2009, ജൂലൈ 15, ബുധനാഴ്‌ച

അല്ലാഹു



“പറയുക! അവന്‍ അല്ലാഹുവാകുന്നു. ഏകന്‍! ആശ്രയം ആവശ്യമില്ലാത്തവന്‍.അവന്‍ പിതാവല്ല; പുത്രനുമല്ല.അവന് തുല്യനായി ആരുമില്ല!” 112:1-4
“അവനാണല്ലാഹു! അവനല്ലാതെ ദൈവമില്ല.അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍.എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റെതാണ്. അവന്റെയടുക്കല്‍ അനുവാദമില്ലാതെ ശുപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളില്‍ ഉണ്ടാകാനിരിക്കുന്നതും അവന്‍ അറിയുന്നു.........” 2: 255
“അവനാണ് അല്ലാഹു! അവന്‍ അല്ലാതെ ദൈവമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന്‍ ദയാപരനും കരുണാമയനുമാണ്. അവനാണല്ലാഹു! അവന്‍ അല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപരിശുദ്ധന്‍; സമാധാനദായകന്‍; അഭയദാതാവ്; മേല്‍നോട്ടക്കാരന്‍; അജയ്യന്‍; പരമാധികാരി; സര്‍വോന്നതന്‍.എല്ലാം അവന്‍തന്നെ............ ” 59: 22,23
“കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ കണ്ണുകളെ കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും” 6:103
“അവനാണല്ലാഹു. നിങ്ങളുടെ നാഥന്‍. അവനല്ലാതെ ദൈവമേയില്ല. സകല വസ്തുക്കളെയും സൃഷ്ടിച്ചവനാണവന്‍. അതിനാല്‍ നിങ്ങള്‍ അവന് മാത്രം വഴിപ്പെടുക. എല്ലാ കാര്യങ്ങളുടെയും കൈകാര്യകര്‍ത്താവ് അവനാണ്” 6:102
“വാനഭുവനങ്ങളുടെ സ്രഷ്ടാവാണവന്‍. അവന്‍ നിങ്ങള്‍ക്ക് നിങ്ങളില്‍നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ച് തന്നിരിക്കുന്നു. നാല്‍കാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതുവഴി അവന്‍ നിങ്ങളെ സൃഷ്ടിച്ച് വംശം വികസിപ്പിക്കുന്നു. അല്ലാഹുവിന് തുല്യമായി ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനാണ്. കാണുന്നവനും” 42:11
“നിങ്ങളെയവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. പിന്നെ നിങ്ങളതാ ഭൂമിയില്‍ മനുഷ്യരായി വ്യാപരിച്ചുകൊണ്ടിരിക്കുന്നു.ഇത് അവന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണ്” 30:20
“ധാന്യമണികളെയും പഴക്കുരുകളെയും പിളര്‍ക്കുന്നവന്‍ അല്ലാഹുവാണ്. ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെ ഉല്‍പാദിപ്പിക്കുന്നതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതിനെ പുറത്തെടുക്കുന്നതും അവനാണ്. . . . . . . . പ്രഭാതത്തെ വിടര്‍ത്തുന്നതവനാണ്. രാവിനെ അവന്‍ വിശ്രമ വേളയാക്കി. സൂര്യചന്ദ്രന്മാരെ സമയനിര്‍ണയത്തിനുള്ള അടിസ്ഥാനവും. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ ക്രമീകരണമാണിതെല്ലാം.” 6: 95,96
“കരയിലെയും കടലിലെയും കൂരിരുളില്‍ നിങ്ങള്‍ക്ക് വഴി കാണിക്കാന്‍ നക്ഷത്രങ്ങളെ സൃഷ്ടിച്ചതും അവന്‍തന്നെ. കാര്യമറിയാന്‍ കഴിയുന്നവര്‍ക്ക് നാമിതാ തെളിവുകള്‍ വിശദീകരിച്ചു തരുന്നു. ഒരേയൊരു സത്തയില്‍ നിന്ന് നിങ്ങളെയൊക്കെ സൃഷ്ടിച്ചതും അവനാണ്. പിന്നെ നിങ്ങള്‍ക്കാവശ്യമായ വാസ സ്ഥലവും സങ്കേതവും ഉണ്ട്. ഗ്രഹിക്കുന്ന ജനതക്ക് വേണ്ടി നാം ഈ തെളിവുകളൊക്കെയും വിശദീകരിച്ചു തരുന്നു.” 6: 97,98
“അല്ലാഹു കാര്‍മേഘത്തെ മന്ദംമന്ദം തെളിച്ചുകൊണ്ടുവരുന്നതും പിന്നീടതിനെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ട് അതിനെ അട്ടിയാക്കി വെച്ച് കട്ട പിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്കു കാണാം. മാനത്തെ മലകള്‍ പോലുള്ള മേഘക്കൂട്ടങ്ങളില്‍ നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിച്ഛിക്കുന്നവര്‍ക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താനിച്ഛിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്” 24:43
