2009, ജൂലൈ 23, വ്യാഴാഴ്‌ച

ക്രിസ്തുവും മോസസും പറഞ്ഞ പ്രവാചകന്‍


യേശു എന്ന പ്രവാചകന്റെ ജനനം യഹൂദ മതഗ്രന്ഥങ്ങളില്‍ മുന്‍കൂട്ടിത്തന്നെ പ്രവചിച്ചിരുന്നു. എന്നിട്ടും യേശു വന്നപ്പോള്‍ യഹൂദജനം അദ്ദേഹത്തെ സ്വീകരിച്ചില്ല. പിശാചുബാധിതനും സുബോധമില്ലാത്തവനുമായി മുദ്രകുത്തി എല്ലാ വിധത്തിലും തേജോവധം ചെയ്യാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു. യേശുവിനു ശേഷം മറ്റൊരു ആശ്വാസദായകന്‍ അവതരിക്കുമെന്നും അദ്ദേഹം സ്വന്തമായി യാതൊന്നും പറയുകയില്ലെന്നും തന്നോടു നിര്‍ദ്ദേശിക്കപ്പെടുന്നതു മാത്രം അറിയിക്കുമെന്നും പാപത്തെയും നീതിയെയും ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കുമെന്നും യേശു പ്രസ്താവിച്ചതായി യോഹന്നാന്‍ രേഖപ്പെടുത്തുന്നു.(യോഹ.16:7-15) വരുമെന്നു പറഞ്ഞ ആ ആശ്വാസദായകന്‍ ആരാണ്? അദ്ദേഹം വന്നോ? വന്നെങ്കില്‍ അദ്ദേഹത്തെ സ്വീകരിച്ചുവോ? യേശു പറഞ്ഞ പ്രവാചകന്‍ താന്‍ തന്നെ എന്ന് ഏതെങ്കിലും പ്രവാചകന്‍ അവകാശപ്പെട്ടിട്ടുണ്ടോ? യേശു പറഞ്ഞ ലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ നിറവേറിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ അംഗീകരിച്ചില്ല? യേശുവിനെ തിരസ്കരിച്ച യഹൂദര്‍ ചെയ്ത തെറ്റ് ക്രൈസ്തവരും ആവര്‍ത്തിക്കുകയാണോ? വരുമെന്നു പറഞ്ഞ ആശ്വാസദായകനെ തിരിച്ചറിയാന്‍ യേശു നിര്‍ദ്ദേശിച്ച ലക്ഷണങ്ങള്‍ എന്തെല്ലാമെന്നു നോക്കാം. “ആ സത്യാത്മാവ് വരുമ്പോള്‍ പാപത്തേയും നീതിയേയും ന്യായവിധിയേയും സംബന്ധിച്ച് ലോകത്തെ പഠിപ്പിക്കും. ദൈവത്തെപറ്റിയുള്ള സത്യം വെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. സ്വന്തം അധികാരത്തിലായിരിക്കുകയില്ല അദ്ദേഹം സംസാരിക്കുന്നത്; പ്രത്യുത കേള്‍ക്കുന്നതായിരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തും. ഞാന്‍ പറയുന്ന കാര്യങ്ങള്‍ അവനും പറയും. എന്നെപ്പറ്റി സംസാരിക്കും. എന്നെ മഹത്വപ്പെടുത്തും.” (യോഹ.14:26, 15:26,16:7-15) യേശു മുന്‍കൂട്ടിപ്പറഞ്ഞ ആ സത്യാത്മാവ് വന്നതായോ ആരെയെങ്കിലും എന്തെങ്കിലും പഠിപ്പിച്ചതായോ ബൈബിളില്‍ സൂചനയില്ല. ഉണ്ടാവാന്‍ സാധ്യതയുമില്ല. കാരണം, ബൈബിളിലെ ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയ കാലത്ത് ആ സത്യാത്മാവ് ഭൂമിയില്‍ എത്തിയിരുന്നില്ല. എത്തുകയില്ലെന്നും യേശു പറഞ്ഞിരുന്നു. ആ പ്രവാചകന് പഠിപ്പിക്കാനുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വേണ്ട ബുദ്ധിവികാസം അന്നത്തെ ജനങ്ങള്‍ക്കില്ലെന്ന് ക്രിസ്തു അനുഭവത്തില്‍ നിന്നും മനസ്സിലാക്കി. അതു കൊണ്ടാണ് യേശു പറഞ്ഞത് “എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ അതു താങ്ങാന്‍ നിങ്ങള്‍ക്ക് കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കും.” (യോഹ.16:12-13) പക്ഷേ, അവന്‍ വരുന്നത് എന്നായിരിക്കുമെന്ന് യേശു വ്യക്തമാക്കിയില്ല. ഉടനെ ആയിരിക്കുകയില്ല എന്നു മാത്രമേ സൂചിപ്പിച്ചുള്ളൂ. ‘അവന്‍ ജനങ്ങളോട് സംസാരിക്കുകയും അവരെ പഠിപ്പിക്കുകയും’ചെയ്യുമെന്ന് യേശു പറഞ്ഞതില്‍ നിന്ന് ഒരു മനുഷ്യനെയാണ് ക്രിസ്തു ഉദ്ദേശിച്ചതെന്ന് വ്യക്തമായും സ്പഷ്ടമായും മനസ്സിലാക്കാം. എന്നാല്‍ ക്രൈസ്തവസഭകള്‍ അതിനോടു ബന്ധമില്ലാത്തതും സുവിശേഷങ്ങള്‍ക്കു പുറത്തു അപ്പോസ്തല പ്രവൃത്തികള്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നതുമായ ഒരു പ്രത്യേക പ്രതിഭാസത്തെ യേശുവിന്റെ പ്രവചനവുമായി ബന്ധപ്പെടുത്തി ആ പ്രവചനം നിറവേറിയതായി ലാഘവബുദ്ധിയോടെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. അപ്പോസ്തല പ്രവൃത്തികളില്‍ വിവരിച്ചിരിക്കുന്ന ആ സംഭവം ഏതാണ്ടിങ്ങനെയാണ്: യേശു അവസാനമായി ആചരിച്ച പെസഹാ തിരുനാളിന്റെ അമ്പതു ദിവസത്തിനുശേഷം യഹൂദന്മാരുടെ ഒരു ആഘോഷമായ പെന്തക്കോസ്താ ദിനത്തില്‍ വിശ്വാസികള്‍ ഒരു വീട്ടില്‍ കൂടിയിരിക്കയായിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതുപോലെയുള്ള ഒരു മുഴക്കം ആകാശത്തു നിന്നുണ്ടായി. വീടു മുഴുവന്‍ ആ മുഴക്കം നിറഞ്ഞു. തീനാളങ്ങള്‍ പോലുള്ള നാവുകള്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അവ ഓരോരുത്തരേയും സ്പര്‍ശിച്ചു. എല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി അന്യഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി. പതിവനുസരിച്ച് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ പലഭാഗത്തു നിന്നും ഭക്തരായ യഹൂദര്‍ ജറൂസലേമില്‍ എത്തിയിരുന്നു. ശബ്ദകോലാഹലംകേട്ട് ജനം ഓടിക്കൂടി. പല നാട്ടുകാരായ അവര്‍ അപ്പോസ്തലന്മാര്‍ താന്താങ്ങളുടെ ഭാഷകളില്‍ സംസാരിക്കുന്നതു കേട്ട് ആശ്ചര്യത്തോടും പരിഭ്രമത്തോടുംകൂടി ചോദിച്ചു: “ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ? എന്നിട്ടും വ്യത്യസ്ത നാട്ടുകാരായ നാം ഓരോരുത്തരും അവരവരുടെ മാതൃഭാഷയില്‍ അതു കേള്‍ക്കുന്നതെങ്ങനെ? എന്താണ് ഇതിന്റെ അര്‍ത്ഥം?” വേറെ ചിലര്‍ പരിഹസിച്ചു പറഞ്ഞു: “പുതു വീഞ്ഞു കുടിച്ച് ലഹരി പിടിച്ചതാണ്.” മദ്യലഹരിയാണെന്ന ആക്ഷേപം നിഷേധിച്ചുകൊണ്ടും യോവേല്‍ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ടും ക്രിസ്തുശിഷ്യനായ സൈമണ്‍ പത്രോസ് ഒരു നീണ്ട പ്രസംഗം ചെയ്തു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെയും യേശുവിനെയും പറ്റിയുള്ള കാര്യങ്ങള്‍ പത്രോസ് വിശദീകരിച്ചു. ജനം അതില്‍ ആകൃഷ്ടരായി. ആ ഒരൊറ്റ ദിവസംതന്നെ മൂവായിരത്തോളം പേര്‍ അവരോടു കൂടെ ചേര്‍ന്നു.