2009, ജൂലൈ 23, വ്യാഴാഴ്‌ച

ഇദ്ദേഹത്തെ അടുത്തറിയുക

“ലോകം ദര്‍ശിച്ചമതാചാര്യന്മാരില്‍ ഏറ്റവും വിജയി” യെന്ന് ‘എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക’ വിലയിരുത്തിയ മനുഷ്യന്‍! “അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആധുനിക കാലഘട്ടത്തില്‍ മനുഷ്യനാഗരികതയെ നശിപ്പിക്കാന്‍ പോന്ന ഭീഷണമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കുമായിരുന്നു” എന്ന് ബര്‍ണാഡ്ഷാ അദ്ദേഹത്തെക്കുറിച്ച് എഴുതി.ഈ ഭൂമിയില്‍ കാലു കുത്തിയവരില്‍ ഏറ്റവും ശ്രദ്ധേയനായ മനുഷ്യന്‍. അദ്ദേഹം ഒരാദര്‍ശം പ്രബോധനം ചെയ്തു; ധാര്‍മിക വ്യവസ്ഥയിലധിഷ്ഠിതമായ ഒരു രാഷ്ട്രം കെട്ടിപ്പടുത്തു; അനേകം സാമൂഹിക-രാഷ്ട്രീയ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടു; ജീവിത ഇടപാടുകളില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങള്‍ പാലിക്കുന്ന ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു സമൂഹത്തെ വാര്‍ത്തെടുത്തു; മനുഷ്യ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ലോകങ്ങളെ എക്കാലത്തേക്കുമായി പാടെ മാറ്റിമറിച്ചു. മുഹമ്മദ്! അതാണ് അദ്ദേഹത്തിന്റെ പേര്. ക്രിസ്തുവര്‍ഷം 571-ല്‍ അറേബ്യയിലെ മക്കയില്‍ ജനിച്ചു. നാല്പതാം വയസ്സില്‍ ‘ദൈവത്തിനു സമ്പൂര്‍ണമായി കീഴ്പ്പെടുക’ എന്ന ജീവിതശൈലിയുടെ -ഇസ്ലാമിന്റെ- പ്രബോധന ദൌത്യം ആരംഭിച്ചു. അറുപത്തി മൂന്നാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഈ ചെറിയ കാലയളവിലാണ് - കേവലം ഇരുപത്തിമൂന്ന് വര്‍ഷം- അറേബ്യന്‍ ഉപഭൂഖണ്ഡത്തെ മുഴുവന്‍ അദ്ദേഹം മാറ്റിയെടുത്തത്. ബഹുദൈവ വിശ്വാസത്തില്‍ നിന്നും വിഗ്രഹപൂജയില്‍ നിന്നും ഏകദൈവാരാധനയിലേക്ക്, ഗോത്രവഴക്കും പോരാട്ടങ്ങളും അവസാനിപ്പിച്ച് മാനവിക ഐക്യത്തിലേക്കും കെട്ടുറപ്പിലേക്കും; മദ്യപാനത്തില്‍ നിന്നും വിഷയാസക്തിയില്‍ നിന്നും ഗൌരവ ബോധത്തിലേക്കും ഭക്തിയിലേക്കും; നിയമരാഹിത്യവും അരാജകത്വവും വിട്ട് അച്ചടക്കത്തിലേക്ക്; ധാര്‍മികമായ പാപ്പരത്തത്തില്‍ നിന്ന് അത്യുന്നതമായ ധര്‍മനിഷ്ഠയിലേക്ക്! മുമ്പോ പിമ്പോ മനുഷ്യചരിത്രം ഇത്രയും സമ്പൂര്‍ണമായൊരു മാറ്റം ഒരു ജനതയിലും ഒരു കാലത്തും