2009, ജൂലൈ 18, ശനിയാഴ്‌ച

മുഹമ്മദ്നബി

മുഹമ്മദ് നബി ദൈവത്തിന്റെ അന്ത്യദൂതനാണ്. പ്രവാചക പരമ്പരയിലെ അവസാനകണ്ണി. ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് അദ്ദേഹം ജീവിച്ചത്. അതിനാല്‍ ആ ജീവിതം തുറന്നുവെച്ച പുസ്തകമാണ്. അതില്‍ അവ്യക്തതകളോ അസ്പഷ്ടതകളോ ഇല്ല. പ്രവാചകന്റെതുപോലെ ലോകത്ത് ഇന്നോളം ആരുടെയും ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആ മഹദ്ജീവിതത്തിലെ ചെറുതും വലുതും നിസ്സാരവും പ്രധാനവുമായ സംഭവങ്ങളിലൊന്നുപോലും അടയാളപ്പെടുത്തപ്പെടാതിരുന്നിട്ടില്ല. സഹധര്‍മിണിമാരുമായുള്ള സഹവാസത്തിന്റെ വിശദാംശങ്ങളുള്‍പ്പെടെ ആ ജീവിതത്തിലെ എല്ലാം ഏവര്‍ക്കും വായിച്ചെടുക്കാവുന്നതാണ്. മുഹമ്മദ് നബിയുടെ പേരില്‍ ലോകത്തെവിടെയും സ്മാരകങ്ങളോ സ്തൂപങ്ങളോ ഇല്ല. ചിത്രങ്ങളോ പ്രതിമകളോ ഇല്ല. എന്നിട്ടും അദ്ദേഹത്തെപ്പോലെ അനുസ്മരിക്കപ്പെടുന്ന ആരുമില്ല. അനുകരിക്കപ്പെടുന്ന ഒരു നേതാവുമില്ല. ജനകോടികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ജീവിക്കുന്നു. അവരുടെ മുഴു ജീവിതചര്യകളിലും അദ്ദേഹത്തിന്റെ അദൃശ്യസാന്നിധ്യമുണ്ട്.

മരുഭൂമിയിലെ മഹാത്ഭുതം
മുഹമ്മദ് നബി മക്കാ മരുഭൂമിയിലാണ് ജനിച്ചത്. പിറവിക്കുമുമ്പേ പിതാവ് അബ്ദുല്ല പരലോകം പ്രാപിച്ചു. ആറാമത്തെ വയസ്സില്‍ മാതാവ് ആമിനയും അന്ത്യശ്വാസം വലിച്ചു. പിതാവിന്റെ അഭാവത്തില്‍ പരിരക്ഷണം ഏറ്റെടുത്ത പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബും പ്രവാചകന് എട്ട് വയസ്സ് പൂര്‍ത്തിയാകുംമുമ്പേ വിടപറഞ്ഞു. പില്‍ക്കാല സംരക്ഷണബാധ്യത വന്നുചേര്‍ന്നത് പിതൃവ്യന്‍ അബൂത്വാലിബിലായിരുന്നു. അദ്ദേഹം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വ്യക്തിയായിരുന്നു. അതിനാല്‍ ദാരിദ്യ്രവും പ്രവാചകന്റെ കൂടപ്പിറപ്പായി. ചെറുപ്രായത്തില്‍ തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദ് നബിക്ക് അക്ഷരാഭ്യാസം നേടാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ അന്നാട്ടിലെ വൃത്തികേടുകള്‍ അദ്ദേഹത്തെ അല്‍പംപോലും സ്പര്‍ശി ച്ചിരുന്നില്ല. അന്ധവിശ്വാസം, അനാചാരം, അധര്‍മം, അശ്ളീലത, അക്രമം, അനീതി, മദ്യപാനം, വ്യഭിചാരം, കളവ്, ചതി ഇത്തരം ദുര്‍വൃത്തികളിലൊന്നും വീഴാതെ അദ്ദേഹം ജീവിച്ചു. ജീവിതത്തിലൊരിക്കലും കള്ളം പറയാത്തതിനാല്‍ വിശ്വസ്തന്‍ എന്നര്‍ഥം വരുന്ന 'അല്‍ അമീന്‍' എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. മക്ക കവികളുടെയും പ്രസംഗകരുടെയും സാഹിത്യകാരന്മാരുടെയും നാടായിരുന്നെങ്കിലും മുഹമ്മദ് നബി പാഠശാലകളില്‍ പോവുകയോ മതചര്‍ച്ചകളില്‍ പങ്കെടുക്കുകയോ സാഹിത്യ സദസ്സുകളില്‍ സംബന്ധിക്കുകയോചെയ്തിരുന്നില്ല. നാല്‍പതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗകഴിവ് പ്രകടിപ്പിച്ചിരുന്നില്ല. സര്‍ഗസിദ്ധിയുടെ ലക്ഷണംപോലും കണ്ടിരുന്നില്ല. മുഹമ്മദ് നബി നാല്‍പതാം വയസ്സിലേക്ക് പ്രവേശിച്ചതോടെ ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി. മലിനമായ ജീവിതസാഹചര്യങ്ങളില്‍നിന്ന് മാറി ഏകാന്തവാസം നയിക്കുകയാണ് നല്ലതെന്ന് തോന്നി. അങ്ങനെ മക്കയില്‍നിന്ന് മൂന്നുകിലോമീറ്റര്‍ വടക്കുള്ള ഒരു മലയിലെ ഹിറാഗുഹയില്‍ തനിച്ചിരിക്കാന്‍ തുടങ്ങി. ഹിറാ ഗുഹയില്‍ കഴിയവെ ഒരു ലിഖിതവുമായി മലക്ക് ജിബ്രീല്‍ അദ്ദേഹത്തെ സമീപിച്ചു. ജിബ്രീല്‍ കല്‍പിച്ചു: 'വായിക്കുക.' ഇതുകേട്ട നബി തിരുമേനി പ്രതിവചിച്ചു: 'എനിക്ക് വായിക്കാനറിയില്ല.' മലക്ക് വീണ്ടും വായിക്കാനാവശ്യപ്പെട്ടു. പ്രവാചകന്‍ തന്റെ മറുപടിയും ആവര്‍ത്തിച്ചു. മൂന്നാമതും വായിക്കാനാവശ്യപ്പെട്ടപ്പോള്‍ മുഹമ്മദ് നബി ചോദിച്ചു: എന്താണ് ഞാന്‍ വായിക്കേണ്ടത്?' അപ്പോള്‍ മലക്ക് ജിബ്രീല്‍ പറഞ്ഞു കൊടുത്തു: 'സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക. അവന്‍ മനുഷ്യനെ ഒട്ടിപ്പിടിച്ചതില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക; നിന്റെ നാഥന്‍ അത്യുദാരന്‍. പേനകൊണ്ട് പഠിപ്പിച്ചവന്‍; അവനറിയാത്തത് അഭ്യസിപ്പിച്ചവന്‍.'അങ്ങനെ ദൈവം മുഹമ്മദിനെ തന്റെ ദൂതനായി തെരഞ്ഞെടുത്തു. ഒരിക്കല്‍ കൂടി ഉപരിലോകം ഭൂമിയുമായി സംഗമിച്ചു. മനുഷ്യമനസ്സിലേക്ക് ദിവ്യസന്ദേശങ്ങള്‍ പ്രവഹിച്ചു. ദൈവത്തിന് മനുഷ്യരാശിക്കു നല്‍കാനുള്ള അന്ത്യസന്ദേശം. അന്നോളം കച്ചവടക്കാരനും ഭര്‍ത്താവും കുടുംബനാഥനും മാത്രമായ മുഹമ്മദ് ദൈവദൂതനായി മാറുകയായിരുന്നു. ഹിറാഗുഹയില്‍നിന്ന് ലഭിച്ച വേദ വെളിച്ചവും ചുണ്ടുകളില്‍ ദിവ്യവചനങ്ങളുമായി അദ്ദേഹം വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് നീണ്ട ഇരുപത്തിമൂന്ന് വര്‍ഷം നബിതിരുമേനിക്ക് ദിവ്യസന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹത്തിലൂടെ അവതീര്‍ണമായ ദൈവിക ഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. മനുഷ്യരാശിക്കു ലഭിച്ച ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹവും ആ ഗ്രന്ഥം തന്നെ.

സമഗ്ര വിപ്ളവം
കാലം നിരവധി മഹാന്മാരെ കണ്ടിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍, ഭരണാധികാരികള്‍, പണ്ഡിതന്മാര്‍, പ്രതിഭാശാലികള്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, മതനേതാക്കള്‍, തത്ത്വചിന്തകന്മാര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതികവിദഗ്ധര്‍.... മഹാന്മാരുടെ പട്ടിക ഇനിയും നീട്ടാം. അവരില്‍ ചിലര്‍ ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ചിട്ടുമുണ്ട്.എന്നാല്‍ മുഹമ്മദ് നബി അവരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനായി നിലകൊള്ളുന്നു. അദ്ദേഹത്തിന് സമാനതകളോ ഉദാഹരണങ്ങളോ ഇല്ല. എത്ര വലിയ മഹാന്മാര്‍ക്കും ജീവിതത്തിന്റെ ചില വശങ്ങളില്‍ മാത്രമാണ് മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. മാനവ ജീവിതത്തിന്റെ മുഴുമേഖലകളിലും സമഗ്രമായ വിപ്ളവം സൃഷ്ടിച്ച ഒരൊറ്റ വ്യക്തിയേ ചരിത്രത്തിലുണ്ടായിട്ടുള്ളൂ. അത് അല്ലാഹുവിന്റെ അന്ത്യദൂതനായ മുഹമ്മദ് നബിയാണ്.ശീലിച്ചുവന്ന ജീവിത ശൈലിയും പരിചയിച്ചുപോന്ന പാരമ്പര്യങ്ങളും ആചരിച്ചുകൊണ്ടിരിക്കുന്ന ചര്യകളും ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ ദൌര്‍ബല്യമാണ്. അതില്‍നിന്ന് രക്ഷപ്പെടുക ഒട്ടും എളുപ്പമല്ല. ഈ രംഗത്ത് മുഹമ്മദ് നബി വരിച്ച വിജയം വിസ്മയകരമത്രെ. ആറാം നൂറ്റാണ്ടില്‍ അറേബ്യന്‍ സമൂഹത്തില്‍ അള്ളിപ്പിടിച്ചിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അദ്ദേഹം അറുതിവരുത്തി. കല്ലുകളുടെയും മരക്കുറ്റികളുടെയും മുമ്പില്‍ തലകുനിച്ചിരുന്ന അവരെ ഏകനായ ദൈവത്തിന്റെ സന്നിധിയില്‍ മാത്രം ശിരസ്സ് നമിക്കുന്നവരാക്കി. തിന്നും കുടിച്ചും ഭോഗിച്ചും മദിച്ചും സുഖിച്ചും ഉല്ലസിച്ചും തീര്‍ക്കാനുള്ളതാണ് ജീവിതമെന്ന് വിശ്വസിച്ചിരുന്ന ഒരു ജനസമൂഹത്തെ മരണാനന്തര ജീവിത വിജയമാണ് യഥാര്‍ഥ വിജയമെന്ന് പഠിപ്പിച്ചു. അരാജക ജീവിതത്തിന് വിരാമമിട്ട് അവരെ ക്രമങ്ങളുടെയും വ്യവസ്ഥകളുടെയും അതിരടയാളങ്ങളില്‍ ഒതുങ്ങിക്കഴിയുന്നവരാക്കി മാറ്റി. ജീവിതത്തിന്റെ മൌലികാവശ്യങ്ങളിലൊന്നായി മദ്യത്തെ എണ്ണിയിരുന്ന അറേബ്യന്‍ ജനതയെ മദ്യമൊഴിച്ച പാത്രംപോലും ഉപയോഗിക്കാത്തവരും മദ്യംവിളമ്പുന്ന സദസ്സ് ബഹിഷ്കരിക്കുന്നവരുമാക്കി മാറ്റി. അശ്ളീലതക്കും നിര്‍ലജ്ജതക്കും ലൈംഗിക അരാജകത്വത്തിനും അടിപ്പെട്ട് വൃത്തിഹീനമായ ജീവിതം നയിച്ചിരുന്ന സമകാലിക സമൂഹത്തെ കര്‍ക്കശമായ സദാചാര നിയമങ്ങള്‍ കൃത്യമായി പാലിച്ച് വിശുദ്ധജീവിതം നയിക്കുന്നവരാക്കി. ദുര്‍ബലനിമിഷത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ തുറന്നുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങാന്‍ തിടുക്കം കൂട്ടുമാറ് ആത്മസംസ്കരണവും ശിക്ഷണവും നേടിയവരാക്കിത്തീര്‍ത്തു. കുടുംബകലഹത്തിന്റെയും ഗോത്രമാത്സര്യത്തിന്റെയും ഇടുങ്ങിയ ലോകത്തുനിന്ന് അവരെ മോചിപ്പിച്ച് ഏകലോക വീക്ഷണത്തിന്റെ വക്താക്കളാക്കി. പകയുടെയും പാരുഷ്യത്തിന്റെയും പ്രാകൃതചിന്തക്കുപകരം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വികാരങ്ങള്‍ വളര്‍ത്തിയെടുത്തു. സ്വാര്‍ഥവികാരങ്ങള്‍ക്ക് അറുതി വരുത്തി സാഹോദര്യബോധം ഉത്തേജിപ്പിച്ചു. അക്രമത്തിന്റെയും അനീതിയുടെയും ഇരുണ്ട ലോകത്തുനിന്ന് അവരെ സമാധാനത്തിന്റെയും നീതിയുടെയും വെളിച്ചത്തിലേക്കു നയിച്ചു. അടിമകളെയും ഉടമകളെയും മേലാളന്മാരെയും കീഴാളരെയും സൃഷ്ടിച്ചിരുന്ന സാമൂഹിക അസമത്വത്തിന്റെയും ഉച്ചനീചത്വത്തിന്റെയും അവസാനത്തെ അടയാളം പോലും തുടച്ചു നീക്കി. എത്യോപ്യക്കാരനായ ബിലാലും റോമക്കാരനായ സ്വുഹൈബും പേര്‍ഷ്യക്കാരനായ സല്‍മാനും മക്കക്കാരനായ അബൂബക്റും മദീനക്കാരനായ സഅ്ദും ഒരേ സമൂഹത്തിലെ സമന്മാരായ അംഗങ്ങളും തുല്യ പൌരന്മാരുമായി മാറി. ഒരുകാലത്ത് നീഗ്രോ അടിമയും എത്യോപ്യക്കാരനുമായ ബിലാല്‍ ഉന്നതകുലജാതരായ ഖുറൈശികളെക്കാള്‍ മഹിതമായ പദവിയിലെത്തി. പ്രവാചകന്‍ നയിച്ച വിപ്ളവത്തിന്റെ വിജയ പ്രഖ്യാപനം നടത്താന്‍ തെരഞ്ഞെടുക്കപ്പെട്ടതുപോലും അദ്ദേഹമാണ്. ഇവ്വിധം മുഹമ്മദ് നബി ഇരുപത്തിമൂന്നുവര്‍ഷത്തെ നിരന്തര യത്നത്തിലൂടെ മുഴുജീവിതത്തിലും സമൂലമായ മാറ്റം സംഭവിച്ച ഒരു സമൂഹത്തെ വാര്‍ത്തെടുത്തു. ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ചു നടന്നിരുന്ന അറബികളെ ലോകത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നവരാക്കി പരിവര്‍ത്തിപ്പിച്ചു. അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്കൃതരും കാട്ടാളരെ നാഗരികരും പരുഷ പ്രകൃതരെ പരമ ദയാലുക്കളും ക്രൂരരെ കരുണാര്‍ദ്രരും പരാ ക്രമികളെ പരോപകാരികളും ഭീരുക്കളെ ധീരന്മാരുമാക്കി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതിവരുത്തി. സാമൂഹിക