ കാലു കുത്തിയവരില്‍ ഏറ്റവും ശ്രദ്ധേയനായ മനുഷ്യന്‍. അദ്ദേഹം ഒരാദര്‍ശം പ്രബോധനം ചെയ്തു; ധാര്‍മിക വ്യവസ്ഥയിലധിഷ്ഠിതമായ ഒരു രാഷ്ട്രം കെട്ടിപ്പടുത്തു; അനേകം സാമൂഹിക-രാഷ്ട്രീയ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടു; ജീവിത ഇടപാടുകളില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങള്‍ പാലിക്കുന്ന ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു സമൂഹത്തെ വാര്‍ത്തെടുത്തു; മനുഷ്യ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ലോകങ്ങളെ എക്കാലത്തേക്കുമായി പാടെ മാറ്റിമറിച്ചു. മുഹമ്മദ്! അതാണ് അദ്ദേഹത്തിന്റെ പേര്. ക്രിസ്തുവര്‍ഷം 571-ല്‍ അറേബ്യയിലെ മക്കയില്‍ ജനിച്ചു. നാല്പതാം വയസ്സില്‍ ‘ദൈവത്തിനു സമ്പൂര്‍ണമായി കീഴ്പ്പെടുക’ എന്ന ജീവിതശൈലിയുടെ -ഇസ്ലാമിന്റെ- പ്രബോധന ദൌത്യം ആരംഭിച്ചു. അറുപത്തി മൂന്നാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഈ ചെറിയ കാലയളവിലാണ് - കേവലം ഇരുപത്തിമൂന്ന് വര്‍ഷം- അറേബ്യന്‍ ഉപഭൂഖണ്ഡത്തെ മുഴുവന്‍ അദ്ദേഹം മാറ്റിയെടുത്തത്. ബഹുദൈവ വിശ്വാസത്തില്‍ നിന്നും വിഗ്രഹപൂജയില്‍ നിന്നും ഏകദൈവാരാധനയിലേക്ക്, ഗോത്രവഴക്കും പോരാട്ടങ്ങളും അവസാനിപ്പിച്ച് മാനവിക ഐക്യത്തിലേക്കും കെട്ടുറപ്പിലേക്കും; മദ്യപാനത്തില്‍ നിന്നും വിഷയാസക്തിയില്‍ നിന്നും ഗൌരവ ബോധത്തിലേക്കും ഭക്തിയിലേക്കും; നിയമരാഹിത്യവും അരാജകത്വവും വിട്ട് അച്ചടക്കത്തിലേക്ക്; ധാര്‍മികമായ പാപ്പരത്തത്തില്‍ നിന്ന് അത്യുന്നതമായ ധര്‍മനിഷ്ഠയിലേക്ക്! മുമ്പോ പിമ്പോ മനുഷ്യചരിത്രം ഇത്രയും സമ്പൂര്‍ണമായൊരു മാറ്റം ഒരു ജനതയിലും ഒരു കാലത്തും കണ്ടിട്ടേയില്ല. ഓര്‍ത്തുനോക്കുക, ഇതെല്ലാം വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടായിരുന്നു!! വിഖ്യാത ചരിത്രകാരന്‍ ലാമാര്‍ട്ടിന്‍, മനുഷ്യ മഹത്വത്തിന്റെ അടിസ്ഥാനങ്ങളെപ്പറ്റി ഉയര്‍ത്തുന്ന ചില ചോദ്യങ്ങളിതാ: “ലക്ഷ്യത്തിന്റെ വലിപ്പം, വിഭവങ്ങളുടെ പരിമിതി, അമ്പരപ്പിക്കുന്ന ഫലസിദ്ധി എന്നിവയാണ് മനുഷ്യ പ്രതിഭയുടെ മൂന്ന് മാനദണ്ഡങ്ങളെങ്കില്‍ ആധുനിക ചരിത്രത്തിലെ ഏതെങ്കിലുമൊരു മഹാനെ മുഹമ്മദുമായി താരതമ്യം ചെയ്യാന്‍ പോലും ആര്‍ക്കുണ്ട് ധൈര്യം? ഏറ്റവുമധികം പ്രശസ്തി നേടിയവരൊക്കെ ആയുധങ്ങളും നിയമങ്ങളും സാമ്രാജ്യങ്ങളും മാത്രമാണുണ്ടാക്കിയത്. വല്ലതിനും അവര്‍ അടിത്തറ പാകിയിട്ടുണ്ടെങ്കില്‍, അത് ഭൌതിക അധികാരങ്ങള്‍ക്ക് മാത്രം. അവ പലപ്പോഴും സ്വന്തം കണ്‍മുമ്പില്‍ വെച്ചുതന്നെ തകര്‍ന്നടിയുകയും ചെയ്തു. ഈ മനുഷ്യന്‍, സൈന്യങ്ങളെയും നിയമചട്ടങ്ങളെയും സാമ്രാജ്യങ്ങളെയും ജനതകളെയും അധികാരപീഠങ്ങളെയും മാത്രമല്ല, അന്ന് ജനപ്പാര്‍പ്പുള്ള ലോകത്തിന്റെ മൂന്നിലൊന്നു ഭാഗത്തെ ജനകോടികളെത്തന്നെ ഇളക്കിമറിച്ചു. അതിലുപരി, അള്‍ത്താരകളെയും ദൈവങ്ങളെയും മതങ്ങളെയും ആശയങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു.... വിജയത്തിലും അദ്ദേഹം കൈക്കൊണ്ട സംയമനം, സാമ്രാജ്യത്തിനു വേണ്ടിയല്ലാത്ത, ഒരു ആശയത്തിനു വേണ്ടി മാത്രമായുള്ള അദ്ദേഹത്തിന്റെ മോഹങ്ങള്‍, നിരന്തരമായ പ്രാര്‍ഥനകള്‍, ദൈവവുമായുള്ള ആത്മീയഭാഷണങ്ങള്‍, അദ്ദേഹത്തിന്റെ മരണവും മരണാനന്തര വിജയവും എല്ലാം സൂചിപ്പിക്കുന്നത് കാപട്യത്തെയല്ല, മറിച്ച്, ഒരു വിശ്വാസത്തെ വീണ്ടെടുക്കാന്‍ മാത്രം കരുത്തുള്ള ഉത്തമ ബോധ്യത്തെയാണ്. ഈ വിശ്വാസത്തിന് രണ്ടു പുറങ്ങളുണ്ട്. ദൈവത്തിന്റെ ഏകത്വവും ദൈവത്തിന്റെ അഭൌതികതയും. ആദ്യത്തേത് ദൈവം എന്താണെന്നു പറയുന്നു; രണ്ടാമത്തേത് ദൈവം എന്തല്ലെന്നും. ആദ്യത്തേത് വ്യാജദൈവങ്ങളെ സമരംകൊണ്ട് നശിപ്പിക്കുന്നു. രണ്ടാമത്തേത് വചനത്താല്‍ ആശയത്തെ സ്ഥാപിക്കുന്നു. ദാര്‍ശനികന്‍, പ്രസംഗകന്‍, ദൈവദൂതന്‍, നിയമജ്ഞന്‍, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, വിഗ്രഹങ്ങളില്ലാത്തതും യുക്തിഭദ്രവുമായ വിശ്വാസങ്ങളുടെ പുനഃസ്ഥാപകന്‍, ഇരുപത് ലൌകിക സാമ്രാജ്യങ്ങളുടെയും ഒരു ആത്മീയസാമ്രാജ്യത്തിന്റെയും സംസ്ഥാപകന്‍-അതാണ് മുഹമ്മദ്! മനുഷ്യമഹത്വത്തിന്റെ ഏതു മാനദണ്ഡം വെച്ച് പരിശോധിച്ചാലും നമുക്ക് ചോദിക്കാം: ഇദ്ദേഹത്തേക്കാള്‍ മഹാനായി ആരുണ്ട്?” (Lamartine, Histoire dela Turquie, Paris,1854,Vol. II,Page 276 - 277) ലോകം കുറേയേറെ മഹാന്മാരെ കണ്ടിട്ടുണ്ട്. പക്ഷേ, അവരെല്ലാം ഏതെങ്കിലും ഒരു രംഗത്ത് മാത്രം പ്രാമുഖ്യം നേടിയവരാണ്, ഒന്നുകില്‍ മതരംഗം അല്ലെങ്കില്‍ സൈനികം. മാത്രമല്ല, ഈ മഹദ്വ്യക്തിത്വങ്ങളുടെ ജീവിതവും സന്ദേശങ്ങളും കാലത്തിന്റെ പൊടിപടലങ്ങളില്‍പെട്ട് മറഞ്ഞുപോയിരിക്കുന്നു. അവരുടെ ജന്മസ്ഥലത്തെയും ജനനസമയത്തെയും പറ്റിയുള്ളത് കുറേ ഊഹാപോഹങ്ങള്‍ മാത്രം. അവരുടെ ജീവിതശൈലിയെക്കുറിച്ചോ വിജയപരാജയങ്ങളുടെ തോതിനെക്കുറിച്ചോ ആര്‍ക്കും പൂര്‍ണ നിശ്ചയമില്ല.എന്നാല്‍ മുഹമ്മദിന്റെ സ്ഥിതി അതല്ല. അദ്ദേഹത്തിന്റെ സ്വകാര്യജീവി തത്തിലെയും പൊതുവ്യവഹാരങ്ങളിലെയും ഓരോ അംശവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ആ രേഖകളുടെ ആധികാരികതയെപ്പറ്റി അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ നിഷ്പക്ഷമതികളായ വിമര്‍ശകര്‍ക്കോ തുറന്ന മനസ്സുള്ള പണ്ഡിതര്‍ക്കോ യാതൊരു സംശയവുമില്ല. മഹാത്മാഗാന്ധി പ്രവാചകനെ സംബന്ധിച്ചെഴുതി: “ജനകോടികളുടെ ഹൃദയങ്ങളില്‍ തര്‍ക്കമറ്റ സ്വാധീനം ചെലുത്തുന്ന ആ മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗമേത് എന്നറിയാന്‍ ഞാനാഗ്രഹിച്ചു.... അന്നത്തെ ജീവിതവ്യവസ്ഥയില്‍ ഇസ്ലാമിന് സ്ഥാനം കൊടുത്തത് വാളായിരുന്നില്ലെന്ന് എനിക്ക് കൂടുതല്‍ കൂടുതല്‍ ബോധ്യമായി. പ്രവാചകന്റെ വിട്ടുവീഴ്ചയില്ലാത്ത ലാളിത്യം, തികഞ്ഞ നിസ്വാര്‍ഥത, പ്രതിജ്ഞാപാലനം, സുഹൃത്തുക്കളോടും അനുയായികളോടുമുള്ള സ്നേഹം, നിര്‍ഭയത്വം, ദൈവത്തിലും സ്വന്തം ദൌത്യത്തിലുമുള്ള പരമമായ വിശ്വാസം എന്നിവയാണതിനെ ഉത്തേജിപ്പിച്ചത്. മുന്നില്‍ കണ്ടതിനെയെല്ലാം സ്വാധീനിച്ചതും എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റിയതും ഇതൊക്കെയായിരുന്നു, വാളല്ല. (പ്രവാചക ജീവ ചരിത്രത്തിന്റെ)രണ്ടാം വാല്യം വായിച്ചു തീര്‍ന്നപ്പോള്‍ എനിക്കു തോന്നിയത്, ഒരു മഹദ്ജീവിതത്തെപ്പറ്റി, വായിക്കാന്‍ കൂടുതലില്ലല്ലോ എന്ന ഖേദമായിരുന്നു ” (Young India, quoted in The Light, Lahore, 16 th Sept.1924) തോമസ് കാര്‍ലൈല്‍ ‘ഹീറോസ് ആന്റ് ഹീറോ വര്‍ഷിപ്പ്’ എന്ന ഗ്രന്ഥത്തില്‍ ഒരു മനുഷ്യന്‍ ഒറ്റക്ക് രണ്ട് പതിറ്റാണ്ടില്‍ക്കുറഞ്ഞ കാലംകൊണ്ട്, പരസ്പരം പോരാടുന്ന ഗോത്രങ്ങളെയും നാടോടികളായ ബദവികളെയും അതിശക്തവും പരിഷ്കൃതവുമായ ഒരു ജനതയാക്കി മാറ്റിയതെങ്ങനെയെന്ന് അത്ഭുതം കൂറുന്നു.ആശയതലത്തില്‍ നിന്നു നോക്കിയാല്‍, തുല്യതയില്ലാത്തതാണ് മുഹമ്മദ് മുന്നോട്ടുവെച്ച ചിന്തകള്‍. ആ ചിന്താസാകല്യത്തോട് (ഇസ്ലാമിനോട്) കിടപിടിക്കാനാവുന്ന മറ്റൊരു ചിന്തയും- മതപരമാകട്ടെ മതേതരമാകട്ടെ സാമൂഹികമാകട്ടെ രാഷ്ട്രീയമാകട്ടെ-ഇല്ല. അതിവേഗം മാറുന്ന ഈ ലോകത്തില്‍ മറ്റെല്ലാ ചിന്താ സരണികളും വമ്പിച്ച മാറ്റങ്ങള്‍ക്കു വിധേയമായി. ഇസ്ലാം മാത്രം മാറ്റത്തിന്നതീതമായി, കഴിഞ്ഞ 1400 വര്‍ഷങ്ങളായി അതിന്റെ തനത്രൂപത്തില്‍ നിലനില്‍ക്കുന്നു. അതുമാത്രമല്ല, സ്വന്തം ചിന്തകള്‍ പൂര്‍ണമായും പ്രയോഗിച്ചു കാണാന്‍, സ്വന്തം അദ്ധ്വാനത്തിന്റെ വിത്തുകള്‍ തങ്ങളുടെ ജീവിതകാലത്തു തന്നെ വളര്‍ന്നു പുഷ്പിച്ചു കാണാന്‍ ഒന്നാംകിട ചിന്തകര്‍ക്കുപോലും ഭാഗ്യമുണ്ടായില്ല; മുഹമ്മദിനൊഴിച്ച്. അതിശയകരമായ ചിന്തകള്‍ അദ്ദേഹം പ്രചരിപ്പിച്ചു; അവയിലോരോന്നും തന്റെ ജീവിതകാലത്തുതന്നെ വിജയകരമായി പ്രയോഗത്തില്‍ വരുത്തി. സാക്ഷാത്ക്കാരത്തിന് പാടുപെടുന്ന വരണ്ട തത്ത്വങ്ങളോ ആശയങ്ങളോ ആയിരുന്നില്ല അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍. പതിനായിരക്കണക്കിന് സുശി ക്ഷിതരായ മനുഷ്യരുടെ ജീവിതസാരമായിരുന്നു അവ.മുഹമ്മദ് ഉയര്‍ത്തിപ്പിടിച്ച ഓരോന്നിന്റെയും അത്ഭുതകരമായ മൂര്‍ത്തീകരണമായിരുന്നു അവരില്‍ ഓരോരുത്തരും. ഇത്രയും വിസ്മയകരമായ ഒരു പ്രതിഭാസം മറ്റേതെങ്കിലും കാലത്ത് ലോകം കണ്ടിട്ടുണ്ടോ? ഇസ്ലാമികാദര്‍ശത്തെപ്പറ്റി എഡ്വേര്‍ഡ് ഗിബ്ബണും സൈമണ്‍ഓക്ലെയും എഴുതുന്നു.“ഇസ്ലാമിന്റെ ലളിതമെങ്കിലും മാറ്റമില്ലാത്ത പ്രഖ്യാപനമാണ് ഞാന്‍ ഏകദൈവത്തിലും അവന്റെ ദൂതനായ മുഹമ്മദിലും വിശ്വസിക്കുന്നു എന്നത്. അമൂര്‍ത്തമായ ഈശ്വരചൈതന്യത്തെ ദൃശ്യതലത്തിലേക്ക് ചുരുക്കുന്ന ബിംബങ്ങള്‍ ഇസ്ലാമിലില്ല. പ്രവാചകന്നേകിയ ബഹുമതികള്‍ ഒരിക്കലും മനുഷ്യത്വത്തിന്റെ സീമ ലംഘിച്ചിട്ടില്ല.അദ്ദേഹത്തിന്റെ ജീവസ്സുറ്റ തത്ത്വങ്ങള്‍ അനുയായികളുടെ കൃതജ്ഞതയെ യുക്തിയുടെയും മതത്തിന്റെയും പരിധിക്കുള്ളില്‍ പിടിച്ചുനിര്‍ത്തി” (History of the Saracen Empire, London, 1870,p.54). മുഹമ്മദ് ഒരു മനുഷ്യന്‍ മാത്രമായിരുന്നു-ഉദാത്തമായ ഒരു ദൌത്യമുണ്ടായിരുന്ന മനുഷ്യന്‍. സാക്ഷാല്‍ ദൈവത്തെമാത്രം ആരാധിക്കുന്നതില്‍ മനുഷ്യകുലത്തെ ഏകോപിപ്പിക്കുക എന്നതായിരുന്നു ആ ദൌത്യം. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും ചലനവും അക്കാര്യം തെളിയിക്കുകയും ചെയ്തു. ദൈവത്തിനു മുമ്പില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു. ഇക്കാര്യത്തെപ്പറ്റി സരോജിനി നായിഡു ഇങ്ങനെയെഴുതി: “ജനായത്തം പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്ത ആദ്യത്തെ മതമാണിത്. എന്തുകൊണ്ടെന്നാല്‍, പള്ളിയിലെ മിനാരങ്ങളില്‍ നിന്ന് പ്രാര്‍ഥനക്കുള്ള വിളി മുഴങ്ങുകയും ആരാധകര്‍ സമ്മേളിക്കുകയും ചെയ്തുകഴിഞ്ഞാല്‍ കര്‍ഷകനും രാജാവും ഒപ്പത്തിനൊപ്പം നിന്ന് മുട്ടുകുത്തി ദൈവം മാത്രമാണ് മഹാന്‍ എന്ന് പ്രഖ്യാപിക്കുമ്പോള്‍, ദിനേന അഞ്ചു തവണ ഇസ്ലാമിന്റെ ജനാധിപത്യം മൂര്‍ത്തരൂപം പ്രാപിക്കുന്നു. മനുഷ്യനെ സഹോദരനാക്കുന്ന ഇസ്ലാമിന്റെ ഈ അഭേദ്യമായ ഏകീഭാവം എന്നെ വീണ്ടും വീണ്ടും ആശ്ചര്യപ്പെടുത്തുന്നു”(Lecture on the Ideals of Islam, Vide Speaches and Writings of Sarojini Naidu, Madras, 1918 p.167-169) മഹദ് വ്യക്തികളില്‍ ദൈവികത്വമാരോപിക്കുന്നതില്‍ ലോകം ഒരുകാലത്തും പിശുക്കു കാണിച്ചിട്ടില്ല. അത്തരം മഹത്തുക്കളുടെ ജീവിതവും ദൌത്യവും ഐതിഹ്യങ്ങളില്‍ മറഞ്ഞുപോയിരിക്കുന്നു. ചരിത്രപരമായി പറഞ്ഞാല്‍, മുഹമ്മദ് നേടിയതിന്റെ പത്തിലൊന്നുപോലും അവര്‍ നേടിയിട്ടില്ല. ഇത്രയധികം അദ്ദേഹം അദ്ധ്വാനിച്ചത് ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയായിരുന്നു; ധാര്‍മികനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഏകദൈവാരാധകരായി മനുഷ്യരാശിയെ ഒന്നിപ്പിക്കാന്‍. മുഹമ്മദ് ദൈവത്തിന്റെ പുത്രനാണെന്നോ ഈശ്വരാവതാര മാണെന്നോ ദിവ്യശക്തിയുള്ള മനുഷ്യനാണെന്നോ അദ്ദേഹവും അനുയായികളും ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഇന്നും ദൈവത്തിന്റെ ദൂതനായിട്ടാണദ്ദേഹം ഗണിക്കപ്പെടുന്നത്.ചരിത്രത്തിലുടനീളം പരതി, മനുഷ്യകുലത്തിന്റെ നന്മക്കു വേണ്ടി സംഭാവനകളര്‍പ്പിച്ച മഹാന്മാരുടെ പട്ടിക മൈക്കല്‍ എച്ച്. ഹാര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അതില്‍ ഒന്നാമനായി മുഹമ്മദിനെ തെരഞ്ഞെടുത്ത ഹാര്‍ട്ട് തന്റെ നിലപാട് വിശദീകരിക്കുന്നു.“ലോകത്തിലേറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയില്‍ ഒന്നാമനായി മുഹമ്മദിനെ തെരഞ്ഞെടുത്തത് ചിലരെ അത്ഭുതപ്പെടുത്തിയേക്കും, ചിലര്‍ ചോദ്യംചെയ്തു എന്നും വരും. എന്നാല്‍ ചരിത്രത്തില്‍, മതപരവും മതേതരവുമായ തലങ്ങളില്‍ അങ്ങേയറ്റം വിജയംവരിച്ച ഒരേയൊരാള്‍ അദ്ദേഹമാണ്” (The Hundred: A ranking of the most influential persons in history, Newyork,1978, p.33) ഇന്ന് പതിനാല് നൂറ്റാണ്ടുകള്‍ക്കു ശേഷവും പ്രവാചകനായ മുഹമ്മദിന്റെ അധ്യാപനങ്ങള്‍ ലോപമോ ഭേദമോ കൈകടത്തലുകളോ ഇല്ലാതെ അതിജീവിക്കുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്തെപ്പോലെത്തന്നെ മാനുഷ്യകത്തിന്റെ അനേകം രോഗങ്ങള്‍ക്കുള്ള പ്രതിവിധികളാണ് ഇന്നും അവ. ഇത് അദ്ദേഹത്തിന്റെ അനുയായികളുടെ മാത്രം അവകാശവാദമല്ല; നിശിതവും നിഷ്പക്ഷവുമായ ഒരു നിരൂപണം സുനിശ്ചിതമായും നമ്മെ കൊണ്ടെത്തിക്കുന്ന നിഗമനമാണ്. സുഹൃത്തേ, ചിന്തിക്കുന്ന മനുഷ്യനെന്ന നിലക്ക് താങ്കള്‍ ഇതെങ്കിലും ചെയ്യേണ്ടതുണ്ട്. അസാധാരണമെന്നും വിപ്ളവകരമെന്നും തോന്നിക്കുന്ന ഈ പ്രസ്താവങ്ങളില്‍ കഴമ്പുണ്ടാവുമോ എന്ന ചിന്ത. ഉണ്ടെങ്കില്‍ താങ്കള്‍ക്കുകൂടി അവകാശപ്പെട്ട ഈ മനുഷ്യന്റെ മാതൃകയും സന്ദേശവും അറിയുകയെന്ന വെല്ലുവിളി ഏറ്റെടുക്കുക. താങ്കളുടെ ജീവിതത്തില്‍ ഒരു നവയുഗത്തിന്റെ തുടക്കമാവാം ഇത്. ഞങ്ങള്‍ താങ്കളെ ക്ഷണിക്കുന്നു; ഈ മഹാത്മാവിനെ-മുഹമ്മദിനെ-മനസ്സിലാക്കാന്‍.എങ്കില്‍ അദ്ദേഹത്തെപ്പോലൊരാള്‍ ഭൂമുഖത്ത് വേറെ ഉണ്ടായിട്ടില്ലെന്ന് നമുക്ക് ബോധ്യപ്പെടും. ഈ മഹദ് വ്യക്തിയുടെ മാതൃകയും അധ്യാപനങ്ങളും താങ്കളുടെ ജീവിതത്തെ കൂടുതല്‍ സുഖകരമാക്കട്ടെ!