കണ്ടിട്ടേയില്ല. ഓര്‍ത്തുനോക്കുക, ഇതെല്ലാം വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടായിരുന്നു!! വിഖ്യാത ചരിത്രകാരന്‍ ലാമാര്‍ട്ടിന്‍, മനുഷ്യ മഹത്വത്തിന്റെ അടിസ്ഥാനങ്ങളെപ്പറ്റി ഉയര്‍ത്തുന്ന ചില ചോദ്യങ്ങളിതാ: “ലക്ഷ്യത്തിന്റെ വലിപ്പം, വിഭവങ്ങളുടെ പരിമിതി, അമ്പരപ്പിക്കുന്ന ഫലസിദ്ധി എന്നിവയാണ് മനുഷ്യ പ്രതിഭയുടെ മൂന്ന് മാനദണ്ഡങ്ങളെങ്കില്‍ ആധുനിക ചരിത്രത്തിലെ ഏതെങ്കിലുമൊരു മഹാനെ മുഹമ്മദുമായി താരതമ്യം ചെയ്യാന്‍ പോലും ആര്‍ക്കുണ്ട് ധൈര്യം? ഏറ്റവുമധികം പ്രശസ്തി നേടിയവരൊക്കെ ആയുധങ്ങളും നിയമങ്ങളും സാമ്രാജ്യങ്ങളും മാത്രമാണുണ്ടാക്കിയത്. വല്ലതിനും അവര്‍ അടിത്തറ പാകിയിട്ടുണ്ടെങ്കില്‍, അത് ഭൌതിക അധികാരങ്ങള്‍ക്ക് മാത്രം. അവ പലപ്പോഴും സ്വന്തം കണ്‍മുമ്പില്‍ വെച്ചുതന്നെ തകര്‍ന്നടിയുകയും ചെയ്തു. ഈ മനുഷ്യന്‍, സൈന്യങ്ങളെയും നിയമചട്ടങ്ങളെയും സാമ്രാജ്യങ്ങളെയും ജനതകളെയും അധികാരപീഠങ്ങളെയും മാത്രമല്ല, അന്ന് ജനപ്പാര്‍പ്പുള്ള ലോകത്തിന്റെ മൂന്നിലൊന്നു ഭാഗത്തെ ജനകോടികളെത്തന്നെ ഇളക്കിമറിച്ചു. അതിലുപരി, അള്‍ത്താരകളെയും ദൈവങ്ങളെയും മതങ്ങളെയും ആശയങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു.... വിജയത്തിലും അദ്ദേഹം കൈക്കൊണ്ട സംയമനം, സാമ്രാജ്യത്തിനു വേണ്ടിയല്ലാത്ത, ഒരു ആശയത്തിനു വേണ്ടി മാത്രമായുള്ള അദ്ദേഹത്തിന്റെ മോഹങ്ങള്‍, നിരന്തരമായ പ്രാര്‍ഥനകള്‍, ദൈവവുമായുള്ള ആത്മീയഭാഷണങ്ങള്‍, അദ്ദേഹത്തിന്റെ മരണവും മരണാനന്തര വിജയവും എല്ലാം സൂചിപ്പിക്കുന്നത് കാപട്യത്തെയല്ല, മറിച്ച്, ഒരു വിശ്വാസത്തെ വീണ്ടെടുക്കാന്‍ മാത്രം കരുത്തുള്ള ഉത്തമ ബോധ്യത്തെയാണ്. ഈ വിശ്വാസത്തിന് രണ്ടു പുറങ്ങളുണ്ട്. ദൈവത്തിന്റെ ഏകത്വവും ദൈവത്തിന്റെ അഭൌതികതയും. ആദ്യത്തേത് ദൈവം എന്താണെന്നു പറയുന്നു; രണ്ടാമത്തേത് ദൈവം എന്തല്ലെന്നും. ആദ്യത്തേത് വ്യാജദൈവങ്ങളെ സമരംകൊണ്ട് നശിപ്പിക്കുന്നു. രണ്ടാമത്തേത് വചനത്താല്‍ ആശയത്തെ സ്ഥാപിക്കുന്നു. ദാര്‍ശനികന്‍, പ്രസംഗകന്‍, ദൈവദൂതന്‍, നിയമജ്ഞന്‍, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, വിഗ്രഹങ്ങളില്ലാത്തതും യുക്തിഭദ്രവുമായ വിശ്വാസങ്ങളുടെ പുനഃസ്ഥാപകന്‍, ഇരുപത് ലൌകിക