2009, ജൂലൈ 18, ശനിയാഴ്‌ച

മുഹമ്മദ്നബി സാധിച്ചവിപ്ളവം

ഓരോ മതക്കാരും ഓരോ ജനവിഭാഗവും അവരവരുടെ ആചാര്യന്മാരെയും നേതാക്കന്മാരെയും അതിശയോക്തി കലര്‍ത്തി ഉയര്‍ത്തിക്കാട്ടാറുണ്ട്. നിറക്കൂട്ടുള്ള ചായങ്ങളില്‍ കൊത്തിയെടുത്ത ഇത്തരം വിഗ്രഹശില്‍പങ്ങള്‍ സാധാരണക്കാരന്റെ വീരാരാധനാമനസ്സിനെ തൃപ്തിപ്പെടുത്താനും ഭക്തജനങ്ങളില്‍ വികാരാവേശം വളര്‍ത്താനും ആവശ്യമായിരിക്കാം. സത്യസന്ധമോ വൈചാരികമോ അല്ലാത്ത ഈ സാമാന്യരീതിയില്‍ നിന്ന് ഭിന്നമായി മഹദ്വ്യക്തിത്വങ്ങളെ വിലയിരുത്തുന്നേടത്ത് മാത്രമേ മാനുഷ്യകത്തിന് അനുകരണീയമായ ജീവിത മാതൃകകള്‍ ഉരുത്തിരിഞ്ഞു വരികയുള്ളൂ. ദൈവത്തിന്റെ സന്ദേശവാഹകരായ പ്രവാചകന്മാര്‍പോലും ഇതിന്നപവാദമാകേണ്ടതില്ല. ഇന്ന് ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെടുന്നതും അവര്‍ തന്നെയാണല്ലോ! നബിമാരുടെ ‘മദ്ഹ്’പറയുന്നവരും ‘പൈശാചികവചനങ്ങള്‍’എഴുതുന്നവരും കുറവല്ല. എന്നാല്‍ അവര്‍ ആരായിരുന്നുവെന്നും അവര്‍ സാധിച്ച വിപ്ളവം എന്തായിരുന്നുവെന്നും വസ്തുനിഷ്ഠമായി കണ്ടെത്തുവാനുള്ള ശ്രമം നടക്കുന്നില്ല. ഒരു മാതൃകയെന്ന നിലയില്‍ മുഹമ്മദ്നബി സാധിച്ച വിപ്ളവത്തിന്റെ ചില വശങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.
ഏകമാനവികത:
മനുഷ്യസമൂഹത്തെ ഒരേ മാതാപിതാക്കളുടെ മക്കളായും ഏകോദരസഹോദരങ്ങളായും കണ്ട് എല്ലാ മനുഷ്യര്‍ക്കുംവേണ്ടി സംസാരിച്ച ആദ്യ വിപ്ളവകാരി (അവസാനത്തെയും) മുഹമ്മദ്നബിയാണ്. അതുവരെയുള്ള, ദൈവനിയുക്തരായ പ്രവാചകന്മാരുടെ പ്രബോധനങ്ങള്‍ തത്ത്വത്തില്‍ മനുഷ്യരാശിക്കു പൊതുവായുള്ളതുതന്നെയെങ്കിലും അതതുകാലത്തെ നാഗരികവും ഭൂമിശാസ്ത്രപരവും മറ്റുമായ പരിമിതികളാല്‍ ഫലത്തില്‍ സ്വന്തം ജനതയ്ക്കും നാട്ടുകാര്‍ക്കും മാത്രമേ ബാധകമായിരുന്നുള്ളൂ. അതായിരുന്നു പ്രായോഗികവും. എന്നാല്‍ മുഹമ്മദ്നബിക്ക് അവതരിച് പ്രഥമദിവ്യബോധനംതന്നെ‘മനുഷ്യ’നെയാണ് പരാമര്‍ശിക്കുന്നത്. (ഖുര്‍ആന്‍.അദ്ധ്യായം:96) നബി കൊണ്ടുവന്ന ഗ്രന്ഥത്തിന്റെ പ്രാരംഭം (ഫാത്തിഹ) തന്നെ സര്‍വ്വലോകങ്ങളുടെ നാഥനും കരുണാമയനുമായ ദൈവത്തിനുള്ള കൃതജ്ഞതയോടുകൂടിയാണ്. തിരുനബിയെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് അറബികളുടെ നബിയെന്നോ മുസ്ലിംകളുടെ നബിയെന്നോ അല്ല, ലോകാനുഗ്രഹിയായ പ്രവാചകനെന്നാണ്. മനുഷ്യനാണ് ഖുര്‍ആനിന്റെ ഇതിവൃത്തം. മനുഷ്യനോടാണ് ഖുര്‍ആന്റെ സംബോധന. മാനവതയുടെ വിമോചകനാണ് പ്രവാചകന്‍. അതുകൊണ്ടുതന്നെ, എല്ലാ തരത്തിലും തലത്തിലുമുള്ള മനുഷ്യര്‍, ജാതി-മത, വര്‍ണ-വര്‍ഗ, ദേശ-ഭാഷാ വ്യത്യാസമില്ലാതെ പ്രവാചകന്റെ പ്രബോധനത്തില്‍ ആകൃഷ്ടരായത് തികച്ചും സ്വാഭാവികമായിരുന്നു. ക്രൈസ്തവനായ റോമാക്കാരന്‍ സുഹൈബ്, അഗ്നിയാരാധകനായ പേര്‍ഷ്യക്കാരന്‍ സല്‍മാന്‍, ആഫ്രിക്കയിലെ തൊലി കറുത്ത നീഗ്രോ അടിമ ബിലാല്‍, ഉന്നതകുലജാതരായ അബൂബക്കര്‍, ഉമര്‍, പണക്കാരായ ഉസ്മാന്‍, അബ്ദുറഹ്മാനുബ്നുഔഫ്, പാവപ്പെട്ടവരായ അബൂദര്‍റ്, അബൂഹുറയ്റ, ചെറുപ്പക്കാരനായ അലി, വനിതാ വിഭാഗത്തില്‍ നിന്ന് ആദ്യമായി ഖദീജ, മക്കക്കാരായ മുഹാജിറുകള്‍, മദീനക്കാരായ അന്‍സ്വാറുകള്‍, ശത്രുഗോത്രങ്ങളായ ഔസ്, ഖസ്റജ്-അങ്ങനെ ജീവിതത്തിന്റെ എല്ലാ ഭാവവൈവിധ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മാതൃകാ വ്യക്തിത്വങ്ങള്‍ പ്രവാചകന്റെ കാലത്തുതന്നെ ഇസ്ലാമികദര്‍ശനത്തിന്റെ സാര്‍വ്വലൌകികതയുടെ സമതലത്തില്‍ തോളുരുമ്മി നില്‍ക്കുന്നതായി നാം കാണുന്നു. പ്രവാചകവിപ്ളവത്തിന്റെ മാനവികതയെ അടിവരയിടുന്ന ഈ ചേതോഹരമായ ചിത്രം ഏത് സംശയാലുവിനെയും വിസ്മയിപ്പിക്കുന്ന ചരിത്രയാഥാര്‍ത്ഥ്യമത്രെ. മുഹമ്മദ്നബിക്ക് ശേഷമാകട്ടെ, ലോകം മഹാവിപ്ളവകാരികളെന്ന് വാഴ്ത്തുന്നവരെല്ലാംതന്നെ മനുഷ്യനുവേണ്ടി മനുഷ്യനെ സംബോധന ചെയ്തവരായിരുന്നില്ലായെന്നതാണ് സത്യം. ന്യൂനപക്ഷ-ഭൂരിപക്ഷങ്ങളെയോ തൊഴിലാളി-മുതലാളി വര്‍ഗങ്ങളെയോ കിഴക്ക്-പടിഞ്ഞാറ് ദിക്കുകളെയോ വെളുപ്പ്-കറുപ്പ് വര്‍ണങ്ങളെയോ സ്വന്തം ദേശ-ഭാഷകളെയോ ആണ്, മനുഷ്യനെയല്ലാ അവര്‍ കണ്ടത്. സാക്ഷാല്‍ കാറല്‍മാര്‍ക്സ് പോലും കവിഞ്ഞാല്‍ ഒരു സാമ്പത്തിക വര്‍ഗത്തിന്റെ നേതാവേ ആകുന്നുള്ളൂ. അവിടെയാണ് പ്രവാചകവിപ്ളവത്തിന്റെ തനിമയും പുതുമയും!

സമഗ്രത,സമ്പൂര്‍ണത:
മുഹമ്മദ്നബി സാധിച്ച വിപ്ളവത്തിന്റെ രണ്ടാമത്തെ സവിശേഷത എല്ലാ തുറകളെയും അതുള്‍ക്കൊള്ളുന്നു.എന്നതാണ് മനുഷ്യന്റെ ഉള്ളും പുറവും പാടെ മാറ്റി, പുതിയൊരു മനുഷ്യനാക്കുകയായിരുന്നു പ്രവാചകന്‍. ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ പിടിച്ച കാട്ടറബിയെ ഭരണകൂടത്തിന്റെ ചെങ്കോലേന്തിക്കുക മാത്രമല്ല നബി ചെയ്തത്; മദ്യലഹരിയിലും മദാലസകളിലും മതിമറന്ന അപരിഷ്കൃത മനുഷ്യനെ ജീവിതവിശുദ്ധിയുടെ ഉത്തുംഗശ്രേണിയിലേക്കുയര്‍ത്തുകകൂടി ചെയ്തു ആ മഹാപരിഷ്കര്‍ത്താവ്. പ്രവാചകശിഷ്യന്മാരെക്കുറിച്ച് പ്രതിയോഗികള്‍ നടത്തിയ ഒരു വിലയിരുത്തല്‍ ഇവിടെ ശ്രദ്ധേയ മാണ്.‘പകല്‍ പടയാളികള്‍, പാതിരാവില്‍ പ്രാര്‍ത്ഥനാനിരതര്‍’എന്നായിരുന്നു മുസ്ലിം ജവാന്മാര്‍ക്ക് അവര്‍ നല്‍കിയ സാക്ഷ്യപത്രം. അല്ലാമാ ഇഖ്ബാല്‍ തന്റെ ‘പൂര്‍ണമനുഷ്യനെ’ഇവരില്‍ കണ്ടെത്തിയതില്‍ അത്ഭുതമില്ല. തീ തുപ്പുന്ന മഹാവിപ്ളവകാരികള്‍, സ്വകാര്യജീവിതമെന്ന് സൌകര്യപൂര്‍വ്വം ഒഴിച്ചുനിര്‍ത്തുന്ന ജീവിതത്തിന്റെ രഹസ്യമേഖലകള്‍പോലും പ്രവാചകന്റെ പരിഷ്കരണ വരുതിക്ക് പുറത്തായിരുന്നില്ല.അതുകൊണ്ട് തന്നെ നബിയുടെ മാതൃകാജീവിതത്തിന്റെ എല്ലാ ഉള്ളറകളും അനുയായികള്‍ക്ക് പഠനവിഷയമായിരുന്നു. ഏത് അന്ധനും വായിക്കാവുന്ന തുറന്ന ഗ്രന്ഥമായിരുന്നു പ്രവാചകജീവിതം.