ക്രിസ്തുവും മോസസും പറഞ്ഞ പ്രവാചകന്‍


യേശു എന്ന പ്രവാചകന്റെ ജനനം യഹൂദ മതഗ്രന്ഥങ്ങളില്‍ മുന്‍കൂട്ടിത്തന്നെ പ്രവചിച്ചിരുന്നു. എന്നിട്ടും യേശു വന്നപ്പോള്‍ യഹൂദജനം അദ്ദേഹത്തെ സ്വീകരിച്ചില്ല. പിശാചുബാധിതനും സുബോധമില്ലാത്തവനുമായി മുദ്രകുത്തി എല്ലാ വിധത്തിലും തേജോവധം ചെയ്യാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു. യേശുവിനു ശേഷം മറ്റൊരു ആശ്വാസദായകന്‍ അവതരിക്കുമെന്നും അദ്ദേഹം സ്വന്തമായി യാതൊന്നും പറയുകയില്ലെന്നും തന്നോടു നിര്‍ദ്ദേശിക്കപ്പെടുന്നതു മാത്രം അറിയിക്കുമെന്നും പാപത്തെയും നീതിയെയും ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കുമെന്നും യേശു പ്രസ്താവിച്ചതായി യോഹന്നാന്‍ രേഖപ്പെടുത്തുന്നു.(യോഹ.16:7-15) വരുമെന്നു പറഞ്ഞ ആ ആശ്വാസദായകന്‍ ആരാണ്? അദ്ദേഹം വന്നോ? വന്നെങ്കില്‍ അദ്ദേഹത്തെ സ്വീകരിച്ചുവോ? യേശു പറഞ്ഞ പ്രവാചകന്‍ താന്‍ തന്നെ എന്ന് ഏതെങ്കിലും പ്രവാചകന്‍ അവകാശപ്പെട്ടിട്ടുണ്ടോ? യേശു പറഞ്ഞ ലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ നിറവേറിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ അംഗീകരിച്ചില്ല? യേശുവിനെ തിരസ്കരിച്ച യഹൂദര്‍ ചെയ്ത തെറ്റ് ക്രൈസ്തവരും ആവര്‍ത്തിക്കുകയാണോ? വരുമെന്നു പറഞ്ഞ ആശ്വാസദായകനെ തിരിച്ചറിയാന്‍ യേശു നിര്‍ദ്ദേശിച്ച ലക്ഷണങ്ങള്‍ എന്തെല്ലാമെന്നു നോക്കാം. “ആ സത്യാത്മാവ് വരുമ്പോള്‍ പാപത്തേയും നീതിയേയും ന്യായവിധിയേയും സംബന്ധിച്ച് ലോകത്തെ പഠിപ്പിക്കും. ദൈവത്തെപറ്റിയുള്ള സത്യം വെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. സ്വന്തം അധികാരത്തിലായിരിക്കുകയില്ല അദ്ദേഹം സംസാരിക്കുന്നത്; പ്രത്യുത കേള്‍ക്കുന്നതായിരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തും. ഞാന്‍ പറയുന്ന കാര്യങ്ങള്‍ അവനും പറയും. എന്നെപ്പറ്റി സംസാരിക്കും. എന്നെ മഹത്വപ്പെടുത്തും.” (യോഹ.14:26, 15:26,16:7-15) യേശു മുന്‍കൂട്ടിപ്പറഞ്ഞ ആ സത്യാത്മാവ് വന്നതായോ ആരെയെങ്കിലും എന്തെങ്കിലും പഠിപ്പിച്ചതായോ ബൈബിളില്‍ സൂചനയില്ല. ഉണ്ടാവാന്‍ സാധ്യതയുമില്ല. കാരണം, ബൈബിളിലെ ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയ കാലത്ത് ആ സത്യാത്മാവ് ഭൂമിയില്‍ എത്തിയിരുന്നില്ല. എത്തുകയില്ലെന്നും യേശു പറഞ്ഞിരുന്നു. ആ പ്രവാചകന് പഠിപ്പിക്കാനുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വേണ്ട ബുദ്ധിവികാസം അന്നത്തെ ജനങ്ങള്‍ക്കില്ലെന്ന് ക്രിസ്തു അനുഭവത്തില്‍ നിന്നും മനസ്സിലാക്കി. അതു കൊണ്ടാണ് യേശു പറഞ്ഞത് “എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ അതു താങ്ങാന്‍ നിങ്ങള്‍ക്ക് കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കും.” (യോഹ.16:12-13) പക്ഷേ, അവന്‍ വരുന്നത് എന്നായിരിക്കുമെന്ന് യേശു വ്യക്തമാക്കിയില്ല. ഉടനെ ആയിരിക്കുകയില്ല എന്നു മാത്രമേ സൂചിപ്പിച്ചുള്ളൂ. ‘അവന്‍ ജനങ്ങളോട് സംസാരിക്കുകയും അവരെ പഠിപ്പിക്കുകയും’ചെയ്യുമെന്ന് യേശു പറഞ്ഞതില്‍ നിന്ന് ഒരു മനുഷ്യനെയാണ് ക്രിസ്തു ഉദ്ദേശിച്ചതെന്ന് വ്യക്തമായും സ്പഷ്ടമായും മനസ്സിലാക്കാം. എന്നാല്‍ ക്രൈസ്തവസഭകള്‍ അതിനോടു ബന്ധമില്ലാത്തതും സുവിശേഷങ്ങള്‍ക്കു പുറത്തു അപ്പോസ്തല പ്രവൃത്തികള്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നതുമായ ഒരു പ്രത്യേക പ്രതിഭാസത്തെ യേശുവിന്റെ പ്രവചനവുമായി ബന്ധപ്പെടുത്തി ആ പ്രവചനം നിറവേറിയതായി ലാഘവബുദ്ധിയോടെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. അപ്പോസ്തല പ്രവൃത്തികളില്‍ വിവരിച്ചിരിക്കുന്ന ആ സംഭവം ഏതാണ്ടിങ്ങനെയാണ്: യേശു അവസാനമായി ആചരിച്ച പെസഹാ തിരുനാളിന്റെ അമ്പതു ദിവസത്തിനുശേഷം യഹൂദന്മാരുടെ ഒരു ആഘോഷമായ പെന്തക്കോസ്താ ദിനത്തില്‍ വിശ്വാസികള്‍ ഒരു വീട്ടില്‍ കൂടിയിരിക്കയായിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതുപോലെയുള്ള ഒരു മുഴക്കം ആകാശത്തു നിന്നുണ്ടായി. വീടു മുഴുവന്‍ ആ മുഴക്കം നിറഞ്ഞു. തീനാളങ്ങള്‍ പോലുള്ള നാവുകള്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അവ ഓരോരുത്തരേയും സ്പര്‍ശിച്ചു. എല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി അന്യഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി. പതിവനുസരിച്ച് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ പലഭാഗത്തു നിന്നും ഭക്തരായ യഹൂദര്‍ ജറൂസലേമില്‍ എത്തിയിരുന്നു. ശബ്ദകോലാഹലംകേട്ട് ജനം ഓടിക്കൂടി. പല നാട്ടുകാരായ അവര്‍ അപ്പോസ്തലന്മാര്‍ താന്താങ്ങളുടെ ഭാഷകളില്‍ സംസാരിക്കുന്നതു കേട്ട് ആശ്ചര്യത്തോടും പരിഭ്രമത്തോടുംകൂടി ചോദിച്ചു: “ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ? എന്നിട്ടും വ്യത്യസ്ത നാട്ടുകാരായ നാം ഓരോരുത്തരും അവരവരുടെ മാതൃഭാഷയില്‍ അതു കേള്‍ക്കുന്നതെങ്ങനെ? എന്താണ് ഇതിന്റെ അര്‍ത്ഥം?” വേറെ ചിലര്‍ പരിഹസിച്ചു പറഞ്ഞു: “പുതു വീഞ്ഞു കുടിച്ച് ലഹരി പിടിച്ചതാണ്.” മദ്യലഹരിയാണെന്ന ആക്ഷേപം നിഷേധിച്ചുകൊണ്ടും യോവേല്‍ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ടും ക്രിസ്തുശിഷ്യനായ സൈമണ്‍ പത്രോസ് ഒരു നീണ്ട പ്രസംഗം ചെയ്തു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെയും യേശുവിനെയും പറ്റിയുള്ള കാര്യങ്ങള്‍ പത്രോസ് വിശദീകരിച്ചു. ജനം അതില്‍ ആകൃഷ്ടരായി. ആ ഒരൊറ്റ ദിവസംതന്നെ മൂവായിരത്തോളം പേര്‍ അവരോടു കൂടെ ചേര്‍ന്നു.(അപ്പോസ്ത 2:1-41) പക്ഷേ, പ്രഗത്ഭനായ സൈമണ്‍പത്രോസ് തന്റെ നീണ്ട പ്രസംഗത്തില്‍ ഒരു കാര്യം പറയുകയുണ്ടായില്ല. അവിടെ സംഭവിച്ച ആ അദ്ഭുത പ്രതിഭാസം യേശു പ്രവചിച്ച ആ ആശ്വാസദായകന്റെ വരവായിരുന്നു എന്ന്. കാരണം, അത് രണ്ടും രണ്ടായിരുന്നു. തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. കാലത്തിന്റെ തികവില്‍ തക്ക സമയത്ത് ആ സത്യാത്മാവ് വരികതന്നെ ചെയ്യുമെന്ന് പത്രോസിന്നറിയാമായിരുന്നു. കാരണം അത് യേശുവിന്റെ വാക്കായിരുന്നു. അത് സംഭവിക്കുകതന്നെ ചെയ്യും. എന്നാല്‍ പത്രോസ് പറയുകയോ സൂചിപ്പിക്കുക പോലുമോ ചെയ്യാതിരുന്ന കാര്യം ക്രൈസ്തവസഭകള്‍ പുതിയ വ്യാഖ്യാനം നല്‍കി സ്വീകരിച്ചു. തീനാക്കുകളുടെ രൂപത്തില്‍ അവിടെ കണ്ടത് ക്രിസ്തു പറഞ്ഞ സത്യാത്മാവിന്റെ രംഗപ്രവേശമായിരുന്നുവത്രേ. അതുകൊണ്ടാണത്രേ അവര്‍ക്ക് അന്യഭാഷകള്‍ സംസാരിക്കാനുള്ള കഴിവു സിദ്ധിച്ചത്.‘എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്; പക്ഷേ, അതു മനസ്സിലാക്കാനുള്ള ബുദ്ധിവികാസം ഇപ്പോള്‍ നിങ്ങള്‍ക്കില്ല;സത്യാത്മാവായ ആശ്വാസദായകന്‍ വരുമ്പോള്‍ അവന്‍ അവയെല്ലാം നിങ്ങളെ പഠിപ്പിക്കും’ എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിക്കപ്പെട്ടത് നിര്‍ജീവമായ തീനാളത്തെയല്ല, ജീവനുള്ള മനുഷ്യനെയായിരുന്നു എന്ന് മനസ്സിലാക്കാന്‍ അത്ര വലിയ ബുദ്ധിസാമര്‍ത്ഥ്യമൊന്നും വേണ്ട. പക്ഷേ,നിര്‍ഭാഗ്യമെന്നു പറയട്ടെ,ഒരു വലിയ ജനവിഭാഗത്തിന് അതില്ലാതെപോയി. യേശു പറഞ്ഞ ലക്ഷണങ്ങളോടുകൂടിയ ഏതെങ്കിലും പ്രവാചകന്‍ ഇവിടെ ഉണ്ടായിട്ടുണ്ടോ? അത് ഞാന്‍ തന്നെ എന്ന് ധൈര്യപൂര്‍വ്വം ആരെങ്കിലും അവകാശവാദം ഉന്നയിച്ചിട്ടുണ്ടോ? ഉണ്ട്; ഒരാള്‍ മാത്രം. അറേബ്യയിലെ മക്കയില്‍ ജനിച്ച മുഹമ്മദ്നബി എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് മാത്രം. അദ്ദേഹം വഴി ലഭിച്ച ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് യേശു പറഞ്ഞ എല്ലാ ലക്ഷണങ്ങളും മുഹമ്മദ്നബിയില്‍ ഒത്തിണങ്ങുന്നതായി കാണാം. ദൈവനാമത്തിലുള്ള സത്യപ്രസ്താവനകള്‍ നിറഞ്ഞ ആ ഗ്രന്ഥത്തിന്റെ പല ഭാഗത്തായി പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ് ‘ഈ ഗ്രന്ഥം ഗബ്രിയേല്‍ ദൂതന്‍ വഴി പ്രവാചകനായ മുഹമ്മദിനെ ദൈവം ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി അറിയിക്കുന്ന സന്ദേശമാണ്; അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളല്ല’എന്ന്. യേശു പറഞ്ഞപോലെ നീതിയെയും ന്യായവിധിയേയും പരലോകത്തേയും പറ്റി പലഭാഗത്തും പ്രതിപാദിച്ചിരിക്കുന്നു. ദൈവത്തിന്റെ സത്യത്തിലേക്കുള്ള നേരായ മാര്‍ഗമാണ് ഈ സന്ദേശമെന്ന് പല പ്രാവശ്യം ആവര്‍ത്തിക്കുന്നു. യേശു പഠിപ്പിച്ച കാര്യങ്ങള്‍ ഖുര്‍ആന്‍ അംഗീകരിക്കുന്നു. വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പഠിപ്പിക്കുന്നു. യേശു എന്ന മഹാ വ്യക്തിത്വത്തെ അംഗീകരിച്ചും അര്‍ഹമായ പരിഗണനകള്‍ കൊടുത്തുകൊണ്ടുമുള്ള പരാമര്‍ശങ്ങള്‍ അനവധി. എന്നാല്‍ ഒരുകാര്യം പ്രത്യേകം പ്രസ്താവ്യം: യേശു ദൈവമോ ദൈവപുത്രനോ അല്ലെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു; ഉറക്കെ. അംഗീകാരമോ അനുഭവമോ ഇല്ലാതെ യേശുവിന്റെ തൊപ്പിയില്‍ മറ്റു ചിലര്‍ തുന്നിച്ചേര്‍ത്ത തൂവലായിരുന്നല്ലോ ‘ദൈവം’ ‘ദൈവപുത്രന്‍’എന്നതൊക്കെ. വരാനുള്ള പ്രവാചകനെ സൂചിപ്പിച്ച് യേശു ഉപയോഗിച്ച ‘ആശ്വാസദായകന്‍’ എന്ന പദത്തെപ്പറ്റി തര്‍ക്കമുണ്ട്. യോഹന്നാന്‍ സുവിശേഷമെഴുതിയ ഗ്രീക്കു ഭാഷയിലെ മൂലകൃതിയില്‍ ജമൃമസഹലീ (ഇംഗ്ളീഷില്‍ ജമൃമരഹലലേ) എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. അതിന്റെ പരിഭാഷയാണ് ആശ്വാസദായകന്‍, സഹായകന്‍ എന്നെല്ലാം. എന്നാല്‍ ഇന്നുള്ള ഏറ്റവും പഴയ കൃതിയേക്കാള്‍ മുമ്പുള്ള ആദ്യത്തെ മൂലകൃതിയില്‍ ജലൃശസഹ്യീ എന്നായിരുന്നു എന്നും എങ്ങനെയോ അത് ജമൃമസഹലീ എന്ന് എഴുതാനിടയായതാണെന്നും അഭിപ്രായമുണ്ട്. ആര്‍ക്കും എന്തു സഹായം ചെയ്യാനും സദാ സന്നദ്ധനും ദയാലുവുമായ മുഹമ്മദ്നബിയെ സംബന്ധിച്ച് ആശ്വാസദായകന്‍ എന്ന പദം യോജിക്കുമെന്നും ആദ്യത്തെ മൂലകൃതിയിലുണ്ടായിരുന്ന ജലൃശസഹ്യീ എന്ന പദത്തിന്റെ അര്‍ത്ഥം അറബിയില്‍ മുഹമ്മദ് എന്നോ അഹ്മദ് എന്നോ ഉള്ള പദങ്ങള്‍ക്കു തുല്യമാണെന്നുമാണ് വാദം. അതിനു തെളിവായി മറ്റൊരു വാദവും നിലവിലുണ്ട്. ഇന്ന് നിലവിലുള്ള നാല് അംഗീകൃത സുവിശേഷങ്ങള്‍ കൂടാതെ മുമ്പ് പത്രോസ്, തോമസ്, ബര്‍ണബാസ് എന്നിങ്ങനെ ചിലരും എഴുതിയ സുവിശേഷങ്ങള്‍ നിലവിലുണ്ടായിരുന്നതായി പറയപ്പെടുന്നു. (ആസ്ത്രിയന്‍ തലസ്ഥാനത്ത് വിയന്നാ ലൈബ്രറിയില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുള്ള ഇറ്റാലിയന്‍ ഭാഷയിലുള്ള ബര്‍ണബാസിന്റെ സുവിശേഷത്തില്‍ ജലൃശസഹ്യീ എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.) ‘എനിക്കു മുമ്പുള്ള യഹൂദ മത ഗ്രന്ഥങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ടും എനിക്കു ശേഷം വരാനുള്ള അഹ്മദ് എന്ന പ്രവാചകനെപ്പറ്റി സദ്വാര്‍ത്ത തരുന്നതിനും വേണ്ടി ഇസ്രയേല്‍ക്കാര്‍ക്കായി ദൈവം അയച്ച പ്രവാചകനാണ് ഞാന്‍’എന്ന് യേശു മുഹമ്മദ് നബിയെപ്പറ്റി പേരെടുത്തു പറഞ്ഞതായി ഖുര്‍ആനില്‍ കാണുന്നു.(61:6) പഴയനിയമത്തിലെ ആവര്‍ത്തന പുസ്തകത്തില്‍ വരാനിരിക്കുന്ന ഒരു പ്രവാചകനെപ്പറ്റി മോശെ ഇങ്ങനെ പ്രസ്താവിക്കുന്നു: “എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങളുടെ സ്വന്തം ജനങ്ങളില്‍ നിന്ന് ദൈവം നിങ്ങള്‍ക്കായി അയക്കും. അവനെ അനുസരിക്കണം. പറയേണ്ട കാര്യങ്ങള്‍ എന്തെന്ന് ദൈവം അവനെ അറിയിക്കുകയും ദൈവം കല്പിക്കുന്ന കാര്യങ്ങളെല്ലാം അവന്‍ ജനങ്ങളോട് പറയുകയും ചെയ്യും. ദൈവനാമത്തില്‍ സംസാരിക്കുന്ന അവന് ചെവികൊടുക്കാത്ത ആരേയും ദൈവം കണക്കു പറയിക്കും” (ആവര്‍ത്തനപുസ്തകം: 18:15-19). പുതിയനിയമത്തിലെ അപ്പോസ്തല പ്രവൃത്തികളില്‍ സൈമണ്‍ പത്രോസും ക്രൈസ്തവരുടെ ആദ്യത്തെ രക്തസാക്ഷിയായ സ്റീഫനും ഈ പ്രവചനം യേശുവിനെപ്പറ്റിയാണെന്നു പ്രസ്താവച്ചിട്ടുണ്ട് (അപ്പോ.പ്രവൃ: 3.22, 7:37).എന്നാല്‍ ഈ പ്രവചനം മുഹമ്മദ്നബിയെപ്പറ്റിയാണെന്നാണ് ഖുര്‍ആന്‍(46:10) സൂചിപ്പിക്കുന്നത്. മോശെയുടെ പ്രവചനത്തിലെ സൂചന യേശുവിനെപ്പറ്റിയാണെന്ന് പത്രോസും സ്റീഫനും വിലയിരുത്തിയ കാലത്ത് മുഹമ്മദ് ജനിച്ചിരുന്നില്ല. അന്നുവരെയുള്ള നിലക്ക്് ആ പ്രവചനം യേശുവിന് യോജിക്കുന്നതായി കണ്ടതായിരിക്കണം അവര്‍ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ കാരണം. എന്നാല്‍, അത് യേശുവിനെക്കാള്‍ കൂടുതലായി മുഹമ്മദിനാണ് യോജിക്കുന്നതെന്ന് തെളിയിക്കാനായി മുസ്ലിം പണ്ഡിതന്മാര്‍ പല വാദങ്ങളും ഉന്നയിക്കുന്നു. അതില്‍ പ്രധാനമായവ പരിശോധിച്ചു നോക്കാം. ‘എന്നെപ്പോലെ ഒരു പ്രവാചകന്‍’എന്നു മോശെ പറയുമ്പോള്‍ അത് പലവിധത്തിലും അദ്ദേഹത്തെപ്പോലെ തന്നെയുള്ള ഒരു പ്രവാചകനായിരിക്കണമെന്നാണ് ഉദ്ദേശ്യം. ഈജിപ്തിലെ ഫറവോനെ ഭയപ്പെട്ട് അറേബ്യയില്‍ മരുപ്രദേശത്തേക്കു രക്ഷപ്പെട്ട മോശെ പിന്നീട് ഇസ്രയേല്‍ക്കാരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചു അവരുടേതായ വാഗ്ദത്ത ഭൂമി നേടിക്കൊടുത്തു എന്നുള്ളതായിരുന്നു മോശെയുടെ ഒരു പ്രധാന യോഗ്യത. കാനാന്‍ ദേശത്തെ വാഗ്ദത്തഭൂമി നേടിയെടുക്കുന്നതിന് മോശെയുടെ നേതൃത്വത്തില്‍ പല യുദ്ധങ്ങളും വേണ്ടിവന്നു. എതിരാളികളേക്കാള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും മോശെയുടെ കീഴില്‍ ഉറച്ചുനിന്ന് ധീരമായി പോരാടി ഇസ്രയേല്‍ക്കാര്‍ വിജയംവരിച്ചു. അവിശ്വാസികളായ എതിരാളികളുടെ എതിര്‍പ്പ് സഹിക്കവയ്യാതായപ്പോള്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് രക്ഷപ്പെടുകയും പിന്നീട് ശക്തി സംഭ രിച്ച് വിശ്വാസികള്‍ക്കായി ഒരു രാഷ്ട്രം സ്ഥാപിക്കുകയും ചെയ്തു. എതിര്‍ സൈന്യത്തോടു കിടപിടിക്കത്തക്ക സംഖ്യാബലമോ വിഭവശേഷിയോ നബിയുടെ സൈന്യത്തിന് ഉണ്ടായിരുന്നില്ലെങ്കിലും മഹത്തായ നേതൃത്വത്തില്‍ ഉറച്ചുനിന്ന് ആത്മാര്‍ത്ഥമായി പൊരുതിയാണ് അവര്‍ വിജയംകണ്ടത്. ബദ്ര്‍ യുദ്ധത്തിലും ഉഹ്ദ് യുദ്ധത്തിലും നബിയോടൊപ്പം കൊല്ലാനും കൊല്ലപ്പെടാനും തയ്യാറാണെന്ന് അനുയായികള്‍ പലരും തെളിയിച്ചു. കഠിനമായി പരിക്കു പറ്റിയിട്ടും ലക്ഷ്യത്തില്‍ നിന്ന് പിന്മാറാതെ അവര്‍ ഉറച്ചുനിന്നു. ഉന്നതമായ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായവര്‍ നിരവധി. യേശുവിന്റെ കാലത്ത് റോമന്‍ ആധിപത്യത്തിലായിരുന്നു ഇസ്രയേല്‍ക്കാര്‍. റോമക്കാരില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള രക്ഷകനാണ് യേശുവെന്ന് തെറ്റായിട്ടാണെങ്കിലും പലരും പ്രതീക്ഷിച്ചു. നഷ്ടപ്പെട്ട സ്വാതന്ത്യ്രം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമമൊന്നും യേശുവിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അദ്ദേഹത്തില്‍ നിന്ന് അത് ഉദ്ദേശിക്കപ്പെട്ടിരുന്നുമില്ല. മോശെക്കോ മുഹമ്മദിനോ ഉണ്ടായിരുന്നതുപോലെ എന്തിനും സന്നദ്ധരായ അനുയായികള്‍ യേശുവിന് ഉണ്ടായിരുന്നോ എന്ന് സംശയമാണ്. മിക്ക ശിഷ്യന്മാരുടേയും അനുയായികളുടേയും ആത്മാര്‍ത്ഥതയും വിശ്വസ്തതയും സംശയാസ്പദമായിരുന്നു എന്നു വേണം വിചാരിക്കാന്‍. ഒരു പ്രമുഖ ശിഷ്യനായിരുന്ന സൈമണ്‍പത്രോസ് യേശുവിനെ അറിയുകയില്ലെന്ന് അദ്ദേഹത്തിന്റെ ഏറ്റവും ആപല്‍ഘട്ടത്തില്‍ മൂന്ന് പ്രാവശ്യം ദൈവനാമത്തില്‍ കള്ളസത്യം ചെയ്തു. (മത്തായി 26:69-74). ചെറുപ്പക്കാരനായ മറ്റൊരു ശിഷ്യന്‍ ഉരിഞ്ഞുവീണ ഉടുതുണി എടുത്തുടുക്കാന്‍ പോലും നില്‍ക്കാതെ നഗ്നനായാണ് ഓടിയൊളിച്ചത്. (മാര്‍ക്കോസ് 14:51-52).മുപ്പതു വെള്ളിക്കാശിനുവേണ്ടി ഗുരുവിനെ ചുംബനംകൊണ്ട് ഒറ്റിക്കൊടുത്ത യൂദാസിന്റെ കഥ കുപ്രസിദ്ധമാണല്ലോ (മത്തായി 26:15, 48-49).അല്ലെങ്കിലും അവനൊരു കള്ളനായിരുന്നു. യേശുവിന്റെ പണസഞ്ചി സൂക്ഷിപ്പുകാരനായ അവന്‍ അതില്‍ നിന്നു പലപ്പോഴും മോഷ്ടിച്ചിരുന്നതായി യോഹന്നാന്‍ രേഖപ്പെടുത്തുന്നു. (യോഹ 12:6). പുരോഹിത നേതൃത്വം യേശുവിനെ അറസ്റു ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അദ്ദേഹത്തെ വിട്ട് ഓടിപ്പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. (മാര്‍ക്കോസ് 14:50). മോശെ വഴി ലഭിച്ച നിയമങ്ങളും ചട്ടങ്ങളും അദ്ദേഹത്തെ എല്ലാ കാലത്തേക്കും പ്രസിദ്ധനാക്കി. അവയില്‍ പലതും ഇന്നും പ്രാബല്യത്തിലിരിക്കുന്നു.പല രാജ്യങ്ങളുടേയും നിയമ നിര്‍മാണത്തില്‍ അത് വമ്പിച്ച സ്വാധീനം ചെലുത്തി. അക്കാര്യത്തില്‍ മുഹമ്മദ്നബിക്ക് മോശെയുമായി ഏറെ സാമ്യമുണ്ട്. ജീവിതത്തിന്റെ മിക്ക മേഖലകളേയും ബാധിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളേയും സ്പര്‍ശിക്കുന്ന ബൃഹത്തായ ഒരു നിയമസംഹിത ഖുര്‍ആനില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും എല്ലാ കാലത്തേക്കുമായി. വരാനുള്ള പ്രവാചകന്‍ ദൈവനാമത്തില്‍ സംസാരിക്കുമെന്നാണ് മോശെ പറഞ്ഞത്. യേശു ദൈവത്തെപ്പറ്റി ധാരാളം സംസാരിച്ചിട്ടുണ്ടെങ്കിലും അവ പൂര്‍ണമായി അതേപടി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല. ദൈവനാമത്തിലല്ല സുവിശേഷങ്ങളുടെ ആരംഭം. സത്യസന്ധമായ ഒരു വിവരണം എഴുതാനാണ് ഉദ്ദേശ്യമെന്ന് ലൂക്കായുടെ ഗ്രന്ഥാരംഭത്തില്‍ കാണാം. ചില കാര്യങ്ങളെ മാത്രം ഉദ്ദേ ശിച്ചുകൊണ്ടുള്ളതാണ് യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന ഭാഗത്തുള്ള സത്യപ്രസ്താവന. ദൈവനാമത്തിലുള്ള കൃതികളല്ലാത്തതുകൊണ്ട് ഉള്ളടക്കം മുഴുവന്‍ കളവാണെന്നല്ല വിവക്ഷ. രണ്ടു ഗ്രന്ഥങ്ങള്‍ തമ്മിലുള്ള ശൈലീ വ്യത്യാസം എടുത്തു പറഞ്ഞെന്നേയുള്ളൂ. മുഹമ്മദ് നിരക്ഷരനായിരുന്നെന്നും ഖുര്‍ആനില്‍ മുഹമ്മദിന്റെ വകയായി യാതൊന്നുമില്ലെന്നും എല്ലാം ദൈവത്തില്‍ നിന്ന് ഗബ്രിയേല്‍ മാലാഖ വഴി നേരിട്ടു ലഭിച്ചതാണെന്നും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദൈവനാമത്തിലാണ് എല്ലാ അധ്യായങ്ങളുടെയും ആരംഭം. ദൈവം പ്രവാചകനായ മുഹമ്മദിനെ സംബോധന ചെയ്തു സംസാരിക്കുന്നതും നിര്‍ദേശിക്കുന്നതുമാണ് ഖുര്‍ആനിലെ ആദ്യന്തമുള്ള ശൈലി. അത്തരം ഒരു ശൈലി മറ്റേതെങ്കിലും ഗ്രന്ഥം സ്വീകരിച്ചതായി കേട്ടിട്ടില്ല. അനവധി ഗ്രന്ഥകാരന്മാര്‍ അനേകം കൊല്ലംകൊണ്ട് എഴുതിത്തീര്‍ത്തതാണ് ബൈബിള്‍. അതുകൊണ്ട് തന്നെ ചില പാകപ്പിഴകളും അതില്‍ കാണാം. ബൈബിളില്‍ അടങ്ങിയിട്ടുള്ള ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ പോലും ക്രൈസ്തവ സഭകള്‍ തമ്മില്‍ യോജിപ്പില്ല. കത്തോലിക്കാ സഭയുടെ ബൈബിളില്‍ എഴുപത്തിമൂന്ന് ഗ്രന്ഥങ്ങളും മറ്റു സഭകളുടേതില്‍ അറുപത്താറു ഗ്രന്ഥങ്ങളുമാണുള്ളത്. ഗ്രന്ഥകാരന്മാരുടെ കാര്യത്തിലുമുണ്ട് ആശയക്കുഴപ്പം. മോശെയുടെ പേരിലുള്ള അഞ്ചു ഗ്രന്ഥങ്ങളില്‍ ഒന്നില്‍ മോശെ മരിച്ച സ്ഥലത്തെപ്പറ്റിയും മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായത്തെപ്പറ്റിയും പ്രതിപാദിക്കുന്നതിനാല്‍ ആ ഗ്രന്ഥം മോശെയുടെ മരണ ശേഷം ആരോ എഴുതിയതാണെന്നു വേണം അനുമാനിക്കാന്‍. സ്വന്തം മരണം രേഖപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലല്ലോ (ആവര്‍ത്തനം. 34:5-8). പുതിയ നിയമത്തിലെ ഗ്രന്ഥങ്ങളുടെ കാര്യത്തിലുമില്ല പൂര്‍ണമായ ഐകരൂപ്യം. ചില ഗ്രന്ഥങ്ങളില്‍ ഏതാനും വാക്യങ്ങള്‍ കൂടുതലും വേറെ ചിലതില്‍ ഏതാനും വാക്യങ്ങള്‍ കുറവും കാണുന്നു. മാര്‍ക്കോസിന്റെ പുസ്തകം 16-ാം അധ്യായം ഒമ്പതു മുതല്‍ ഇരുപതു വരെ വാക്യങ്ങളില്‍ ആ വ്യത്യാസം കാണാം. യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായം ഒന്നുമുതല്‍ പതിനൊന്നു വരെ വാക്യങ്ങളിലുമുണ്ട് അത്തരം വ്യത്യാസം. ഏതാനും ഉദാഹരണങ്ങള്‍ ചൂണ്ടികാണിച്ചെന്നു മാത്രം. എന്നാല്‍ ഖുര്‍ആനില്‍ അത്തരം വ്യത്യാസം കാണുകയില്ല. നബിയുടെ ജീവിതകാലത്തുതന്നെ ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ രേഖപ്പെടുത്തപ്പെട്ടതാണ് ആ ഗ്രന്ഥം മുഴുവന്‍. ‘നിങ്ങളുടെ സ്വന്തം ജനങ്ങളില്‍ നിന്നുള്ള പ്രവാചകന്‍’ എന്ന വിശേഷണം മോശെക്കും മുഹമ്മദിനും ഒരുപോലെ യോജിക്കുന്നു. അബ്രഹാമിന്റെ മക്കളാണ് ഇസ്മായേലും ഇസ്ഹാഖും.ഇസ്ഹാഖിന്റെ വംശ പരമ്പരയില്‍ മോശെയും യേശുവുമുണ്ടായി; ഇസ്മായേലിന്റെ താവഴിയില്‍ മുഹമ്മദും. രണ്ടുപേരുടെയും പൂര്‍വപിതാവ് അബ്രഹാം തന്നെ. വേറെയും പല കാര്യങ്ങളിലുമുണ്ട് മോശെയും നബിയും തമ്മില്‍ സാദൃശ്യം. യേശുവില്‍ നിന്നു വ്യത്യസ്തമായി സാധാരണ മാതാപിതാക്കളില്‍ നിന്നുള്ള സാധാരണ ജനനമായിരുന്നു രണ്ടുപേര്‍ക്കും. രണ്ടുപേരും വിവാഹം ചെയ്തു;മക്കളുണ്ടായി. കുടുംബജീവിതം നയിച്ചു. വാര്‍ധക്യത്തില്‍ മരിച്ചു. ഇതൊന്നും യേശുവിനെ സംബന്ധിച്ച് ബാധകമല്ല. യേശു വിവാഹിതനായിരുന്നില്ല. വെറും മുപ്പത്തിമൂന്നു കൊല്ലമായിരുന്നു ജീവിതകാലം. പ്രബോധനപ്രവര്‍ത്തനമാവട്ടെ മൂന്നു കൊല്ലവും. ശൈശവത്തില്‍ യേശുവിനെ കൊല്ലാന്‍ ഹേറോദ് രാജാവും മോശെയെ കൊല്ലാന്‍ ഫറവോനും ശ്രമിച്ചു എന്ന സാദൃശ്യം അവര്‍ തമ്മിലുണ്ട്. അദ്ഭുത സിദ്ധി കളുടെ കാര്യത്തിലുമുണ്ട് അവര്‍ തമ്മില്‍ സാമ്യം. എന്നാല്‍ മുഹമ്മദ് നബി വഴി ലഭിച്ച ഖുര്‍ആന്‍ എന്ന ഗ്രന്ഥം തന്നെ ഒരു മഹാ അദ്ഭുതമാണെന്ന് പ്രസ്താവിക്കപ്പെടുന്നു. അങ്ങനെ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും വിലയിരുത്തുമ്പോള്‍ ‘എന്നെപ്പോലെ ഒരു പ്രവാചകന്‍’എന്ന് മോശെ പറഞ്ഞത് യേശുവിനെക്കാള്‍ കൂടുതലായി മുഹമ്മദിനാണ് യോജിക്കുക എന്നു മനസ്സിലാക്കാം. മോശെ പറഞ്ഞ പ്രവാചകന്‍ യേശുവല്ല മുഹമ്മദാണ് എന്നംഗീകരിക്കുന്നതുകൊണ്ട് യേശുവിന്റെ പ്രാധാന്യത്തിന് കുറവൊന്നും സംഭവിക്കുന്നുമില്ല. യേശുപോലും തനിക്കു ശേഷം ഒരു പ്രവാചകന്റെ ആഗമനം പ്രവചിച്ചിരിക്കേ അതു സാക്ഷാത്കരിക്കപ്പെടുമ്പോള്‍ യേശുവിന്റെ മഹത്വം വര്‍ധിക്കുകയാണ് ചെയ്യുക. ഒരേ മതത്തിലെ പ്രവാചക പരമ്പരയിലെ അതിപ്രധാന കണ്ണികളാണ് അവര്‍ രണ്ടുപേരും. രണ്ടുപേരുടെയും സന്ദേശങ്ങള്‍ പരസ്പര പൂരകങ്ങളാണ്. ഏ.ഡി.571-ല്‍ ജനിച്ച മുഹമ്മദിനെ ക്രിസ്തുവിനു ശേഷമുള്ള പ്രവാചകനായി അംഗീകരിക്കുമ്പോള്‍ അഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷം ആ പ്രവചനം യാഥാര്‍ത്ഥ്യമായി സംഭവിക്കുകയാണ് ചെയ്യുന്നത്. യേശുക്രിസ്തു മുന്‍കൂട്ടിപ്പറഞ്ഞ പ്രവാചകനല്ല മുഹമ്മദെങ്കില്‍ ക്രിസ്തുവിനു ശേഷം രണ്ടായിരത്തോളം കൊല്ലങ്ങളായിട്ടും ആ പ്രവചനം വാസ്തവമായിത്തീര്‍ന്നിട്ടില്ലെന്നു വേണം വിചാരിക്കാന്‍. അതു യേശുവിനെ സംബന്ധിച്ചേടത്തോളം അങ്ങേയറ്റം ആക്ഷേപാര്‍ഹമാണ്. ആരാണ് ഒരു പ്രവാചകന്‍? ആധികാരികമായി മോശെ നിര്‍വചിച്ചിരിക്കുന്നു: “പ്രവാചകന്‍ ദൈവത്തിന്റെ പേരില്‍ സംസാരിക്കുകയും അയാള്‍ പറയുന്നത് വാസ്തവമായി സംഭവിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അത് ദൈവത്തിന്റെ സന്ദേശമല്ല. ആ പ്രവാചകന്‍ അത് സ്വന്തം നില്ക്ക് പറഞ്ഞതാണ്; അയാളെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.” (ആവര്‍ത്തനം 18:22) യേശുക്രിസ്തു അത്തരം ഒരു പ്രവാചകനല്ലാത്തതുകൊണ്ട് തീര്‍ച്ചയായും ആ പ്രവചനം മുഹമ്മദ് നബിയില്‍ വാസ്തവമായി സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു വിശ്വസിക്കാം.