സാമ്രാജ്യങ്ങളുടെയും ഒരു ആത്മീയസാമ്രാജ്യത്തിന്റെയും സംസ്ഥാപകന്‍-അതാണ് മുഹമ്മദ്! മനുഷ്യമഹത്വത്തിന്റെ ഏതു മാനദണ്ഡം വെച്ച് പരിശോധിച്ചാലും നമുക്ക് ചോദിക്കാം: ഇദ്ദേഹത്തേക്കാള്‍ മഹാനായി ആരുണ്ട്?” (Lamartine, Histoire dela Turquie, Paris,1854,Vol. II,Page 276 - 277) ലോകം കുറേയേറെ മഹാന്മാരെ കണ്ടിട്ടുണ്ട്. പക്ഷേ, അവരെല്ലാം ഏതെങ്കിലും ഒരു രംഗത്ത് മാത്രം പ്രാമുഖ്യം നേടിയവരാണ്, ഒന്നുകില്‍ മതരംഗം അല്ലെങ്കില്‍ സൈനികം. മാത്രമല്ല, ഈ മഹദ്വ്യക്തിത്വങ്ങളുടെ ജീവിതവും സന്ദേശങ്ങളും കാലത്തിന്റെ പൊടിപടലങ്ങളില്‍പെട്ട് മറഞ്ഞുപോയിരിക്കുന്നു. അവരുടെ ജന്മസ്ഥലത്തെയും ജനനസമയത്തെയും പറ്റിയുള്ളത് കുറേ ഊഹാപോഹങ്ങള്‍ മാത്രം. അവരുടെ ജീവിതശൈലിയെക്കുറിച്ചോ വിജയപരാജയങ്ങളുടെ തോതിനെക്കുറിച്ചോ ആര്‍ക്കും പൂര്‍ണ നിശ്ചയമില്ല.എന്നാല്‍ മുഹമ്മദിന്റെ സ്ഥിതി അതല്ല. അദ്ദേഹത്തിന്റെ സ്വകാര്യജീവി തത്തിലെയും പൊതുവ്യവഹാരങ്ങളിലെയും ഓരോ അംശവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ആ രേഖകളുടെ ആധികാരികതയെപ്പറ്റി അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ നിഷ്പക്ഷമതികളായ വിമര്‍ശകര്‍ക്കോ തുറന്ന മനസ്സുള്ള പണ്ഡിതര്‍ക്കോ യാതൊരു സംശയവുമില്ല. മഹാത്മാഗാന്ധി പ്രവാചകനെ സംബന്ധിച്ചെഴുതി: “ജനകോടികളുടെ ഹൃദയങ്ങളില്‍ തര്‍ക്കമറ്റ സ്വാധീനം ചെലുത്തുന്ന ആ മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗമേത് എന്നറിയാന്‍ ഞാനാഗ്രഹിച്ചു.... അന്നത്തെ ജീവിതവ്യവസ്ഥയില്‍ ഇസ്ലാമിന് സ്ഥാനം കൊടുത്തത് വാളായിരുന്നില്ലെന്ന് എനിക്ക് കൂടുതല്‍ കൂടുതല്‍ ബോധ്യമായി. പ്രവാചകന്റെ വിട്ടുവീഴ്ചയില്ലാത്ത ലാളിത്യം, തികഞ്ഞ നിസ്വാര്‍ഥത, പ്രതിജ്ഞാപാലനം, സുഹൃത്തുക്കളോടും അനുയായികളോടുമുള്ള സ്നേഹം, നിര്‍ഭയത്വം, ദൈവത്തിലും സ്വന്തം ദൌത്യത്തിലുമുള്ള പരമമായ വിശ്വാസം എന്നിവയാണതിനെ ഉത്തേജിപ്പിച്ചത്. മുന്നില്‍ കണ്ടതിനെയെല്ലാം സ്വാധീനിച്ചതും എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റിയതും ഇതൊക്കെയായിരുന്നു, വാളല്ല. (പ്രവാചക ജീവ ചരിത്രത്തിന്റെ)രണ്ടാം വാല്യം വായിച്ചു തീര്‍ന്നപ്പോള്‍ എനിക്കു തോന്നിയത്, ഒരു മഹദ്ജീവിതത്തെപ്പറ്റി, വായിക്കാന്‍ കൂടുതലില്ലല്ലോ എന്ന ഖേദമായിരുന്നു ” (Young India, quoted in The Light, Lahore, 16 th Sept.1924) തോമസ് കാര്‍ലൈല്‍ ‘ഹീറോസ് ആന്റ് ഹീറോ വര്‍ഷിപ്പ്’ എന്ന ഗ്രന്ഥത്തില്‍ ഒരു മനുഷ്യന്‍ ഒറ്റക്ക് രണ്ട് പതിറ്റാണ്ടില്‍ക്കുറഞ്ഞ കാലംകൊണ്ട്, പരസ്പരം പോരാടുന്ന ഗോത്രങ്ങളെയും നാടോടികളായ ബദവികളെയും അതിശക്തവും പരിഷ്കൃതവുമായ ഒരു ജനതയാക്കി മാറ്റിയതെങ്ങനെയെന്ന് അത്ഭുതം കൂറുന്നു.ആശയതലത്തില്‍ നിന്നു നോക്കിയാല്‍, തുല്യതയില്ലാത്തതാണ് മുഹമ്മദ് മുന്നോട്ടുവെച്ച ചിന്തകള്‍. ആ ചിന്താസാകല്യത്തോട് (ഇസ്ലാമിനോട്) കിടപിടിക്കാനാവുന്ന മറ്റൊരു ചിന്തയും- മതപരമാകട്ടെ മതേതരമാകട്ടെ സാമൂഹികമാകട്ടെ രാഷ്ട്രീയമാകട്ടെ-ഇല്ല. അതിവേഗം മാറുന്ന ഈ ലോകത്തില്‍ മറ്റെല്ലാ ചിന്താ സരണികളും വമ്പിച്ച മാറ്റങ്ങള്‍ക്കു വിധേയമായി. ഇസ്ലാം മാത്രം മാറ്റത്തിന്നതീതമായി, കഴിഞ്ഞ 1400 വര്‍ഷങ്ങളായി അതിന്റെ തനത്രൂപത്തില്‍ നിലനില്‍ക്കുന്നു. അതുമാത്രമല്ല, സ്വന്തം ചിന്തകള്‍ പൂര്‍ണമായും പ്രയോഗിച്ചു കാണാന്‍, സ്വന്തം അദ്ധ്വാനത്തിന്റെ വിത്തുകള്‍ തങ്ങളുടെ ജീവിതകാലത്തു തന്നെ വളര്‍ന്നു പുഷ്പിച്ചു കാണാന്‍ ഒന്നാംകിട ചിന്തകര്‍ക്കുപോലും ഭാഗ്യമുണ്ടായില്ല; മുഹമ്മദിനൊഴിച്ച്. അതിശയകരമായ ചിന്തകള്‍ അദ്ദേഹം പ്രചരിപ്പിച്ചു; അവയിലോരോന്നും തന്റെ ജീവിതകാലത്തുതന്നെ വിജയകരമായി പ്രയോഗത്തില്‍ വരുത്തി. സാക്ഷാത്ക്കാരത്തിന് പാടുപെടുന്ന വരണ്ട തത്ത്വങ്ങളോ ആശയങ്ങളോ ആയിരുന്നില്ല അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍. പതിനായിരക്കണക്കിന് സുശി ക്ഷിതരായ മനുഷ്യരുടെ ജീവിതസാരമായിരുന്നു അവ.മുഹമ്മദ് ഉയര്‍ത്തിപ്പിടിച്ച ഓരോന്നിന്റെയും അത്ഭുതകരമായ മൂര്‍ത്തീകരണമായിരുന്നു അവരില്‍ ഓരോരുത്തരും. ഇത്രയും വിസ്മയകരമായ ഒരു പ്രതിഭാസം മറ്റേതെങ്കിലും കാലത്ത് ലോകം കണ്ടിട്ടുണ്ടോ? ഇസ്ലാമികാദര്‍ശത്തെപ്പറ്റി എഡ്വേര്‍ഡ് ഗിബ്ബണും സൈമണ്‍ഓക്ലെയും എഴുതുന്നു.“ഇസ്ലാമിന്റെ ലളിതമെങ്കിലും മാറ്റമില്ലാത്ത പ്രഖ്യാപനമാണ് ഞാന്‍ ഏകദൈവത്തിലും അവന്റെ ദൂതനായ മുഹമ്മദിലും വിശ്വസിക്കുന്നു എന്നത്. അമൂര്‍ത്തമായ ഈശ്വരചൈതന്യത്തെ ദൃശ്യതലത്തിലേക്ക് ചുരുക്കുന്ന ബിംബങ്ങള്‍ ഇസ്ലാമിലില്ല. പ്രവാചകന്നേകിയ ബഹുമതികള്‍ ഒരിക്കലും മനുഷ്യത്വത്തിന്റെ സീമ ലംഘിച്ചിട്ടില്ല.