മധ്യമാര്‍ഗം:
ജീവിതത്തിന്റെ ഭിന്ന ഭാവങ്ങളെയും വിരുദ്ധ താല്‍പ്പര്യങ്ങളെയും തികച്ചും സന്തുലിതമായ ഒരു മധ്യമാര്‍ഗത്തില്‍ സമന്വയിപ്പിച്ചുവെന്നതാണ് വിപ്ളവത്തിന്റെ വിസ്മയജനകമായ മൂന്നാമത്തെ സവിശേഷത. വ്യക്തി-സമൂഹം, നിയമം-ധര്‍മം, ആത്മാവ്-പദാര്‍ത്ഥം, ഇഹലോകം-പരലോകം, മതം-രാഷ്ട്രം, ആരാധന-ആയോധനം, സ്വാര്‍ത്ഥം-പരാര്‍ത്ഥം, അവകാശം-ബാധ്യത, സ്ത്രീ-പുരുഷന്‍, പ്രാചി-പ്രതീചി എന്നീ വൈവിധ്യങ്ങള്‍ക്കെല്ലാം അനുയോജ്യവും നീതിയുക്തവുമായ ഒരു സമന്വയമാണ് പ്രവാചകന്‍ കണ്ടെത്തിയത്. ആ സന്തുലിത ജീവിത മാര്‍ഗത്തെയാണ് വിശുദ്ധഖുര്‍ആന്‍ മധ്യമാര്‍ഗമെന്ന് വിശേഷിപ്പിച്ചത്.മനുഷ്യന്‍ദൈവത്തിന്റെപ്രതിനിധി:നബിയുടെ വിപ്ളവദര്‍ശനത്തിന്റെ നാലാമത്തെ സവിശേഷത, മനുഷ്യന് തന്റെ സ്ഥാനവും നിലപാടും കണിശമായി നിര്‍ണയിച്ചുകൊടുത്തുവെന്നതാണ്. ദൈവത്തിന്റെ ദാസന്‍, ഭൂതലത്തില്‍ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് ആ നിലപാട്. മനുഷ്യന്‍ എന്തുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ദൈവഹിതം മാനിച്ചു മാത്രമാകണം. സൃഷ്ടികള്‍ക്ക് പാടുള്ളതും ഇല്ലാത്തതും പറയേണ്ടത് സൃഷ്ടികര്‍ത്താവാണ്. ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ നിയമം അതാണ് ശരി. ആ വലിയ ശരിയെ പിന്‍പറ്റി മാത്രം ജീവിക്കുവാന്‍ മനുഷ്യന്‍ ജന്മനാ ബാധ്യസ്ഥനും പ്രതിജ്ഞാബദ്ധനുമാണ്. എന്നാല്‍ ദൈവഹിതമാകുന്ന നിയന്ത്രണരേഖയുടെ വിശാലമായ നാഴികക്കുറ്റികള്‍ക്കു നടുവില്‍ ഒട്ടേറെ സ്വാതന്ത്യ്രം മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു. മറ്റൊരു ഭാഷയില്‍, ഭൂതലമാകുന്ന ദൈവിക സാമ്രാജ്യത്തിലെ സ്വയംഭരണാധികാരമുള്ള അസ്തിത്വമാണ് മനുഷ്യന്‍. അടിമത്തത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും ഭാവങ്ങള്‍ പ്രാതിനിധ്യമെന്ന സംഗമബിന്ദുവില്‍ സന്ധിക്കുന്നേടത്ത് മനുഷ്യന്‍ അവനെത്തന്നെ തിരിച്ചറിയുന്നു.‘മനുഷ്യന്‍ തന്നെ കണ്ടെത്തുമ്പോള്‍ തന്റെ സൃഷ്ടികര്‍ത്താവിനെ കണ്ടെത്തുന്നു’