2009, ജൂലൈ 18, ശനിയാഴ്‌ച

മുഹമ്മദ്നബി സാധിച്ചവിപ്ളവം

ഓരോ മതക്കാരും ഓരോ ജനവിഭാഗവും അവരവരുടെ ആചാര്യന്മാരെയും നേതാക്കന്മാരെയും അതിശയോക്തി കലര്‍ത്തി ഉയര്‍ത്തിക്കാട്ടാറുണ്ട്. നിറക്കൂട്ടുള്ള ചായങ്ങളില്‍ കൊത്തിയെടുത്ത ഇത്തരം വിഗ്രഹശില്‍പങ്ങള്‍ സാധാരണക്കാരന്റെ വീരാരാധനാമനസ്സിനെ തൃപ്തിപ്പെടുത്താനും ഭക്തജനങ്ങളില്‍ വികാരാവേശം വളര്‍ത്താനും ആവശ്യമായിരിക്കാം. സത്യസന്ധമോ വൈചാരികമോ അല്ലാത്ത ഈ സാമാന്യരീതിയില്‍ നിന്ന് ഭിന്നമായി മഹദ്വ്യക്തിത്വങ്ങളെ വിലയിരുത്തുന്നേടത്ത് മാത്രമേ മാനുഷ്യകത്തിന് അനുകരണീയമായ ജീവിത മാതൃകകള്‍ ഉരുത്തിരിഞ്ഞു വരികയുള്ളൂ. ദൈവത്തിന്റെ സന്ദേശവാഹകരായ പ്രവാചകന്മാര്‍പോലും ഇതിന്നപവാദമാകേണ്ടതില്ല. ഇന്ന് ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെടുന്നതും അവര്‍ തന്നെയാണല്ലോ! നബിമാരുടെ ‘മദ്ഹ്’പറയുന്നവരും ‘പൈശാചികവചനങ്ങള്‍’എഴുതുന്നവരും കുറവല്ല. എന്നാല്‍ അവര്‍ ആരായിരുന്നുവെന്നും അവര്‍ സാധിച്ച വിപ്ളവം എന്തായിരുന്നുവെന്നും വസ്തുനിഷ്ഠമായി കണ്ടെത്തുവാനുള്ള ശ്രമം നടക്കുന്നില്ല. ഒരു മാതൃകയെന്ന നിലയില്‍ മുഹമ്മദ്നബി സാധിച്ച വിപ്ളവത്തിന്റെ ചില വശങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.
ഏകമാനവികത:
മനുഷ്യസമൂഹത്തെ ഒരേ മാതാപിതാക്കളുടെ മക്കളായും ഏകോദരസഹോദരങ്ങളായും കണ്ട് എല്ലാ മനുഷ്യര്‍ക്കുംവേണ്ടി സംസാരിച്ച ആദ്യ വിപ്ളവകാരി (അവസാനത്തെയും) മുഹമ്മദ്നബിയാണ്. അതുവരെയുള്ള, ദൈവനിയുക്തരായ പ്രവാചകന്മാരുടെ പ്രബോധനങ്ങള്‍ തത്ത്വത്തില്‍ മനുഷ്യരാശിക്കു പൊതുവായുള്ളതുതന്നെയെങ്കിലും അതതുകാലത്തെ നാഗരികവും ഭൂമിശാസ്ത്രപരവും മറ്റുമായ പരിമിതികളാല്‍ ഫലത്തില്‍ സ്വന്തം ജനതയ്ക്കും നാട്ടുകാര്‍ക്കും മാത്രമേ ബാധകമായിരുന്നുള്ളൂ. അതായിരുന്നു പ്രായോഗികവും. എന്നാല്‍ മുഹമ്മദ്നബിക്ക് അവതരിച് പ്രഥമദിവ്യബോധനംതന്നെ‘മനുഷ്യ’നെയാണ് പരാമര്‍ശിക്കുന്നത്. (ഖുര്‍ആന്‍.അദ്ധ്യായം:96) നബി കൊണ്ടുവന്ന ഗ്രന്ഥത്തിന്റെ പ്രാരംഭം (ഫാത്തിഹ) തന്നെ സര്‍വ്വലോകങ്ങളുടെ നാഥനും കരുണാമയനുമായ ദൈവത്തിനുള്ള കൃതജ്ഞതയോടുകൂടിയാണ്. തിരുനബിയെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് അറബികളുടെ നബിയെന്നോ മുസ്ലിംകളുടെ നബിയെന്നോ അല്ല, ലോകാനുഗ്രഹിയായ പ്രവാചകനെന്നാണ്. മനുഷ്യനാണ് ഖുര്‍ആനിന്റെ ഇതിവൃത്തം. മനുഷ്യനോടാണ് ഖുര്‍ആന്റെ സംബോധന. മാനവതയുടെ വിമോചകനാണ് പ്രവാചകന്‍. അതുകൊണ്ടുതന്നെ, എല്ലാ തരത്തിലും തലത്തിലുമുള്ള മനുഷ്യര്‍, ജാതി-മത, വര്‍ണ-വര്‍ഗ, ദേശ-ഭാഷാ വ്യത്യാസമില്ലാതെ പ്രവാചകന്റെ പ്രബോധനത്തില്‍ ആകൃഷ്ടരായത് തികച്ചും സ്വാഭാവികമായിരുന്നു. ക്രൈസ്തവനായ റോമാക്കാരന്‍ സുഹൈബ്, അഗ്നിയാരാധകനായ പേര്‍ഷ്യക്കാരന്‍ സല്‍മാന്‍, ആഫ്രിക്കയിലെ തൊലി കറുത്ത നീഗ്രോ അടിമ ബിലാല്‍, ഉന്നതകുലജാതരായ അബൂബക്കര്‍, ഉമര്‍, പണക്കാരായ ഉസ്മാന്‍, അബ്ദുറഹ്മാനുബ്നുഔഫ്, പാവപ്പെട്ടവരായ അബൂദര്‍റ്, അബൂഹുറയ്റ, ചെറുപ്പക്കാരനായ അലി, വനിതാ വിഭാഗത്തില്‍ നിന്ന് ആദ്യമായി ഖദീജ, മക്കക്കാരായ മുഹാജിറുകള്‍, മദീനക്കാരായ അന്‍സ്വാറുകള്‍, ശത്രുഗോത്രങ്ങളായ ഔസ്, ഖസ്റജ്-അങ്ങനെ ജീവിതത്തിന്റെ എല്ലാ ഭാവവൈവിധ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മാതൃകാ വ്യക്തിത്വങ്ങള്‍ പ്രവാചകന്റെ കാലത്തുതന്നെ ഇസ്ലാമികദര്‍ശനത്തിന്റെ സാര്‍വ്വലൌകികതയുടെ സമതലത്തില്‍ തോളുരുമ്മി നില്‍ക്കുന്നതായി നാം കാണുന്നു. പ്രവാചകവിപ്ളവത്തിന്റെ മാനവികതയെ അടിവരയിടുന്ന ഈ ചേതോഹരമായ ചിത്രം ഏത് സംശയാലുവിനെയും വിസ്മയിപ്പിക്കുന്ന ചരിത്രയാഥാര്‍ത്ഥ്യമത്രെ. മുഹമ്മദ്നബിക്ക് ശേഷമാകട്ടെ, ലോകം മഹാവിപ്ളവകാരികളെന്ന് വാഴ്ത്തുന്നവരെല്ലാംതന്നെ മനുഷ്യനുവേണ്ടി മനുഷ്യനെ സംബോധന ചെയ്തവരായിരുന്നില്ലായെന്നതാണ് സത്യം. ന്യൂനപക്ഷ-ഭൂരിപക്ഷങ്ങളെയോ തൊഴിലാളി-മുതലാളി വര്‍ഗങ്ങളെയോ കിഴക്ക്-പടിഞ്ഞാറ് ദിക്കുകളെയോ വെളുപ്പ്-കറുപ്പ് വര്‍ണങ്ങളെയോ സ്വന്തം ദേശ-ഭാഷകളെയോ ആണ്, മനുഷ്യനെയല്ലാ അവര്‍ കണ്ടത്. സാക്ഷാല്‍ കാറല്‍മാര്‍ക്സ് പോലും കവിഞ്ഞാല്‍ ഒരു സാമ്പത്തിക വര്‍ഗത്തിന്റെ നേതാവേ ആകുന്നുള്ളൂ. അവിടെയാണ് പ്രവാചകവിപ്ളവത്തിന്റെ തനിമയും പുതുമയും!

സമഗ്രത,സമ്പൂര്‍ണത:
മുഹമ്മദ്നബി സാധിച്ച വിപ്ളവത്തിന്റെ രണ്ടാമത്തെ സവിശേഷത എല്ലാ തുറകളെയും അതുള്‍ക്കൊള്ളുന്നു.എന്നതാണ് മനുഷ്യന്റെ ഉള്ളും പുറവും പാടെ മാറ്റി, പുതിയൊരു മനുഷ്യനാക്കുകയായിരുന്നു പ്രവാചകന്‍. ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ പിടിച്ച കാട്ടറബിയെ ഭരണകൂടത്തിന്റെ ചെങ്കോലേന്തിക്കുക മാത്രമല്ല നബി ചെയ്തത്; മദ്യലഹരിയിലും മദാലസകളിലും മതിമറന്ന അപരിഷ്കൃത മനുഷ്യനെ ജീവിതവിശുദ്ധിയുടെ ഉത്തുംഗശ്രേണിയിലേക്കുയര്‍ത്തുകകൂടി ചെയ്തു ആ മഹാപരിഷ്കര്‍ത്താവ്. പ്രവാചകശിഷ്യന്മാരെക്കുറിച്ച് പ്രതിയോഗികള്‍ നടത്തിയ ഒരു വിലയിരുത്തല്‍ ഇവിടെ ശ്രദ്ധേയ മാണ്.‘പകല്‍ പടയാളികള്‍, പാതിരാവില്‍ പ്രാര്‍ത്ഥനാനിരതര്‍’എന്നായിരുന്നു മുസ്ലിം ജവാന്മാര്‍ക്ക് അവര്‍ നല്‍കിയ സാക്ഷ്യപത്രം. അല്ലാമാ ഇഖ്ബാല്‍ തന്റെ ‘പൂര്‍ണമനുഷ്യനെ’ഇവരില്‍ കണ്ടെത്തിയതില്‍ അത്ഭുതമില്ല. തീ തുപ്പുന്ന മഹാവിപ്ളവകാരികള്‍, സ്വകാര്യജീവിതമെന്ന് സൌകര്യപൂര്‍വ്വം ഒഴിച്ചുനിര്‍ത്തുന്ന ജീവിതത്തിന്റെ രഹസ്യമേഖലകള്‍പോലും പ്രവാചകന്റെ പരിഷ്കരണ വരുതിക്ക് പുറത്തായിരുന്നില്ല.അതുകൊണ്ട് തന്നെ നബിയുടെ മാതൃകാജീവിതത്തിന്റെ എല്ലാ ഉള്ളറകളും അനുയായികള്‍ക്ക് പഠനവിഷയമായിരുന്നു. ഏത് അന്ധനും വായിക്കാവുന്ന തുറന്ന ഗ്രന്ഥമായിരുന്നു പ്രവാചകജീവിതം.