അദ്ദേഹത്തിന്റെ ജീവസ്സുറ്റ തത്ത്വങ്ങള്‍ അനുയായികളുടെ കൃതജ്ഞതയെ യുക്തിയുടെയും മതത്തിന്റെയും പരിധിക്കുള്ളില്‍ പിടിച്ചുനിര്‍ത്തി” (History of the Saracen Empire, London, 1870,p.54). മുഹമ്മദ് ഒരു മനുഷ്യന്‍ മാത്രമായിരുന്നു-ഉദാത്തമായ ഒരു ദൌത്യമുണ്ടായിരുന്ന മനുഷ്യന്‍. സാക്ഷാല്‍ ദൈവത്തെമാത്രം ആരാധിക്കുന്നതില്‍ മനുഷ്യകുലത്തെ ഏകോപിപ്പിക്കുക എന്നതായിരുന്നു ആ ദൌത്യം. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും ചലനവും അക്കാര്യം തെളിയിക്കുകയും ചെയ്തു. ദൈവത്തിനു മുമ്പില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു. ഇക്കാര്യത്തെപ്പറ്റി സരോജിനി നായിഡു ഇങ്ങനെയെഴുതി: “ജനായത്തം പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്ത ആദ്യത്തെ മതമാണിത്. എന്തുകൊണ്ടെന്നാല്‍, പള്ളിയിലെ മിനാരങ്ങളില്‍ നിന്ന് പ്രാര്‍ഥനക്കുള്ള വിളി മുഴങ്ങുകയും ആരാധകര്‍ സമ്മേളിക്കുകയും ചെയ്തുകഴിഞ്ഞാല്‍ കര്‍ഷകനും രാജാവും ഒപ്പത്തിനൊപ്പം നിന്ന് മുട്ടുകുത്തി ദൈവം മാത്രമാണ് മഹാന്‍ എന്ന് പ്രഖ്യാപിക്കുമ്പോള്‍, ദിനേന അഞ്ചു തവണ ഇസ്ലാമിന്റെ ജനാധിപത്യം മൂര്‍ത്തരൂപം പ്രാപിക്കുന്നു. മനുഷ്യനെ സഹോദരനാക്കുന്ന ഇസ്ലാമിന്റെ ഈ അഭേദ്യമായ ഏകീഭാവം എന്നെ വീണ്ടും വീണ്ടും ആശ്ചര്യപ്പെടുത്തുന്നു”(Lecture on the Ideals of Islam, Vide Speaches and Writings of Sarojini Naidu, Madras, 1918 p.167-169) മഹദ് വ്യക്തികളില്‍ ദൈവികത്വമാരോപിക്കുന്നതില്‍ ലോകം ഒരുകാലത്തും പിശുക്കു കാണിച്ചിട്ടില്ല. അത്തരം മഹത്തുക്കളുടെ ജീവിതവും ദൌത്യവും ഐതിഹ്യങ്ങളില്‍ മറഞ്ഞുപോയിരിക്കുന്നു. ചരിത്രപരമായി പറഞ്ഞാല്‍, മുഹമ്മദ് നേടിയതിന്റെ പത്തിലൊന്നുപോലും അവര്‍ നേടിയിട്ടില്ല. ഇത്രയധികം അദ്ദേഹം അദ്ധ്വാനിച്ചത് ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയായിരുന്നു; ധാര്‍മികനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഏകദൈവാരാധകരായി മനുഷ്യരാശിയെ ഒന്നിപ്പിക്കാന്‍. മുഹമ്മദ് ദൈവത്തിന്റെ പുത്രനാണെന്നോ ഈശ്വരാവതാര മാണെന്നോ ദിവ്യശക്തിയുള്ള മനുഷ്യനാണെന്നോ അദ്ദേഹവും അനുയായികളും ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഇന്നും ദൈവത്തിന്റെ ദൂതനായിട്ടാണദ്ദേഹം ഗണിക്കപ്പെടുന്നത്.