(അപ്പോസ്ത 2:1-41) പക്ഷേ, പ്രഗത്ഭനായ സൈമണ്‍പത്രോസ് തന്റെ നീണ്ട പ്രസംഗത്തില്‍ ഒരു കാര്യം പറയുകയുണ്ടായില്ല. അവിടെ സംഭവിച്ച ആ അദ്ഭുത പ്രതിഭാസം യേശു പ്രവചിച്ച ആ ആശ്വാസദായകന്റെ വരവായിരുന്നു എന്ന്. കാരണം, അത് രണ്ടും രണ്ടായിരുന്നു. തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. കാലത്തിന്റെ തികവില്‍ തക്ക സമയത്ത് ആ സത്യാത്മാവ് വരികതന്നെ ചെയ്യുമെന്ന് പത്രോസിന്നറിയാമായിരുന്നു. കാരണം അത് യേശുവിന്റെ വാക്കായിരുന്നു. അത് സംഭവിക്കുകതന്നെ ചെയ്യും. എന്നാല്‍ പത്രോസ് പറയുകയോ സൂചിപ്പിക്കുക പോലുമോ ചെയ്യാതിരുന്ന കാര്യം ക്രൈസ്തവസഭകള്‍ പുതിയ വ്യാഖ്യാനം നല്‍കി സ്വീകരിച്ചു. തീനാക്കുകളുടെ രൂപത്തില്‍ അവിടെ കണ്ടത് ക്രിസ്തു പറഞ്ഞ സത്യാത്മാവിന്റെ രംഗപ്രവേശമായിരുന്നുവത്രേ. അതുകൊണ്ടാണത്രേ അവര്‍ക്ക് അന്യഭാഷകള്‍ സംസാരിക്കാനുള്ള കഴിവു സിദ്ധിച്ചത്.‘എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്; പക്ഷേ, അതു മനസ്സിലാക്കാനുള്ള ബുദ്ധിവികാസം ഇപ്പോള്‍ നിങ്ങള്‍ക്കില്ല;സത്യാത്മാവായ ആശ്വാസദായകന്‍ വരുമ്പോള്‍ അവന്‍ അവയെല്ലാം നിങ്ങളെ പഠിപ്പിക്കും’ എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിക്കപ്പെട്ടത് നിര്‍ജീവമായ തീനാളത്തെയല്ല, ജീവനുള്ള മനുഷ്യനെയായിരുന്നു എന്ന് മനസ്സിലാക്കാന്‍ അത്ര വലിയ ബുദ്ധിസാമര്‍ത്ഥ്യമൊന്നും വേണ്ട. പക്ഷേ,നിര്‍ഭാഗ്യമെന്നു പറയട്ടെ,ഒരു വലിയ ജനവിഭാഗത്തിന് അതില്ലാതെപോയി. യേശു പറഞ്ഞ ലക്ഷണങ്ങളോടുകൂടിയ ഏതെങ്കിലും പ്രവാചകന്‍ ഇവിടെ ഉണ്ടായിട്ടുണ്ടോ? അത് ഞാന്‍ തന്നെ എന്ന് ധൈര്യപൂര്‍വ്വം ആരെങ്കിലും അവകാശവാദം ഉന്നയിച്ചിട്ടുണ്ടോ? ഉണ്ട്; ഒരാള്‍ മാത്രം. അറേബ്യയിലെ മക്കയില്‍ ജനിച്ച മുഹമ്മദ്നബി എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് മാത്രം. അദ്ദേഹം വഴി ലഭിച്ച ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് യേശു പറഞ്ഞ എല്ലാ ലക്ഷണങ്ങളും മുഹമ്മദ്നബിയില്‍ ഒത്തിണങ്ങുന്നതായി കാണാം. ദൈവനാമത്തിലുള്ള സത്യപ്രസ്താവനകള്‍ നിറഞ്ഞ ആ ഗ്രന്ഥത്തിന്റെ പല ഭാഗത്തായി പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ് ‘ഈ ഗ്രന്ഥം ഗബ്രിയേല്‍ ദൂതന്‍ വഴി പ്രവാചകനായ മുഹമ്മദിനെ ദൈവം ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി അറിയിക്കുന്ന സന്ദേശമാണ്; അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളല്ല’എന്ന്. യേശു പറഞ്ഞപോലെ നീതിയെയും ന്യായവിധിയേയും പരലോകത്തേയും പറ്റി പലഭാഗത്തും പ്രതിപാദിച്ചിരിക്കുന്നു. ദൈവത്തിന്റെ സത്യത്തിലേക്കുള്ള നേരായ മാര്‍ഗമാണ് ഈ സന്ദേശമെന്ന് പല പ്രാവശ്യം ആവര്‍ത്തിക്കുന്നു. യേശു പഠിപ്പിച്ച കാര്യങ്ങള്‍ ഖുര്‍ആന്‍ അംഗീകരിക്കുന്നു. വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പഠിപ്പിക്കുന്നു. യേശു എന്ന മഹാ വ്യക്തിത്വത്തെ അംഗീകരിച്ചും അര്‍ഹമായ പരിഗണനകള്‍ കൊടുത്തുകൊണ്ടുമുള്ള പരാമര്‍ശങ്ങള്‍ അനവധി. എന്നാല്‍ ഒരുകാര്യം പ്രത്യേകം പ്രസ്താവ്യം: യേശു ദൈവമോ ദൈവപുത്രനോ അല്ലെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു; ഉറക്കെ. അംഗീകാരമോ അനുഭവമോ ഇല്ലാതെ യേശുവിന്റെ തൊപ്പിയില്‍ മറ്റു ചിലര്‍ തുന്നിച്ചേര്‍ത്ത തൂവലായിരുന്നല്ലോ ‘ദൈവം’ ‘ദൈവപുത്രന്‍’എന്നതൊക്കെ. വരാനുള്ള പ്രവാചകനെ സൂചിപ്പിച്ച് യേശു ഉപയോഗിച്ച ‘ആശ്വാസദായകന്‍’ എന്ന പദത്തെപ്പറ്റി തര്‍ക്കമുണ്ട്. യോഹന്നാന്‍ സുവിശേഷമെഴുതിയ ഗ്രീക്കു ഭാഷയിലെ മൂലകൃതിയില്‍ ജമൃമസഹലീ (ഇംഗ്ളീഷില്‍ ജമൃമരഹലലേ) എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. അതിന്റെ പരിഭാഷയാണ് ആശ്വാസദായകന്‍, സഹായകന്‍ എന്നെല്ലാം. എന്നാല്‍ ഇന്നുള്ള ഏറ്റവും പഴയ കൃതിയേക്കാള്‍ മുമ്പുള്ള ആദ്യത്തെ മൂലകൃതിയില്‍ ജലൃശസഹ്യീ എന്നായിരുന്നു എന്നും എങ്ങനെയോ അത് ജമൃമസഹലീ എന്ന് എഴുതാനിടയായതാണെന്നും അഭിപ്രായമുണ്ട്. ആര്‍ക്കും എന്തു സഹായം ചെയ്യാനും സദാ സന്നദ്ധനും ദയാലുവുമായ മുഹമ്മദ്നബിയെ സംബന്ധിച്ച് ആശ്വാസദായകന്‍ എന്ന പദം യോജിക്കുമെന്നും ആദ്യത്തെ മൂലകൃതിയിലുണ്ടായിരുന്ന ജലൃശസഹ്യീ എന്ന പദത്തിന്റെ അര്‍ത്ഥം അറബിയില്‍ മുഹമ്മദ് എന്നോ അഹ്മദ് എന്നോ ഉള്ള പദങ്ങള്‍ക്കു തുല്യമാണെന്നുമാണ് വാദം. അതിനു തെളിവായി മറ്റൊരു വാദവും നിലവിലുണ്ട്. ഇന്ന് നിലവിലുള്ള നാല് അംഗീകൃത സുവിശേഷങ്ങള്‍ കൂടാതെ മുമ്പ് പത്രോസ്, തോമസ്, ബര്‍ണബാസ് എന്നിങ്ങനെ ചിലരും എഴുതിയ സുവിശേഷങ്ങള്‍ നിലവിലുണ്ടായിരുന്നതായി പറയപ്പെടുന്നു. (ആസ്ത്രിയന്‍ തലസ്ഥാനത്ത് വിയന്നാ ലൈബ്രറിയില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുള്ള ഇറ്റാലിയന്‍ ഭാഷയിലുള്ള ബര്‍ണബാസിന്റെ സുവിശേഷത്തില്‍ ജലൃശസഹ്യീ എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.) ‘എനിക്കു മുമ്പുള്ള യഹൂദ മത ഗ്രന്ഥങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ടും എനിക്കു ശേഷം വരാനുള്ള അഹ്മദ് എന്ന പ്രവാചകനെപ്പറ്റി സദ്വാര്‍ത്ത തരുന്നതിനും വേണ്ടി ഇസ്രയേല്‍ക്കാര്‍ക്കായി ദൈവം അയച്ച പ്രവാചകനാണ് ഞാന്‍’എന്ന് യേശു മുഹമ്മദ് നബിയെപ്പറ്റി പേരെടുത്തു പറഞ്ഞതായി ഖുര്‍ആനില്‍ കാണുന്നു.(61:6) പഴയനിയമത്തിലെ ആവര്‍ത്തന പുസ്തകത്തില്‍ വരാനിരിക്കുന്ന ഒരു പ്രവാചകനെപ്പറ്റി മോശെ ഇങ്ങനെ പ്രസ്താവിക്കുന്നു: “എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങളുടെ സ്വന്തം ജനങ്ങളില്‍ നിന്ന് ദൈവം നിങ്ങള്‍ക്കായി അയക്കും. അവനെ അനുസരിക്കണം. പറയേണ്ട കാര്യങ്ങള്‍ എന്തെന്ന് ദൈവം അവനെ അറിയിക്കുകയും ദൈവം കല്പിക്കുന്ന കാര്യങ്ങളെല്ലാം അവന്‍ ജനങ്ങളോട് പറയുകയും ചെയ്യും. ദൈവനാമത്തില്‍ സംസാരിക്കുന്ന അവന് ചെവികൊടുക്കാത്ത ആരേയും ദൈവം കണക്കു പറയിക്കും” (ആവര്‍ത്തനപുസ്തകം: 18:15-19). പുതിയനിയമത്തിലെ അപ്പോസ്തല പ്രവൃത്തികളില്‍ സൈമണ്‍ പത്രോസും ക്രൈസ്തവരുടെ ആദ്യത്തെ രക്തസാക്ഷിയായ സ്റീഫനും ഈ പ്രവചനം യേശുവിനെപ്പറ്റിയാണെന്നു പ്രസ്താവച്ചിട്ടുണ്ട് (അപ്പോ.പ്രവൃ: 3.22, 7:37).എന്നാല്‍ ഈ പ്രവചനം മുഹമ്മദ്നബിയെപ്പറ്റിയാണെന്നാണ് ഖുര്‍ആന്‍(46:10) സൂചിപ്പിക്കുന്നത്. മോശെയുടെ പ്രവചനത്തിലെ സൂചന യേശുവിനെപ്പറ്റിയാണെന്ന് പത്രോസും സ്റീഫനും വിലയിരുത്തിയ കാലത്ത് മുഹമ്മദ് ജനിച്ചിരുന്നില്ല. അന്നുവരെയുള്ള നിലക്ക്് ആ പ്രവചനം യേശുവിന് യോജിക്കുന്നതായി കണ്ടതായിരിക്കണം അവര്‍ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ കാരണം. എന്നാല്‍, അത് യേശുവിനെക്കാള്‍ കൂടുതലായി മുഹമ്മദിനാണ് യോജിക്കുന്നതെന്ന് തെളിയിക്കാനായി മുസ്ലിം പണ്ഡിതന്മാര്‍ പല വാദങ്ങളും ഉന്നയിക്കുന്നു. അതില്‍ പ്രധാനമായവ പരിശോധിച്ചു നോക്കാം. ‘എന്നെപ്പോലെ ഒരു പ്രവാചകന്‍’എന്നു മോശെ പറയുമ്പോള്‍ അത് പലവിധത്തിലും അദ്ദേഹത്തെപ്പോലെ തന്നെയുള്ള ഒരു പ്രവാചകനായിരിക്കണമെന്നാണ് ഉദ്ദേശ്യം. ഈജിപ്തിലെ ഫറവോനെ ഭയപ്പെട്ട് അറേബ്യയില്‍ മരുപ്രദേശത്തേക്കു രക്ഷപ്പെട്ട മോശെ പിന്നീട് ഇസ്രയേല്‍ക്കാരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചു അവരുടേതായ വാഗ്ദത്ത ഭൂമി നേടിക്കൊടുത്തു എന്നുള്ളതായിരുന്നു മോശെയുടെ ഒരു പ്രധാന യോഗ്യത. കാനാന്‍ ദേശത്തെ വാഗ്ദത്തഭൂമി നേടിയെടുക്കുന്നതിന് മോശെയുടെ നേതൃത്വത്തില്‍ പല യുദ്ധങ്ങളും വേണ്ടിവന്നു. എതിരാളികളേക്കാള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും മോശെയുടെ കീഴില്‍ ഉറച്ചുനിന്ന് ധീരമായി പോരാടി ഇസ്രയേല്‍ക്കാര്‍ വിജയംവരിച്ചു. അവിശ്വാസികളായ എതിരാളികളുടെ എതിര്‍പ്പ് സഹിക്കവയ്യാതായപ്പോള്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് രക്ഷപ്പെടുകയും പിന്നീട് ശക്തി സംഭ രിച്ച് വിശ്വാസികള്‍ക്കായി ഒരു രാഷ്ട്രം സ്ഥാപിക്കുകയും ചെയ്തു. എതിര്‍ സൈന്യത്തോടു കിടപിടിക്കത്തക്ക സംഖ്യാബലമോ വിഭവശേഷിയോ നബിയുടെ സൈന്യത്തിന് ഉണ്ടായിരുന്നില്ലെങ്കിലും മഹത്തായ നേതൃത്വത്തില്‍ ഉറച്ചുനിന്ന് ആത്മാര്‍ത്ഥമായി പൊരുതിയാണ് അവര്‍ വിജയംകണ്ടത്. ബദ്ര്‍ യുദ്ധത്തിലും ഉഹ്ദ് യുദ്ധത്തിലും നബിയോടൊപ്പം കൊല്ലാനും കൊല്ലപ്പെടാനും തയ്യാറാണെന്ന് അനുയായികള്‍ പലരും തെളിയിച്ചു. കഠിനമായി പരിക്കു പറ്റിയിട്ടും ലക്ഷ്യത്തില്‍ നിന്ന് പിന്മാറാതെ അവര്‍ ഉറച്ചുനിന്നു. ഉന്നതമായ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായവര്‍ നിരവധി. യേശുവിന്റെ കാലത്ത് റോമന്‍ ആധിപത്യത്തിലായിരുന്നു ഇസ്രയേല്‍ക്കാര്‍. റോമക്കാരില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള രക്ഷകനാണ് യേശുവെന്ന് തെറ്റായിട്ടാണെങ്കിലും പലരും പ്രതീക്ഷിച്ചു. നഷ്ടപ്പെട്ട സ്വാതന്ത്യ്രം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമമൊന്നും യേശുവിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അദ്ദേഹത്തില്‍ നിന്ന് അത് ഉദ്ദേശിക്കപ്പെട്ടിരുന്നുമില്ല. മോശെക്കോ മുഹമ്മദിനോ ഉണ്ടായിരുന്നതുപോലെ എന്തിനും സന്നദ്ധരായ അനുയായികള്‍ യേശുവിന് ഉണ്ടായിരുന്നോ എന്ന് സംശയമാണ്. മിക്ക ശിഷ്യന്മാരുടേയും അനുയായികളുടേയും ആത്മാര്‍ത്ഥതയും വിശ്വസ്തതയും സംശയാസ്പദമായിരുന്നു എന്നു വേണം വിചാരിക്കാന്‍. ഒരു പ്രമുഖ ശിഷ്യനായിരുന്ന സൈമണ്‍പത്രോസ് യേശുവിനെ അറിയുകയില്ലെന്ന് അദ്ദേഹത്തിന്റെ ഏറ്റവും ആപല്‍ഘട്ടത്തില്‍ മൂന്ന് പ്രാവശ്യം ദൈവനാമത്തില്‍ കള്ളസത്യം ചെയ്തു. (മത്തായി 26:69-74). ചെറുപ്പക്കാരനായ മറ്റൊരു ശിഷ്യന്‍ ഉരിഞ്ഞുവീണ ഉടുതുണി എടുത്തുടുക്കാന്‍ പോലും നില്‍ക്കാതെ നഗ്നനായാണ് ഓടിയൊളിച്ചത്. (മാര്‍ക്കോസ് 14:51-52).മുപ്പതു വെള്ളിക്കാശിനുവേണ്ടി ഗുരുവിനെ ചുംബനംകൊണ്ട് ഒറ്റിക്കൊടുത്ത യൂദാസിന്റെ കഥ കുപ്രസിദ്ധമാണല്ലോ (മത്തായി 26:15, 48-49).അല്ലെങ്കിലും അവനൊരു കള്ളനായിരുന്നു. യേശുവിന്റെ പണസഞ്ചി സൂക്ഷിപ്പുകാരനായ അവന്‍ അതില്‍ നിന്നു പലപ്പോഴും മോഷ്ടിച്ചിരുന്നതായി യോഹന്നാന്‍ രേഖപ്പെടുത്തുന്നു. (യോഹ 12:6). പുരോഹിത നേതൃത്വം യേശുവിനെ അറസ്റു ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അദ്ദേഹത്തെ വിട്ട് ഓടിപ്പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. (മാര്‍ക്കോസ് 14:50). മോശെ വഴി ലഭിച്ച നിയമങ്ങളും ചട്ടങ്ങളും അദ്ദേഹത്തെ എല്ലാ കാലത്തേക്കും പ്രസിദ്ധനാക്കി. അവയില്‍ പലതും ഇന്നും പ്രാബല്യത്തിലിരിക്കുന്നു.പല രാജ്യങ്ങളുടേയും നിയമ നിര്‍മാണത്തില്‍ അത് വമ്പിച്ച സ്വാധീനം ചെലുത്തി. അക്കാര്യത്തില്‍ മുഹമ്മദ്നബിക്ക് മോശെയുമായി ഏറെ സാമ്യമുണ്ട്. ജീവിതത്തിന്റെ മിക്ക മേഖലകളേയും ബാധിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളേയും സ്പര്‍ശിക്കുന്ന ബൃഹത്തായ ഒരു നിയമസംഹിത ഖുര്‍ആനില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും എല്ലാ കാലത്തേക്കുമായി. വരാനുള്ള പ്രവാചകന്‍ ദൈവനാമത്തില്‍ സംസാരിക്കുമെന്നാണ് മോശെ പറഞ്ഞത്. യേശു ദൈവത്തെപ്പറ്റി ധാരാളം സംസാരിച്ചിട്ടുണ്ടെങ്കിലും അവ പൂര്‍ണമായി അതേപടി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല. ദൈവനാമത്തിലല്ല സുവിശേഷങ്ങളുടെ ആരംഭം. സത്യസന്ധമായ ഒരു വിവരണം എഴുതാനാണ് ഉദ്ദേശ്യമെന്ന് ലൂക്കായുടെ ഗ്രന്ഥാരംഭത്തില്‍ കാണാം. ചില കാര്യങ്ങളെ മാത്രം ഉദ്ദേ ശിച്ചുകൊണ്ടുള്ളതാണ് യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന ഭാഗത്തുള്ള സത്യപ്രസ്താവന. ദൈവനാമത്തിലുള്ള കൃതികളല്ലാത്തതുകൊണ്ട് ഉള്ളടക്കം മുഴുവന്‍ കളവാണെന്നല്ല വിവക്ഷ. രണ്ടു ഗ്രന്ഥങ്ങള്‍ തമ്മിലുള്ള ശൈലീ വ്യത്യാസം എടുത്തു പറഞ്ഞെന്നേയുള്ളൂ. മുഹമ്മദ് നിരക്ഷരനായിരുന്നെന്നും ഖുര്‍ആനില്‍ മുഹമ്മദിന്റെ വകയായി യാതൊന്നുമില്ലെന്നും എല്ലാം ദൈവത്തില്‍ നിന്ന് ഗബ്രിയേല്‍ മാലാഖ വഴി നേരിട്ടു ലഭിച്ചതാണെന്നും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദൈവനാമത്തിലാണ് എല്ലാ അധ്യായങ്ങളുടെയും ആരംഭം. ദൈവം പ്രവാചകനായ മുഹമ്മദിനെ സംബോധന ചെയ്തു സംസാരിക്കുന്നതും നിര്‍ദേശിക്കുന്നതുമാണ് ഖുര്‍ആനിലെ ആദ്യന്തമുള്ള ശൈലി. അത്തരം ഒരു ശൈലി മറ്റേതെങ്കിലും ഗ്രന്ഥം സ്വീകരിച്ചതായി കേട്ടിട്ടില്ല. അനവധി ഗ്രന്ഥകാരന്മാര്‍ അനേകം കൊല്ലംകൊണ്ട് എഴുതിത്തീര്‍ത്തതാണ് ബൈബിള്‍. അതുകൊണ്ട് തന്നെ ചില പാകപ്പിഴകളും അതില്‍ കാണാം. ബൈബിളില്‍ അടങ്ങിയിട്ടുള്ള ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ പോലും ക്രൈസ്തവ സഭകള്‍ തമ്മില്‍ യോജിപ്പില്ല. കത്തോലിക്കാ സഭയുടെ ബൈബിളില്‍ എഴുപത്തിമൂന്ന് ഗ്രന്ഥങ്ങളും മറ്റു സഭകളുടേതില്‍ അറുപത്താറു ഗ്രന്ഥങ്ങളുമാണുള്ളത്. ഗ്രന്ഥകാരന്മാരുടെ കാര്യത്തിലുമുണ്ട് ആശയക്കുഴപ്പം. മോശെയുടെ പേരിലുള്ള അഞ്ചു ഗ്രന്ഥങ്ങളില്‍ ഒന്നില്‍ മോശെ മരിച്ച സ്ഥലത്തെപ്പറ്റിയും മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായത്തെപ്പറ്റിയും പ്രതിപാദിക്കുന്നതിനാല്‍ ആ ഗ്രന്ഥം മോശെയുടെ മരണ ശേഷം ആരോ എഴുതിയതാണെന്നു വേണം അനുമാനിക്കാന്‍. സ്വന്തം മരണം രേഖപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലല്ലോ (ആവര്‍ത്തനം. 34:5-8). പുതിയ നിയമത്തിലെ ഗ്രന്ഥങ്ങളുടെ കാര്യത്തിലുമില്ല പൂര്‍ണമായ ഐകരൂപ്യം. ചില ഗ്രന്ഥങ്ങളില്‍ ഏതാനും വാക്യങ്ങള്‍ കൂടുതലും വേറെ ചിലതില്‍ ഏതാനും വാക്യങ്ങള്‍ കുറവും കാണുന്നു. മാര്‍ക്കോസിന്റെ പുസ്തകം 16-ാം അധ്യായം ഒമ്പതു മുതല്‍ ഇരുപതു വരെ വാക്യങ്ങളില്‍ ആ വ്യത്യാസം കാണാം. യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായം ഒന്നുമുതല്‍ പതിനൊന്നു വരെ വാക്യങ്ങളിലുമുണ്ട് അത്തരം വ്യത്യാസം. ഏതാനും ഉദാഹരണങ്ങള്‍ ചൂണ്ടികാണിച്ചെന്നു മാത്രം. എന്നാല്‍ ഖുര്‍ആനില്‍ അത്തരം വ്യത്യാസം കാണുകയില്ല. നബിയുടെ ജീവിതകാലത്തുതന്നെ ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ രേഖപ്പെടുത്തപ്പെട്ടതാണ് ആ ഗ്രന്ഥം മുഴുവന്‍. ‘നിങ്ങളുടെ സ്വന്തം ജനങ്ങളില്‍ നിന്നുള്ള പ്രവാചകന്‍’ എന്ന വിശേഷണം മോശെക്കും മുഹമ്മദിനും ഒരുപോലെ യോജിക്കുന്നു. അബ്രഹാമിന്റെ മക്കളാണ് ഇസ്മായേലും ഇസ്ഹാഖും.ഇസ്ഹാഖിന്റെ വംശ പരമ്പരയില്‍ മോശെയും യേശുവുമുണ്ടായി; ഇസ്മായേലിന്റെ താവഴിയില്‍ മുഹമ്മദും. രണ്ടുപേരുടെയും പൂര്‍വപിതാവ് അബ്രഹാം തന്നെ. വേറെയും പല കാര്യങ്ങളിലുമുണ്ട് മോശെയും നബിയും തമ്മില്‍ സാദൃശ്യം. യേശുവില്‍ നിന്നു വ്യത്യസ്തമായി സാധാരണ മാതാപിതാക്കളില്‍ നിന്നുള്ള സാധാരണ ജനനമായിരുന്നു രണ്ടുപേര്‍ക്കും. രണ്ടുപേരും വിവാഹം ചെയ്തു;മക്കളുണ്ടായി. കുടുംബജീവിതം നയിച്ചു. വാര്‍ധക്യത്തില്‍ മരിച്ചു. ഇതൊന്നും യേശുവിനെ സംബന്ധിച്ച് ബാധകമല്ല. യേശു വിവാഹിതനായിരുന്നില്ല. വെറും മുപ്പത്തിമൂന്നു കൊല്ലമായിരുന്നു ജീവിതകാലം. പ്രബോധനപ്രവര്‍ത്തനമാവട്ടെ മൂന്നു കൊല്ലവും. ശൈശവത്തില്‍ യേശുവിനെ കൊല്ലാന്‍ ഹേറോദ് രാജാവും മോശെയെ കൊല്ലാന്‍ ഫറവോനും ശ്രമിച്ചു എന്ന സാദൃശ്യം അവര്‍ തമ്മിലുണ്ട്. അദ്ഭുത സിദ്ധി കളുടെ കാര്യത്തിലുമുണ്ട് അവര്‍ തമ്മില്‍ സാമ്യം. എന്നാല്‍ മുഹമ്മദ് നബി വഴി ലഭിച്ച ഖുര്‍ആന്‍ എന്ന ഗ്രന്ഥം തന്നെ ഒരു മഹാ അദ്ഭുതമാണെന്ന് പ്രസ്താവിക്കപ്പെടുന്നു. അങ്ങനെ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും വിലയിരുത്തുമ്പോള്‍ ‘എന്നെപ്പോലെ ഒരു പ്രവാചകന്‍’എന്ന് മോശെ പറഞ്ഞത് യേശുവിനെക്കാള്‍ കൂടുതലായി മുഹമ്മദിനാണ് യോജിക്കുക എന്നു മനസ്സിലാക്കാം. മോശെ പറഞ്ഞ പ്രവാചകന്‍ യേശുവല്ല മുഹമ്മദാണ് എന്നംഗീകരിക്കുന്നതുകൊണ്ട് യേശുവിന്റെ പ്രാധാന്യത്തിന് കുറവൊന്നും സംഭവിക്കുന്നുമില്ല. യേശുപോലും തനിക്കു ശേഷം ഒരു പ്രവാചകന്റെ ആഗമനം പ്രവചിച്ചിരിക്കേ അതു സാക്ഷാത്കരിക്കപ്പെടുമ്പോള്‍ യേശുവിന്റെ മഹത്വം വര്‍ധിക്കുകയാണ് ചെയ്യുക. ഒരേ മതത്തിലെ പ്രവാചക പരമ്പരയിലെ അതിപ്രധാന കണ്ണികളാണ് അവര്‍ രണ്ടുപേരും. രണ്ടുപേരുടെയും സന്ദേശങ്ങള്‍ പരസ്പര പൂരകങ്ങളാണ്. ഏ.ഡി.571-ല്‍ ജനിച്ച മുഹമ്മദിനെ ക്രിസ്തുവിനു ശേഷമുള്ള പ്രവാചകനായി അംഗീകരിക്കുമ്പോള്‍ അഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷം ആ പ്രവചനം യാഥാര്‍ത്ഥ്യമായി സംഭവിക്കുകയാണ് ചെയ്യുന്നത്. യേശുക്രിസ്തു മുന്‍കൂട്ടിപ്പറഞ്ഞ പ്രവാചകനല്ല മുഹമ്മദെങ്കില്‍ ക്രിസ്തുവിനു ശേഷം രണ്ടായിരത്തോളം കൊല്ലങ്ങളായിട്ടും ആ പ്രവചനം വാസ്തവമായിത്തീര്‍ന്നിട്ടില്ലെന്നു വേണം വിചാരിക്കാന്‍. അതു യേശുവിനെ സംബന്ധിച്ചേടത്തോളം അങ്ങേയറ്റം ആക്ഷേപാര്‍ഹമാണ്. ആരാണ് ഒരു പ്രവാചകന്‍? ആധികാരികമായി മോശെ നിര്‍വചിച്ചിരിക്കുന്നു: “പ്രവാചകന്‍ ദൈവത്തിന്റെ പേരില്‍ സംസാരിക്കുകയും അയാള്‍ പറയുന്നത് വാസ്തവമായി സംഭവിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അത് ദൈവത്തിന്റെ സന്ദേശമല്ല. ആ പ്രവാചകന്‍ അത് സ്വന്തം നില്ക്ക് പറഞ്ഞതാണ്; അയാളെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.” (ആവര്‍ത്തനം 18:22) യേശുക്രിസ്തു അത്തരം ഒരു പ്രവാചകനല്ലാത്തതുകൊണ്ട് തീര്‍ച്ചയായും ആ പ്രവചനം മുഹമ്മദ് നബിയില്‍ വാസ്തവമായി സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു വിശ്വസിക്കാം.

1 അഭിപ്രായം:

mohamad പറഞ്ഞു...

my dear ,pls learn Holy Bibile then speak about Jesus ,He said when i go to my FatherI will send a spirit, ie holy spirit not mohamad