മധ്യമാര്‍ഗം:
ജീവിതത്തിന്റെ ഭിന്ന ഭാവങ്ങളെയും വിരുദ്ധ താല്‍പ്പര്യങ്ങളെയും തികച്ചും സന്തുലിതമായ ഒരു മധ്യമാര്‍ഗത്തില്‍ സമന്വയിപ്പിച്ചുവെന്നതാണ് വിപ്ളവത്തിന്റെ വിസ്മയജനകമായ മൂന്നാമത്തെ സവിശേഷത. വ്യക്തി-സമൂഹം, നിയമം-ധര്‍മം, ആത്മാവ്-പദാര്‍ത്ഥം, ഇഹലോകം-പരലോകം, മതം-രാഷ്ട്രം, ആരാധന-ആയോധനം, സ്വാര്‍ത്ഥം-പരാര്‍ത്ഥം, അവകാശം-ബാധ്യത, സ്ത്രീ-പുരുഷന്‍, പ്രാചി-പ്രതീചി എന്നീ വൈവിധ്യങ്ങള്‍ക്കെല്ലാം അനുയോജ്യവും നീതിയുക്തവുമായ ഒരു സമന്വയമാണ് പ്രവാചകന്‍ കണ്ടെത്തിയത്. ആ സന്തുലിത ജീവിത മാര്‍ഗത്തെയാണ് വിശുദ്ധഖുര്‍ആന്‍ മധ്യമാര്‍ഗമെന്ന് വിശേഷിപ്പിച്ചത്.മനുഷ്യന്‍ദൈവത്തിന്റെപ്രതിനിധി:നബിയുടെ വിപ്ളവദര്‍ശനത്തിന്റെ നാലാമത്തെ സവിശേഷത, മനുഷ്യന് തന്റെ സ്ഥാനവും നിലപാടും കണിശമായി നിര്‍ണയിച്ചുകൊടുത്തുവെന്നതാണ്. ദൈവത്തിന്റെ ദാസന്‍, ഭൂതലത്തില്‍ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് ആ നിലപാട്. മനുഷ്യന്‍ എന്തുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ദൈവഹിതം മാനിച്ചു മാത്രമാകണം. സൃഷ്ടികള്‍ക്ക് പാടുള്ളതും ഇല്ലാത്തതും പറയേണ്ടത് സൃഷ്ടികര്‍ത്താവാണ്. ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ നിയമം അതാണ് ശരി. ആ വലിയ ശരിയെ പിന്‍പറ്റി മാത്രം ജീവിക്കുവാന്‍ മനുഷ്യന്‍ ജന്മനാ ബാധ്യസ്ഥനും പ്രതിജ്ഞാബദ്ധനുമാണ്. എന്നാല്‍ ദൈവഹിതമാകുന്ന നിയന്ത്രണരേഖയുടെ വിശാലമായ നാഴികക്കുറ്റികള്‍ക്കു നടുവില്‍ ഒട്ടേറെ സ്വാതന്ത്യ്രം മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു. മറ്റൊരു ഭാഷയില്‍, ഭൂതലമാകുന്ന ദൈവിക സാമ്രാജ്യത്തിലെ സ്വയംഭരണാധികാരമുള്ള അസ്തിത്വമാണ് മനുഷ്യന്‍. അടിമത്തത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും ഭാവങ്ങള്‍ പ്രാതിനിധ്യമെന്ന സംഗമബിന്ദുവില്‍ സന്ധിക്കുന്നേടത്ത് മനുഷ്യന്‍ അവനെത്തന്നെ തിരിച്ചറിയുന്നു.‘മനുഷ്യന്‍ തന്നെ കണ്ടെത്തുമ്പോള്‍ തന്റെ സൃഷ്ടികര്‍ത്താവിനെ കണ്ടെത്തുന്നു’

വിമോചനത്തിന്റെ ദൈവമാര്‍ഗം:
ഭാരം ചുമക്കുന്നവന് അത്താണിയായും പാരതന്ത്യ്രത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുന്ന വിമോചകനായുമാണ് വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനെ വിശേഷിപ്പിച്ചിരിക്കുന്നത്. വിമോചനത്തിന് തെരഞ്ഞെടുത്ത പാതയുടെ വ്യത്യസ്തതയാണ് പ്രവാചകവിപ്ളവത്തിന്റെ അഞ്ചാമത്തെ സവിശേഷത. മര്‍ദ്ദകനെതിരെ മര്‍ദ്ദിതനെ സംഘടിപ്പിച്ച് സമരോത്സുകനാക്കുകയായിരുന്നില്ല പ്രവാചകന്റെ രീതി. മര്‍ദ്ദകനെ ശക്തിയായി സംബോധന ചെയ്തുകൊണ്ട് അവനില്‍ മൌലികമായി മാറ്റമുണ്ടാക്കുകയായിരുന്നു പ്രവാചകന്‍. മര്‍ദ്ദകനോട് അവിടുന്ന് ദയയും നീതിയും യാചിക്കുകയായിരുന്നില്ല, ദൈവത്തിന്റെ പേരില്‍ ശക്തിയുക്തം ശാസിക്കുകയും ഗുണദോഷിക്കുകയും ഭയാനകമായ ഭവിഷ്യത്തിനെക്കുറിച്ച് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് അവനെ അടിമുടി പിടിച്ചുകുലുക്കുകയും അവനിലെ മനുഷ്യനെ ഉയിര്‍ത്തെഴുന്നേല്പിക്കുകയുമാണ് ചെയ്തത്. നൂതനമായ ഈ വിമോചനപാത അപ്രായോഗികമോ അവിശ്വസനീയമോ ആയി തോന്നാമെങ്കിലും സംഭവിച്ചത് അതാണ്. അറേബ്യയിലെ ഗോത്ര മഹത്ത്വബോധം അവസാനിപ്പിച്ചത്, ധനികന്റെ ധനത്തില്‍ ദരിദ്രന് ഓഹരി നിശ്ചയിച്ചത്, അടിമ മോചനത്തിന് ആക്കംകൂട്ടിയത്, സ്ത്രീക്ക് സ്വത്തിലും കുടുംബത്തിലും അവകാശം നിര്‍ണയിച്ചത്, ബഹുഭാര്യത്വം നിയന്ത്രിച്ചത്, അടിമയായ സൈദിനെക്കൊണ്ട് തറവാട്ടുകാരിയായ സൈനബയെ കല്യാണം കഴിപ്പിച്ചത്, സൈദിന്റെ മകന്‍ ഉസാമയെ സര്‍വ്വസൈന്യാധിപനായി നിയമിച്ചത് അങ്ങനെ നൂറ്നൂറ് സംഭവങ്ങള്‍ ആ ചരിത്രസത്യത്തിന് സാക്ഷ്യം വഹിക്കുന്നു. ഏറ്റവുമൊടുവില്‍, മക്കാ വിജയത്തിന്റെ ചരിത്രമുഹൂര്‍ത്തത്തില്‍ ബിലാലെന്ന നീഗ്രോയുവാവിലൂടെ കഅ്ബയുടെ ഉത്തുംഗ ഗോപുരത്തില്‍ വിജയത്തിന്റെ ബാങ്കൊലി മുഴങ്ങിയേടത്ത് ആ നൂതന വിപ്ളവം അതിന്റെ ക്ളൈമാക്സില്‍ എത്തിനില്‍ക്കുന്നതായി നാം കാണുന്നു.

വിപ്ളവം ആരുടെ?:
മുഹമ്മദ്നബി സാധിച്ച മഹാ വിപ്ളവത്തിന്റെ ഏറ്റവും മൌലികമായ സവിശേഷത ആ വിപ്ളവത്തിന്നാധാരമായ ജീവിതദര്‍ശനം നബിയുടേതായിരുന്നില്ല, അതിനായി നബിയെ നിയോഗിച്ചയച്ച അല്ലാഹുവിന്റേതായിരുന്നുവെന്നതാണ്.നബി നബിയാകുന്നതും അതുകൊണ്ടുതന്നെ. അബ്ദുല്ലായുടെ മകന്‍ മുഹമ്മദിന് 40 വയസ്സുവരെ സാധിക്കാത്തത് അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദ് 40-ാം വയസ്സില്‍ സാധിച്ചതും അതുകൊണ്ടാണ്. അതാണ് ഇസ്ലാം, അതാണ് പ്രവാചകന്‍. “അദ്ദേഹം സ്വേഛപ്രകാരം സംസാരിക്കുന്നില്ല. അത് ദിവ്യബോധനം മാത്രമാണ്.” (ഖുര്‍ആന്‍:53:3,4) “അങ്ങനെ നാം നിങ്ങളെ ഒരു മധ്യമസമൂഹമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാന്‍; പ്രവാചകന്‍ നിങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും.” (ഖുര്‍ആന്‍ : 2:143) “....അദ്ദേഹം അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം ഇറക്കിവെക്കുകയും അവരെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്യുന്നു.” (ഖുര്‍ആന്‍:7:157)

മുഹമ്മദ്നബി

മുഹമ്മദ് നബി ദൈവത്തിന്റെ അന്ത്യദൂതനാണ്. പ്രവാചക പരമ്പരയിലെ അവസാനകണ്ണി. ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് അദ്ദേഹം ജീവിച്ചത്. അതിനാല്‍ ആ ജീവിതം തുറന്നുവെച്ച പുസ്തകമാണ്. അതില്‍ അവ്യക്തതകളോ അസ്പഷ്ടതകളോ ഇല്ല. പ്രവാചകന്റെതുപോലെ ലോകത്ത് ഇന്നോളം ആരുടെയും ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആ മഹദ്ജീവിതത്തിലെ ചെറുതും വലുതും നിസ്സാരവും പ്രധാനവുമായ സംഭവങ്ങളിലൊന്നുപോലും അടയാളപ്പെടുത്തപ്പെടാതിരുന്നിട്ടില്ല. സഹധര്‍മിണിമാരുമായുള്ള സഹവാസത്തിന്റെ വിശദാംശങ്ങളുള്‍പ്പെടെ ആ ജീവിതത്തിലെ എല്ലാം ഏവര്‍ക്കും വായിച്ചെടുക്കാവുന്നതാണ്. മുഹമ്മദ് നബിയുടെ പേരില്‍ ലോകത്തെവിടെയും സ്മാരകങ്ങളോ സ്തൂപങ്ങളോ ഇല്ല. ചിത്രങ്ങളോ പ്രതിമകളോ ഇല്ല. എന്നിട്ടും അദ്ദേഹത്തെപ്പോലെ അനുസ്മരിക്കപ്പെടുന്ന ആരുമില്ല. അനുകരിക്കപ്പെടുന്ന ഒരു നേതാവുമില്ല. ജനകോടികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ജീവിക്കുന്നു. അവരുടെ മുഴു ജീവിതചര്യകളിലും അദ്ദേഹത്തിന്റെ അദൃശ്യസാന്നിധ്യമുണ്ട്.

മരുഭൂമിയിലെ മഹാത്ഭുതം
മുഹമ്മദ് നബി മക്കാ മരുഭൂമിയിലാണ് ജനിച്ചത്. പിറവിക്കുമുമ്പേ പിതാവ് അബ്ദുല്ല പരലോകം പ്രാപിച്ചു. ആറാമത്തെ വയസ്സില്‍ മാതാവ് ആമിനയും അന്ത്യശ്വാസം വലിച്ചു. പിതാവിന്റെ അഭാവത്തില്‍ പരിരക്ഷണം ഏറ്റെടുത്ത പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബും പ്രവാചകന് എട്ട് വയസ്സ് പൂര്‍ത്തിയാകുംമുമ്പേ വിടപറഞ്ഞു. പില്‍ക്കാല സംരക്ഷണബാധ്യത വന്നുചേര്‍ന്നത് പിതൃവ്യന്‍ അബൂത്വാലിബിലായിരുന്നു. അദ്ദേഹം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വ്യക്തിയായിരുന്നു. അതിനാല്‍ ദാരിദ്യ്രവും പ്രവാചകന്റെ കൂടപ്പിറപ്പായി. ചെറുപ്രായത്തില്‍ തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദ് നബിക്ക് അക്ഷരാഭ്യാസം നേടാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ അന്നാട്ടിലെ വൃത്തികേടുകള്‍ അദ്ദേഹത്തെ അല്‍പംപോലും സ്പര്‍ശി ച്ചിരുന്നില്ല. അന്ധവിശ്വാസം, അനാചാരം, അധര്‍മം, അശ്ളീലത, അക്രമം, അനീതി, മദ്യപാനം, വ്യഭിചാരം, കളവ്, ചതി ഇത്തരം ദുര്‍വൃത്തികളിലൊന്നും വീഴാതെ അദ്ദേഹം ജീവിച്ചു. ജീവിതത്തിലൊരിക്കലും കള്ളം പറയാത്തതിനാല്‍ വിശ്വസ്തന്‍ എന്നര്‍ഥം വരുന്ന 'അല്‍ അമീന്‍' എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. മക്ക കവികളുടെയും പ്രസംഗകരുടെയും സാഹിത്യകാരന്മാരുടെയും നാടായിരുന്നെങ്കിലും മുഹമ്മദ് നബി പാഠശാലകളില്‍ പോവുകയോ മതചര്‍ച്ചകളില്‍ പങ്കെടുക്കുകയോ സാഹിത്യ സദസ്സുകളില്‍ സംബന്ധിക്കുകയോചെയ്തിരുന്നില്ല. നാല്‍പതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗകഴിവ് പ്രകടിപ്പിച്ചിരുന്നില്ല. സര്‍ഗസിദ്ധിയുടെ ലക്ഷണംപോലും കണ്ടിരുന്നില്ല. മുഹമ്മദ് നബി നാല്‍പതാം വയസ്സിലേക്ക് പ്രവേശിച്ചതോടെ ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി. മലിനമായ ജീവിതസാഹചര്യങ്ങളില്‍നിന്ന് മാറി ഏകാന്തവാസം നയിക്കുകയാണ് നല്ലതെന്ന് തോന്നി. അങ്ങനെ മക്കയില്‍നിന്ന് മൂന്നുകിലോമീറ്റര്‍ വടക്കുള്ള ഒരു മലയിലെ ഹിറാഗുഹയില്‍ തനിച്ചിരിക്കാന്‍ തുടങ്ങി. ഹിറാ ഗുഹയില്‍ കഴിയവെ ഒരു ലിഖിതവുമായി മലക്ക് ജിബ്രീല്‍ അദ്ദേഹത്തെ സമീപിച്ചു. ജിബ്രീല്‍ കല്‍പിച്ചു: 'വായിക്കുക.' ഇതുകേട്ട നബി തിരുമേനി പ്രതിവചിച്ചു: 'എനിക്ക് വായിക്കാനറിയില്ല.' മലക്ക് വീണ്ടും വായിക്കാനാവശ്യപ്പെട്ടു. പ്രവാചകന്‍ തന്റെ മറുപടിയും ആവര്‍ത്തിച്ചു. മൂന്നാമതും വായിക്കാനാവശ്യപ്പെട്ടപ്പോള്‍ മുഹമ്മദ് നബി ചോദിച്ചു: എന്താണ് ഞാന്‍ വായിക്കേണ്ടത്?' അപ്പോള്‍ മലക്ക് ജിബ്രീല്‍ പറഞ്ഞു കൊടുത്തു: 'സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക. അവന്‍ മനുഷ്യനെ ഒട്ടിപ്പിടിച്ചതില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക; നിന്റെ നാഥന്‍ അത്യുദാരന്‍. പേനകൊണ്ട് പഠിപ്പിച്ചവന്‍; അവനറിയാത്തത് അഭ്യസിപ്പിച്ചവന്‍.'അങ്ങനെ ദൈവം മുഹമ്മദിനെ തന്റെ ദൂതനായി തെരഞ്ഞെടുത്തു. ഒരിക്കല്‍ കൂടി ഉപരിലോകം ഭൂമിയുമായി സംഗമിച്ചു. മനുഷ്യമനസ്സിലേക്ക് ദിവ്യസന്ദേശങ്ങള്‍ പ്രവഹിച്ചു. ദൈവത്തിന് മനുഷ്യരാശിക്കു നല്‍കാനുള്ള അന്ത്യസന്ദേശം. അന്നോളം കച്ചവടക്കാരനും ഭര്‍ത്താവും കുടുംബനാഥനും മാത്രമായ മുഹമ്മദ് ദൈവദൂതനായി മാറുകയായിരുന്നു. ഹിറാഗുഹയില്‍നിന്ന് ലഭിച്ച വേദ വെളിച്ചവും ചുണ്ടുകളില്‍ ദിവ്യവചനങ്ങളുമായി അദ്ദേഹം വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് നീണ്ട ഇരുപത്തിമൂന്ന് വര്‍ഷം നബിതിരുമേനിക്ക് ദിവ്യസന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹത്തിലൂടെ അവതീര്‍ണമായ ദൈവിക ഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. മനുഷ്യരാശിക്കു ലഭിച്ച ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹവും ആ ഗ്രന്ഥം തന്നെ.

സമഗ്ര വിപ്ളവം
കാലം നിരവധി മഹാന്മാരെ കണ്ടിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍, ഭരണാധികാരികള്‍, പണ്ഡിതന്മാര്‍, പ്രതിഭാശാലികള്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, മതനേതാക്കള്‍, തത്ത്വചിന്തകന്മാര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതികവിദഗ്ധര്‍.... മഹാന്മാരുടെ പട്ടിക ഇനിയും നീട്ടാം. അവരില്‍ ചിലര്‍ ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ചിട്ടുമുണ്ട്.എന്നാല്‍ മുഹമ്മദ് നബി അവരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനായി നിലകൊള്ളുന്നു. അദ്ദേഹത്തിന് സമാനതകളോ ഉദാഹരണങ്ങളോ ഇല്ല. എത്ര വലിയ മഹാന്മാര്‍ക്കും ജീവിതത്തിന്റെ ചില വശങ്ങളില്‍ മാത്രമാണ് മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. മാനവ ജീവിതത്തിന്റെ മുഴുമേഖലകളിലും സമഗ്രമായ വിപ്ളവം സൃഷ്ടിച്ച ഒരൊറ്റ വ്യക്തിയേ ചരിത്രത്തിലുണ്ടായിട്ടുള്ളൂ. അത് അല്ലാഹുവിന്റെ അന്ത്യദൂതനായ മുഹമ്മദ് നബിയാണ്.ശീലിച്ചുവന്ന ജീവിത ശൈലിയും പരിചയിച്ചുപോന്ന പാരമ്പര്യങ്ങളും ആചരിച്ചുകൊണ്ടിരിക്കുന്ന ചര്യകളും ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ ദൌര്‍ബല്യമാണ്. അതില്‍നിന്ന് രക്ഷപ്പെടുക ഒട്ടും എളുപ്പമല്ല. ഈ രംഗത്ത് മുഹമ്മദ് നബി വരിച്ച വിജയം വിസ്മയകരമത്രെ. ആറാം നൂറ്റാണ്ടില്‍ അറേബ്യന്‍ സമൂഹത്തില്‍ അള്ളിപ്പിടിച്ചിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അദ്ദേഹം അറുതിവരുത്തി. കല്ലുകളുടെയും മരക്കുറ്റികളുടെയും മുമ്പില്‍ തലകുനിച്ചിരുന്ന അവരെ ഏകനായ ദൈവത്തിന്റെ സന്നിധിയില്‍ മാത്രം ശിരസ്സ് നമിക്കുന്നവരാക്കി. തിന്നും കുടിച്ചും ഭോഗിച്ചും മദിച്ചും സുഖിച്ചും ഉല്ലസിച്ചും തീര്‍ക്കാനുള്ളതാണ് ജീവിതമെന്ന് വിശ്വസിച്ചിരുന്ന ഒരു ജനസമൂഹത്തെ മരണാനന്തര ജീവിത വിജയമാണ് യഥാര്‍ഥ വിജയമെന്ന് പഠിപ്പിച്ചു. അരാജക ജീവിതത്തിന് വിരാമമിട്ട് അവരെ ക്രമങ്ങളുടെയും വ്യവസ്ഥകളുടെയും അതിരടയാളങ്ങളില്‍ ഒതുങ്ങിക്കഴിയുന്നവരാക്കി മാറ്റി. ജീവിതത്തിന്റെ മൌലികാവശ്യങ്ങളിലൊന്നായി മദ്യത്തെ എണ്ണിയിരുന്ന അറേബ്യന്‍ ജനതയെ മദ്യമൊഴിച്ച പാത്രംപോലും ഉപയോഗിക്കാത്തവരും മദ്യംവിളമ്പുന്ന സദസ്സ് ബഹിഷ്കരിക്കുന്നവരുമാക്കി മാറ്റി. അശ്ളീലതക്കും നിര്‍ലജ്ജതക്കും ലൈംഗിക അരാജകത്വത്തിനും അടിപ്പെട്ട് വൃത്തിഹീനമായ ജീവിതം നയിച്ചിരുന്ന സമകാലിക സമൂഹത്തെ കര്‍ക്കശമായ സദാചാര നിയമങ്ങള്‍ കൃത്യമായി പാലിച്ച് വിശുദ്ധജീവിതം നയിക്കുന്നവരാക്കി. ദുര്‍ബലനിമിഷത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ തുറന്നുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങാന്‍ തിടുക്കം കൂട്ടുമാറ് ആത്മസംസ്കരണവും ശിക്ഷണവും നേടിയവരാക്കിത്തീര്‍ത്തു. കുടുംബകലഹത്തിന്റെയും ഗോത്രമാത്സര്യത്തിന്റെയും ഇടുങ്ങിയ ലോകത്തുനിന്ന് അവരെ മോചിപ്പിച്ച് ഏകലോക വീക്ഷണത്തിന്റെ വക്താക്കളാക്കി. പകയുടെയും പാരുഷ്യത്തിന്റെയും പ്രാകൃതചിന്തക്കുപകരം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വികാരങ്ങള്‍ വളര്‍ത്തിയെടുത്തു. സ്വാര്‍ഥവികാരങ്ങള്‍ക്ക് അറുതി വരുത്തി സാഹോദര്യബോധം ഉത്തേജിപ്പിച്ചു. അക്രമത്തിന്റെയും അനീതിയുടെയും ഇരുണ്ട ലോകത്തുനിന്ന് അവരെ സമാധാനത്തിന്റെയും നീതിയുടെയും വെളിച്ചത്തിലേക്കു നയിച്ചു. അടിമകളെയും ഉടമകളെയും മേലാളന്മാരെയും കീഴാളരെയും സൃഷ്ടിച്ചിരുന്ന സാമൂഹിക അസമത്വത്തിന്റെയും ഉച്ചനീചത്വത്തിന്റെയും അവസാനത്തെ അടയാളം പോലും തുടച്ചു നീക്കി. എത്യോപ്യക്കാരനായ ബിലാലും റോമക്കാരനായ സ്വുഹൈബും പേര്‍ഷ്യക്കാരനായ സല്‍മാനും മക്കക്കാരനായ അബൂബക്റും മദീനക്കാരനായ സഅ്ദും ഒരേ സമൂഹത്തിലെ സമന്മാരായ അംഗങ്ങളും തുല്യ പൌരന്മാരുമായി മാറി. ഒരുകാലത്ത് നീഗ്രോ അടിമയും എത്യോപ്യക്കാരനുമായ ബിലാല്‍ ഉന്നതകുലജാതരായ ഖുറൈശികളെക്കാള്‍ മഹിതമായ പദവിയിലെത്തി. പ്രവാചകന്‍ നയിച്ച വിപ്ളവത്തിന്റെ വിജയ പ്രഖ്യാപനം നടത്താന്‍ തെരഞ്ഞെടുക്കപ്പെട്ടതുപോലും അദ്ദേഹമാണ്. ഇവ്വിധം മുഹമ്മദ് നബി ഇരുപത്തിമൂന്നുവര്‍ഷത്തെ നിരന്തര യത്നത്തിലൂടെ മുഴുജീവിതത്തിലും സമൂലമായ മാറ്റം സംഭവിച്ച ഒരു സമൂഹത്തെ വാര്‍ത്തെടുത്തു. ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ചു നടന്നിരുന്ന അറബികളെ ലോകത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നവരാക്കി പരിവര്‍ത്തിപ്പിച്ചു. അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്കൃതരും കാട്ടാളരെ നാഗരികരും പരുഷ പ്രകൃതരെ പരമ ദയാലുക്കളും ക്രൂരരെ കരുണാര്‍ദ്രരും പരാ ക്രമികളെ പരോപകാരികളും ഭീരുക്കളെ ധീരന്മാരുമാക്കി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതിവരുത്തി. സാമൂഹിക അസമത്വവും സാംസ്കാരിക ജീര്‍ണതയും രാഷ്ട്രീയ അടിമത്തവും ധാര്‍മികത്തകര്‍ച്ചയും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കി. അടിമകളുടെയും അധഃസ്ഥിതരുടെയും നില മെച്ചപ്പെടുത്തി. അഗതികള്‍ക്കും അനാഥര്‍ക്കും അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമേകി. സ്ത്രീകളുടെ പദവി ഉയര്‍ത്തി. കുട്ടികള്‍ക്ക് മുന്തിയ പരിഗണന നല്‍കി. തൊഴിലാളികള്‍ക്ക് മാന്യത നേടിക്കൊടുത്തു. പാവപ്പെട്ടവര്‍ക്ക് പരിരക്ഷ നല്‍കി. വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്കൃതവും രാഷ്ട്രത്തെ ക്ഷേമപൂര്‍ണവുമാക്കി. കിടയറ്റ സംസ്കാര-നാഗരികതകള്‍ക്ക് ജന്മം നല്‍കി. അന്ന് പ്രവാചകന്‍ വളര്‍ത്തിയെടുത്ത സമൂഹത്തോളം മാതൃകാപരമായ ഒന്ന് അതിനു മുമ്പോ ശേഷമോ ലോകത്തുണ്ടായിട്ടില്ല. ആ സമൂഹത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് ലോകമെങ്ങുമുള്ള ഇസ്ലാമികസമൂഹം. എന്നാല്‍ പ്രവാചകന്‍ വളര്‍ത്തിയെടുത്ത സമൂഹത്തിന്റെ ജീര്‍ണത ബാധിച്ച തു ടര്‍ച്ചയാണിതെന്ന് പറയേണ്ടി വരും. പ്രവാചകനെ പിന്തുടരുന്നതില്‍ സംഭവിച്ച വീഴ്ചയാണ് അതിന് കാരണം.