ചരിത്രത്തിലുടനീളം പരതി, മനുഷ്യകുലത്തിന്റെ നന്മക്കു വേണ്ടി സംഭാവനകളര്‍പ്പിച്ച മഹാന്മാരുടെ പട്ടിക മൈക്കല്‍ എച്ച്. ഹാര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അതില്‍ ഒന്നാമനായി മുഹമ്മദിനെ തെരഞ്ഞെടുത്ത ഹാര്‍ട്ട് തന്റെ നിലപാട് വിശദീകരിക്കുന്നു.“ലോകത്തിലേറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയില്‍ ഒന്നാമനായി മുഹമ്മദിനെ തെരഞ്ഞെടുത്തത് ചിലരെ അത്ഭുതപ്പെടുത്തിയേക്കും, ചിലര്‍ ചോദ്യംചെയ്തു എന്നും വരും. എന്നാല്‍ ചരിത്രത്തില്‍, മതപരവും മതേതരവുമായ തലങ്ങളില്‍ അങ്ങേയറ്റം വിജയംവരിച്ച ഒരേയൊരാള്‍ അദ്ദേഹമാണ്” (The Hundred: A ranking of the most influential persons in history, Newyork,1978, p.33) ഇന്ന് പതിനാല് നൂറ്റാണ്ടുകള്‍ക്കു ശേഷവും പ്രവാചകനായ മുഹമ്മദിന്റെ അധ്യാപനങ്ങള്‍ ലോപമോ ഭേദമോ കൈകടത്തലുകളോ ഇല്ലാതെ അതിജീവിക്കുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്തെപ്പോലെത്തന്നെ മാനുഷ്യകത്തിന്റെ അനേകം രോഗങ്ങള്‍ക്കുള്ള പ്രതിവിധികളാണ് ഇന്നും അവ. ഇത് അദ്ദേഹത്തിന്റെ അനുയായികളുടെ മാത്രം അവകാശവാദമല്ല; നിശിതവും നിഷ്പക്ഷവുമായ ഒരു നിരൂപണം സുനിശ്ചിതമായും നമ്മെ കൊണ്ടെത്തിക്കുന്ന നിഗമനമാണ്. സുഹൃത്തേ, ചിന്തിക്കുന്ന മനുഷ്യനെന്ന നിലക്ക് താങ്കള്‍ ഇതെങ്കിലും ചെയ്യേണ്ടതുണ്ട്. അസാധാരണമെന്നും വിപ്ളവകരമെന്നും തോന്നിക്കുന്ന ഈ പ്രസ്താവങ്ങളില്‍ കഴമ്പുണ്ടാവുമോ എന്ന ചിന്ത. ഉണ്ടെങ്കില്‍ താങ്കള്‍ക്കുകൂടി അവകാശപ്പെട്ട ഈ മനുഷ്യന്റെ മാതൃകയും സന്ദേശവും അറിയുകയെന്ന വെല്ലുവിളി ഏറ്റെടുക്കുക. താങ്കളുടെ ജീവിതത്തില്‍ ഒരു നവയുഗത്തിന്റെ തുടക്കമാവാം ഇത്. ഞങ്ങള്‍ താങ്കളെ ക്ഷണിക്കുന്നു; ഈ മഹാത്മാവിനെ-മുഹമ്മദിനെ-മനസ്സിലാക്കാന്‍.എങ്കില്‍ അദ്ദേഹത്തെപ്പോലൊരാള്‍ ഭൂമുഖത്ത് വേറെ ഉണ്ടായിട്ടില്ലെന്ന് നമുക്ക് ബോധ്യപ്പെടും. ഈ മഹദ് വ്യക്തിയുടെ മാതൃകയും അധ്യാപനങ്ങളും താങ്കളുടെ ജീവിതത്തെ കൂടുതല്‍ സുഖകരമാക്കട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല: