ഖുര്‍ആന്‍ മനുഷ്യര്‍ക്കുള്ള ദൈവത്തിന്റെ സന്ദേശമാണ്. അത് ദൈവത്തിന്റെ അന്ത്യദൂതനായ മുഹമ്മദ്നബിയിലൂടെയാണ് അവതീര്‍ണമായത്. ആത്മീയതയോട് അതി തീവ്രമായ ആഭിമുഖ്യമുണ്ടായിരുന്ന മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തില്‍നിന്ന് മാറി ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി. ഏകാന്തവാസം ഏറെ ഇഷ്ടപ്പെട്ടു. നാല്‍പതാമത്തെ വയസ്സില്‍ മക്കയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്കുള്ള മലമുകളിലെ ഹിറാഗുഹയില്‍ ധ്യാനനിരതനായിരിക്കുക പതിവായിരുന്നു. അങ്ങനെ ഒരു നാള്‍ ഗുഹയിലായിരിക്കെ മലക്ക് ജിബ്രീല്‍ അദ്ദേഹത്തെ സമീപിച്ച് കല്‍പിച്ചു: 'വായിക്കുക!' ഇതു കേട്ട നബിതിരുമേനി മൊഴിഞ്ഞു: 'എനിക്കു വായിക്കാനറിയില്ല.' മലക്ക് വീണ്ടും വായിക്കാനാവശ്യപ്പെട്ടു. പ്രവാചകന്‍ തന്റെ മറുപടിയും ആവര്‍ത്തിച്ചു. മൂന്നാമതും വായിക്കാനാവശ്യപ്പെട്ടപ്പോള്‍ മുഹമ്മദ്നബി ചോദിച്ചു: 'എന്താണ് ഞാന്‍ വായിക്കേണ്ടത്?' അപ്പോള്‍ മലക്ക് ജിബ്രീല്‍ പറഞ്ഞുകൊടുത്തു: "സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക. അവന്‍ മനുഷ്യനെ ഒട്ടിപ്പിടിക്കുന്നതില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക. നിന്റെ നാഥന്‍ അത്യുദാരനാണ്. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് അഭ്യസിപ്പിച്ചവന്‍'(96:1-5). ആദ്യം അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളിവയാണ്. പ്രവാചകനും അനുചരന്‍മാരും തങ്ങളുടെ ജീവിതത്തില്‍ അഭിമുഖീകരിച്ച വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പ്രപഞ്ചനാഥന്‍ നിര്‍ദേശിക്കുന്ന പരിഹാരമെന്ന നിലയിലാണ് പലപ്പോഴും ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചുകൊണ്ടിരുന്നത്. 'ഖുര്‍ആന്‍' എന്നാല്‍ വായന എന്നര്‍ഥം. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണ്. നൂറുകോടിയിലേറെ ജനങ്ങള്‍ അതു വായിക്കുന്നു. പത്തും ഇരുപതും തവണയല്ല; നൂറും ഇരുനൂറും തവണ. ആയിരത്തിനാനൂറ് വര്‍ഷമായി ഇത് ഇടവിടാതെ തുടര്‍ന്നു വരുന്നു. ഇന്നോളം ഇതിനു മുടക്കം വന്നിട്ടില്ല. ഇനി വരികയുമില്ല. ഖുര്‍ആന്‍ എത്ര തവണ വായിച്ചാലും മടുപ്പുണ്ടാവില്ല. ഓരോ പാരായണവും പുതിയ പാരായണത്തിന് പ്രേരിപ്പിക്കുന്നു. അത് ഹൃദിസ്ഥമാക്കിയവര്‍ അനേക ലക്ഷമാണ്. അര്‍ഥം അറിയുന്നവരും അറിയാത്തവരും അവരിലുണ്ട്. അത് മനഃപാഠമാക്കിയ അനേകായിരങ്ങളില്ലാത്ത കാലമുണ്ടായിട്ടില്ല. ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. എല്ലാവരും അതില്‍ സമാവകാശികളുമാണ്. ആര്‍ക്കും അതിലൊരു പ്രത്യേകാവകാശവുമില്ല. പാരായണം നടത്തുകയും പഠിക്കുകയും ചെയ്യുന്നവര്‍ ഈ ബോധത്തോടെ അത് നിര്‍വഹിക്കുമ്പോള്‍ അവര്‍ അല്ലാഹുവുമായി ബന്ധപ്പെടുന്നു. അല്ലാഹു തങ്ങളോട് സംസാരിക്കുന്നതായും കല്‍പനകളും നിര്‍ദേശങ്ങളും നല്‍കുന്നതായും അനുഭവപ്പെടുന്നു. അങ്ങനെ അല്ലാഹുവിന്റെ സംബോധിതനാവുകയെന്ന മഹാഭാഗ്യം സിദ്ധിക്കുന്നു. മുഴുലോകത്തിന്റെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ സന്ദേശത്തിന് അര്‍ഹനാവുന്നതിനെക്കാള്‍ മഹത്തായ അനുഗ്രഹം മറ്റെന്തുണ്ട്?ഖുര്‍ആന്റെ ആശയമെന്നതുപോലെ ഭാഷയും ദൈവികമാണ്. അത് മനുഷ്യന് വിജയത്തിന്റെ വഴി കാണിച്ചുകൊടുക്കുന്നു. അംഗീകരിക്കുന്നവരെ നേര്‍വഴിയില്‍ നടത്തുന്നു. ഇരുളകറ്റി പ്രകാശം പരത്തുന്നു. ഐഹിക ക്ഷേമവും പരലോകരക്ഷയും ഉറപ്പുവരുത്തുന്നു. അതിന്റെ ഉള്ളടക്കം അനുവാചകരില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്നു. ഹൃദയങ്ങളില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു. മനസ്സുകളെ കാരുണ്യനിരതമാക്കുന്നു. കരളില്‍ കുളിരു പകരുന്നു. സിരകളിലേക്ക് കത്തിപ്പടരുന്നു. മസ്തിഷ്കങ്ങളില്‍ മിന്നല്‍പ്പിണരുകള്‍പോലെ പ്രഭ പരത്തുന്നു. അങ്ങനെ അതവരെ അഗാധമായി സ്വാധീനിക്കുന്നു. പരിപൂര്‍ണമായി പരിവര്‍ത്തിപ്പിക്കുന്നു. വിശ്വാസം, ജീവിതവീക്ഷണം, ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം- എല്ലാറ്റിലും മാറ്റമുണ്ടാക്കുന്നു. വികാരം, വിചാരം, സമീപനം, സങ്കല്‍പം- സകലതിനെയും നിയന്ത്രിക്കുന്നു. ശരീരത്തെ കരുത്തുറ്റതും മനസ്സിനെ സംസ്കൃതവും ആത്മാവിനെ ഉല്‍കൃഷ്ടവും ചിന്തയെ പക്വവും വിവേകത്തെ വികസിതവുമാക്കുന്നു. വിനയത്തിന്റെയും വിട്ടുവീഴ്ചയുടെയും വികാരങ്ങള്‍ വളര്‍ത്തുന്നു. സ്ഥൈര്യത്തിന്റെയും ക്ഷമയുടെയും പാഠങ്ങള്‍ അഭ്യസിപ്പിക്കുന്നു. വിശ്വാസത്തെയും ജീവിതത്തെയും കൂട്ടിയിണക്കുന്നു. വാക്കുകളെയും കര്‍മങ്ങളെയും കോര്‍ത്തിണക്കുന്നു. വിപ്ളവത്തെയും വിമോചനത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിയില്‍പെട്ടുഴലുന്ന മനുഷ്യന്റെ മുമ്പില്‍ അഭൌതിക ജ്ഞാനത്തിന്റെ അറകള്‍ തുറന്നുവെക്കുന്നു. വ്യക്തിജീവിതം, കുടുംബഘടന, സമൂഹസംവിധാനം, സാമ്പത്തിക സമീപനം, രാഷ്ട്രീയക്രമം, ഭരണനിര്‍വഹണം- മുഴുമേഖലകളെയും ഖുര്‍ആന്‍ പുനഃസംവിധാനിക്കുന്നു. ഖുര്‍ആന്‍ സ്പര്‍ശിക്കാത്ത വശമില്ല. കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ചരിത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, സാമൂഹികശാസ്ത്രം, തത്ത്വശാസ്ത്രം, മനഃശാസ്ത്രം, കുടുംബകാര്യങ്ങള്‍, സാമ്പത്തികക്രമങ്ങള്‍,രാഷ്ട്രീയനിയമങ്ങള്‍, സദാചാര നിര്‍ദേശങ്ങള്‍, ധാര്‍മിക തത്ത്വങ്ങള്‍, സാംസ്കാരിക വ്യവസ്ഥകള്‍ എല്ലാം ഖുര്‍ആനിലുണ്ട്. എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ ഇവയൊന്നും വിവരിക്കുന്ന ഗ്രന്ഥമല്ല. എല്ലാം അത് കൈകാര്യം ചെയ്യുന്നു, ഒരേ ലക്ഷ്യത്തോടെ. മാനവതയുടെ മാര്‍ഗദര്‍ശനമാണ ത്. അതിനാല്‍ ഖുര്‍ആന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. അവന്‍ ആരെന്ന് അത് പറഞ്ഞുതരുന്നു. ജീവിതം എന്താണെന്നും എന്തിനെന്നും എങ്ങനെയാവണമെന്നും വിശദീകരിക്കുന്നു. മരണശേഷം വരാനുള്ളവ വിവരിക്കുന്നു. പരലോകത്തെപ്പറ്റി പറഞ്ഞുതരുന്നു. സ്വര്‍ഗ-നരകങ്ങളെ പരിചയപ്പെടുത്തുന്നു. വായിക്കാനാവശ്യപ്പെട്ട് അവതീര്‍ണമായ ഗ്രന്ഥമാണത്. അതിന്റെ അകം അറിവിന്റെ അതിരുകളില്ലാത്ത ലോകമാണ്. ഏത് സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കുമത് പരിഹാരം നിര്‍ദേശിക്കുന്നു. ഇരുള്‍മുറ്റിയ ജീവിതമേഖലകളിലെല്ലാം പ്രകാശം പരത്തുന്നു. സത്യം, സമത്വം, സാഹോദര്യം, നീതി, ന്യായം, യുദ്ധം, സന്ധി എല്ലാറ്റിനെയും ദിവ്യവെളിച്ചത്തില്‍ വിലയിരുത്തുന്നു. മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, അയല്‍ക്കാര്‍, അനാഥര്‍, അഗതികള്‍, തൊഴിലാളികള്‍, തൊഴിലുടമകള്‍, ഭരണാധികാരികള്‍, ഭരണീയര്‍ എല്ലാവര്‍ക്കുമിടയിലെ പരസ്പരബന്ധം എവ്വിധമാകണമെന്ന് നിര്‍ദേശിക്കുന്നു. ഓരോരുത്തരുടെയും അവകാശ-ബാധ്യതകള്‍ നിര്‍ണയിക്കുന്നു.അതില്‍ ഇടംകിട്ടാത്ത ഇടപാടുകളില്ല. വിശകലനം ചെയ്യാത്ത വിഷയങ്ങളില്ല. എല്ലാറ്റിലും ഏറ്റവും ശരിയായത് കാണിച്ചുതരുന്നു. പരമമായ സത്യത്തിലേക്ക് വഴിനടത്തുന്നു. ഖുര്‍ആന്‍ ജീവിതത്തെയും മരണത്തെയും ബന്ധിപ്പിക്കുന്നു. ഇഹലോകത്തെയും പരലോകത്തെയും കൂട്ടിയിണക്കുന്നു. നാം ജീവിക്കുന്ന ഭൌതിക പ്രപഞ്ചത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് അഭൌതിക കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് ഏറെ പരിമിതികളുണ്ട്. അതിനാല്‍ ഖുര്‍ആനിലൂടെ അല്ലാഹു മനുഷ്യനോട് സംസാരിച്ചപ്പോള്‍ സ്വീകരിച്ച ഭാഷയും ശൈലിയും സമൂഹത്തിന് മനസ്സിലാവുംവിധമുള്ളതാണ്. അല്ലാഹു, സ്വര്‍ഗം, അവിടത്തെ അരുവികള്‍, പഴങ്ങള്‍, നരകം, അതിലെ ശിക്ഷകള്‍, മലക്കുകള്‍, പിശാചുക്കള്‍ പോലുള്ളവയെ സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. അതിനാല്‍ അഭൌതിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച വിവരങ്ങളെല്ലാം മനുഷ്യന് മനസ്സിലാകുന്ന ശൈലിയില്‍ സമര്‍പ്പിക്കപ്പെട്ടവയാണെന്നും ആത്യന്തികമായ യാഥാര്‍ഥ്യങ്ങള്‍ ഭൂമിയില്‍ വെച്ച് മനുഷ്യന് ഉള്‍കൊള്ളാന്‍ കഴിയുന്നതിന് അതീതമാണെന്നും അംഗീകരിച്ചുകൊണ്ടായിരിക്കണം ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്. മറിച്ചായാല്‍ അല്ലാഹുവിന്റെ കൈ, സിംഹാസനം, കേള്‍വി, കാഴ്ച, സ്വര്‍ഗത്തിലെ നദികള്‍, പഴങ്ങള്‍ പോലുള്ള അനേകം ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചേക്കും. പൂര്‍വിക സമൂഹങ്ങളുടെ നിരവധി ചരിത്ര സംഭവങ്ങള്‍ ഖുര്‍ആന്‍ സമര്‍പ്പിക്കുന്നു. എന്നാല്‍ അവയുടെ കാലമേതെന്ന് പറഞ്ഞിട്ടില്ല. മനുഷ്യരാശിയുടെ ഗതകാലാനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ജീവിതത്തെ ദീപ്തമാക്കുകയെന്ന ഖുര്‍ആന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് ചരിത്രസംഭവങ്ങളെ കാലവുമായി ബന്ധിപ്പിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ മര്‍മങ്ങളില്‍ ശ്രദ്ധപതിയാന്‍ ആവശ്യമായ സമീപനമാണ് ഖുര്‍ആന്‍ ആദ്യാവസാനം സ്വീകരിച്ചത്. കാലം കണ്ട ഏറ്റവും കരുത്തുറ്റ വിപ്ളവം സൃഷ്ടിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്കൃതരും കാട്ടാളരെ നാഗരികരും പരുഷപ്രകൃതരെ പരമദയാലുക്കളും ക്രൂരരെ കരുണാര്‍ദ്രരും പരാക്രമികളെ പരോപകാരികളും ഭീരുക്കളെ ധീരരും കിരാതരെ സ്നേഹമയരുമാക്കി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതിവരുത്തി.സാമൂഹിക ഉച്ചനീചത്വവും സാംസ്കാരികജീര്‍ണതയും രാഷ്ട്രീയ അടിമത്തവും ധാര്‍മികത്തകര്‍ച്ചയും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കി. അടിമകളുടെയും അധഃസ്ഥിതരുടെയും നില മെച്ചപ്പെടുത്തി. അഗതികള്‍ക്കും അനാഥര്‍ക്കും അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമേകി. സ്ത്രീകളുടെ പദവി ഉയര്‍ത്തി. കുട്ടികള്‍ക്ക് മുന്തിയ പരിഗണന നല്‍കി. തൊഴിലാളികള്‍ക്ക് മാന്യത നേടിക്കൊടുത്തു. പാവപ്പെട്ടവര്‍ക്ക് പരിരക്ഷ നല്‍കി. വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്കൃതവും രാഷ്ട്രത്തെ ക്ഷേമപൂര്‍ണവും ലോകത്തെ പ്രശാന്തവുമാക്കി. നിസ്തുലമായ സാംസ്കാരിക-നാഗരികതകള്‍ക്ക് ജന്മമേകി.സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ഏകഗ്രന്ഥം ഖുര്‍ആനാണ്. ഒരക്ഷരം പോലും ഒഴിയാതെ എല്ലാം അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അതവകാശപ്പെടുന്നു. അതോടൊപ്പം നിരവധി പ്രവചനങ്ങള്‍ നടത്താന്‍ ധൈര്യപ്പെടുന്നു. പരാജിതരായ റോമക്കാര്‍ പത്തുകൊല്ലത്തിനകം ജയിക്കുമെന്ന് പ്രഖ്യാപിക്കുന്നു. നന്നെ നിസ്സഹായാവസ്ഥയിലായിരുന്ന പ്രവാചകനും അനുചരന്മാരും വിജയം വരിക്കുമെന്നും പ്രഗല്‍ഭരും പ്രബലരുമായ പ്രതിയോഗികള്‍ പരാജിതരാവുമെന്നും പ്രവചിക്കുന്നു. ദൈവദൂതനെ വധിക്കാന്‍ ശത്രുക്കള്‍ സകലശ്രമവും നടത്തിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സമ്പൂര്‍ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു. അങ്ങനെ എത്രയെത്ര പ്രവചനങ്ങള്‍! ഒന്നെങ്കിലും പിഴച്ചിരുന്നെങ്കില്‍ ഖുര്‍ആന്റെ അവകാശവാദങ്ങളൊക്കെ തകര്‍ന്നടിയുമായിരുന്നു. ദൈവികത തീര്‍ത്തും ചോദ്യം ചെയ്യപ്പെടുമായിരുന്നു. ഖുര്‍ആന്റെ പ്രവചനങ്ങളെല്ലാം പരമാര്‍ഥമായി പുലര്‍ന്നു. ഒന്നുപോലും പിഴച്ചില്ല. ദൈവികമെന്ന് ഉദ്ഘോഷിച്ചുകൊണ്ടു തന്നെ അത് നിരവധി ശാസ്ത്രസത്യങ്ങള്‍ വെളിപ്പെടുത്തി. അവയൊന്നും അന്ന് നിലവിലുണ്ടായിരുന്ന നിഗമനങ്ങളോ സങ്കല്‍പങ്ങളോ ആയിരുന്നില്ല. ആയിരുന്നെങ്കില്‍ കാലപ്രവാഹത്തില്‍ പിഴവ് പ്രകടമാകുമായിരുന്നു. അന്നത്തെ ജനത്തിന് അജ്ഞാതമായിരുന്ന പ്രാപഞ്ചിക സത്യങ്ങളും പ്രകൃതിനിയമങ്ങളുമാണ് ഖുര്‍ആന്‍ അനാവരണം ചെയ്തത്. പിന്നിട്ട പതിനാല് നൂറ്റാണ്ടുകളിലൂടെ അവയുടെ സത്യത തെളിയിക്കപ്പെട്ടു. വരുംനൂറ്റാണ്ടുകള്‍ അവക്ക് കൂടുതല്‍ വ്യക്തത നല്‍കും. ഖുര്‍ആന്‍ പറഞ്ഞതൊന്നുപോലും പിഴച്ചിട്ടില്ല. ചരിത്രകഥനത്തിലും ഇതുതന്നെ സംഭവിച്ചു. അന്നത്തെ ജനത്തിനറിയാത്ത പലതും ഖുര്‍ആന്‍ പറഞ്ഞു. നിലവിലുണ്ടായിരുന്ന പല ധാരണകളെയും തിരുത്തി. അതൊക്കെയും അര്‍ഥപൂര്‍ണമായിരുന്നുവെന്ന് പില്‍ക്കാല പഠനങ്ങള്‍ തെളിയിച്ചു.ഹോമര്‍, റൂമി, ഷേക്സ്പിയര്‍, ഗോയ്ഥേ, ഗാലിബ്, ടാഗോര്‍, ഇഖ്ബാല്‍, ടോള്‍സ്റോയി, ഷെല്ലി, എല്ലാവരുടെയും കൃതികള്‍ ഉത്കൃഷ്ടം തന്നെ. എന്നാല്‍, അവരുടെ രചനകളിലെ പല പദങ്ങളും ഇന്ന് പ്രയോഗത്തിലില്ല. ഭാഷയിലും ശൈലിയിലും മാറ്റം വന്നിരിക്കുന്നു. യേശുവിന്റെ ഭാഷ-അരാമിക്- ഇന്ന് എവിടെയും നിലവിലില്ല. ബൈബിള്‍ എഴുതപ്പെട്ട ഭാഷയും അവ്വിധം തന്നെ. ഇന്ത്യയിലെ വേദഭാഷയായ സംസ്കൃതവും ഇന്ന് ജീവല്‍ഭാഷയല്ല. എന്നാല്‍, ഇന്ന് ഉപയോഗത്തിലില്ലാത്ത ഒറ്റ പദവും ഖുര്‍ആനിലില്ല. ആധുനിക അറബി സാഹിത്യത്തിലെ ഏറ്റവും മികച്ച ശൈലിയും പ്രയോഗവും ഖുര്‍ആനിന്റേതുതന്നെ. അതുകൊണ്ടുതന്നെ, ദൈവികമെന്ന അവകാശവാദത്തോടെ സമാനമായ ഒരു ഭാഗമെങ്കിലും കൊണ്ടുവരാന്‍ ഖുര്‍ആന്‍ ഉയര്‍ത്തിയ വെല്ലുവിളി ഇന്നും കരുത്തോടെ നിലനില്‍ക്കുന്നു. അത് സമൂഹ സമക്ഷം സമര്‍പ്പിച്ച സമഗ്രമായ ജീവിത വ്യവസ്ഥ നിത്യനൂത നവും അജയ്യവുമായി നിലകൊള്ളുന്നു. സമകാലീന ലോകം ഉയര്‍ത്തുന്ന സമസ്ത പ്രശ്നങ്ങള്‍ക്കും ദൈവിക പരിഹാരം നിര്‍ദേശിക്കുന്ന ഖുര്‍ആന്‍ മനുഷ്യരാശിയെ അതിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു. "ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനും ഓര്‍ക്കാനുമായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?'' (ഖുര്‍ആന്‍ 54: 17) അന്ധകാരം മുറ്റിയ അര്‍ധരാത്രിയില്‍ നാല്‍ക്കവലയിലെത്തി മാര്‍ഗമറിയാതെ വിഷമിക്കുന്ന യാത്രക്കാരനില്‍, വെളിച്ചവുമായി വന്നെത്തുന്ന വഴികാട്ടി ഉണ്ടാക്കുന്ന സന്തോഷം വിവരണാതീതമത്രെ. വിശുദ്ധ ഖുര്‍ആന്‍ അത്തരമൊരു വഴികാട്ടിയാണ്. ലോകത്ത് ഒരുപാട് പാതകളുണ്ട്. പക്ഷേ, വിജയത്തിന്റെ വഴി ഏതെന്ന് വ്യക്തമല്ല. നന്മയും തിന്മയും ശരിയും തെറ്റും നീതിയും അനീതിയും ധര്‍മവും അധര്‍മവും വിവേചിച്ചറിയാന്‍ ആര്‍ക്കും സ്വയം സാധ്യമല്ല. ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കണ്ടെത്താനാവില്ല. മനുഷ്യന്‍ ആരാണെന്നും എവിടെനിന്ന് വന്നുവെന്നും എങ്ങോട്ടുപോവുന്നുവെന്നും ജീവിതം എന്താണെന്നും എന്തിനാണെന്നും എങ്ങനെയാവണമെന്നും മനസ്സിലാവുകയില്ല. അതിനാല്‍ അവയെല്ലാം അഭ്യസിപ്പിക്കുന്ന ഒരധ്യാപകന്‍ അനിവാര്യമാണ്. ഒട്ടും പിഴവുപറ്റാത്ത ഒരു വഴികാട്ടി. ആ മാര്‍ഗദര്‍ശകനാണ് വിശുദ്ധഖുര്‍ആന്‍. "ഈ ഖുര്‍ആന്‍ ഏറ്റം ശരിയായതിലേക്ക് വഴികാണിക്കുന്നു; തീര്‍ച്ച. '' (17: 9) ഖുര്‍ആന്‍ സത്യാസത്യസരണികള്‍ കാണിച്ചുതരുന്നു. അനുവദനീയതയുടെയും നിഷിദ്ധതയുടെയും അതിരടയാളങ്ങള്‍ നിര്‍ണയിക്കുന്നു. വിധിവിലക്കുകള്‍ പഠിപ്പിക്കുന്നു. സാന്മാര്‍ഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നു. ധാര്‍മിക മൂല്യങ്ങള്‍ അഭ്യസിപ്പിക്കുന്നു. സ്വര്‍ഗത്തിലേക്കും നരകത്തിലേക്കുമുള്ള വഴികള്‍ ചൂണ്ടിക്കാണി ക്കുന്നു. പൂര്‍വസമൂഹങ്ങളുടെ ഉത്ഥാന പതനങ്ങളുടെ ചരിത്രവും അതില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠങ്ങളും അഭ്യസിപ്പിക്കുന്നു. അതിനാല്‍ മനുഷ്യന്റെ വിജയവും പരാജയവും സ്വര്‍ഗവും നരകവും തീരുമാനിക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ് ഖുര്‍ആന്‍. അത് സകല മനുഷ്യര്‍ക്കും സ്വസ്ഥതയോടെയും സമാധാനത്തോടെയും സ്വൈരത്തോടെയും സഞ്ചരിക്കാന്‍ സാധിക്കുന്ന സുഗമമായ മാര്‍ഗം നിര്‍ണയിക്കുന്നു. മരണാനന്തരം മറുലോകത്തുണ്ടാവാനിരിക്കുന്ന ജീവിതത്തില്‍ വിജയം ഉറപ്പുവരുത്തുന്ന ഏക വഴി! ഖുര്‍ആന്‍ അഗാധമായ ഒരാഴി പോലെയാണ്. എത്രയേറെ ആഴത്തിലേക്ക് ഊളിയിട്ടുചെല്ലുന്നുവോ അത്രയേറെ അമൂല്യമായ മുത്തുകളും ചിപ്പികളും ലഭിക്കും. പുറമെ നോക്കിനില്‍ക്കുന്നവര്‍ക്കും ഉപരിതലത്തില്‍ മാത്രം നീന്തിത്തുടിക്കുന്നവര്‍ക്കും കാര്യമായൊന്നും കിട്ടുകയില്ല. അപ്രകാരം ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കുന്നവര്‍ക്കാണ് മഹത്തായ നേട്ടം കിട്ടുക. അതിലെ വാക്യങ്ങളെ സംബന്ധിച്ച പഠനത്തിന്റെയും ചിന്തയുടെയും തോതനുസരിച്ചാണ് ഫലം ലഭിക്കുക. ഓരോ ആവൃത്തി പഠന പാരായണം നടത്തുമ്പോഴും പുതിയ പുതിയ ആശയങ്ങളും തത്ത്വങ്ങളും അറിവുകളും ലഭ്യമാകുന്നു. ഖുര്‍ആനിലെ വാക്യങ്ങളൊരിക്കലും വ്യാഖ്യാനങ്ങളിലൊതുങ്ങുകയില്ല. അനര്‍ഘമായ ആശയങ്ങളും അറിവുകളും അതില്‍ അടുക്കിവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ പുതിയ പഠനവും പരിചിന്തനവും നടത്തുന്ന ആര്‍ക്കും മുന്‍ഗാമികള്‍ കണ്ടെത്തിയിട്ടില്ലാത്ത പല ആശയങ്ങളും ലഭിക്കും. ഖുര്‍ആന്‍ അറിവിന്റെ അക്ഷയനിധിയാണെന്ന് പറയാനുള്ള കാരണവും അതുതന്നെ. "പറയുക: കടല്‍വെള്ളം എന്റെ നാഥന്റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്റെ നാഥന്റെ വചനങ്ങളവസാനിക്കും മുമ്പെ സമുദ്രജലം തീര്‍ന്നുപോകുമായിരുന്നു. തുല്യമായ മറ്റൊരു സമുദ്രജലവും കൂടി സഹായത്തിനായി നാം കൊണ്ടുവന്നാലും ശരി.'' (ഖുര്‍ആന്‍ 18: 109)
2009, ജൂലൈ 16, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
nannayirikkunnu. keep it up
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