നിസ്തുല മാതൃക
മുഹമ്മദ് നബിയുടെ മനസ്സ് നിറയെ സമൂഹത്തോടുള്ള സ്നേഹവാത്സല്യങ്ങളായിരുന്നു. അവര്‍ക്ക് എന്തെങ്കിലും വിപത്തുവരുന്നത് അദ്ദേഹത്തെ അത്യധികം പ്രയാസപ്പെടുത്തി. ജനം സന്മാര്‍ഗം സ്വീകരിക്കാതെ പാപത്തിന്റെ പാഴ്ചേറിലമര്‍ന്ന് നശിക്കുന്നത് സഹിക്കാന്‍ നബിക്കായില്ല. അവരെക്കുറിച്ച ആകുല ചിന്ത അദ്ദേഹത്തെ ആത്മനാശത്തോളമെത്തിച്ചു. അല്ലാഹു അതേക്കുറിച്ച് അദ്ദേഹത്തിന് മുന്നറിയിപ്പു നല്‍കി: "അവര്‍ വിശ്വാസികളായില്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനായി നീ നിന്റെ ജീവനൊടുക്കിയേക്കാം.' (ഖുര്‍ആന്‍: 26:3) തന്നെ കഠിനമായി ദ്രോഹിച്ചവര്‍പോലും ദുര്‍മാര്‍ഗികളായി ദുരിതത്തിലകപ്പെടരുതെന്ന് അദ്ദേഹം ആത്മാര്‍ഥമായി അഭിലഷിച്ചു. മക്കയില്‍ ജീവിതം ദുസ്സഹമായപ്പോള്‍ അഭയം തേടിയാണ് അദ്ദേഹം ത്വാഇഫിലെത്തിയത്. അവിടത്തുകാര്‍ അഭയം നിഷേധിക്കുക മാത്രമല്ല, കഠിനമായി മര്‍ദിക്കുകയും ആട്ടിയോടിക്കുകയും ചെയ്തു. എന്നിട്ടും അവരെ ശിക്ഷിക്കാന്‍ പ്രവാചകന്‍ അനുമതി നല്‍കിയില്ല. അവരുടെ രക്ഷക്കായി പ്രാര്‍ഥിക്കുകയാണ് ചെയ്തത്. തന്നെയും അനുയായികളെയും കഠിനമായി പീഡിപ്പിക്കുകയും നാട്ടില്‍നിന്ന് ആട്ടിയോടിക്കുകയും അമ്പെയ്ത് തന്റെ പല്ല് പൊട്ടിക്കുകയും തന്റെ ഉറ്റവരെ കൊന്നൊടുക്കുകയും ചെയ്ത കൊടിയ ശത്രുക്കള്‍ പോലും പട്ടിണികിടക്കുന്നതും പ്രയാസപ്പെടുന്നതും അദ്ദേഹത്തെ അത്യധികം അലോസരപ്പെടുത്തി. ഹിജ്റ അഞ്ചാംവര്‍ഷം മക്കയില്‍ കടുത്ത പട്ടിണി. പണക്കാര്‍ പോലും പ്രയാസപ്പെട്ടു. അന്ന് അവിടെ ഉണ്ടായിരുന്നവരെല്ലാം നബിയുടെ ബദ്ധവൈരികളായിരുന്നു. എന്നിട്ടും നബി മദീനയില്‍നിന്ന് ധാരാളം ധാന്യം ശേഖരിച്ച് അംറുബ്നു ഉമയ്യ വശം മക്കയിലേക്ക് കൊടുത്തയച്ചു. സ്വയം കാരുണ്യത്തിന്റെ നിറകുടമാവുകമാത്രമല്ല, അനുയായികളെ അവ്വിധം വളര്‍ത്തിയെടുക്കാനും അദ്ദേഹം ശ്രമിച്ചു. യമനിലെ യമാമ ഗോത്രക്കാരനായ സുമാമ ഇസ്ലാം സ്വീകരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'മക്കക്കാര്‍ നബിയോടുള്ള ശത്രുത ഉപേക്ഷിക്കുന്നതുവരെ അവിടേക്ക് യമനില്‍നിന്ന് ഒരുമണി ധാന്യം പോലും കൊണ്ടുപോകാന്‍ അനുവദിക്കുകയില്ല.' വിവരമറിഞ്ഞ പ്രവാചകന്റെ പ്രതികരണം ഇതായിരുന്നു. 'അരുത് സുമാമ! തന്നെ തള്ളിപ്പറയുന്നവരോടുപോലും ഔദാര്യം കാണിക്കുന്നവനാണ് ദൈവം. നാമും അവന്റെ ഗുണമാണ് ഉള്‍ക്കൊള്ളേണ്ടത്. അതിനാല്‍ ശത്രുക്കളോടും കരുണ കാണിക്കുക.' പ്രതികാരമല്ല, വിട്ടുവീഴ്ചയാണ് വിജയത്തിന് വഴിയൊരുക്കുകയെന്ന് നബിതിരുമേനി പഠിപ്പിച്ചു. തന്നെ വധിക്കാന്‍ വാളൂരിയവന്റെ കഥകഴിക്കാനവസരം ലഭിച്ചിട്ടും മാപ്പുനല്‍കി വിട്ടയച്ചു. ശരീരത്തില്‍ എന്നും ചപ്പുചവറിട്ടുകൊണ്ടിരുന്ന ജൂതപ്പെണ്‍കുട്ടിക്ക് മാപ്പ് നല്‍കുകയും അവള്‍ രോഗബാധിതയായപ്പോള്‍ അനുയായികളോടൊന്നിച്ച് സന്ദര്‍ശിച്ച് രോഗശമനത്തിന് പ്രാര്‍ഥിക്കുകയും ചെയ്തു. വിഷം പുരട്ടിയ വാളുമായി കൊല്ലാന്‍ വന്ന ഉമൈറുബ്നു വഹബിനും അയാളെ അതിനു നിയോഗിച്ച സ്വഫ്വാനുബ്നു ഉമയ്യക്കും മാപ്പേകി വെറുതെ വിട്ടു. ഒടുവില്‍ മക്കാ വിജയവേളയില്‍ തന്റെ മുമ്പില്‍ ബന്ദികളായികൊണ്ടുവരപ്പെട്ട ശത്രുക്കളോടായി പ്രവാചകന്‍ പറഞ്ഞു: 'ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല. നിങ്ങള്‍ പോകൂ! നിങ്ങളെല്ലാം സ്വതന്ത്രരാണ്.' മറിച്ചൊരു നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് സാധ്യമാ കുമായിരുന്നില്ല. പ്രകൃത്യാതന്നെ അത്രയേറെ ദയാമയനായിരുന്നു അദ്ദേഹം. പ്രവാചകത്വ ലബ്ധിയുടെ വേളയില്‍ അസ്വസ്ഥനായ നബിതിരുമേനിയെ ആശ്വസിപ്പിച്ചുകൊണ്ട് പ്രിയതമ ഖദീജ പറഞ്ഞ വാക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു: 'അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല. അങ്ങ് കുടുംബബന്ധം ചേര്‍ക്കുന്നു. സത്യം മാത്രം പറയുന്നു. അശരണരെ സഹായിക്കുന്നു. അതിഥികളെ സല്‍ക്കരിക്കുന്നു. ഒരു തെറ്റും ചെയ്യുന്നുമില്ല.' മുഹമ്മദ് നബി സദാ നിലയുറപ്പിച്ചത് മര്‍ദിതരുടെയും പീഡിതരുടെയും കൂടെയാണ്. വളരെ പ്രതികൂലമായ സാഹചര്യത്തില്‍ പോലും കരുത്തനായ എതിരാളി അബൂജഹ്ലില്‍നിന്ന് ഇറശ് ഗോത്രത്തിലെ ഇബ്നുല്‍ ഗൌസിന് അയാളുടെ അവകാശം വാങ്ങിക്കൊടുക്കാന്‍ പ്രവാചകനെ പ്രേരിപ്പിച്ചത് ആ വിശാല മനസ്സിന്റെ അതിരുകളില്ലാത്ത ആര്‍ദ്രതയായിരുന്നു. ഒരു ഗ്രാമീണന്‍ സ്വന്തം മകളെ ജീവനോടെ കുഴിച്ചുമൂടിയ കഥ വിവരിച്ചുകേട്ടപ്പോള്‍ കണ്ണീര്‍വാര്‍ത്ത നബി എക്കാലവും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി നിലകൊണ്ടു. യുദ്ധത്തില്‍ ശത്രുക്കളുടെ കുട്ടികള്‍ കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് കരളലിഞ്ഞ പ്രവാചകന്‍ പറഞ്ഞു: 'യുദ്ധത്തിലായാലും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും നിരായുധരെയും ആരാധനകളില്‍ മുഴുകിക്കഴിയുന്നവരെയും ദ്രോഹിക്കുകയോ വധിക്കുകയോ അരുത്.' ജന്മനാടായ മക്കവിട്ട് മദീനയിലേക്ക് പലായനം ചെയ്യുമ്പോഴും മക്കയിലെ മര്‍ദകരായ തന്റെ എതിരാളികളോട് അദ്ദേഹം ഉറ്റ സൌഹൃദം നിലനിര്‍ത്തി. അതിനാലാണ് അപ്പോഴും അവര്‍ തങ്ങളുടെ സ്വത്ത് സൂക്ഷിക്കാന്‍ അദ്ദേഹത്തെ ഏല്‍പിച്ചിരുന്നത്. ഹിജ്റ വേളയില്‍ അതവര്‍ക്ക് തിരിച്ചുകൊടുക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. അതിനായി പിതൃവ്യ പുത്രന്‍ അലിയെ അവിടെ നിര്‍ത്തി. ഇക്കാരണങ്ങളാലാണ് കൊടിയ ശത്രുക്കള്‍ പോലും അദ്ദേഹത്തെ അങ്ങേയറ്റം ആദരിക്കുകയും വ്യക്തിപരമായി കുറ്റപ്പെടുത്താതിരിക്കുകയും ചെയ്തത്. റോമാ ഭരണാധികാരി ഹെരാക്ളിയസ് മുഹമ്മദ് നബിയെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ ശത്രുക്കളുടെ നേതാവായിരുന്ന അബൂസുഫ്യാനു പോലും ഒരു കുറ്റവും പറയാനുണ്ടായിരുന്നില്ല. പ്രവാചകന്റെ കാരുണ്യവും സ്നേഹവും ഭൂമിയിലെ ജീവജാലങ്ങളിലേക്കും പരന്നൊഴുകി. തന്റെ അനുയായികള്‍ പക്ഷിക്കു ഞ്ഞിനെ എടുത്തുകൊണ്ടുവന്നപ്പോള്‍ കരഞ്ഞുകൊണ്ടു വട്ടമിട്ടുപറന്ന തള്ളപ്പക്ഷിക്ക് അതിനെ തിരിച്ചുകൊടുക്കാന്‍ കല്‍പിച്ച പ്രവാചകന്‍, അവര്‍ തണുപ്പകറ്റാന്‍ തീകത്തിച്ചപ്പോള്‍ അത് പടര്‍ന്നുപിടിച്ച് ഉറുമ്പുകള്‍ കരിയുമെന്നതിനാല്‍ അത് കെടുത്താന്‍ നിര്‍ദേശിച്ചു. ദാഹിച്ച നായക്ക് വെള്ളം കൊടുക്കുന്നത് പാപമോചനത്തിന് കാരണമാകുമെന്നും പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിടുന്നത് കൊടിയ കുറ്റമാണെന്നും പഠിപ്പിച്ച നബിതിരുമേനി കരയുന്ന ഒട്ടകത്തിന്റെ കണ്ണുനീര്‍ തുടച്ചു കൊണ്ട് അതിന്റെ ഉടമയോടു പറഞ്ഞു: 'ഈ ഒട്ടകത്തിന്റെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവെ ഭയപ്പെടുന്നില്ലേ? അല്ലാഹു അതിനെ നമ്മെ ഏല്‍പിച്ചത് നന്നായി സംരക്ഷിക്കാനാണ്. ഒട്ടകത്തെ പരിപാലിച്ചു പോറ്റുന്നവര്‍ക്കേ അതിനെ ഉപയോഗപ്പെടുത്താന്‍ അവകാശമുള്ളൂ.'അനാവശ്യമായി മരത്തിന് കല്ലെറിയരുതെന്നും അതിനുവേദനിക്കുമെന്നും ഓര്‍മിപ്പിച്ച പ്രവാചകന്‍ മക്കാ നഗരത്തോടും ഉഹുദ് മലയോടുമെല്ലാമുള്ള തന്റെ അകംനിറഞ്ഞ സ്നേഹം പ്രകടിപ്പിക്കാന്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. ദൈവത്തിന്റെ അന്ത്യദൂതനും സമൂഹത്തിന്റെ നായകനും രാഷ്ട്രത്തിന്റെ ഭരണാധികാരിയുമെല്ലാമായിരുന്നിട്ടും മുഹമ്മദ് നബി ജനങ്ങളുടെ കൂടെ അവരില്‍ ഒരുവനായി ജീവിച്ചു. അദ്ദേഹത്തിന് സ്ഥാന വസ്ത്രങ്ങളോ സിംഹാസനമോ പ്രത്യേക ഇരിപ്പിടമോ ഉണ്ടായിരുന്നില്ല. അപരിചിതര്‍ വന്നാല്‍ തിരിച്ചറിയാത്ത വിധം അനുയായികള്‍ക്കിടയില്‍ അവരോടൊന്നിച്ചാണ് ഇരുന്നിരുന്നത്. താന്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കരുതെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. അവരോടൊപ്പം യാത്ര ചെയ്യുകയും കിടങ്ങു കുഴിക്കുന്നതിലും ഭക്ഷണം പാകം ചെയ്യുന്നതിലും പങ്കാളിയാവുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹത്തിന് അവരില്‍ സമൂലമായ മാറ്റം വരുത്താന്‍ സാധിച്ചത്. സാമൂഹിക പരിവര്‍ത്തനത്തിന് നബി സ്വീകരിച്ച മാര്‍ഗം സൌമ്യതയുടേതായിരുന്നു. അല്ലാഹു അറിയിക്കുന്നു: "അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൌമ്യനായത്. നീ പരുഷ പ്രകൃതനും കഠിന ഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്ന് അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്കു മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പി ക്കുക.'' (ഖുര്‍ആന്‍: 3: 159)ഇങ്ങനെ എക്കാലത്തെയും എവിടത്തെയും ഏതുജനവിഭാഗത്തിനും അനുകരണീയ മഹിതമാതൃകകള്‍ മുഴുജീവിത മേഖലയിലും സമര്‍പ്പിക്കാന്‍ നബിക്കു സാധിച്ചു. മാനവ ചരിത്രത്തിലെ അതുല്യ വ്യക്തിയായി അദ്ദേഹം മാറാനുള്ള കാരണവും അതുതന്നെ.

നിത്യസാന്നിധ്യം
ഖുര്‍ആന്‍ ഇംഗ്ളീഷ്ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യത്തെ മുസ്ലിം മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താളാണ്. അദ്ദേഹം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഉദ്യോഗസ്ഥനായി മധ്യപൂര്‍വദേശത്ത് താമസിച്ചുവരികയായിരുന്നു. ഒരു ദിവസം വിചിത്രമായ ഒരു സംഭവമുണ്ടായി. പിക്താള്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ തൊട്ടുമുമ്പിലെ വീട്ടില്‍നിന്ന് ഒരു ബഹളം കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ വീട്ടുടമ ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനെ രൂക്ഷമായി ആക്ഷേപിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്യുന്നതാണ് കണ്ടത്. യുവാവ് പകരം എന്തെങ്കിലും പറയുകയോ തിരിച്ചടിക്കുകയോ ചെയ്യുന്നില്ല. ഇതില്‍ അത്ഭുതം തോന്നിയ പിക്താള്‍ ആ ചെറുപ്പക്കാരനെ അടുത്തു വിളിച്ച് കാര്യം അന്വേഷിച്ചു. "ഞാന്‍ അദ്ദേഹത്തോട് അല്‍പം പണം കടം വാങ്ങിയിരുന്നു. നിശ്ചിത അവധിക്ക് തിരിച്ചുനല്‍കാന്‍കഴിഞ്ഞില്ല. അതിനാലാണ് അദ്ദേഹം എന്നെ ശകാരിച്ചതും അടിച്ചതും''- ആ യുവാവ് സംഭവം വിശദീകരിച്ചു. "നിനക്ക് അയാളേക്കാള്‍ ആരോഗ്യമില്ലേ? എന്നിട്ടും എന്തിനാണ് കൈയും കെട്ടി അടികൊള്ളുന്നത്? അങ്ങോട്ടും തിരിച്ചടിച്ചുകൂടേ?'' പിക്താള്‍ ചോദിച്ചു. "കടം വാങ്ങിയാല്‍ നിശ്ചിത അവധിക്ക് തിരിച്ചുനല്‍കണമെന്ന് മുഹമ്മദ് നബി കല്‍പിച്ചിരിക്കുന്നു. കരാര്‍ പാലിക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ കരാര്‍ ലംഘിച്ചിരിക്കുന്നു.അതൊരു തെറ്റ്. എന്നേക്കാള്‍ പ്രായമുള്ള ആളെ അടിച്ച് രണ്ടാമതൊരു തെറ്റും കൂടി ചെയ്യുകയോ? അതൊക്കെയും നബിതിരുമേനി വിലക്കിയ കാര്യമാണ്.''ആ യുവാവിന്റെ ഈ വാക്കുകള്‍ പിക്താളിനെ അത്ഭുതസ്തബ്ധനാക്കി. നൂറ്റാണ്ടുകള്‍ക്കപ്പുറം കടന്നുപോയ മുഹമ്മദ് സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനെ ഇത്രയേറെ സ്വാധീനിക്കുകയോ? ഈ ചിന്ത പിക്താളിനെ പ്രവാചകനെപ്പറ്റി പഠിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഇസ്ലാമിനെക്കുറിച്ച് അഗാധമായി പഠിച്ചതും ഇസ്ലാം സ്വീകരിച്ചതും. ലോകമെങ്ങുമുള്ള മുസ്ലിം ജനകോടികളുടെ നിത്യജീവിതത്തില്‍ പ്രവാചകന്‍ ചെലുത്തുന്ന സ്വാധീനം ആരിലും അത്ഭുതമുളവാക്കുംവിധം അത്യഗാധവും ഏറെ വ്യാപകവുമത്രെ. കാലം നിരവധി നേതാക്കളെയും വിപ്ളവകാരികളെയും പണ്ഡിതന്മാരെയും പ്രതിഭാശാലികളെയും കണ്ടിട്ടുണ്ട്. ഗാന്ധിജി, നെഹ്റു, കാറല്‍മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, റസ്സല്‍, ഐന്‍സ്റീന്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഇവരെയും ഇവരെപ്പോലുള്ള നൂറുകണക്കിന് നേതാക്കളെയും വിശദമായി പരിചയപ്പെടുത്തുന്ന ജീവചരിത്രഗ്രന്ഥങ്ങള്‍ ലോകത്തിലെ വിവിധ ഭാഷകളിലുണ്ട്. എന്നിട്ടും ഗാന്ധിജി ഏതുവശത്തേക്ക് ചെരിഞ്ഞു കിടന്നാണ് ഉറങ്ങിയിരുന്നത്; നെഹ്റു മൂത്രപ്പുരയില്‍ പ്രവേശിക്കുമ്പോള്‍ ഏതു കാലാണ് ആദ്യം എടുത്തുവെച്ചിരുന്നത്; കാറല്‍മാര്‍ക്സ് മുടി ചീകിവെച്ചത് എങ്ങനെയായിരുന്നു; ബര്‍ട്രാന്റ് റസ്സല്‍ വസ്ത്രം ധരിച്ചിരുന്നത് എവ്വിധമായിരുന്നു; ഐന്‍സ്റീന്‍ പല്ലുതേച്ചിരുന്നത് എന്തുകൊണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളൊന്നും ആര്‍ക്കും അറിയുകയില്ല. എന്നാല്‍ മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനുശേഷമുള്ള ഇരുപത്തിമൂന്നു വര്‍ഷത്തെ ജീവിതത്തിലെ ഇത്തരം എല്ലാ വിശദാംശങ്ങളും ലഭ്യമാണ്. പതിനായിരക്കണക്കിന് ഹദീസുകളില്‍ അവയെല്ലാം വളരെ സൂക്ഷ്മമായും കണിശമായും സത്യസന്ധമായും രേഖപ്പെട്ടുകിടക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ലക്ഷക്കണക്കിന് ഗാന്ധിശിഷ്യന്മാരും ഭക്തരുമുണ്ട്. എന്നാല്‍ ഗാന്ധിജി നടന്നതുപോലെ നടക്കണമെന്നോ കിടന്നതുപോലെ കിടക്കണമെന്നോ ഇരുന്നതുപോലെ ഇരിക്കണമെന്നോ സംസാരിച്ചതുപോലെ സംസാരിക്കണമെന്നോ ജീവിച്ചപോലെ ജീവിക്കണമെന്നോ നിഷ്കര്‍ഷ പുലര്‍ത്തുന്ന ആരെയും എവിടെയും കാണാനാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് കമ്യൂണിസ്റുകാരുണ്ടെങ്കിലും കാറല്‍മാര്‍ക്സിനെപ്പോലെ ജീവിക്കാന്‍ തിടുക്കം കാണിക്കുന്ന ആരുമില്ല. യേശുവിന്റെയും ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയുമൊക്കെ അനുയായികളുടെ അവസ്ഥയും ഇതുതന്നെ. എന്നാല്‍, ലോകമെങ്ങുമുള്ള മുസ്ലിംകള്‍ക്ക് മുഹമ്മദ് നബി യുമായുള്ള ബന്ധം ഇതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. അതിനു സമാനതകളില്ല. കഴിഞ്ഞ പതിനാലിലേറെ നൂറ്റാണ്ടുകളായി കോടിക്കണക്കിനു വിശ്വാസികള്‍ ജീവിതത്തിലുടനീളം വളരെ കണിശതയോടെയും സൂക്ഷ്മതയോടെയും അനുധാവനം ചെയ്യുന്നത് ആ മഹദ്ജീവിതത്തെയാണ്. നടത്തത്തിലും കിടത്തത്തിലും ഉറക്കത്തിലും ഉണര്‍ച്ചയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും സമീപനത്തിലും സമ്പ്രദായത്തിലും സംസാരത്തിലും ചിന്തയിലും കേള്‍വിയിലും കാഴ്ചയിലും ആരാധനയിലും ആചാരങ്ങളിലും പ്രാര്‍ഥനകളിലും കീര്‍ത്തനങ്ങളിലുമെല്ലാം പ്രവാചകനെ പിന്തുടരാന്‍ അവര്‍ വെമ്പല്‍ കൊള്ളുന്നു. വികാര വിചാരങ്ങളിലും മുഖഭാവങ്ങളിലും തീനിലും കുടിയിലും പല്ലു തേക്കലിലും മലമൂത്രവിസര്‍ജനത്തിലും വരെ പ്രവാചകചര്യ സ്വീകരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നു. വ്യക്തിജീവിതവും വിവാഹവും വിവാഹമോചനവും കുടുംബജീവിതവും സാമൂഹിക ക്രമവും സാമ്പത്തിക ഇടപാടുകളും സാംസ്കാരിക നിലപാടുകളും രാഷ്ട്രീയക്രമവും ഭരണസംവിധാനവുമെല്ലാം നബിതിരുമേനിയുടെ നിര്‍ദേശങ്ങള്‍ക്കനുരൂപമാകാന്‍ കണിശതയോടെ നിഷ്കര്‍ഷിക്കുന്നു. സഹധര്‍മിണിയോടുള്ള സംസാരവും പെരുമാറ്റവും പോലും പ്രവാചക മാതൃകക്കനുസൃതമാകാന്‍ വിശ്വാസികള്‍ അതിയായി ആഗ്രഹിക്കുന്നു. ഇങ്ങനെ മുസ്ലിംകള്‍ മുഴുജീവിത മേഖലകളിലും പ്രവാചകമാതൃകകളും നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കുന്നു. ലോകമെങ്ങുമുള്ള കോടിക്കണക്കിനു വിശ്വാസികളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് മുഹമ്മദ് നബി തിരുമേനിയുടെ അദൃശ്യ സാന്നിധ്യമാണെന്നര്‍ഥം. അതുകൊണ്ടുതന്നെ അദ്ദേഹത്തെപ്പോലെ അനുകരിക്കപ്പെടുകയോ പിന്തുടരപ്പെടുകയോ ചെയ്യുന്ന മറ്റൊരു നേതാവിനെ എവിടെയും ആര്‍ക്കും കാണാനാവില്ല.