അസമത്വവും സാംസ്കാരിക ജീര്‍ണതയും രാഷ്ട്രീയ അടിമത്തവും ധാര്‍മികത്തകര്‍ച്ചയും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കി. അടിമകളുടെയും അധഃസ്ഥിതരുടെയും നില മെച്ചപ്പെടുത്തി. അഗതികള്‍ക്കും അനാഥര്‍ക്കും അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമേകി. സ്ത്രീകളുടെ പദവി ഉയര്‍ത്തി. കുട്ടികള്‍ക്ക് മുന്തിയ പരിഗണന നല്‍കി. തൊഴിലാളികള്‍ക്ക് മാന്യത നേടിക്കൊടുത്തു. പാവപ്പെട്ടവര്‍ക്ക് പരിരക്ഷ നല്‍കി. വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്കൃതവും രാഷ്ട്രത്തെ ക്ഷേമപൂര്‍ണവുമാക്കി. കിടയറ്റ സംസ്കാര-നാഗരികതകള്‍ക്ക് ജന്മം നല്‍കി. അന്ന് പ്രവാചകന്‍ വളര്‍ത്തിയെടുത്ത സമൂഹത്തോളം മാതൃകാപരമായ ഒന്ന് അതിനു മുമ്പോ ശേഷമോ ലോകത്തുണ്ടായിട്ടില്ല. ആ സമൂഹത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് ലോകമെങ്ങുമുള്ള ഇസ്ലാമികസമൂഹം. എന്നാല്‍ പ്രവാചകന്‍ വളര്‍ത്തിയെടുത്ത സമൂഹത്തിന്റെ ജീര്‍ണത ബാധിച്ച തു ടര്‍ച്ചയാണിതെന്ന് പറയേണ്ടി വരും. പ്രവാചകനെ പിന്തുടരുന്നതില്‍ സംഭവിച്ച വീഴ്ചയാണ് അതിന് കാരണം.

നിസ്തുല മാതൃക
മുഹമ്മദ് നബിയുടെ മനസ്സ് നിറയെ സമൂഹത്തോടുള്ള സ്നേഹവാത്സല്യങ്ങളായിരുന്നു. അവര്‍ക്ക് എന്തെങ്കിലും വിപത്തുവരുന്നത് അദ്ദേഹത്തെ അത്യധികം പ്രയാസപ്പെടുത്തി. ജനം സന്മാര്‍ഗം സ്വീകരിക്കാതെ പാപത്തിന്റെ പാഴ്ചേറിലമര്‍ന്ന് നശിക്കുന്നത് സഹിക്കാന്‍ നബിക്കായില്ല. അവരെക്കുറിച്ച ആകുല ചിന്ത അദ്ദേഹത്തെ ആത്മനാശത്തോളമെത്തിച്ചു. അല്ലാഹു അതേക്കുറിച്ച് അദ്ദേഹത്തിന് മുന്നറിയിപ്പു നല്‍കി: "അവര്‍ വിശ്വാസികളായില്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനായി നീ നിന്റെ ജീവനൊടുക്കിയേക്കാം.' (ഖുര്‍ആന്‍: 26:3) തന്നെ കഠിനമായി ദ്രോഹിച്ചവര്‍പോലും ദുര്‍മാര്‍ഗികളായി ദുരിതത്തിലകപ്പെടരുതെന്ന് അദ്ദേഹം ആത്മാര്‍ഥമായി അഭിലഷിച്ചു. മക്കയില്‍ ജീവിതം ദുസ്സഹമായപ്പോള്‍ അഭയം തേടിയാണ് അദ്ദേഹം ത്വാഇഫിലെത്തിയത്. അവിടത്തുകാര്‍ അഭയം നിഷേധിക്കുക മാത്രമല്ല, കഠിനമായി മര്‍ദിക്കുകയും ആട്ടിയോടിക്കുകയും ചെയ്തു. എന്നിട്ടും അവരെ ശിക്ഷിക്കാന്‍ പ്രവാചകന്‍ അനുമതി നല്‍കിയില്ല. അവരുടെ രക്ഷക്കായി പ്രാര്‍ഥിക്കുകയാണ് ചെയ്തത്. തന്നെയും അനുയായികളെയും കഠിനമായി പീഡിപ്പിക്കുകയും നാട്ടില്‍നിന്ന് ആട്ടിയോടിക്കുകയും അമ്പെയ്ത് തന്റെ പല്ല് പൊട്ടിക്കുകയും തന്റെ ഉറ്റവരെ കൊന്നൊടുക്കുകയും ചെയ്ത കൊടിയ ശത്രുക്കള്‍ പോലും പട്ടിണികിടക്കുന്നതും പ്രയാസപ്പെടുന്നതും അദ്ദേഹത്തെ അത്യധികം അലോസരപ്പെടുത്തി. ഹിജ്റ അഞ്ചാംവര്‍ഷം മക്കയില്‍ കടുത്ത പട്ടിണി. പണക്കാര്‍ പോലും പ്രയാസപ്പെട്ടു. അന്ന് അവിടെ ഉണ്ടായിരുന്നവരെല്ലാം നബിയുടെ ബദ്ധവൈരികളായിരുന്നു. എന്നിട്ടും നബി മദീനയില്‍നിന്ന് ധാരാളം ധാന്യം ശേഖരിച്ച് അംറുബ്നു ഉമയ്യ വശം മക്കയിലേക്ക് കൊടുത്തയച്ചു. സ്വയം കാരുണ്യത്തിന്റെ നിറകുടമാവുകമാത്രമല്ല, അനുയായികളെ അവ്വിധം വളര്‍ത്തിയെടുക്കാനും അദ്ദേഹം ശ്രമിച്ചു. യമനിലെ യമാമ ഗോത്രക്കാരനായ സുമാമ ഇസ്ലാം സ്വീകരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'മക്കക്കാര്‍ നബിയോടുള്ള ശത്രുത ഉപേക്ഷിക്കുന്നതുവരെ അവിടേക്ക് യമനില്‍നിന്ന് ഒരുമണി ധാന്യം പോലും കൊണ്ടുപോകാന്‍ അനുവദിക്കുകയില്ല.' വിവരമറിഞ്ഞ പ്രവാചകന്റെ പ്രതികരണം ഇതായിരുന്നു. 