വിമോചനത്തിന്റെ ദൈവമാര്‍ഗം:
ഭാരം ചുമക്കുന്നവന് അത്താണിയായും പാരതന്ത്യ്രത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുന്ന വിമോചകനായുമാണ് വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനെ വിശേഷിപ്പിച്ചിരിക്കുന്നത്. വിമോചനത്തിന് തെരഞ്ഞെടുത്ത പാതയുടെ വ്യത്യസ്തതയാണ് പ്രവാചകവിപ്ളവത്തിന്റെ അഞ്ചാമത്തെ സവിശേഷത. മര്‍ദ്ദകനെതിരെ മര്‍ദ്ദിതനെ സംഘടിപ്പിച്ച് സമരോത്സുകനാക്കുകയായിരുന്നില്ല പ്രവാചകന്റെ രീതി. മര്‍ദ്ദകനെ ശക്തിയായി സംബോധന ചെയ്തുകൊണ്ട് അവനില്‍ മൌലികമായി മാറ്റമുണ്ടാക്കുകയായിരുന്നു പ്രവാചകന്‍. മര്‍ദ്ദകനോട് അവിടുന്ന് ദയയും നീതിയും യാചിക്കുകയായിരുന്നില്ല, ദൈവത്തിന്റെ പേരില്‍ ശക്തിയുക്തം ശാസിക്കുകയും ഗുണദോഷിക്കുകയും ഭയാനകമായ ഭവിഷ്യത്തിനെക്കുറിച്ച് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് അവനെ അടിമുടി പിടിച്ചുകുലുക്കുകയും അവനിലെ മനുഷ്യനെ ഉയിര്‍ത്തെഴുന്നേല്പിക്കുകയുമാണ് ചെയ്തത്. നൂതനമായ ഈ വിമോചനപാത അപ്രായോഗികമോ അവിശ്വസനീയമോ ആയി തോന്നാമെങ്കിലും സംഭവിച്ചത് അതാണ്. അറേബ്യയിലെ ഗോത്ര മഹത്ത്വബോധം അവസാനിപ്പിച്ചത്, ധനികന്റെ ധനത്തില്‍ ദരിദ്രന് ഓഹരി നിശ്ചയിച്ചത്, അടിമ മോചനത്തിന് ആക്കംകൂട്ടിയത്, സ്ത്രീക്ക് സ്വത്തിലും കുടുംബത്തിലും അവകാശം നിര്‍ണയിച്ചത്, ബഹുഭാര്യത്വം നിയന്ത്രിച്ചത്, അടിമയായ സൈദിനെക്കൊണ്ട് തറവാട്ടുകാരിയായ സൈനബയെ കല്യാണം കഴിപ്പിച്ചത്, സൈദിന്റെ മകന്‍ ഉസാമയെ സര്‍വ്വസൈന്യാധിപനായി നിയമിച്ചത് അങ്ങനെ നൂറ്നൂറ് സംഭവങ്ങള്‍ ആ ചരിത്രസത്യത്തിന് സാക്ഷ്യം വഹിക്കുന്നു. ഏറ്റവുമൊടുവില്‍, മക്കാ വിജയത്തിന്റെ ചരിത്രമുഹൂര്‍ത്തത്തില്‍ ബിലാലെന്ന നീഗ്രോയുവാവിലൂടെ കഅ്ബയുടെ ഉത്തുംഗ ഗോപുരത്തില്‍ വിജയത്തിന്റെ ബാങ്കൊലി മുഴങ്ങിയേടത്ത് ആ നൂതന വിപ്ളവം അതിന്റെ ക്ളൈമാക്സില്‍ എത്തിനില്‍ക്കുന്നതായി നാം കാണുന്നു.

വിപ്ളവം ആരുടെ?:
മുഹമ്മദ്നബി സാധിച്ച മഹാ വിപ്ളവത്തിന്റെ ഏറ്റവും മൌലികമായ സവിശേഷത ആ വിപ്ളവത്തിന്നാധാരമായ ജീവിതദര്‍ശനം നബിയുടേതായിരുന്നില്ല, അതിനായി നബിയെ നിയോഗിച്ചയച്ച അല്ലാഹുവിന്റേതായിരുന്നുവെന്നതാണ്.നബി നബിയാകുന്നതും അതുകൊണ്ടുതന്നെ. അബ്ദുല്ലായുടെ മകന്‍ മുഹമ്മദിന് 40 വയസ്സുവരെ സാധിക്കാത്തത് അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദ് 40-ാം വയസ്സില്‍ സാധിച്ചതും അതുകൊണ്ടാണ്. അതാണ് ഇസ്ലാം, അതാണ് പ്രവാചകന്‍. “അദ്ദേഹം സ്വേഛപ്രകാരം സംസാരിക്കുന്നില്ല. അത് ദിവ്യബോധനം മാത്രമാണ്.” (ഖുര്‍ആന്‍:53:3,4) “അങ്ങനെ നാം നിങ്ങളെ ഒരു മധ്യമസമൂഹമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാന്‍; പ്രവാചകന്‍ നിങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും.” (ഖുര്‍ആന്‍ : 2:143) “....അദ്ദേഹം അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം ഇറക്കിവെക്കുകയും അവരെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്യുന്നു.” (ഖുര്‍ആന്‍:7:157)

2 അഭിപ്രായങ്ങൾ:

mansoor പറഞ്ഞു...

ഈ ജീവിതമാത്രക നമ്മുടെ ജീവിതത്തിനും
വെളിച്ചവും തെളിച്ചവും നന്മ്മയും വിശുഢിയും നല്‍ക്കടെ http://punnyarasool.blogspot.com/2012/09/blog-post.html

Unknown പറഞ്ഞു...

fot black aaakuka