സര്‍വ്വാതിശായിയായ വേദഗ്രന്ഥം

ഇസ്ലാം എന്ന അറബ് പദത്തിന് സമാധാനം, കീഴ്വണക്കം, സമര്‍പ്പണം തുടങ്ങിയ അര്‍ഥഭേദങ്ങളുണ്ട്. ദൈവത്തിന്റെ മുന്നില്‍ സ്വയം സമര്‍പ്പിക്കുക എന്നാണ് ഈ പദം വിവക്ഷിക്കുന്നത്. ത്രികരണങ്ങളെക്കൊണ്ടും ഈ വിശ്വാസത്തെ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവനാണ് മുസ്ലിം. അനുസരണമഖിലം അല്ലാഹുവിനര്‍പ്പിക്കുന്നവന്‍, അല്ലാഹുവിനെമാത്രം യജമാനനും ഉടമയും വിധികര്‍ത്താവും ആരാധ്യനുമായംഗീകരിക്കുന്നവന്‍, തന്നെ പരിപൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് അവന്റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കുന്നവന്‍ എന്നൊക്കെയാണ് ഒരു മുസ്ലിമിനെ വിശേഷിപ്പിക്കാന്‍ സാധിക്കുക..ഈ ആദര്‍ശത്തിന്റെയും ജീവിതശൈലിയുടെയും പേരാകുന്നു ഇസ്ലാം. ഇത് തന്നെയായിരുന്നു മനുഷ്യോല്‍പത്തി മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജനസമുദായങ്ങളിലും സമാഗതരായ പ്രവാചകന്മാരെല്ലാം പ്രബോധിപ്പിച്ചത്. കാലത്തിനൊപ്പം നടന്നുനീങ്ങാന്‍ കഴിയുന്ന, കാലാതിവര്‍ത്തിയായ സൌഭാഗ്യവും നിത്യനൂതനത്വവുമാണ് ഖുര്‍ആന്റെ സവിശേഷതകള്‍. മാനവജീവിതപ്രകൃതി എത്ര ചടുലമായി മാറിക്കൊണ്ടിരുന്നാലും അതത് കാലഘട്ടത്തിനാവശ്യമായ ഉപദര്‍ശനം ഖുര്‍ആനില്‍ നല്‍കപ്പെട്ടിരിക്കുന്നതായി വിചാരമതികള്‍ കണ്ടെത്തിയിരിക്കുന്നു. ദൈവം ആദികന്ദം-മൂലകാരണം-മാത്രമല്ലെന്നും അവന്‍ സ്രഷ്ടാവും സംവിധായകനും പരിരക്ഷകനും നിയന്താവുമാണെന്നും ആകാശഭൂമികളുടെ കടിഞ്ഞാണ്‍ അവന്റെ പക്കലാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇസ്ലാം ഒരു പ്രായോഗിക ജീവിത വ്യവസ്ഥയാണ്. ജീവിത നിഷേധത്തിന്റെയോ വരട്ടുവാദത്തില്‍ പെട്ടുഴലുന്ന സങ്കീര്‍ണദര്‍ശനങ്ങളുടെയോ ഒരു മതമല്ലിത്. പ്രകൃതിയെ ചിട്ടപ്പെടുത്തുന്ന, ഈശ്വരന്റെ അനിഷേധ്യ സാന്നിദ്ധ്യത്തില്‍ ഇസ്ലാം ഉറച്ചു വിശ്വസിക്കുന്നു. പ്രകൃതിയുമായി ഇണങ്ങിയും സമരസപ്പെട്ടും അഭിരമിച്ചും മുന്നോട്ടുപോകാനാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.മനുഷ്യപ്രകൃതിയുടെ സംസ്കരണവും പൂരണവും ഉന്നമനവുമാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. സംസ്കരണാര്‍ഥം പ്രകൃതിയുടെ സഹജപ്രകൃതം മാറ്റാന്‍ ഇസ്ലാംആവശ്യപ്പെടുന്നില്ല.തന്റെ വിചാരവിശ്വാസവൃത്തികളെക്കൊണ്ടും വേദഗ്രന്ഥം നീട്ടിക്കാട്ടുന്ന വഴിയിലൂടെയും അല്ലാഹുവിന്റെ സന്നിധിയിലേക്കുയരാന്‍ മനുഷ്യന് കഴിയണമെന്ന് ഇസ്ലാം സംസ്കൃതിയാഹ്വാനം ചെയ്യുന്നു. കുടുംബത്തിനൊരു തലവന്‍, വിദ്യാലയത്തിനൊരു ഹെഡ്മാസ്റര്‍, നഗരത്തിനൊരു പിതാവ്, സ്റെയ്റ്റിനൊരു ഗവര്‍ണര്‍, ഓരോ രാഷ്ട്രത്തിനും ഓരോ രാഷ്ട്രപതി-ഈ വസ്തുതകള്‍ നമ്മെ നയിക്കുന്നത് നേതൃത്വത്തിന്റെ അനിവാര്യതയിലേക്കാണ്. കണ്ടറിഞ്ഞ് നയിക്കാനൊരാളില്ലെങ്കില്‍ ഒരു പ്രസ്ഥാനവും മുന്നോട്ടു നീങ്ങുകയില്ല. പ്രപഞ്ചം എത്ര ചിട്ടയിലും ക്രമപൂര്‍വകവുമായാണ് സ്പന്ദിക്കുന്നത്, ചലിക്കുന്നത്! ആയിരത്താണ്ടുകളായി പിഴയ്ക്കാതെ അത് അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതൊക്കെ ആകസ്മികം എന്ന് പറയാന്‍ പറ്റുമോ? ഇതൊക്കെ യാദൃഛികസംഭവങ്ങളെന്ന് അലക്ഷ്യമായി, അനായാസം വിശേഷിപ്പിക്കാമോ? മനുഷ്യന്റെ പിറവി ആകസ്മികവും യാദൃഛികവുമാണെങ്കില്‍ അവന്റെ അസ്തിത്വവും അനുഭവങ്ങളുമെല്ലാം ആകസ്മികതകള്‍ക്കൊണ്ട് അപഹാസ്യമായിത്തീരുമായിരുന്നു. പക്ഷേ, വിവേകശാലികളും വിചാരമതികളും ജീവിതത്തെ നോക്കി അര്‍ഥശൂന്യം എന്ന് അപഹസിച്ചിട്ടില്ല. സഗൌരവം വിശകലനം ചെയ്യപ്പെടേണ്ട സങ്കീര്‍ണവും ദുര്‍മേയവുമായ പ്രതിഭാസമാണ് ജീവിതം. (Man:The Unknown എന്ന ഗ്രന്ഥത്തില്‍ ദാര്‍ശനികനായ അലക്സിസ് കാറേല്‍ ഇക്കാര്യം എത്ര വശ്യമായ രീതിയിലാണാവിഷ്കരിച്ചിട്ടുള്ളത്!) ജീവിതപൂര്‍ണതയെ സംബന്ധിക്കുന്ന പഠന പരിശ്രമങ്ങളില്‍ ഒരു ഗുരുവിന്റെ സാന്നിദ്ധ്യം അനുപേക്ഷണീയമാണെന്ന് ഭാരതീയ വിചാരമതികള്‍ പ്രാമാണികമായിത്തന്നെ സമര്‍ഥിച്ചിട്ടുണ്ട്. ഒരുവന്‍ എത്ര പ്രഗല്‍ഭനായാലും, മനുഷ്യസിദ്ധികളുടെയും ശാസ്ത്രത്തിന്റെയും കലകളുടെയും തലത്തില്‍ ഒരുവനെത്ര സമുന്നതനായാലും വഴി നയിക്കാനാചാര്യനില്ലെങ്കില്‍ താളപ്പിഴയും മാര്‍ഗഭ്രംശവും അവന്റെ ജീവിതത്തെ വികലമാക്കുന്നതായിക്കാണാം. ഈ രംഗത്ത് ഖുര്‍ആന്‍ ഒരു വഴിവിളക്കാണ്. മുഹമ്മദിനെ നിമിത്തമാക്കിക്കൊണ്ട് അല്ലാഹു തന്നെ വഴിനയിക്കുകയാണിവിടെ. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മവും സമഗ്രവുമായ തലങ്ങള്‍ ഇവിടെ യഥാതഥം വിശകലനം ചെയ്യപ്പെടുന്നു.മനുഷ്യന് ദൈവത്തോടും സമസ്രഷ്ടങ്ങളോടുമുള്ള ധര്‍മദൌത്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നു. പൂര്‍ണതയിലേക്കുള്ള നേരാംവഴി കാട്ടി അത് മനുഷ്യപഥത്തില്‍ പ്രകാശം ചൊരിയുന്നു. മനുഷ്യന്റെ ഉത്തരവാദിത്വം (അമാനത്ത്) അത്യുദാത്തമാണെന്നും അലംഘനീയമാണെന്നും ഖുര്‍ആന്‍ അനുസ്മരിക്കുന്നു. നവംനവങ്ങളായ ആശയങ്ങള്‍ വിളയിച്ചെടുക്കാനും അത് കൈമോശം വരാതെ വരും തലമുറക്ക് കൈമാറാനും മനുഷ്യന്‍ കടപ്പെട്ടവനാണ്.വിശിഷ്ടാശയങ്ങളുടെ കൈമാറ്റത്തിനും വ്യവഹരണത്തിനുമാണ് സംസാരശേഷിയും ലേഖനചാതുരിയും ദൈവം മനുഷ്യന് സമ്മാനിച്ചത്. വായിക്കാനും തൂലികകൊണ്ട് അക്ഷരം കുറിക്കാനും പഠിപ്പിച്ച ദൈവം, മനുഷ്യരാശിയില്‍ നിന്ന് ഇതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. വിടവാങ്ങല്‍ പ്രസംഗവേളയില്‍ അറഫാ മലയ്ക്ക് മുന്നില്‍ സംബന്ധിക്കാനും പ്രവാചകവചസ്സുകള്‍ നേരില്‍ ശ്രവിക്കാനും തരപ്പെടാത്തവരോടും പിറവിയെടുക്കാനിരിക്കുന്ന വരും തലമുറകളോടും തന്റെ വാക്കുകളറിയിക്കണമെന്ന് പ്രവാചകന്‍ പ്രത്യേകം നിര്‍ദേശിച്ചപ്പോള്‍ സംസാരശേഷിയുടെയും ലേഖനസിദ്ധിയുടെയും വരിഷ്ഠമായ പ്രയോജനം അവിടെ കീര്‍ത്തിക്കുകയായിരുന്നു. ധര്‍മബോധം മനുഷ്യനിലങ്കുരിപ്പിക്കുന്ന ഖുര്‍ആന്‍ (91:7,8) തൊട്ടടുത്ത് പ്രതിപാദിക്കുന്നത് മനുഷ്യജീവിതത്തിലെ ജയപരാജയങ്ങളെ കുറിച്ചാണ്. ജീവിതത്തെ ധര്‍മനിഷ്ഠമായി, സംശുദ്ധമാക്കി സംരക്ഷിച്ചു പോരുന്നവന്‍ വിജയിക്കുന്നുവെന്നും ധര്‍മവിസ്മൃതി മനുഷ്യനെ ദുഃഖത്തിന്റെയും പരാജയത്തിന്റെയും പടുകുഴിയിലാഴ്ത്തുന്നുവെന്നും ഖുര്‍ആന്‍ അറിയിക്കുന്നു. മഹാഭാരതത്തിലെ ‘യതോ ധര്‍മസ്തതോ ജയ’ എന്ന പ്രസിദ്ധമായ വചനം വിചാരപരമായ ഔന്നത്യത്തിലെ സജാതീയതക്കുദാഹരണമായി വര്‍ത്തിക്കുന്നു. “അതിനെ (അസ്തിത്വത്തെ) സംശുദ്ധമാക്കിയവന്‍ വിജയിച്ചിരിക്കുന്നു. അതിനെ കളങ്കപ്പെടുത്തിയവന്‍ പരാജയപ്പെട്ടിരിക്കുന്നു” (91:9,10) എന്നാണ് ഖുര്‍ആനിക വചനം. അതിനാല്‍ വേദഗ്രന്ഥത്തെ വഴിവിളക്കായിക്കണ്ട് മാര്‍ഗഭ്രംശം വരാതെ മുന്നോട്ടു പോയാല്‍ അത് ജീവിത വിജയത്തിന്റെ സാക്ഷാല്‍ക്കാരമായി പരിണമിക്കുമെന്ന് ഖുര്‍ആന്‍ പ്രബോധിപ്പിക്കുന്നു. സ്വാതന്ത്യ്രം അഥവാ മോചനം എന്നത് ഇവിടെയിന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്യ്രം എന്ന പദം കൊണ്ട് നാമിന്നര്‍ഥമാക്കുന്നത് രാഷ്ട്രീയ സ്വാതന്ത്യ്രമെന്നാണ്. തുടര്‍ന്ന് സാമ്പത്തിക സ്വാതന്ത്യ്രംകൂടികൈവരിച്ചാലേ പൂര്‍ണ സ്വാതന്ത്യ്രമാവുന്നുള്ളൂവെന്നും സ്വാതന്ത്യ്രവാദികള്‍ പറയുന്നുണ്ട്. വിശപ്പകറ്റുക,ആവശ്യങ്ങള്‍ സാധിക്കുന്നതിന് പോരുംവിധം സാഹചര്യങ്ങള്‍ ഭദ്രവും സമൃദ്ധവുമാക്കുക-ഇതിലൂടെ യഥാര്‍ഥമോചനം കൈവരിക്കാന്‍ കഴിയുമെന്ന പ്രഖ്യാപനവുമായാണവര്‍ നീങ്ങുന്നത്.അവരെ നോക്കി അനുതപിച്ചുകൊണ്ട്,ജീവിതപൂര്‍ണത അഥവാ യഥാര്‍ഥമോ ചനം സാധിക്കണമെങ്കില്‍ ആത്മീയവികാസമാണ് അനിവാര്യമായിട്ടുള്ളതെന്നും മറ്റെല്ലാം അതിന്റെമുന്നില്‍ നിസ്സാരമാ ണെന്നും വാദിക്കുന്ന ആത്മാന്വേഷികളായ മതപ്രചാരകന്മാര്‍ മറുവശത്തും വര്‍ത്തിക്കുന്നു. ഭൌതികവരാഭവങ്ങളില്‍നിന്നുള്ള മോചന (തഹ്രീര്‍) വും ധര്‍മാധിഷ്ഠിതമായ ജീവിതത്തിലൂടെയുള്ള ആത്മീയ വികാസ (തസ്കിയ)വും സമന്വയിച്ചുകൊണ്ടുള്ള ഒരു പൂര്‍ണ ദര്‍ശനമായി ഖുര്‍ആന്‍ വിരാജിക്കുന്നു. അങ്ങനെയാണ് ഖുര്‍ആനിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെടുന്നത്. ഞാന്‍ അറിയാന്‍ തുടങ്ങി. ഞാന്‍ അദ്ഭുതപ്പെടാന്‍ തുടങ്ങി. ഞാന്‍ അനുകര്‍ത്താവായി മാറാന്‍ തുടങ്ങി.ഖുര്‍ആന്‍ മറ്റു മതഗ്രന്ഥങ്ങളെപ്പോലെ, ആശയങ്ങളെ കേവലാശയങ്ങളായി എന്റെ മനസ്സില്‍ കോരിനിറക്കാന്‍ ശ്രമിക്കുകയായിരുന്നില്ല. അത്യലൌകികമായ അപ്രമേയപ്രഭാവിലാസങ്ങളെക്കുറിച്ചുള്ള അമൂര്‍ത്താശയങ്ങള്‍ ആവഹിച്ചുകൊണ്ടുമായിരുന്നില്ല അതെന്റെ മുന്നില്‍ കടന്നുവന്നത്. ഖുര്‍ആന്‍ എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. ചുറ്റും നോക്കാനാവശ്യപ്പെടുന്നു.പ്രപഞ്ച വസ്തുക്കളെയും പ്രാപഞ്ചികപ്രതിഭാസങ്ങളെയും നമ്മുടെ ദൃഷ്ടിയില്‍ കൊണ്ടുവരുന്നു. ഓരോന്നിന്റെയും സംരചനയിലും പരസ്പരസംബന്ധത്തിലും ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു. അവ നമ്മുടെ വിചാരകോശത്തെ പ്രവര്‍ത്തിപ്പിക്കുന്നു.മനനവും യുക്തിഭദ്രമായ കാര്യാകാര്യവിവേചനവും അവിടെ കതിര്‍വെട്ടം ചൊരിയുന്നു. ആ പ്രകാശവലയത്തില്‍ പതിരൊന്നും കണ്ടില്ല. യുക്തിനിരപേക്ഷമായി ഒന്നും തോന്നിയില്ല.സന്ദേഹത്തിന്റെയുംഅവ്യക്തതയുടെയും നിഴല്‍പ്പാടുകള്‍ അവിടെയൊന്നും കാണാന്‍ കഴിഞ്ഞില്ല. വനകുല്യയിലെ തെളിനീര്‍ പോലെ സ്വഛവും ശുദ്ധവുമാണെല്ലാം. എല്ലാം പരസ്പരാശ്രിതവും അന്യോന്യപൂരകവുമാണ്. പരംപൊരുളിന്റെ സോദ്ദേശ്യമായ, സബോധനമായ സര്‍ഗവൃത്തി അവിടെ ബോധ്യപ്പെട്ടു.അവയെല്ലാം വഴിനയിച്ചത് സൃഷ്ടികാരനായ ഏകദൈവത്തിന്റെ പവിത്രസങ്കേതത്തിലേക്കാണ്. അപ്പോള്‍ മനസ്സിന്റെ സൂക്ഷ്മകോശങ്ങളില്‍ പോലും സംതൃപ്തി സംത്രസിക്കുന്നതായി തോന്നി. മനസ്സിനെ അവിരാമമായി അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ജിജ്ഞാസക്ക് പരിശമനം കൈവന്ന പോലൊരു ബോധ്യം. ഏതൊരു സത്യപഥത്തെ ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചുവോ അവിടെ സംപ്രാപിച്ചതു പോലൊരു തോന്നല്‍. സത്യവേദം എന്നിലുണ്ടാക്കിയ പ്രതികരണമതാണ്. പിന്നെപ്പിന്നെ എന്റെ മനസ്സിലെ ചിത്രശലഭം ഖുര്‍ആന്‍ തുറന്നുകാട്ടിയ വസന്താരാമത്തില്‍ ചുറ്റിപ്പറക്കാന്‍ ഭ്രമം കൊള്ളുകയായി. എന്റെ ചിന്തകളില്‍ ഖുര്‍ആനിക വചസ്സുകള്‍ വര്‍ണച്ചായം പുരട്ടി. എന്റെ വാക്കുകളില്‍ കുളിരായും മധുരമായും വര്‍ത്തിച്ചത് മറ്റൊന്നായിരുന്നില്ല. എന്റെ വിചാരവിശ്വാസങ്ങളിലാകെ വെളിച്ചം പകര്‍ന്ന വേദഗ്രന്ഥമാണ് ഖുര്‍ആന്‍.എന്റെ വീക്ഷണത്തിന് വൈശദ്യവും ആത്മീയ പരിവേഷവും സാമൂഹിക പ്രസക്തിയും സമ്മാനിച്ചത് ആ വേദഗ്രന്ഥമാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവായ ഒരുവനുണ്ടെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. എന്നാല്‍ സൃഷ്ടികര്‍ത്താവിന്റെ മഹിതഗുണങ്ങളെക്കുറിച്ചും അവന്റെ കര്‍മപ്രപഞ്ചത്തെക്കുറിച്ചും അവന്‍ മാത്രമാണാരാധ്യന്‍ എന്ന മഹാസത്യത്തെക്കുറിച്ചും ഇസ്ലാം നല്‍കുന്ന ഉല്‍കൃഷ്ടവും സര്‍വാദൃതവുമായ അധ്യാപനം മറ്റൊരു മതഗ്രന്ഥത്തിലും കാണാന്‍ സാധ്യമല്ല. സര്‍വാരാധ്യന്‍ അഥവാ ഇബാദത്തിനര്‍ഹനായ വന്‍ ദൈവം മാത്രമാണെന്നറിയിക്കുമ്പോള്‍, ലോകത്തില്‍ മനുഷ്യര്‍ക്കിടയില്‍ കെട്ടിപ്പൊക്കിയ ‘സര്‍വാരാധ്യതയുടെ കപട വേഷ’ങ്ങളൊക്കെ കെട്ടഴിഞ്ഞൂര്‍ന്നു വീഴുകയാണ്. തട്ടുകളില്ലാത്ത മനുഷ്യമണ്ഡലം മറ്റേത് പരിഷ്കൃത സാമൂഹിക സങ്കല്പത്തെക്കാളും വരിഷ്ഠവും ഉദാത്തവുമായി നമ്മുടെ മുന്നില്‍ തെളിഞ്ഞുവരികയും ചെയ്യുന്നു. പ്രപഞ്ചത്തിലെ സമസ്ത ജീവപ്രതിഭാസങ്ങളുടെയും സൃഷ്ടിസ്ഥിതിസംഹാരകാരകത്വം വഹിച്ചു വര്‍ത്തിക്കുന്ന ദിവ്യമായ അസ്തിത്വത്തിന്റെ നാമാന്തരമാണ് അല്ലാഹു. ‘അഖിലാണ്ഡകോടി ബ്രഹ്മാണ്ഡകടാഹ’ത്തിന്റെ അധീശത്വവും അല്ലാഹുവിന് തന്നെ. പരമാണുവിലെ സൂക്ഷ്മസ്പന്ദം തൊട്ട് താരാപഥത്തിലെ സുസ്ഥിതിക്കാവശ്യമായ വ്യവസ്ഥാപിതനിയമങ്ങള്‍ വരെ അല്ലാഹുവിന്റെ നിയന്ത്രണത്തിന് വിധേയമാണ്. എന്നാല്‍ അല്ലാഹു കേവലമായ ഒരു ശക്തിയോ ഊര്‍ജരൂപമോ മാത്രമാണെന്ന് ഖുര്‍ആന്‍ നമ്മെ പ്രബോധിപ്പിക്കുന്നില്ല. മറ്റു മതദര്‍ശനങ്ങളില്‍നിന്ന് ഈ ബോധ്യവും സമീപനവുമാണ് ഇസ്ലാമിനെ വ്യത്യസ്തമാക്കുന്നത്. ദേശീയവും കാലാവസ്ഥാപരവും പരമ്പരാഗതവുമായ കാരണങ്ങളാല്‍ മനുഷ്യനിലുള്ള വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ മനുഷ്യന്‍ ഒറ്റജാതിയാണെന്നും വര്‍ഗമോ വര്‍ണമോ ദേശഭേദമോ പാരമ്പര്യമോ മനുഷ്യനെ മനുഷ്യനില്‍ നിന്ന് വേര്‍തിരിക്കുന്നതിന് കാരണമല്ലെന്നും ഇസ്ലാം വ്യക്തമാക്കുന്നു. കുലമഹിമയിലും വംശീയതയിലും ഊറ്റംകൊണ്ട ഖുറൈശികളുടെയിടയിലാണ് ഖുര്‍ആന്‍ ഈ സ്ഫോടകസ്വരമുയര്‍ത്തിയത് എന്നത് അത്യന്തം ശ്രദ്ധേയമത്രെ. സമസ്രഷ്ടങ്ങളോടുള്ള സ്നേഹവും ദൈവസന്നിധിയിലുള്ള സമര്‍പ്പണവുമാണ് മതബോധത്തിന്റെ തെളിഞ്ഞലക്ഷണം. മനുഷ്യനും ദൈവവും തമ്മില്‍, മനുഷ്യനും മനുഷ്യനും തമ്മില്‍, മനുഷ്യനും പ്രപഞ്ചവും തമ്മില്‍ ഉള്ള ബന്ധം ഖുര്‍ആന്‍ സുവിശദമായി പ്രതിപാദിക്കുന്നു. അത്തരമൊരു സമ്പൂര്‍ണ സംസ്കൃതി, ആധ്യാത്മിക സംസ്കാരം, ‘ഇന്‍സാഫ്’വളര്‍ത്തിയെടുക്കാന്‍ ഖുര്‍ആന്‍ പ്രബോധിപ്പിക്കുന്നു. ജീവിതഗന്ധിയായ ഒരു സമ്പൂര്‍ണ മതദര്‍ശനത്തിന്റെ മുഖമതാണ്. സ്ത്രീക്കും പുരുഷനും ദരിദ്രനും ധനികനും ദുര്‍ബലനും ശക്തനും കിഴക്കനും പടിഞ്ഞാറനും-ആര്‍ക്കും ഒരുപോലെ സ്വാഭിമാനം സംരക്ഷിച്ചുകൊണ്ട് ദൈവോന്മുഖമായി പ്രാര്‍ഥനാപൂര്‍വം നില്‍ക്കാനും തരതമഭേദമില്ലാതെ വിശ്വാസമായും ആചാരമായും അനുഷ്ഠാനമായും അനുവര്‍ത്തിക്കാനും കഴിയുന്ന മതദര്‍ശനമാണ് ഇസ്ലാം. ഒരു പക്ഷേ, അതുകൊണ്ടായിരിക്കണം ബര്‍ണാഡ് ഷാ ഇസ്ലാമിനെ ‘ഇലാസ്റിക് മത’മെന്ന് വിശേഷിപ്പിച്ചത്. കാലാന്തരത്തിലുണ്ടാവുന്ന ഏതവസ്ഥാവിശേഷത്തിലുംപൂര്‍ണപ്രഭാവത്തോടെ വര്‍ത്തിക്കാന്‍ കഴിയുന്ന സത്യവേദദര്‍ശനത്തിനു മുന്നില്‍ കാലവും ലോകവും കൈകൂപ്പുന്നു. അതീവ ലളിതവും പ്രയോഗക്ഷമവും സാധാരണ മനസ്സിനുപോലും സംപ്രാപ്യവുമായ ഒരു മതതലം എന്ന നിലയില്‍ ഇസ്ലാം യഹൂദമതത്തില്‍ നിന്നും ക്രൈസ്തവമതത്തില്‍ നിന്നും സൊറാസ്ട്രിയനിസത്തില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുന്നു എന്ന് എച്ച്.ജി.വെല്‍സ് പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. കേവലം അഭൌമവും അപ്രായോഗിക വുമായ ധര്‍മോപദേശങ്ങളുടെ സമുച്ചയമല്ല ഖുര്‍ആന്‍. ഖുര്‍ആനഖിലവും ജീവിതത്തില്‍ പ്രായോഗികമാക്കാനുള്ളതും ദൈവഹിതം കീര്‍ത്തിക്കുന്നതുമാണ്. ജീവിതമൂല്യങ്ങള്‍ ഒരേ സമയത്തുതന്നെ ഭൌതികവും ആത്മീയവുമാണെന്നും അവ തമ്മിലുള്ള അഭിന്നത അവഗണിക്കാന്‍ പറ്റുന്നതല്ലെന്നും ഇസ്ലാം കരുതുന്നു. ഏതെങ്കിലും വ്യക്തിയുടെയോ വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ അനുഭവങ്ങളെയല്ല ഇസ്ലാം സത്യമായ അനുഭവങ്ങളായിക്കാണുന്നത്. അവയ്ക്കെല്ലാം താല്‍ക്കാലികവും സങ്കുചിതവും പരിസീമിതവുമായ സ്വഭാവമാണുള്ളതെന്നും നിത്യവും പ്രവിശാലവും അമേയവുമായ സവിശേഷതകളാണ് ഇസ്ലാം പ്രകാശിപ്പിക്കുന്നതെന്നും സൂക്ഷ്മദൃഷ്ടികള്‍ക്ക് ബോധ്യമാകുന്നതാണ്. അപരിമേയമായ, അവ്യാഹതമായ, ഇഹപരസംബന്ധമാര്‍ന്ന കാലപ്രവാഹത്തെകണ്ടുകൊണ്ടാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്.ഒരു പ്രത്യേക ജനപദത്തെയല്ല, മനുഷ്യസാമാന്യത്തെയാണത് അഭിസംബോധന ചെയ്യുന്നത്. വ്യക്തിയില്‍ ആത്മാവും ശരീരവും തമ്മിലുള്ള സമീകരണവും ജീവിതത്തില്‍ ആത്മീയ ഭൌതിക മൂല്യങ്ങളുടെ ഏകീകരണവുമാണ് സത്യവേദം നിഷ്കര്‍ഷിക്കുന്നത്.നിരുപാധികമായ മാനസിക സ്വാതന്ത്യ്രവും സമ്പൂര്‍ണമായ മനുഷ്യസമത്വവും സുദൃഢമായ സാമൂഹിക ബാധ്യതയും സാമൂഹ്യനീതിയില്‍ ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു.അതിനാല്‍ ഖുര്‍ആന്‍ ഒരു സമഗ്രമാനവ ദര്‍ശനമാണ്. ഖുര്‍ആന്‍ എന്ന സത്യവേദഗ്രന്ഥത്തിന്റെ സര്‍വാതിശായിത്വം അത്യന്തം ശ്രദ്ധേയമാണ്. അത് കാലദേശാതിവര്‍ത്തിയായ സ്വാധീനം ജനമനസ്സുകളിലുളവാക്കി; മനുഷ്യചിന്തയെ പ്രോജ്വലിപ്പിച്ചു; വിചാരവിശ്വാസങ്ങളില്‍ വിപ്ളവം സൃഷ്ടിച്ചു. ലോകനാഗരികതയ്ക്ക് പ്രോത്സാഹകമായി; അടിമകളില്‍ ആത്മവിശ്വാസം വളര്‍ത്തി; അബലകളായി അവഗണിക്കപ്പെട്ട സ്ത്രീസമൂഹത്തെ വിമോചിപ്പിച്ചു; അക്ഷരത്തിനും അറിവിനും അനല്‍പമായ അംഗീകാരം നല്‍കി; വിശ്വസാഹോദര്യം വിളംബരം ചെയ്തു.അതുള്‍ക്കൊള്ളുന്ന നിത്യഹരിതഭാവം കാലാതിവര്‍ത്തിത്വത്തെ സമാശ്ളേഷിക്കുന്നു എന്നതാണ് ഇസ്ലാം സംസ്കൃതിയുടെ സര്‍വാതിശായിത്വം.

ഇസ്ലാമിന്റെ ജീവിതവ്യവസ്ഥ

ദൈവം, പ്രവാചകന്‍, പരലോകം ഇവയാണ് ഇസ്ലാമിക ദര്‍ശനത്തിന്റെ മൂലശിലകള്‍. ഇവയെ അടിസ്ഥാനമാക്കി ബൃഹത്തായ ഒരു ജീവിത പദ്ധതി ഇസ്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. ആത്മീയതയെയും ഭൌതികതയെയും സമന്വയിപ്പിക്കുന്നു എന്നതാണ് ഇസ്ലാമിക ജീവിത വ്യവസ്ഥിതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു പക്ഷേ, ലോകത്ത് ഇസ്ലാമിനു മാത്രം അവകാശപ്പെടാവുന്ന ഒരു സവിശേഷതയായിരിക്കും ഇതെന്ന് തോന്നുന്നു. മറ്റു ദര്‍ശനങ്ങള്‍ ഒന്നുകില്‍ ആത്മീയതയിലേക്ക് അല്ലെങ്കില്‍ ഭൌതികതയിലേക്ക് ചാഞ്ഞു കിടക്കുന്നു. മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ അവയ്ക്ക് കഴിയില്ല. കാരണം മനുഷ്യന്‍ ഒരു ആത്മീയ ജീവിയല്ല; ഭൌതിക ജീവിയുമല്ല. അവന് ആത്മാവും ശരീരവുമുണ്ട്. സമഗ്രവും സമ്പൂര്‍ണവുമാണ് ഇസ്ലാമിക ജീവിത വ്യവസ്ഥ. ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് സ്പര്‍ശിക്കുന്നു. വ്യക്തി, സമൂഹം, ആത്മീയം, ഭൌതികം, സാമ്പത്തികം, രാഷ്ട്രീയം - എല്ലാം. ദൈവത്തിന്റെ പരമാധികാരമാണ് എല്ലാ മേഖലയിലും ഇസ്ലാം ഉദ്ഘോഷിക്കുന്നത്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ച് ഭരണാധികാരി വെറും സേവകനാണ്. സാധാരണ പ്രജകള്‍ക്കില്ലാത്ത ആനുകൂല്യങ്ങളോ അവകാശങ്ങളോ അയാള്‍ക്കുണ്ടാവില്ല.ഏകാധിപത്യമോ സര്‍വാധിപത്യമോ നിരുപാധിക ജനാധിപത്യമോ ഇസ്ലാം അംഗീകരിക്കുന്നില്ല. ദൈവത്തിന്റെ പരമാധികാരം അംഗീകരിച്ച് ദൈവകല്പന കള്‍ അനുസരിച്ച് ഭരിക്കുന്നതിനുള്ള ജനപ്രാതിനിധ്യ വ്യവസ്ഥയാണ് ഇസ്ലാമിന്റെ രാഷ്ട്ര സങ്കല്പത്തിലുള്ളത്. ഇത് തിയോക്രസിയില്‍ നിന്നും ഡെമോക്രസിയില്‍ നിന്നും ഭിന്നമാണ്. ഇസ്ലാമിക സമ്പദ്വ്യവസ്ഥയില്‍ സ്വത്തുടമ വ്യക്തിയോ സമൂഹമോ രാഷ്ട്രമോ അല്ല; ദൈവമാണ്. സൂക്ഷിപ്പുകാരന്റെ ചുമതലയാണ് മനുഷ്യനു നി ര്‍വഹിക്കാനുള്ളത്. മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസത്തില്‍ നിന്നും ഭിന്നമാണ് ഈ വീക്ഷണം. വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്യ്രം ഇസ്ലാം തടഞ്ഞിട്ടില്ല. എന്നാല്‍ അത് സമൂഹത്തിന്റെ വിശാല താല്പര്യത്തിനു എതിരാവരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. സ്വത്തില്‍ ദരിദ്രര്‍ക്ക് പ്രത്യേക അവകാശവും നിശ്ചയിച്ചിട്ടുണ്ട്. ചൂഷണത്തിന്റെ എല്ലാ വഴികളും കൊട്ടിയടച്ചിട്ടുണ്ട്. സമ്പത്തിന്റെ പ്രയോജനം അവകാശത്തിലൂടെയും അനുകമ്പയിലൂടെയും എല്ലാവര്‍ക്കും ഉറപ്പുവരുത്താന്‍ ഇസ്ലാമിക സമ്പദ്വ്യവസ്ഥയ്ക്കു സാധിച്ചിട്ടുണ്ട്. ഇസ്ലാമിനെ ഏറ്റവും ജനപ്രിയമാക്കിയത് അതിന്റെ സാമൂഹികവ്യവസ്ഥയാണ്. മനുഷ്യസമത്വം പൂര്‍ണമായ അളവില്‍ ഉറപ്പുവരുത്തുന്ന മറ്റൊരു വ്യവസ്ഥ ലോകത്തില്ല. സമ്പൂര്‍ണസമത്വം ഇസ്ലാം വിളംബരം ചെയ്തു; നടപ്പിലാക്കുകയും ചെയ്തു. ജന്മംകൊണ്ടും വര്‍ണംകൊണ്ടും ഉച്ചനീചത്വം കല്പിച്ചു പോരുന്ന ലോകത്ത് ഇസ്ലാമികസമൂഹം ഒരു വിസ്മയമാണ്. സമ്പത്ത്, വിദ്യാഭ്യാസം, അധികാരം ഒന്നും ഉച്ചനീചത്വത്തിന് പരിഹാരമായില്ല. നിയമവും അതിന്റെ മുമ്പില്‍ തോറ്റു. എല്ലാവരും തോറ്റിടത്ത് ഒറ്റ പ്രഖ്യാപനംകൊണ്ട് ഇസ്ലാം സമത്വം സാധിച്ചു. “മനുഷ്യരേ, ഒരേ മാതാപിതാക്കളുടെ മക്കളാണ് നിങ്ങള്‍.” ഇപ്പോള്‍ രാജാവിനും അടിമക്കും തോളോട്തോള്‍ ചേര്‍ന്ന് നില്ക്കാമെന്നായി. രാജാവും അടിമയുംതന്നെ ഇല്ലാതായി. രണ്ടുപേരും തുല്യാവകാശങ്ങളുള്ള മനുഷ്യരായി. ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇസ്ലാമിന്റെ മറ്റു മൂല്യങ്ങള്‍ക്ക് ശോഭ നഷ്ടപ്പെട്ടപ്പോഴും സമത്വം ഇസ്ലാമിക സമൂഹത്തില്‍ ജ്വലിച്ചുനിന്നു. ഇന്നും മറ്റു സമുദായങ്ങളുടെ അസൂയക്ക് പാത്രമായി ഒരു അദ്ഭുതംപോലെ അത് അമരം കൊള്ളുന്നു. വര്‍ണം, ദേശം, ഭാഷ, ജാതി-എല്ലാ മതിലുകളും അത് ഇടിച്ചുനിരത്തുന്നു. മരിച്ചവരെപ്പോലും ഇസ്ലാം വെറുതെ വിടുന്നില്ല. കല്ലറയുടെ ഉയരം നിജപ്പെടുത്തിക്കളഞ്ഞു അത്! സമത്വം മാത്രമല്ല ഇസ്ലാം ലഭ്യമാക്കിയത്. അടിച്ചമര്‍ത്തപ്പെട്ടവരും നിരാലംബരുമായ ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും അത് ഉറപ്പുവരുത്തി. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍, രോഗികള്‍, ദരിദ്രര്‍, അനാഥകള്‍, അഭയാര്‍ഥികള്‍- ഇവരുടെമേല്‍ ഇസ്ലാം കാരുണ്യം ചൊരിയുന്നു. കണിശമാണ് ഇസ്ലാമിന്റെ നീതിന്യായ വ്യവസ്ഥ. നിയമലംഘനത്തിനും കുറ്റകൃത്യത്തിനുമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ഇസ്ലാമിക നിയമങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാന ധര്‍മം. ശിക്ഷിക്കുവാനല്ല; ശിക്ഷ ഒഴിവാക്കാനാണ് ഇസ്ലാമിന് താല്‍പര്യം. എന്നാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും, തെറ്റ് ഒഴിവാക്കാന്‍ മാര്‍ഗങ്ങളുണ്ടായിട്ടും മനഃപൂര്‍വം അത് ചെയ്യുന്നവരെ ഇസ്ലാമിക നീതിപീഠം ശിക്ഷിക്കുകതന്നെചെയ്യും. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന ഈ ശിക്ഷ മാതൃകാപരമായിരിക്കുകയും ചെയ്യും. കുറ്റം ചെയ്തവനെ ശിക്ഷിക്കുക, നീതി നിഷേധിക്കപ്പെട്ടവന് അത് ലഭ്യ മാക്കുക തുടങ്ങിയ വിഷയങ്ങളിലൊന്നും ഇസ്ലാം ഇളവ് അനുവദിക്കുന്നില്ല. കാരണം അത് സമൂഹത്തിന് ദോഷം ചെയ്യും. മുഖംനോക്കാതെ നീതി നടപ്പാക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഇസ്ലാമിക വ്യവസ്ഥിതിയെക്കുറിച്ച്, വിശിഷ്യാ അതിലെ നിയമങ്ങളെക്കുറിച്ച്, അധിക പേര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. ഇസ്ലാമിക വ്യവസ്ഥിതിയുടെ വികാസക്ഷമതയും നവീകരണസിദ്ധിയുമാണത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക നിയമങ്ങള്‍ പുതിയ ലോകവുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന് ചിന്തിക്കുന്ന ധാരാളം പേരുണ്ട്. ഇസ്ലാമിക നിയമവ്യവസ്ഥയുടെ നവീകരണ ശേഷി അറിയാതെപോയതാണ് ഈ തെറ്റിദ്ധാരണയുടെ ഹേതു. ഇസ്ലാമിക വ്യവസ്ഥിതിയുടെ മൌലിക തത്ത്വങ്ങള്‍ മാത്രമാണ് ദൈവം നിശ്ചയിച്ചിരിക്കുന്നത്. ഈ മൌലിക തത്ത്വങ്ങളില്‍ നിന്നുകൊണ്ട് വ്യവസ്ഥയെ കാലോചിതമായി വികസിപ്പിക്കേണ്ട ചുമതല മനുഷ്യന്റെ ഗവേഷണബുദ്ധിക്കാണ്. മനുഷ്യനു ലഭിച്ച മഹത്തായ അംഗീകാരം കൂടിയാണിത്.

കാരുണ്യം ഇസ്ലാമിന്റെ കാലാവസ്ഥ
കാരുണ്യമാണ് ഇസ്ലാമിന്റെ കാലാവസ്ഥ. മഞ്ഞുപോലെ, ചിലപ്പോള്‍ ശക്തിയായ മഴപോലെ അത് പെയ്തിറങ്ങുന്നു. വിശക്കുന്നവന് അപ്പമായും മര്‍ദിതന് മോചനമായും അനാഥയ്ക്ക് രക്ഷിതാവായും രോഗിക്ക് സാന്ത്വനമായും അത് പ്രത്യക്ഷപ്പെടുന്നു. ദാഹിച്ചുവലയുന്ന നായയുടെ വായിലും വാടിക്കരിയുന്ന പൂച്ചെടിയുടെ വേരിലും അത് കുടിനീരെത്തിക്കുന്നു. കഠിനഹൃദയങ്ങളില്‍ പോലും കനവ് പകര്‍ന്ന് ജീവിതം സ്നേഹാര്‍ദ്രമാക്കുന്നു ഇസ്ലാമിന്റെ കൃപാകാരുണ്യം. ദയാപരനും കരുണാമയനുമെന്നാണ് ദൈവം സ്വയം വിശേഷിപ്പിച്ചത്. വിശുദ്ധഖുര്‍ആനിലെ നൂറ്റിപ്പതിനാല് അധ്യായങ്ങളില്‍ നൂറ്റിപ്പതിമൂന്നും ആരംഭിക്കുന്നത് ദൈവത്തിന്റെ ഈ സവിശേഷത എടുത്തു പറഞ്ഞുകൊണ്ടാണ്. സ്വന്തം സിംഹാസനത്തില്‍ ഉല്ലേഖനം ചെയ്യാന്‍ ദൈവം തെരഞ്ഞെടുത്ത വാക്യമിതാണ്- ‘എന്റെ കാരുണ്യം എന്റെ ക്രോധത്തെ അതിശയിക്കുന്നു.’ തന്റെ കാരുണ്യത്തെച്ചൊല്ലി ഒരിക്കലും നിരാശരാവരുതെന്നാണ് അവന്‍ മനുഷ്യനെ അറിയിച്ചിരിക്കുന്നത്. ദൈവം പ്രവാചകനോട് പറഞ്ഞത് ഇങ്ങനെ: ‘എന്റെ അടിമ ഒരു ചാണ്‍ എന്നോട് അടുത്താല്‍ ഒരു മാറ് ഞാന്‍ അവനോടടുക്കും. അവന്‍ എന്റടുത്തേക്ക് നടന്നു വരുമ്പോള്‍ അവന്റടുത്തേക്ക് ഞാന്‍ ഓടിച്ചെല്ലും.’ രാത്രി മുഴുവന്‍ ദൈവം കാത്തിരിക്കുകയാണത്രെ, രാത്രി പാപം ചെയ്തവര്‍ക്ക് പൊറുത്തുകൊടുക്കാന്‍. പ്രവാചക നിയോഗത്തിന്റെ രഹസ്യവും കാരുണ്യമത്രെ. സ്നേഹം, ദയ, കാരുണ്യം - ഇവയാണ് ഒരു പ്രവാചകന്റെ ചേരുവകള്‍. ജനങ്ങളുടെ വര്‍ത്തമാനത്തിലും ഭാവിയിലും വേപഥു പൂണ്ട് അവരെ സന്മാര്‍ഗത്തിലേക്കും ക്ഷേമത്തിലേക്കും നയിക്കാന്‍ കഠിന പ്രയത്നം ചെയ്യുന്നു ദൈവദൂതന്‍. ‘എന്റെ ജനങ്ങളേ,’ എന്ന സ്നേഹമസൃണമായ വിളി പ്രവാചകന്റെ ഹൃദയത്തില്‍ നിന്നാണ് വരുന്നത്. പകല്‍ ജനങ്ങള്‍ക്കുവേണ്ടി അധ്വാനിക്കുകയും രാത്രി അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയുംചെയ്യുന്ന മഹാമനസ്കനാണ് പ്രവാചകന്‍. മരുഭൂമിയിലെ നീരും തണലുമായി, കാരുണ്യത്തിന്റെ പ്രകാശഗോപുരമായി മാനവചരിത്രത്തെ യശോധന്യമാക്കി മുഹമ്മദ്നബി. ‘ഭൂമി യിലുള്ളവരോട് കരുണയുള്ളവരാകൂ, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണയുള്ളവനാകു’ മെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ഒരാള്‍ തന്റെ സുഹൃത്തിനുവേണ്ടി സേവനത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ദൈവം അവന്റെ സേവനത്തിലേര്‍പ്പെട്ടിരിക്കുകയാകുമെന്നാണ് അദ്ദേഹം അറിയിച്ചത്. ദരിദ്രന്റെ വിശപ്പ് ദൈവത്തിന്റെ വിശപ്പാണെന്നും എന്നാല്‍ ഊട്ടേണ്ടത് ദൈവത്തെയല്ല വിശക്കുന്ന മനുഷ്യനെയാണെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. ‘എന്താണ് നിങ്ങളുടെ ധനം?’ എന്ന പ്രവാചകന്റെ ചോദ്യം കേട്ട്, തോട്ടങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും ദൃഷ്ടി പായിച്ച അനുചരന്മാരോട് അതൊ ന്നും നിങ്ങളുടേതല്ലെന്നും എന്താണോ നിങ്ങള്‍ ഇതുവരെ ദാനം ചെയ്തത് അതാണ് നിങ്ങളുടെ ധനമെന്നും പ്രവാചകന്‍ പ്രതിവചിക്കുമ്പോള്‍ ജീവിതം മനോഹരമായ ഒരു കവിതയായിത്തീരുന്നു. ‘ആടിനെ അറുത്തിട്ടു എന്ത് ചെയ്തു’ എന്നു ചോദിച്ചപ്പോള്‍ ‘എല്ലാം അയല്‍വാസികള്‍ക്ക് കൊടുത്തു. തോളെല്ല് മാത്രമേ ഇനി ബാക്കിയുള്ളൂ’ എന്ന് മറുപടി നല്‍കിയ സ്വന്തം വീട്ടുകാരോട്, ‘തോളെല്ല് ഒഴിച്ചുള്ളതെല്ലാം ബാക്കിയുണ്ടെ’ന്ന് പ്രവാചകന്‍ പറയുമ്പോള്‍ ഈ കവിത ജീ വിതാനുഭവമായിത്തീരുന്നു. ജീവിതത്തിന്റെ സായംസന്ധ്യയില്‍ ഇസ്ലാമിന്റെ കാരുണ്യം വൃദ്ധ ജനങ്ങള്‍ക്ക് സാന്ത്വനവുമായെത്തുന്നു. വിശുദ്ധ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനെക്കാള്‍ മഹത്തരമാണ് വൃദ്ധരായ മാതാപിതാക്കളെ ശുശ്രൂഷിക്കലെന്നും അവരോട് നീരസംപോലും പ്രകടിപ്പിക്കരുതെന്നും കാരുണ്യത്തിന്റെ ചിറകുകള്‍ അവ ര്‍ക്ക് വിടര്‍ത്തിക്കൊടുക്കണമെന്നും ഇസ്ലാം അനുശാസിക്കുന്നു. വിധവകള്‍ക്കും അനാഥകള്‍ക്കും അഭയാര്‍ഥികള്‍ക്കും ഇസ്ലാമിന്റെ കാരുണ്യം അവകാശപ്പെട്ട അഭയമായിത്തീരുന്നു. അബലകളുടെ ബലവും ശബ്ദമില്ലാത്തവരുടെ ശബ്ദവുമായി ഭൂമിയെ ജീവിക്കാന്‍ കൊള്ളാവുന്നതാക്കിത്തീര്‍ക്കു ന്നു ഇസ്ലാം.