'അരുത് സുമാമ! തന്നെ തള്ളിപ്പറയുന്നവരോടുപോലും ഔദാര്യം കാണിക്കുന്നവനാണ് ദൈവം. നാമും അവന്റെ ഗുണമാണ് ഉള്‍ക്കൊള്ളേണ്ടത്. അതിനാല്‍ ശത്രുക്കളോടും കരുണ കാണിക്കുക.' പ്രതികാരമല്ല, വിട്ടുവീഴ്ചയാണ് വിജയത്തിന് വഴിയൊരുക്കുകയെന്ന് നബിതിരുമേനി പഠിപ്പിച്ചു. തന്നെ വധിക്കാന്‍ വാളൂരിയവന്റെ കഥകഴിക്കാനവസരം ലഭിച്ചിട്ടും മാപ്പുനല്‍കി വിട്ടയച്ചു. ശരീരത്തില്‍ എന്നും ചപ്പുചവറിട്ടുകൊണ്ടിരുന്ന ജൂതപ്പെണ്‍കുട്ടിക്ക് മാപ്പ് നല്‍കുകയും അവള്‍ രോഗബാധിതയായപ്പോള്‍ അനുയായികളോടൊന്നിച്ച് സന്ദര്‍ശിച്ച് രോഗശമനത്തിന് പ്രാര്‍ഥിക്കുകയും ചെയ്തു. വിഷം പുരട്ടിയ വാളുമായി കൊല്ലാന്‍ വന്ന ഉമൈറുബ്നു വഹബിനും അയാളെ അതിനു നിയോഗിച്ച സ്വഫ്വാനുബ്നു ഉമയ്യക്കും മാപ്പേകി വെറുതെ വിട്ടു. ഒടുവില്‍ മക്കാ വിജയവേളയില്‍ തന്റെ മുമ്പില്‍ ബന്ദികളായികൊണ്ടുവരപ്പെട്ട ശത്രുക്കളോടായി പ്രവാചകന്‍ പറഞ്ഞു: 'ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല. നിങ്ങള്‍ പോകൂ! നിങ്ങളെല്ലാം സ്വതന്ത്രരാണ്.' മറിച്ചൊരു നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് സാധ്യമാ കുമായിരുന്നില്ല. പ്രകൃത്യാതന്നെ അത്രയേറെ ദയാമയനായിരുന്നു അദ്ദേഹം. പ്രവാചകത്വ ലബ്ധിയുടെ വേളയില്‍ അസ്വസ്ഥനായ നബിതിരുമേനിയെ ആശ്വസിപ്പിച്ചുകൊണ്ട് പ്രിയതമ ഖദീജ പറഞ്ഞ വാക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു: 'അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല. അങ്ങ് കുടുംബബന്ധം ചേര്‍ക്കുന്നു. സത്യം മാത്രം പറയുന്നു. അശരണരെ സഹായിക്കുന്നു. അതിഥികളെ സല്‍ക്കരിക്കുന്നു. ഒരു തെറ്റും ചെയ്യുന്നുമില്ല.' മുഹമ്മദ് നബി സദാ നിലയുറപ്പിച്ചത് മര്‍ദിതരുടെയും പീഡിതരുടെയും കൂടെയാണ്. വളരെ പ്രതികൂലമായ സാഹചര്യത്തില്‍ പോലും കരുത്തനായ എതിരാളി അബൂജഹ്ലില്‍നിന്ന് ഇറശ് ഗോത്രത്തിലെ ഇബ്നുല്‍ ഗൌസിന് അയാളുടെ അവകാശം വാങ്ങിക്കൊടുക്കാന്‍ പ്രവാചകനെ പ്രേരിപ്പിച്ചത് ആ വിശാല മനസ്സിന്റെ അതിരുകളില്ലാത്ത ആര്‍ദ്രതയായിരുന്നു. ഒരു ഗ്രാമീണന്‍ സ്വന്തം മകളെ ജീവനോടെ കുഴിച്ചുമൂടിയ കഥ വിവരിച്ചുകേട്ടപ്പോള്‍ കണ്ണീര്‍വാര്‍ത്ത നബി എക്കാലവും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി നിലകൊണ്ടു. യുദ്ധത്തില്‍ ശത്രുക്കളുടെ കുട്ടികള്‍ കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് കരളലിഞ്ഞ പ്രവാചകന്‍ പറഞ്ഞു: 'യുദ്ധത്തിലായാലും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും നിരായുധരെയും ആരാധനകളില്‍ മുഴുകിക്കഴിയുന്നവരെയും ദ്രോഹിക്കുകയോ വധിക്കുകയോ അരുത്.' ജന്മനാടായ മക്കവിട്ട് മദീനയിലേക്ക് പലായനം ചെയ്യുമ്പോഴും മക്കയിലെ മര്‍ദകരായ തന്റെ എതിരാളികളോട് അദ്ദേഹം ഉറ്റ സൌഹൃദം നിലനിര്‍ത്തി. അതിനാലാണ് അപ്പോഴും അവര്‍ തങ്ങളുടെ സ്വത്ത് സൂക്ഷിക്കാന്‍ അദ്ദേഹത്തെ ഏല്‍പിച്ചിരുന്നത്. ഹിജ്റ വേളയില്‍ അതവര്‍ക്ക് തിരിച്ചുകൊടുക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. അതിനായി പിതൃവ്യ പുത്രന്‍ അലിയെ അവിടെ നിര്‍ത്തി. ഇക്കാരണങ്ങളാലാണ് കൊടിയ ശത്രുക്കള്‍ പോലും അദ്ദേഹത്തെ അങ്ങേയറ്റം ആദരിക്കുകയും വ്യക്തിപരമായി കുറ്റപ്പെടുത്താതിരിക്കുകയും ചെയ്തത്. റോമാ ഭരണാധികാരി ഹെരാക്ളിയസ് മുഹമ്മദ് നബിയെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ ശത്രുക്കളുടെ നേതാവായിരുന്ന അബൂസുഫ്യാനു പോലും ഒരു കുറ്റവും പറയാനുണ്ടായിരുന്നില്ല. പ്രവാചകന്റെ കാരുണ്യവും സ്നേഹവും ഭൂമിയിലെ ജീവജാലങ്ങളിലേക്കും പരന്നൊഴുകി. തന്റെ അനുയായികള്‍ പക്ഷിക്കു ഞ്ഞിനെ എടുത്തുകൊണ്ടുവന്നപ്പോള്‍ കരഞ്ഞുകൊണ്ടു വട്ടമിട്ടുപറന്ന തള്ളപ്പക്ഷിക്ക് അതിനെ തിരിച്ചുകൊടുക്കാന്‍ കല്‍പിച്ച പ്രവാചകന്‍, അവര്‍ തണുപ്പകറ്റാന്‍ തീകത്തിച്ചപ്പോള്‍ അത് പടര്‍ന്നുപിടിച്ച് ഉറുമ്പുകള്‍ കരിയുമെന്നതിനാല്‍ അത് കെടുത്താന്‍ നിര്‍ദേശിച്ചു. ദാഹിച്ച നായക്ക് വെള്ളം കൊടുക്കുന്നത് പാപമോചനത്തിന് കാരണമാകുമെന്നും പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിടുന്നത് കൊടിയ കുറ്റമാണെന്നും പഠിപ്പിച്ച നബിതിരുമേനി കരയുന്ന ഒട്ടകത്തിന്റെ കണ്ണുനീര്‍ തുടച്ചു കൊണ്ട് അതിന്റെ ഉടമയോടു പറഞ്ഞു: 'ഈ ഒട്ടകത്തിന്റെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവെ ഭയപ്പെടുന്നില്ലേ? അല്ലാഹു അതിനെ നമ്മെ ഏല്‍പിച്ചത് നന്നായി സംരക്ഷിക്കാനാണ്. ഒട്ടകത്തെ പരിപാലിച്ചു പോറ്റുന്നവര്‍ക്കേ അതിനെ ഉപയോഗപ്പെടുത്താന്‍ അവകാശമുള്ളൂ.'അനാവശ്യമായി മരത്തിന് കല്ലെറിയരുതെന്നും അതിനുവേദനിക്കുമെന്നും ഓര്‍മിപ്പിച്ച പ്രവാചകന്‍ മക്കാ നഗരത്തോടും ഉഹുദ് മലയോടുമെല്ലാമുള്ള തന്റെ അകംനിറഞ്ഞ സ്നേഹം പ്രകടിപ്പിക്കാന്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. ദൈവത്തിന്റെ അന്ത്യദൂതനും സമൂഹത്തിന്റെ നായകനും രാഷ്ട്രത്തിന്റെ ഭരണാധികാരിയുമെല്ലാമായിരുന്നിട്ടും മുഹമ്മദ് നബി ജനങ്ങളുടെ കൂടെ അവരില്‍ ഒരുവനായി ജീവിച്ചു. അദ്ദേഹത്തിന് സ്ഥാന വസ്ത്രങ്ങളോ സിംഹാസനമോ പ്രത്യേക ഇരിപ്പിടമോ ഉണ്ടായിരുന്നില്ല. അപരിചിതര്‍ വന്നാല്‍ തിരിച്ചറിയാത്ത വിധം അനുയായികള്‍ക്കിടയില്‍ അവരോടൊന്നിച്ചാണ് ഇരുന്നിരുന്നത്. താന്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കരുതെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. അവരോടൊപ്പം യാത്ര ചെയ്യുകയും കിടങ്ങു കുഴിക്കുന്നതിലും ഭക്ഷണം പാകം ചെയ്യുന്നതിലും പങ്കാളിയാവുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹത്തിന് അവരില്‍ സമൂലമായ മാറ്റം വരുത്താന്‍ സാധിച്ചത്. സാമൂഹിക പരിവര്‍ത്തനത്തിന് നബി സ്വീകരിച്ച മാര്‍ഗം സൌമ്യതയുടേതായിരുന്നു. അല്ലാഹു അറിയിക്കുന്നു: "അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൌമ്യനായത്. നീ പരുഷ പ്രകൃതനും കഠിന ഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്ന് അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്കു മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പി ക്കുക.'' (ഖുര്‍ആന്‍: 3: 159)ഇങ്ങനെ എക്കാലത്തെയും എവിടത്തെയും ഏതുജനവിഭാഗത്തിനും അനുകരണീയ മഹിതമാതൃകകള്‍ മുഴുജീവിത മേഖലയിലും സമര്‍പ്പിക്കാന്‍ നബിക്കു സാധിച്ചു. മാനവ ചരിത്രത്തിലെ അതുല്യ വ്യക്തിയായി അദ്ദേഹം മാറാനുള്ള കാരണവും അതുതന്നെ.