“ആകാശ ഭൂമികളുടെ സൃഷ്ടിപ്പില്‍, രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍, മനുഷ്യര്‍ക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലുകളില്‍, അല്ലാഹു മാനത്തു നിന്ന് മഴ വീഴ്ത്തി അതുവഴി ജീവനറ്റ ഭൂമിക്ക് ജീവനേകുന്നതില്‍, ഭൂമിയില്‍ എല്ലായിനം ജീവികളെയും പരത്തി വിടുന്നതില്‍, കാറ്റിനെ ചലിപ്പിക്കുന്നതില്‍, ആകാശഭൂമികള്‍ക്കിടയില്‍ ആജ്ഞാനുവര്‍ത്തിയായി നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍-എല്ലാറ്റിലും ചിന്തിക്കുന്ന ജനതക്ക് അനേകം തെളിവുകളുണ്ട്.” 2:164
“ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ട് എന്ന് നീ മനസ്സിലാക്കുന്നില്ലേ? മൂന്നാളുകള്‍ക്കിടയില്‍ ഒരു രഹസ്യ സംഭാഷണവും നടക്കുന്നില്ല, നാലാമനായി അല്ലാഹു ഇല്ലാതെ. അല്ലെങ്കില്‍ അഞ്ചാളുകള്‍ക്കിടയില്‍ സ്വകാര്യ ഭാഷണം നടക്കുന്നില്ല,ആറാമനായി അവനില്ലാതെ. എണ്ണം ഇതിനേക്കാള്‍ കുറയട്ടെ, കൂടട്ടെ, അവര്‍ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ, അവരെന്താണ് ചെയ്തുകൊണ്ടിരുന്നത് എന്ന് പുനരുത്ഥാന നാളില്‍ അവരെ ബോധിപ്പിക്കുകയും ചെയ്യും. അല്ലാഹു സര്‍വജ്ഞനാണ്, തീര്‍ച്ച.” 58:7
“ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍, എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍!” 36:36
“രാവും പകലും സൂര്യനും ചന്ദ്രനും അവന്‍ നിങ്ങള്‍ക്ക് ഉപയുക്തമാക്കിത്തന്നു. അവന്റെ നിശ്ചയ പ്രകാരം നക്ഷത്രങ്ങളെയും. ബുദ്ധിയുള്ളവര്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. ഭൂമിയില്‍ അവന്‍ നിങ്ങള്‍ക്കായി സൃഷ്ടിച്ച വര്‍ണ വൈവിധ്യമുള്ള വസ്തുക്കളിലും ചിന്തിക്കുന്ന ജനതക്ക് പാഠമുണ്ട്” 16:12, 13
“സമുദ്രത്തെ അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നു. നിങ്ങളതില്‍ നിന്ന് പുതുമാംസം ഭക്ഷിക്കാനും നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ കണ്ടെടുക്കാനും. കപ്പല്‍ അതിലെ അലമാലകളെ കീറിമുറിച്ച് സഞ്ചരിക്കുന്നത് നീ കാണുന്നുണ്ടല്ലോ: അല്ലാഹുവിന്റെ അനുഗ്രഹംതേടാന്‍ വേണ്ടിയാണത്. അവനോട് നിങ്ങള്‍ നന്ദി കാണിക്കുന്നവരാകാനും” 16:14
“നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ്. അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ അവരെ അവന്‍ പിടികൂടുകയാണെങ്കില്‍ അവര്‍ക്ക് അവന്‍ വളരെ പെട്ടെന്ന്തന്നെ ശിക്ഷ നല്‍കുമായിരുന്നു. എന്നാല്‍ അവര്‍ക്കൊരു നിശ്ചിത കാലാവധിയുണ്ട്. അതിനെ മറികടക്കാന്‍ ഒരഭയ കേന്ദ്രവും കണ്ടെത്താന്‍ അവര്‍ക്കാവില്ല.” 18:58
“പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ! അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയംവേണ്ട, അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു തരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.” 39:53
“നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തും മുമ്പേ നിങ്ങള്‍ സ്വന്തം നാഥങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. അവന് കീഴ്പ്പെടുക. ശിക്ഷ വന്നെത്തിയാല്‍ പിന്നെ നിങ്ങള്‍ക്ക് എങ്ങു നിന്നും സഹായം കിട്ടുകയില്ല. നിങ്ങളറിയാതെ, പെട്ടെന്നാണ് നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുക. അതിനു മുമ്പേ നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് ഇറക്കിക്കിട്ടിയ വേദത്തിലെ വചനങ്ങളെ പിന്‍പറ്റുക.” 39:54,55

1 അഭിപ്രായം:

myquran പറഞ്ഞു...

assalamu alikum v bbb ...MASHA ALLAH .its a wonderful creation......if u dont mind pls upload ""Amrithavani ""...this job will b help u tomorrow on MAhshara ....may god bless u...

siddeeq..

saudi arabia
0096553721698
sidnokia@gmail.com