2009, ജൂലൈ 16, വ്യാഴാഴ്‌ച

നാം എങ്ങോട്ട് ?

നാം എങ്ങോട്ട് എന്ന് ചോദിക്കുന്നതിന് മുമ്പ് ചോദിക്കേണ്ട രണ്ട് ചോദ്യങ്ങളുണ്ട്. നാം ആരാണ് ? എവിടെ നിന്നു വരുന്നു? ഈ ചോദ്യങ്ങളൊക്കെത്തന്നെ നമുക്ക് സുപരിചിതമാണ്. പണ്ടുപണ്ടേ ചോദിക്കുന്ന ചോദ്യങ്ങളാണ്. ബഹുഭൂരിപക്ഷംപേര്‍ക്കും ഇതിന്റെ ഉത്തരമറിയാം. പക്ഷെ അവ ഉള്‍ക്കൊള്ളാനും ചിന്തിക്കാനും വിലയിരുത്താനും മനുഷ്യന്‍ മിനക്കെടുന്നില്ല, അതിനവന് നേരവുമില്ല. മനുഷ്യന്‍ ജനിക്കുന്നു, മരിക്കുന്നു, ജനന-മരണങ്ങള്‍ക്കിടയിലുള്ള കാലയളവ് ജീവിക്കുന്നു. ജനിച്ചു എന്നതു കൊണ്ടു ജീവിച്ചേ മതിയാകൂ. ജീവിക്കാന്‍വേണ്ടി നാം അദ്ധ്വാനിക്കുന്നു, സമ്പാദിക്കുന്നു. നാം ജനിച്ചു വളരുമ്പോള്‍ കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടിവിടെ. അവയെല്ലാം സ്വയം കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്നു. വിഹായസ്സിന്റെ വിരിമാറില്‍ അവ കറങ്ങിക്കൊണ്ടിരിക്കുന്നു. കോടിക്കണക്കിന് നക്ഷത്രങ്ങളുള്‍ക്കൊള്ളുന്ന നക്ഷത്രസമൂഹങ്ങ (ഗാലക്സിക) ളായി അവ വേര്‍തിരിഞ്ഞിരിക്കുന്നു. നാം ഉള്‍ക്കൊള്ളുന്ന നക്ഷത്ര സമൂഹത്തില്‍ തന്നെ 10,000 കോടി നക്ഷത്രങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ഈ നക്ഷത്രസമൂഹത്തിന്റെ വ്യാസം 1 ലക്ഷം പ്രകാശവര്‍ഷമാണത്രെ. അങ്ങനെ ലക്ഷക്കണക്കിന് നക്ഷത്രസമൂഹങ്ങളുണ്ടീലോകത്ത്. അവ അന്യോന്യം തട്ടാതെമുട്ടാതെ ചലിക്കുകയും കറങ്ങുകയും ചെയ്യുന്നു. നാം നിവസിക്കുന്ന ഭൂമിയുടെ വ്യാസത്തേക്കാള്‍ 109 ഇരട്ടി കൂടുതലാണല്ലോ സൂര്യന്റെ വ്യാസം. സൂര്യന്‍ മില്‍ക്കീവെ എന്നറിയപ്പെടുന്ന നക്ഷത്രസമൂഹത്തിലെ വളരെ ചെറിയ ഒരു നക്ഷത്രമാണ്. അതിന്റെ ചൂട് ഒന്നര കോടി ഡിഗ്രി സെല്‍ഷ്യസാണ്. സൂര്യനില്‍നിന്ന് ഭൂമിയിലെത്തുന്ന ചൂട് കേവലം 50 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. ഇടയ്ക്ക് സൂര്യനില്‍ നിന്നു നിര്‍ഗളിക്കുന്ന സൌരാഗ്നിക്ക് കോടിക്കണക്കിന്നു ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടത്രെ. 100 കോടി ഹൈഡ്രജന്‍ ബോംബിന്റെ സ്ഫോടനശക്തിയുണ്ടീ സൌരാഗ്നിക്ക്. ഇങ്ങനെയുള്ള 100 സൂര്യന്മാരെ വിഴുങ്ങാവുന്ന വലുപ്പമുള്ള പടുകൂറ്റന്‍ നക്ഷത്രങ്ങളുണ്ടീ പ്രപഞ്ചത്തില്‍. ഇവയെ സൃഷ്ടിച്ചത് ദൈവമാണ്. ഇവയെ ക്രമപ്പെടുത്തി നിയന്ത്രിക്കുന്നതും ദൈവംതന്നെ. ദൈവം നിശ്ചയിച്ച പ്രാപഞ്ചിക വ്യവസ്ഥക്ക് വിധേയമായി ഇവ ചലിച്ചുകൊണ്ടിരിക്കുന്നു. നാം നിവസിക്കുന്ന ഭൂമി സൂര്യനെ വലയംചെയ്യുന്ന ഒരു ഗ്രഹമാണ്. സാങ്കല്‍പി ക അച്ചുതണ്ടില്‍ കറങ്ങുന്നതോടൊപ്പം സൂര്യനു ചുറ്റും അത് വലയം വെക്കുകയും ചെയ്യുന്നു. ഏറ്റവും വേഗത കൂടിയ ഒരു എക്സ്പ്രസ്സ് ട്രെയിനിന്റെ 1200 ഇരട്ടി വേഗതയിലാണ് അതു സൂര്യനു ചുറ്റും കറങ്ങുന്നത്. അതും ദൈവനിശ്ചയം തന്നെ. ഭൂമിയില്‍ ധാരാളം സസ്യലതാദികളും പക്ഷിമൃഗാദികളും കൃമികീടങ്ങളും മത്സ്യങ്ങളും നാം കാണുന്നു. എല്ലാം ദൈവം സൃഷ്ടിച്ചതുതന്നെ. മനുഷ്യനെ സൃഷ്ടിച്ചതും ദൈവമാണ്. ആദ്യം ഒരു പുരുഷനെ സൃഷ്ടിച്ചു. പിന്നീട് അതില്‍ നിന്നുതന്നെ ഇണയായി ഒരു സ്ത്രീയെയും സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം സ്ത്രീപുരുഷന്മാരെ സൃഷ്ടിക്കുകയും ഭൂമിയില്‍ പരത്തുകയും ചെയ്തതും അവന്‍ തന്നെ. മനുഷ്യന് ഭൂമിയില്‍ ജീവിക്കാനാവശ്യമായ വായുവും വെള്ളവും ഭക്ഷണ വിഭവങ്ങളും ഭൂമിയില്‍ സജ്ജീകരിച്ചതും അവനാണ്. ഇതിലൊന്നുംതന്നെ ദൈവമല്ലാത്ത മറ്റൊന്നിനും ഒരു പങ്കുമില്ല. എന്നെ സൃഷ്ടിച്ചത്,എനിയ്ക്കാവശ്യമായ വായുവും വെള്ളവും ഭക്ഷണവും സൃഷ്ടിച്ചത്, ഞാന്‍ തന്നെയാണെന്നോ ഭരണകര്‍ത്താക്കളാണെന്നോ പറയാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനിയൊട്ടുകഴിയുകയുമില്ല. നാം ഈ ഭൂമിയിലെത്തിയത് നമ്മുടെ ആസൂത്രണമോ പ്ളാനോ ഉദ്ദേശ്യമോ അനുസരിച്ചല്ല. ദൈവം അവന്റെ ഇഷ്ടമനുസരിച്ച് നമ്മെ ഇങ്ങോട്ടു കൊണ്ടുവന്നതാണ്. നമ്മുടെ അറിവോ സമ്മതമോ കൂടാതെ തന്നെ. നമ്മെ സൃഷ്ടിക്കുമ്പോള്‍ തന്നെ നമ്മുടെ ഐഹികജീവിതത്തിന് ദൈവം ഒരവധി നിശ്ചയിച്ചിട്ടുണ്ട്. അതുവരെ നാമിവിടെ ജീവിച്ചേ മതിയാകൂ. അതിന്നു മുമ്പ് ഈ ജീവിതമവസാനിപ്പിക്കാന്‍ നമുക്ക് കഴിയില്ല. നിശ്ചിത അവധിക്കു നാം മരിക്കുകതന്നെ ചെയ്യും. നമ്മെ ചിന്തിപ്പിക്കുന്ന ഒരുവശം ഇതിലുണ്ട്. അതായത് നാം ജനിക്കുമ്പോള്‍ എവിടെ ജനിക്കണം, എത്രകാലം ഇവിടെ ജീവിക്കണം, എന്തു നിറമാണ് വേണ്ടത്, ആണാവണോ പെണ്ണാവണോ ഇത്യാദി കാര്യങ്ങളൊന്നുംതന്നെ അവന്‍ നമ്മോടന്വേഷിച്ചതേയില്ല. നമ്മോട് പോയിട്ട് മാതാപിതാക്കളോടോ മേലധികാരികളോടോ ഭരണകര്‍ത്താക്കളോടോ പോലും അന്വേഷിച്ചിട്ടില്ല. അന്വേഷിച്ചില്ല എന്നു മാത്രമല്ല, നാം ജനിച്ചതിന്നു ശേഷം എത്രകാലം ജീവിക്കുമെന്നോ എവിടെ വെച്ചു എങ്ങനെ മരിക്കുമെന്നോ പിന്നീടെപ്പോഴെങ്കിലും അറിയിക്കുകയോ ചെയ്തിട്ടില്ല. എന്നല്ല അതറിയിക്കാതിരിക്കുക എന്നത് തന്റെ നയമായംഗീകരിക്കുകയും ചെയ്തിരിക്കുന്നു അവന്‍. അതായത് നമ്മുടെ ജീവന്‍ നമ്മുടെ അറിവോ സമ്മതമോ ഇഷ്ടമോ ഒന്നും നോക്കാതെ അവനുമാത്രമറിയുന്ന, മറ്റാര്‍ക്കും-നമുക്കുപോലും-അറിയാത്ത അവധിക്ക് അവന്റെ സ്വന്തം ഇഷ്ടപ്രകാരം അവന്‍ തിരിച്ചെടുക്കുന്നു. മറ്റൊരു ഭാഷയില്‍, ദൈവം ഇച്ഛിച്ചപ്പോള്‍ അവന്‍ നമ്മെ ഇങ്ങോട്ടു കൊണ്ടുവന്നു; അവന്‍ ഇച്ഛിക്കുമ്പോള്‍ തിരിച്ചുകൊണ്ടുപോകുന്നു. ഇതിലൊന്നും ആര്‍ക്കും-നമുക്കുതന്നെയും-ഒരു പങ്കുമില്ല. വരുന്നതും പോകുന്നതുമെല്ലാം അവന്റെ ഇച്ഛയനുസരിച്ചു മാത്രം. നാം തികച്ചും നിസ്സഹായര്‍! ഇനി, ജനന-മരണങ്ങള്‍ക്കിടയില്‍ ഒരിടക്കാലമുണ്ടല്ലോ. ഭൂമിയില്‍ നാം ജീവിക്കുന്ന കാലം. നാം വിവിധ പ്രായക്കാരാണ്. ഇത്രകാലം നാം എങ്ങനെ ജീവിച്ചു? നമ്മുടെ കുടുംബബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളും പലപ്പോഴായി മരിച്ചുപോയി. നാം എന്തുകൊണ്ടു അക്കൂട്ടത്തില്‍പെട്ടില്ല? നമ്മുടെ സംരക്ഷണത്തിന് -അഥവാ മരണത്തെ തടുക്കുന്നതിന് -നാമോ നമ്മുടെ പിതാക്കളോ ഭരണകര്‍ത്താക്കളോ മറ്റുവല്ലവരുമോ വല്ല പ്രത്യേക ഏര്‍പ്പാടും ചെയ്തിരുന്നോ? ചെയ്തിരുന്നുവെങ്കില്‍ മരിച്ചുപോയവര്‍ക്കു വേണ്ടിയും ആ ഏര്‍പ്പാടു ചെയ്യാമായിരുന്നില്ലേ? നമ്മുടെ സഹപ്രവര്‍ത്തകരില്‍ പലരും അറുപത് തികയുന്നതിന്ന് മുമ്പുതന്നെ നമ്മെ വിട്ടു പിരിഞ്ഞുപോയി. നാമെന്തുകൊണ്ടു അക്കൂട്ടത്തില്‍ പെട്ടില്ല? ഹൃദയസ്തംഭനംമൂലം പല സുഹൃത്തുക്കളും പെട്ടെന്നു മരിച്ചുവീഴുന്നതു നാം കാണുന്നു. നമ്മുടെ ഹൃദയം ഒരിക്കലും സ്തംഭിക്കില്ലെന്നുറപ്പു വരുത്താന്‍ നാം ഒന്നുംതന്നെ ചെയ്തുവെച്ചിട്ടില്ല. നമുക്കതൊട്ടു സാധ്യവുമല്ല. മറ്റാരെങ്കിലും ചെയ്തുവെച്ചതായുമറിയില്ല. എന്തുകൊണ്ടിതുവരെ നമ്മുടെ ഹൃദയം സ്തംഭിച്ചില്ല? വിവിധ രോഗങ്ങള്‍ബാധിച്ചു ദിനേന എത്രയോ പേര്‍ മരിക്കുന്നു. എന്തുകൊണ്ടു നാം അതിലുംപെട്ടില്ല? എത്രയോ ആളുകള്‍ വാഹനാപകടത്തില്‍പെട്ടു മരിക്കുന്നു. നാം കയറിയ വാഹനത്തിനും അപകടം സംഭവിച്ചുകൂടായിരുന്നോ? പ്രകൃതിക്ഷോഭങ്ങള്‍ മുഖേന എത്രയോ ആയിരങ്ങള്‍ മരിക്കുന്നു. ഇതിലൊന്നും നാമെന്തുകൊണ്ടു പെട്ടില്ല? വിപത്തുകള്‍ നമ്മെ ഭയന്നോടുകയാണോ? ഇത്രകാലവും നാമിവിടെ ജീവിച്ചതെങ്ങനെ? ഇനി എത്രകാലം ജീവിക്കും? നമുക്കിവിടെ വല്ല സുരക്ഷിതത്വവുമുണ്ടോ? ഒന്നും അറിയാത്ത അവസ്ഥയിലാണ് മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്ന് നാമീ ഭൂമിയിലേക്കു വന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വല്ല ബോധവും നമുക്കുണ്ടാകുന്നത്. പ്രത്യക്ഷത്തില്‍ മാതാപിതാക്കളുടെ സ്നേഹ വാത്സല്യങ്ങള്‍ മാത്രമാണ് അക്കാലത്തെ ഏകാവലംബം. അതാകട്ടെ ദൈവം അവരുടെ ഹൃദയങ്ങളില്‍ അങ്കുരിപ്പിക്കുന്നതും. പിന്നെ വര്‍ഷങ്ങളിലൂടെ പൂര്‍ണ്ണമനുഷ്യരായി നാം വളരുകയും വിവിധ കഴിവുകളാര്‍ജിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ നാമീ ലോകത്തേക്കു വന്നതും ഇവിടെ ജീവിക്കുന്നതും ഇവിടെ നിന്ന് പോകുന്നതും നമ്മുടെ ആരുടെയും ശക്തിയുടെയോ സാമര്‍ഥ്യത്തിന്റെയോ പിന്‍ബലത്താലല്ല, ദൈവത്തിന്റെ ഇച്ഛയും ശക്തിയുമനുസരിച്ചു മാത്രമാണ്. മറ്റാര്‍ക്കുംതന്നെ ഇക്കാര്യങ്ങളിലൊന്നും യാതൊരു പങ്കും കഴിവുമില്ല. നമ്മുടെ സകലകാര്യങ്ങളുടെയും പരമമായ നിയന്ത്രണാധികാരം ദൈവത്തിന്റെ കയ്യില്‍ മാത്രം നിലകൊള്ളുന്നു. നാം പൂര്‍ണമായും അവന്റെ ആശ്രിതരാണ്, അസ്വതന്ത്രരാണ്. അവന്‍ രാജാവും യജമാനനുമാണ്. നാം അവന്റെ പ്രജകളും ദാസന്മാരും. ദൈവമാണ് നമ്മുടെ സ്രഷ്ടാവും രക്ഷിതാവും സംരക്ഷകനും പരിപാലകനും ജീവിതനിയന്താവും പരമാധികാരിയുമെങ്കില്‍ നാമിവിടെ എങ്ങനെ ജീവിക്കണമെന്ന് പറയാനുള്ള പരമാധികാരവും അവന് മാത്രമാണ്. അതനുസരിച്ചു ഒരു മാര്‍ഗദര്‍ശനം നമുക്കവന്‍ നല്‍കിയിരിക്കുന്നു. പ്രസ്തുത മാര്‍ഗദര്‍ശനമനുസരിച്ചു ജീവിക്കാന്‍ നാം ബാധ്യസ്ഥരുമാണ്.നമ്മുടെ സ്വന്തം ഇഷ്ടപ്രകാരം നിയമങ്ങളുണ്ടാക്കുന്നതും ജീവിക്കുന്നതും തികച്ചും അനീതിയും അക്രമവും ധിക്കാരവും നന്ദികേടുമാണ്. ദൈവത്തിന്റെ മാര്‍ഗദര്‍ശനം നമുക്കെത്തിച്ചു തരാന്‍ ദൈവം മനുഷ്യരില്‍ നിന്നുതന്നെ ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളുള്ള ചില വ്യക്തികളെ തിരഞ്ഞെടുത്തു പ്രവാചകന്മാരായി നിശ്ചയിക്കുന്നു. ഓരോ കാലഘട്ടത്തില്‍ ഓരോ പ്രവാചകനെ ദൈവം അപ്രകാരം നിയോഗിക്കുന്നു. അവര്‍ക്ക് മാലാഖമാര്‍ മുഖേന മാര്‍ഗദര്‍ശനവും നല്‍കുന്നു. ഓരോ കാലഘട്ടത്തിന്നാവശ്യമായ വ്യവസ്ഥകളാണ് ദൈവം നല്‍കിയിരുന്നത്. പുതിയ പ്രവാചകനും പുതിയ വ്യവസ്ഥയും വരുന്നതോടുകൂടി മനുഷ്യരെല്ലാം പുതിയ വ്യവസ്ഥ അംഗീകരിക്കണമെന്നാണ് ദൈവകല്‍പന. അപ്രകാരം ഓരോ കാലഘട്ടത്തില്‍ വന്ന പ്രവാചകന്മാരില്‍ ചിലരാണ് നോഹ, ലോത്ത്, അബ്രഹാം, ഇസ്മയേല്‍, യിസ്ഹാഖ്, യാഖോബ്, മോശ, ദാവീദ്, യേശു, മുഹമ്മദ് എന്നിവരൊക്കെ. (ദൈവസമാധാനവും അനുഗ്രഹവും ഈ പ്രവാചകന്മാരിലുണ്ടാകട്ടെ).ഈ പ്രവാചകന്മാരില്‍ ചിലരിലൂടെ അവതരിപ്പിക്കപ്പെട്ട വേദങ്ങളാണ് സബൂര്‍, തൌറാത്ത്, ഇഞ്ചീല്‍, ഖുര്‍ആന്‍. ഇതില്‍ അവസാനത്തേ തും മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതും മുഴുവന്‍ കാലത്തേക്കുള്ളതുമായ മാര്‍ഗദര്‍ശനം(വേദം)ഖുര്‍ആനാണ്. മനുഷ്യരെല്ലാം ഖുര്‍ആനും മുഹമ്മദ്നബിയുടെ ചര്യയുമനുസരിച്ച് ജീവിക്കണമെന്നാണ് ദൈവകല്‍പന. ഈ കല്‍പനയ്ക്ക് വിധേയമായി ജീവിക്കാന്‍ നാം ബാധ്യസ്ഥരാണ്. പ്രസ്തുത മാര്‍ഗദര്‍ശനത്തില്‍ മനുഷ്യസമൂഹത്തിന്നാവശ്യമായ ആത്മീയവ്യവസ്ഥ, ധാര്‍മികവ്യവസ്ഥ, കുടുംബവ്യവസ്ഥ, സാമൂഹ്യ, സാമ്പ ത്തിക, രാഷ്ട്രീയ, ഭരണവ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടുന്നു.യഥാര്‍ഥത്തില്‍ ഇതൊരു പരീക്ഷണമാണ്.ദൈ വകല്‍പനകള്‍ക്ക് വിധേയമായി അവന്റെ സൃഷ്ടിക ളും ദാസന്മാരുമായ നാം ജീവിക്കുന്നുണ്ടോ ഇല്ലേ എ ന്ന്. ഇപ്പോള്‍ നമുക്കൊരു സംശയം ഉടലെടുക്കുന്നു. ദൈവിക മാര്‍ഗദര്‍ശനമനുസരിച്ചു ജീവിക്കുന്നതുകൊണ്ട് നമുക്കെന്തു നേട്ടം? അനുസരിക്കാതിരുന്നാല്‍ നമുക്കെന്തുകോട്ടം? സ്വാഭാവികമാണീചോദ്യം. നേട്ടകോട്ടങ്ങളും ലാഭനഷ്ടങ്ങളും അറിഞ്ഞെങ്കിലല്ലേ അതംഗീകരിക്കണോ വേണ്ടേ എന്നു നിശ്ചയിക്കാന്‍ കഴിയൂ. നാം ഭൂമിയില്‍ ഒരു യാത്രാ സംഘമാണ്. പതിനായിരക്കണക്കിനു വര്‍ഷമായി ഈ യാത്ര തുടങ്ങിയിട്ട്. ഇടക്ക് പലരും യാത്രാസംഘത്തില്‍ ചേരുന്നു. പലരും പിരിഞ്ഞുപോകുന്നു. ഇന്നു ജീവിച്ചിരിക്കുന്നവരെല്ലാം യാത്ര തുടരുകയാണ്. ജനിക്കുന്ന ആര്‍ക്കും ഇതില്‍ അംഗമാകാതിരിക്കുക സാധ്യമല്ല. ഒരു ഘട്ടത്തില്‍ ഇതവസാനിപ്പിക്കാതെയും തരമില്ല. യാത്രാസംഘത്തില്‍ നിന്ന് പിരിയുന്നവര്‍ എവിടേക്ക് പോകുന്നു? പരലോകത്തേക്ക്. അതാണ് നമ്മുടെ ലക്ഷ്യസ്ഥാനം. മരണമാണതിലേക്കുള്ള കവാടം. പരലോകത്തു രാജാധിരാജനും നീതിമാനുമായ ദൈവംതമ്പുരാന്റെ കോടതിയില്‍ നാം ഹാജരാക്കപ്പെടും. വിചാരണയ്ക്ക് വിധേയമാകും. ദൈവം നല്‍കിയ മാര്‍ഗദര്‍ശനത്തിനു വിധേയമായാണോ അല്ലേ ജീവിച്ചതെന്നു ആ വിചാരണയിലൂടെ അവന്‍ തെളിയിക്കും. നീതിപൂര്‍വമായ വിധിയുമുണ്ടാകും. ദൈവകല്‍പനകള്‍ക്ക് വിധേയമായാണ് നാം ജീവിച്ചതെങ്കില്‍ സുഖസുന്ദരമായ സ്വര്‍ഗം ലഭിക്കും. താഴ്ഭാഗത്തുകൂടി മന്ദം മന്ദം അരുവികളൊഴുകുന്ന പ്രവിശാലമായ പൂന്തോട്ടങ്ങളും മണിമേടകളും നാം ഇഷ്ടപ്പെടുന്ന ഇണകളും വിശിഷ്ട വിഭവങ്ങളും ഉത്കൃഷ്ട പദവികളുമുണ്ടതില്‍. നാമിഛിക്കുന്നതെന്തും ലഭിക്കും. അവിടെ ദുഃഖമില്ല, വേദനയില്ല, രോഗമില്ല, അസ്വസ്ഥതയില്ല; സന്തോഷംമാത്രം. അത് ശാശ്വതമാണ്. ദൈവകല്‍പനകള്‍ക്ക് വിരുദ്ധമായി ജീവിച്ചവര്‍ക്ക് ഭീകരവും ഭയാനകവുമായ നരകശിക്ഷയാണ് ലഭിക്കുക. അതു കത്തിജ്ജ്വലിക്കുന്ന അഗ്നിയാണ്. ദുഃഖവും വേദനയും കഷ്ടപ്പാടുകളും കടിച്ചിറക്കി അതില്‍ കഴിയേണ്ടിവരുന്നു. അതും ശാശ്വതമാണ്. ദൈവം നമ്മെ വിജയത്തിന്റെ മാര്‍ഗത്തിലാക്കുമാറാകട്ടെ.