നിത്യസാന്നിധ്യം
ഖുര്‍ആന്‍ ഇംഗ്ളീഷ്ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യത്തെ മുസ്ലിം മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താളാണ്. അദ്ദേഹം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഉദ്യോഗസ്ഥനായി മധ്യപൂര്‍വദേശത്ത് താമസിച്ചുവരികയായിരുന്നു. ഒരു ദിവസം വിചിത്രമായ ഒരു സംഭവമുണ്ടായി. പിക്താള്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ തൊട്ടുമുമ്പിലെ വീട്ടില്‍നിന്ന് ഒരു ബഹളം കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ വീട്ടുടമ ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനെ രൂക്ഷമായി ആക്ഷേപിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്യുന്നതാണ് കണ്ടത്. യുവാവ് പകരം എന്തെങ്കിലും പറയുകയോ തിരിച്ചടിക്കുകയോ ചെയ്യുന്നില്ല. ഇതില്‍ അത്ഭുതം തോന്നിയ പിക്താള്‍ ആ ചെറുപ്പക്കാരനെ അടുത്തു വിളിച്ച് കാര്യം അന്വേഷിച്ചു. "ഞാന്‍ അദ്ദേഹത്തോട് അല്‍പം പണം കടം വാങ്ങിയിരുന്നു. നിശ്ചിത അവധിക്ക് തിരിച്ചുനല്‍കാന്‍കഴിഞ്ഞില്ല. അതിനാലാണ് അദ്ദേഹം എന്നെ ശകാരിച്ചതും അടിച്ചതും''- ആ യുവാവ് സംഭവം വിശദീകരിച്ചു. "നിനക്ക് അയാളേക്കാള്‍ ആരോഗ്യമില്ലേ? എന്നിട്ടും എന്തിനാണ് കൈയും കെട്ടി അടികൊള്ളുന്നത്? അങ്ങോട്ടും തിരിച്ചടിച്ചുകൂടേ?'' പിക്താള്‍ ചോദിച്ചു. "കടം വാങ്ങിയാല്‍ നിശ്ചിത അവധിക്ക് തിരിച്ചുനല്‍കണമെന്ന് മുഹമ്മദ് നബി കല്‍പിച്ചിരിക്കുന്നു. കരാര്‍ പാലിക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ കരാര്‍ ലംഘിച്ചിരിക്കുന്നു.അതൊരു തെറ്റ്. എന്നേക്കാള്‍ പ്രായമുള്ള ആളെ അടിച്ച് രണ്ടാമതൊരു തെറ്റും കൂടി ചെയ്യുകയോ? അതൊക്കെയും നബിതിരുമേനി വിലക്കിയ കാര്യമാണ്.''ആ യുവാവിന്റെ ഈ വാക്കുകള്‍ പിക്താളിനെ അത്ഭുതസ്തബ്ധനാക്കി. നൂറ്റാണ്ടുകള്‍ക്കപ്പുറം കടന്നുപോയ മുഹമ്മദ് സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനെ ഇത്രയേറെ സ്വാധീനിക്കുകയോ? ഈ ചിന്ത പിക്താളിനെ പ്രവാചകനെപ്പറ്റി പഠിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഇസ്ലാമിനെക്കുറിച്ച് അഗാധമായി പഠിച്ചതും ഇസ്ലാം സ്വീകരിച്ചതും. ലോകമെങ്ങുമുള്ള മുസ്ലിം ജനകോടികളുടെ നിത്യജീവിതത്തില്‍ പ്രവാചകന്‍ ചെലുത്തുന്ന സ്വാധീനം ആരിലും അത്ഭുതമുളവാക്കുംവിധം അത്യഗാധവും ഏറെ വ്യാപകവുമത്രെ. കാലം നിരവധി നേതാക്കളെയും വിപ്ളവകാരികളെയും പണ്ഡിതന്മാരെയും പ്രതിഭാശാലികളെയും കണ്ടിട്ടുണ്ട്. ഗാന്ധിജി, നെഹ്റു, കാറല്‍മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, റസ്സല്‍, ഐന്‍സ്റീന്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഇവരെയും ഇവരെപ്പോലുള്ള നൂറുകണക്കിന് നേതാക്കളെയും വിശദമായി പരിചയപ്പെടുത്തുന്ന ജീവചരിത്രഗ്രന്ഥങ്ങള്‍ ലോകത്തിലെ വിവിധ ഭാഷകളിലുണ്ട്. എന്നിട്ടും ഗാന്ധിജി ഏതുവശത്തേക്ക് ചെരിഞ്ഞു കിടന്നാണ് ഉറങ്ങിയിരുന്നത്; നെഹ്റു മൂത്രപ്പുരയില്‍ പ്രവേശിക്കുമ്പോള്‍ ഏതു കാലാണ് ആദ്യം എടുത്തുവെച്ചിരുന്നത്; കാറല്‍മാര്‍ക്സ് മുടി ചീകിവെച്ചത് എങ്ങനെയായിരുന്നു; ബര്‍ട്രാന്റ് റസ്സല്‍ വസ്ത്രം