2009, ജൂലൈ 15, ബുധനാഴ്‌ച

ഇസ്ലാംമത തത്ത്വങ്ങള്‍


പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറേബ്യാ മരുഭൂമിയില്‍ ജനിച്ച മുഹമ്മദ് നബിയാല്‍ പ്രബോധനം ചെയ്യപ്പെട്ട മതമാണ് ഇസ്ലാം. ഇസ്ലാം ഒരു നവീന മതമല്ല. ഇസ്ലാംമതം നബിക്കു മുമ്പും ഉണ്ടായിരുന്നു. മനുഷ്യരെ നേര്‍വഴിയില്‍ നടത്തുവാനായി ഓരോ കാലങ്ങളില്‍ പ്രവാചകന്മാര്‍ മുഖേന ദൈവം നല്‍കിയിട്ടുള്ള ഉപദേശ സമുച്ചയമാണ് ഇസ്ലാം മതം. മനുഷ്യരുണ്ടായ കാലംതുടങ്ങി ഇസ്ലാംമതവും ഉണ്ടായിട്ടുണ്ട്. പല കാരണവശാലും ദൈവമതത്തിന് മാലിന്യം ഭവിക്കുമ്പോള്‍, ആ മാലിന്യങ്ങളെ തുടച്ചു കളഞ്ഞു പൂര്‍വ മതത്തിന്റെ പരിശുദ്ധത നിലനിറുത്തുന്നതിനും കാലോചിതങ്ങളായ കൂടുതല്‍ ഉപദേശങ്ങള്‍ നല്‍കാനുമായിട്ടാണ് വിഭിന്നകാലങ്ങളില്‍ വിഭിന്ന ജനസമുദായങ്ങളില്‍ അനേകം പ്രവാചകന്മാര്‍ ഉണ്ടായിട്ടുള്ളത്. ഇവരെല്ലാം ഉപദേശിച്ച മതംതന്നെയാണ് ഇസ്ലാംമതം. ഇവരില്‍ അവസാനമായി ജനിച്ച പ്രവാചകനത്രെ മുഹമ്മദ്നബി. അതിനാല്‍ ഖുര്‍ആന്റെ ശാസനയനുസരിച്ച് ഒരു ഇസ്ലാംമതവിശ്വാസി സകല പ്രവാചകന്മാരെയും ഒരുപോലെ വിശ്വസിക്കാന്‍ നിര്‍ബന്ധിതനുമാണ്.അന്യ മതാനുസാരികള്‍ക്ക് വിശ്വസിക്കാന്‍ പാടില്ലാത്തതായി യാതൊരു തത്ത്വങ്ങളും ഇസ്ലാമിലില്ലെന്നുള്ളതുംഈ മതത്തിന്റെ വൈശിഷ്ട്യങ്ങളില്‍ ഒന്നാണ്. അതായത് ഇസ്ലാംമതത്തിന്റെ മൂല പ്രമാണങ്ങള്‍ ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ സകല മതങ്ങളിലും കാണപ്പെടുന്നവ മാത്രമാണ്. അതിനാല്‍ ഒരുവന്‍ മുസ്ലിമാകുമ്പോള്‍ കൂടുതലായി ഒന്നും വിശ്വസിക്കേണ്ടി വരില്ല. കുറേ അന്ധവിശ്വാസങ്ങളെ വര്‍ജിക്കണമെന്നേയുള്ളൂ.ഇസ്ലാം
മതത്തിന്റെ മറ്റൊരു പ്രത്യേകത; അതിന്റെ പ്രമാണ ഗ്രന്ഥം ഇന്നും വള്ളിപുള്ളി വ്യത്യാസം കൂടാതെ പൂര്‍വ പരിശുദ്ധതയില്‍തന്നെ സ്ഥിതി ചെയ്യുന്നുവെന്നുള്ളതാണ്. ആരു വിചാരിച്ചാലും ഇനി അതില്‍ ഒരക്ഷരം പോലും മാറ്റാന്‍ സാധിക്കില്ല. ഖുര്‍ആനത്രെ ഇസ്ലാംമതത്തിന്റെ പ്രമാണ ഗ്രന്ഥം. ഈ മഹല്‍ ഗ്രന്ഥം പ്രബോധനം ചെയ്യുന്ന മതതത്ത്വങ്ങളുടെ ഒരു ചുരുക്ക വിവരണമാണ് താഴെ പറയുന്നത്. ഇസ്ലാംമതത്തില്‍ വിശ്വാസപരമായും കര്‍മപരമായും രണ്ട്തരം പ്രമാണങ്ങളുണ്ട്. ഏകദൈവത്തിലും ആ ദൈവത്തിന്റെ വെളിപാടുകളിലും പര ലോകത്തിലും വിശ്വസിക്കുന്നതാണ് വിശ്വാസ പ്രമാണങ്ങള്‍. പ്രാര്‍ഥന, വ്രതാനുഷ്ഠാനം, നിര്‍ബന്ധദാനം, ഹജ്ജ്(തീര്‍ഥയാത്ര) ഇതുകളത്രെ ഇസ്ലാമിലെ കര്‍മപരമായ പ്രമാണങ്ങള്‍. ഈ തത്ത്വങ്ങളെ സംബന്ധിച്ച ഒരു സംക്ഷിപ്ത വിവരണം മാത്രം താഴെ ചേര്‍ക്കുന്നു.
വിശ്വാസ പ്രമാണങ്ങള്‍
ഇവയെ വിശദീകരിക്കുന്നതിനു മുമ്പ് ഒരു കാര്യം മുന്‍കൂട്ടി പറയേണ്ടിയിരിക്കുന്നു. അതായത് ഇസ്ലാംമതത്തില്‍ കേവലം വിശ്വാസത്തിന് സ്ഥാനമൊന്നുമില്ല. പ്രവൃത്തിരൂപത്തിലുള്ള വിശ്വാസത്തിനേ ഇസ്ലാംമതത്തില്‍ സ്ഥാനമുള്ളൂ. ഓരോ മനുഷ്യന്നും അവന്റെ സ്രഷ്ടാവായ ദൈവത്തോടും അവന്റെ സമസൃഷ്ടികളോടും വിഭിന്നങ്ങളായ കര്‍ത്തവ്യങ്ങളുണ്ട്. അവന്റെ വിശ്വാസം ഈ കര്‍ത്തവ്യ നിര്‍വഹണത്തിന് അവനെ പ്രേരിപ്പിക്കുന്നവയായിരിക്കണം. നാം ഓര്‍ക്കേണ്ട മറ്റൊരു വസ്തുത, സാമാന്യ ജനങ്ങള്‍ക്കുപോലും അനുഷ്ഠിക്കാന്‍ കഴിയാത്ത ഉപദേശങ്ങള്‍ ഇസ്ലാംമതത്തില്‍ ഇല്ലെന്നുള്ളതാണ്. ആദര്‍ശഭക്തന്മാരെമാത്രം സന്തോഷിപ്പിക്കുന്നവയും, എന്നാല്‍ പ്രായോഗികജീവിതത്തിന് പറ്റാത്തതുമായ യാതൊരു ഉപദേശവും ഇസ്ലാംമതത്തിലില്ലതന്നെ.
1. ദൈവം: ഏകദൈവ വിശ്വാസമാണ് ഇസ്ലാം മതത്തിലെ വിശ്വാസപ്രമാണങ്ങളില്‍ പ്രഥമമായിട്ടുള്ളത്. അഖില ലോക സ്രഷ്ടാവും അഖിലലോക സംരക്ഷകനും ദയാലുവും കരുണാവാരിധിയുമായ ഏകദൈവത്തില്‍ വിശ്വസിക്കുന്നവന്‍ മാത്രമേ മുസ്ലിമാവുകയുള്ളൂ. സര്‍വശക്തനും സര്‍വജ്ഞനുമാണ് ദൈവം.
2. വെളിപാടുകള്‍: മതങ്ങളെല്ലാം ദൈവത്തിന്റെ വെളിപാടുകളാണ്. മനുഷ്യര്‍ക്ക് സന്മാര്‍ഗോപദേശം ചെയ്യുകയത്രെ ഈ വെളിപാടുകളുടെ ഉദ്ദേശ്യം. ഇതിലേക്ക് ദൈവം മനുഷ്യന്റെയോ മൃഗങ്ങളുടെയോ രൂപത്തില്‍ അവതരിക്കുന്നുവെന്നല്ല മുസ്ലിംകള്‍ വിശ്വസിക്കുന്നത്. പിന്നെയോ, മനുഷ്യനായി പിറന്ന ഒരാള്‍ ആത്മീയ പരിശുദ്ധിയാല്‍ ദൈവപ്രബോധനം സ്വീകരിക്കാന്‍ പ്രാപ്തനാവുകയും അദ്ദേഹം മുഖേന സത്യമായ മാര്‍ഗം ജനങ്ങള്‍ കണ്ടറിയുകയും ചെയ്യുന്നു. ഈ വിധം ദൈവപ്രബോധനം സ്വീകരിച്ച് ദൈവമതമായ ഇസ്ലാം ജനങ്ങള്‍ക്കു ഉപദേശിച്ചു കൊടുത്തിട്ടുള്ള പ്രവാചകന്മാര്‍ നിരവധിയുണ്ട്. എബ്രഹാം, മോസസ്, ജീസസ് മുതലായ പലരുടെയും പേരുകള്‍ ഖുര്‍ആനില്‍എടുത്തു പറഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം വിശ്വസിക്കാനും ഒരു മുസ്ലിം, മതത്താല്‍ നിര്‍ബന്ധിതനാണ്. ഇവരെപ്പോ ലെ പലരുടെയും നാമങ്ങള്‍ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഒരു ജനസമുദായത്തിനെങ്കിലും, ഉപദേശകന്‍ ലഭിക്കാതിരുന്നിട്ടില്ലെന്നും ഖുര്‍ആന്‍തന്നെ ഘോഷിക്കുന്നു. ഇസ്ലാംമതത്തിന്റെ അനിതര സാധാരണമായ സഹിഷ്ണുതക്കും വിശാലതക്കും ഇതൊരു പ്രധാന ഉദാഹരണമാണ്.
3. പരലോകജീവിതം: മരണത്തോടുകൂടി ശരീരം മാത്രമേ നശിക്കുന്നുള്ളൂവെന്നും ആത്മാവ് ശേഷിച്ചിരിക്കുമെ ന്നും,ഈ ലോകത്തുവെച്ചു ഒരു മനുഷ്യന്‍ചെയ്ത പുണ്യ-പാപങ്ങളനുസരിച്ച് അവന്‍ സുഖദുഃഖങ്ങള്‍ അനുഭവിക്കുമെന്നുമാണ് ഈ വിശ്വാസ പ്രമാണത്തിന്റെ സാരം.
കര്‍മപരമായ തത്ത്വങ്ങള്‍
ഓരോ മനുഷ്യനും അവന്റെ സ്രഷ്ടാവായ ദൈവത്തിന്റെ നേര്‍ക്കും സമസൃഷ്ടികളുടെ നേര്‍ക്കുമുള്ള കര്‍ത്തവ്യങ്ങളെയാണ്, ഇസ്ലാംമതത്തിലെ കര്‍മപരമായ തത്ത്വങ്ങള്‍വിവരിക്കുന്നത്, ഇസ്ലാംമതത്തില്‍ ഏറ്റവും പ്രധാനമായതും ഈ കര്‍ത്തവ്യാനുഷ്ഠാനം തന്നെയാണ്. ദൈവത്തിന്റെ രക്ഷാകര്‍തൃത്ത്വവും മനുഷ്യന്റെ സഹോദരത്വവുമാണ്, അതായത് ദൈവാരാധനയും മനുഷ്യസേവനവുമാണ് ഇസ്ലാംമതത്തിന്റെ ജീവസ്സായ സത്ത്. ദൈവത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയുമാണ് ഒരു മുസ്ലിമിന്റെ ലക്ഷണമെന്ന് ഖുര്‍ആന്റെ പല ഭാഗത്തും ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നതിന്റെ അര്‍ഥം ഇതുതന്നെയാണ്.പ്രവൃത്തിപരമായി നാല് തത്ത്വങ്ങളാണുള്ളത്:
1. പ്രാര്‍ഥന: ശരീര പോഷണത്തിന് ആഹാരമെന്നപോ ലെ, ആത്മാവിന്റെ വളര്‍ച്ചക്ക് പ്രാര്‍ഥനയും അത്യന്താപേക്ഷിതമായിരിക്കുമെന്നതിനാല്‍,ദിവസം അഞ്ചുനേരത്തെ പ്രാര്‍ഥന ഇസ്ലാംമതം വിധിക്കുന്നു. സര്‍വശക്തനായ ദൈവത്തിനു പരിപൂര്‍ണമായി കീഴടങ്ങി ഹൃദയം തുറന്ന് ദൈവത്തോടു ചെയ്യുന്ന അഭ്യര്‍ഥനയാണല്ലോ പ്രാര്‍ഥന. ഇത്തരം ഹൃദയംഗമമായ പ്രാര്‍ഥന, സകല ദുര്‍വിചാരങ്ങളില്‍നിന്നും ദുഷ്പ്രവൃത്തി കളില്‍നിന്നും രക്ഷിക്കുന്നു. ഒരു മുസ്ലിം പ്രാര്‍ഥിക്കുമ്പോള്‍, അവന്റെയും ദൈവത്തിന്റെയും ഇടയില്‍ നില്‍ക്കാന്‍ ആരെയും ആവശ്യമില്ല. ഇസ്ലാമില്‍ പാടെ വിരോധിച്ചിട്ടുള്ളതാണ് പൌരോഹിത്യം.
2. വ്രതാനുഷ്ഠാനം: പ്രാര്‍ഥനപോലെത്തന്നെ ആത്മീയോല്‍ക്കര്‍ഷത്തിന് ആവശ്യമായിട്ടുള്ളതാണ് വ്രതാനുഷ്ഠാനം.ഒരു കൊല്ലത്തില്‍ ഒരു മാസമാണ് ഈ വ്രതാനുഷ്ഠാനത്തിനു വിധിച്ചിട്ടുള്ളത്.
3. ദാനം: ഓരോ ധനികനും അവന്റെ ധനത്തില്‍ ഒരു നിശ്ചിതശതമാനം (രണ്ടര ശതമാനം) സാധു സംരക്ഷണത്തിന്നായി നീക്കിവെക്കല്‍ മതത്തില്‍ നിര്‍ബന്ധമാണ്. അതായത് ഈ മുസ്ലിംസഹോദരസംഘത്തില്‍ ഒരു ധനികനു പ്രവേശനം വേണമെങ്കില്‍, ദരിദ്രസഹോദരങ്ങള്‍ക്കായി, അവന്റെ ധനത്തിന്റെ ഒരു ഭാഗം നല്‍കിയേ തീരൂ. ഈ മത നിബന്ധന, പരമാര്‍ഥത്തില്‍ ധനികനെയും ദരിദ്രനെയും കൂട്ടി ബന്ധിക്കുന്ന സഹോദര ശൃംഖലയാണ്.
4. തീര്‍ഥാടനം: ധനസ്ഥിതി അനുവദിക്കുന്നപക്ഷം, സുഖവും സൌകര്യവുമുള്ള ഓരോ മുസ്ലിമും അവന്റെആയുസ്സില്‍ ഒരിക്കലെങ്കിലും മക്കയില്‍ തീര്‍ഥാടനത്തിനുപോകണമെന്നുള്ളതും ഇസ്ലാംമതത്തിന്റെ കര്‍മപദ്ധതിയില്‍പെട്ടതാണ്. ഐക്യം, സമത്വം, സാഹോദര്യം മുതലായ പല തത്ത്വങ്ങളും ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. ലോകത്തുള്ള മുസ്ലിംകള്‍ കൊല്ലത്തില്‍ ഒരിക്കല്‍ ഒരു സ്ഥലത്തു ഒരുമിച്ചുകൂടി പരസ്പരം ആശയവിനിമയം ചെയ്യുകസമുദായസംഘടനക്കു ഏറ്റവും സഹായകമാണെന്നു പറയേണ്ടതില്ലല്ലോ. ഈ തീര്‍ഥാടനം നടത്തുന്ന സന്ദര്‍ഭത്തില്‍ ഓരോരുത്തനും-രാജാവായാലും പ്രജയായാലും കുബേരനായാലും കുചേലനായാലും-ഒറ്റവസ്ത്രം മാത്രംധരിച്ചിരിക്കണം. സമത്വത്തെയും സാഹോദര്യത്തെയും വളര്‍ത്തുവാന്‍ ഇതില്‍കൂടുതല്‍ എന്താണു വേണ്ടത്?ഇത്രയുമാണ് ഇസ്ലാംമതത്തിലെ പ്രധാന തത്ത്വങ്ങള്‍. ഞാന്‍ മുമ്പ് പറഞ്ഞപോലെ ഇവയില്‍ ഒന്നെങ്കിലും ഒരു അന്യമതസ്ഥനു അഹിതമായി തോന്നാവുന്നതല്ല. എന്നാല്‍ അന്യമതങ്ങളില്‍ കാണാത്തതായ തത്ത്വം ഇവയില്‍ യാതൊന്നുമില്ല. ഇസ്ലാം ഇവയെല്ലാം ക്രോഡീകരിച്ച് വ്യവസ്ഥപ്പെടുത്തി എന്നു മാത്രമേയുള്ളൂ.
സ്വാതന്ത്യ്രം, സമത്വം, സഹോദരത്വം
മേല്‍പറഞ്ഞ മത തത്ത്വങ്ങളെ ശ്രദ്ധിച്ചുനോക്കിയാല്‍, ദൈവവിശ്വാസത്തിനു പുറമെ സമത്വം, സ്വാതന്ത്യ്രം, സഹോദരത്വം ഇതുകളാണ് ഇവയില്‍ മുഴച്ചു നില്‍ക്കുന്നതെന്നു കാണാന്‍ കഴിയും. ഇസ്ലാമിലെ എല്ലാ മതാനുഷ്ഠാനങ്ങളിലും ഈ തത്ത്വങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. പ്രാര്‍ഥനതന്നെ ഒരുമിച്ച് തോളോടുതോള്‍ ചേര്‍ന്നുനിന്നു നടത്തുന്നത് ശ്രേഷ്ഠതരമാണെന്നു വിധിച്ചിട്ടുണ്ട്. മുസ്ലിംകള്‍ അവരുടെ ആദര്‍ശങ്ങളില്‍ നിന്നു വളരെ അകന്നാണ് ഇന്നു ജീവിക്കുന്നതെങ്കിലും ഈ അധഃപതനകാലത്തു തന്നെയും ഒരു മുസ്ലിംപള്ളിയില്‍ചെന്നു നോക്കിയാല്‍ കുബേരനും കുചേലനും വ്യത്യാസലേശം കൂടാതെ തോളോടുതോള്‍ ചേര്‍ന്ന് പ്രാര്‍ഥിക്കുന്നതു കാണാം. വ്രതാനുഷ്ഠാനവും സഹോദരത്വത്തെ പുലര്‍ത്തുവാന്‍ ഏറ്റവും പ്രയോജനപ്പെടുന്നു. ധനികന്റെ വയറ്റില്‍ വിശപ്പു തട്ടുമ്പോള്‍ അവനു മുഴുപ്പട്ടിണിക്കാരായ ദരിദ്രന്മാരുടെ നേര്‍ക്ക് അനുകമ്പ
തോന്നിപ്പോകും. ദാനത്തെസംബന്ധിച്ച മതവിധി, സഹോദരത്വത്തിന്നു ഒരു ഒന്നാംതരം മകുടോദാഹരണമാണ്. സമത്വവും സഹോദരത്വവും പ്രദര്‍ശിപ്പിക്കാതെ തീര്‍ഥാടനം നടത്തുവാന്‍തന്നെ സാധ്യമല്ല. ഈ വിധത്തില്‍ ഇസ്ലാംമതം സമത്വവും സഹോദരത്വവും ഉപദേശിക്കുകമാത്രമല്ല, അതിന്റെ എല്ലാ കര്‍മവശങ്ങളില്‍കൂടിയും ഇവയെ പ്രായോഗികമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. ഇതുകൊണ്ട്തന്നെയാണ് ഇസ്ലാംചരിത്രം സമത്വത്തിനും സഹോദരത്വത്തിനും മകുടോദാഹരണമായി പരിലസിക്കുന്നത്.

2 അഭിപ്രായങ്ങൾ:

vkabdu പറഞ്ഞു...

vkabduനന്നായിട്ടുണ്ട്. വിജയം നേരുന്നു.

വഴിയോരം... പറഞ്ഞു...

I am very pleasured to see your task (Islampadasala) is still going on though there are several crisis due to the lack of sufficient sources in its all means...
Wish you all the best ...May Allah help you to go ahead with this great mission up to open it with in proposed time frame and to get His grace through in both worlds....
Keep in touch with ..
Best Regards and Thanks
Naseer Nadwi
Riyadh,KSA
+966 548321286/500486359
naseermarangattu@gmail.com
naseerks@yahoo.com
nasksaithu@hotmail.com