ധരിച്ചിരുന്നത് എവ്വിധമായിരുന്നു; ഐന്‍സ്റീന്‍ പല്ലുതേച്ചിരുന്നത് എന്തുകൊണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളൊന്നും ആര്‍ക്കും അറിയുകയില്ല. എന്നാല്‍ മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനുശേഷമുള്ള ഇരുപത്തിമൂന്നു വര്‍ഷത്തെ ജീവിതത്തിലെ ഇത്തരം എല്ലാ വിശദാംശങ്ങളും ലഭ്യമാണ്. പതിനായിരക്കണക്കിന് ഹദീസുകളില്‍ അവയെല്ലാം വളരെ സൂക്ഷ്മമായും കണിശമായും സത്യസന്ധമായും രേഖപ്പെട്ടുകിടക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ലക്ഷക്കണക്കിന് ഗാന്ധിശിഷ്യന്മാരും ഭക്തരുമുണ്ട്. എന്നാല്‍ ഗാന്ധിജി നടന്നതുപോലെ നടക്കണമെന്നോ കിടന്നതുപോലെ കിടക്കണമെന്നോ ഇരുന്നതുപോലെ ഇരിക്കണമെന്നോ സംസാരിച്ചതുപോലെ സംസാരിക്കണമെന്നോ ജീവിച്ചപോലെ ജീവിക്കണമെന്നോ നിഷ്കര്‍ഷ പുലര്‍ത്തുന്ന ആരെയും എവിടെയും കാണാനാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് കമ്യൂണിസ്റുകാരുണ്ടെങ്കിലും കാറല്‍മാര്‍ക്സിനെപ്പോലെ ജീവിക്കാന്‍ തിടുക്കം കാണിക്കുന്ന ആരുമില്ല. യേശുവിന്റെയും ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയുമൊക്കെ അനുയായികളുടെ അവസ്ഥയും ഇതുതന്നെ. എന്നാല്‍, ലോകമെങ്ങുമുള്ള മുസ്ലിംകള്‍ക്ക് മുഹമ്മദ് നബി യുമായുള്ള ബന്ധം ഇതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. അതിനു സമാനതകളില്ല. കഴിഞ്ഞ പതിനാലിലേറെ നൂറ്റാണ്ടുകളായി കോടിക്കണക്കിനു വിശ്വാസികള്‍ ജീവിതത്തിലുടനീളം വളരെ കണിശതയോടെയും സൂക്ഷ്മതയോടെയും അനുധാവനം ചെയ്യുന്നത് ആ മഹദ്ജീവിതത്തെയാണ്. നടത്തത്തിലും കിടത്തത്തിലും ഉറക്കത്തിലും ഉണര്‍ച്ചയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും സമീപനത്തിലും സമ്പ്രദായത്തിലും സംസാരത്തിലും ചിന്തയിലും കേള്‍വിയിലും കാഴ്ചയിലും ആരാധനയിലും ആചാരങ്ങളിലും പ്രാര്‍ഥനകളിലും കീര്‍ത്തനങ്ങളിലുമെല്ലാം പ്രവാചകനെ പിന്തുടരാന്‍ അവര്‍ വെമ്പല്‍ കൊള്ളുന്നു. വികാര വിചാരങ്ങളിലും മുഖഭാവങ്ങളിലും തീനിലും കുടിയിലും പല്ലു തേക്കലിലും മലമൂത്രവിസര്‍ജനത്തിലും വരെ പ്രവാചകചര്യ സ്വീകരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നു. വ്യക്തിജീവിതവും വിവാഹവും വിവാഹമോചനവും കുടുംബജീവിതവും സാമൂഹിക ക്രമവും സാമ്പത്തിക ഇടപാടുകളും സാംസ്കാരിക നിലപാടുകളും രാഷ്ട്രീയക്രമവും ഭരണസംവിധാനവുമെല്ലാം നബിതിരുമേനിയുടെ നിര്‍ദേശങ്ങള്‍ക്കനുരൂപമാകാന്‍ കണിശതയോടെ നിഷ്കര്‍ഷിക്കുന്നു. സഹധര്‍മിണിയോടുള്ള സംസാരവും പെരുമാറ്റവും പോലും പ്രവാചക മാതൃകക്കനുസൃതമാകാന്‍ വിശ്വാസികള്‍ അതിയായി ആഗ്രഹിക്കുന്നു. ഇങ്ങനെ മുസ്ലിംകള്‍ മുഴുജീവിത മേഖലകളിലും പ്രവാചകമാതൃകകളും നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കുന്നു. ലോകമെങ്ങുമുള്ള കോടിക്കണക്കിനു വിശ്വാസികളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് മുഹമ്മദ് നബി തിരുമേനിയുടെ അദൃശ്യ സാന്നിധ്യമാണെന്നര്‍ഥം. അതുകൊണ്ടുതന്നെ അദ്ദേഹത്തെപ്പോലെ അനുകരിക്കപ്പെടുകയോ പിന്തുടരപ്പെടുകയോ ചെയ്യുന്ന മറ്റൊരു നേതാവിനെ എവിടെയും ആര്‍ക്കും കാണാനാവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: